ADVERTISEMENT

പിന്നിട്ടു പോകുന്ന വഴിയിലെ ഇരുപുറവുമുള്ള കാഴ്ചകൾ കണ്ടു മുന്നോട്ടുനീങ്ങുമ്പോഴാണ് യാത്രകൾ ഏറ്റവും ആസ്വാദ്യകരമാകുന്നത്. പൊള്ളുന്ന വെയിലിന്റെ ചൂടിനെ എതിരിട്ടുകൊണ്ടുള്ള യാത്രകൾ, വലിയ മരങ്ങൾ തണൽ വിരിക്കുന്ന പാതകൾ, ചുറ്റിലും പച്ച നിറഞ്ഞ കാഴ്‌ചകൾ... എത്രയെത്ര നാളുകൾ പൊയ്‌പോയാലും വിസ്മരിക്കപ്പെടാറില്ല ഇത്തരത്തിലുള്ള ഒരു യാത്രയും. നീണ്ടുകിടക്കുന്ന പാതകൾ..അതിനരികുപറ്റി നിൽക്കുന്ന കാഴ്ചകൾ... ആ വഴികളിലൂടെ സുഹൃത്തുക്കൾക്കൊപ്പമോ തനിച്ചോ ഒരു യാത്ര പോയാലോ...?  അതിമനോഹരമായ കാഴ്‌ചയുടെ അതിരുകളില്ലാത്ത ലോകം കാണാൻ..

മണാലി - ലേ

Gata_Loops,Leh_Manali_Highway1

പറഞ്ഞും എഴുതിയും പഴകിയ, എന്നാൽ ഹൃദയം കവരുന്ന ഒരു യാത്ര, അതാണ് മണാലിയിൽ നിന്നും ലേയിലേക്കുള്ളത്. പുതുമകൾ നിറഞ്ഞ അനുഭവങ്ങളും നയനാന്ദകരമായ കാഴ്ചകളും നിറഞ്ഞ ആ യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നയാത്രയാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പാതയെന്ന ഖ്യാതിയുണ്ട്  മണാലിയിൽ നിന്നും ലേ വരെ നീളുന്ന 490 കിലോമീറ്റർ ദൂരത്തിന്. മഞ്ഞണിഞ്ഞ മലനിരകൾ അതിരുകാക്കുന്ന പാതയ്ക്ക്, തെളിനീരുമായി ഒഴുകിയിറങ്ങുന്ന നദികൾ ശോഭകൂട്ടുന്നു. ചിലയിടങ്ങളിൽ പാതകൾ ദുഷ്കരമാകുമെങ്കിലും ഹരം പകരുന്ന യാത്രയുടെ സുഖം ആ പ്രതിസന്ധികളെ സുഗമമായി തരണം ചെയ്യാൻ സഹായിക്കും. വർഷത്തിലെ മുഴുവൻ സമയവും യാത്ര പോകാൻ അനുവദിക്കുന്ന പാതയല്ലിത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഈ റോഡ് യാത്രകൾക്കനുകൂലം.

വാൽപ്പാറ - മൈസൂർ

valparai-route

കാടുകളും തേയിലത്തോട്ടങ്ങളും സമ്മാനിക്കുന്ന പച്ചപ്പിനെ ചുറ്റിയാണ് വാൽപ്പാറയിൽ നിന്നും മൈസൂരിലേക്കുള്ള യാത്ര. സഞ്ചാരികൾക്കു ഇടയ്ക്കിടെ കൗതുകമുണർത്താൻ കാട്ടുമൃഗങ്ങളുടെ ദൂര കാഴ്ചകളും സമ്മാനിക്കും ഈ പാത. കാടിന്റെ ഭംഗിയും വന്യതയും ഇത്രയും മിഴിവോടെ ആസ്വദിക്കാൻ പറ്റിയ മറ്റുപാതകളില്ല എന്നുതന്നെ വേണമെങ്കിൽ പറയാം. അത്രയേറെ സുന്ദരമാണ് വാൽപ്പാറയിൽ നിന്നു മൈസൂർ വരെ നീളുന്ന കാനനപാത. പൊള്ളാച്ചി വഴിയാണ് ഈ യാത്ര പുരോഗമിക്കുന്നത്. ഏകദേശം 307 കിലോമീറ്റർ ദൂരം താണ്ടിയാൽ മൈസൂരിന്റെ ആരെയും ആകർഷിക്കുന്ന സൗന്ദര്യമാസ്വദിക്കാം.

ഡാർജിലിങ് - പെല്ലിങ്

ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇന്ത്യയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഡാർജിലിങ്. പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിങ്ങിൽ നിന്നും സിക്കിമിലെ പെല്ലിങിലേക്കുള്ള യാത്ര, കഷ്ടിച്ച് രണ്ടു മണിക്കൂർ മാത്രം നീളുന്ന യാത്രയിൽ പിന്നിടേണ്ട ദൂരം 73 കിലോമീറ്റർ മാത്രമാണ്.

പക്ഷേ, സുഖകരമായ കാഴ്ചകൾ കൊണ്ടു നിറഞ്ഞ ആ യാത്ര, ഏതൊരു സഞ്ചാരിയുടെയും ഹൃദയം കീഴടക്കും. മഞ്ഞുമൂടി നിൽക്കുന്ന ഹിമാലയത്തിന്റെയും കാഞ്ചൻജംഗയുടെയും കാഴ്ചകൾ യാത്രയിലുടനീളം കാണാം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലല്ലാതെ, മറ്റു മാസങ്ങളിൽ ഈ പാതയിലൂടെയുള്ള യാത്ര ദുഷ്കരമാണ്.

ഗുവാഹത്തി - തവാങ്

സഞ്ചാരികൾ യാത്രയ്ക്കായി അധികമൊന്നും തെരഞ്ഞെടുക്കാത്ത നമ്മുടെ നാട്ടിലെ ചിലയിടങ്ങളാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. എന്നാൽ മനോഹരമായ കാഴ്ചകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടുകളാണിവ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ പറ്റിയ ഒരു യാത്രയാണ് ആസാമിലെ ഗുവാഹത്തിയിൽ നിന്നും അരുണാചൽ പ്രദേശിലെ തവാങ് വരെ നീളുന്ന പാത. 508 കിലോമീറ്റർ നീളുന്ന ഈ പാതയിൽ വിവിധ ഭൂപ്രകൃതികൾ മാറിമാറിവരും. അതിൽ തരിശുഭൂമികളും പച്ചപ്പും മഞ്ഞുമെല്ലാമുണ്ട്, കൂടെ ഡ്രൈവറെ ഏറ്റവുമധികം രസിപ്പിക്കുന്ന വളഞ്ഞു പുളഞ്ഞ പാതകളും ഈ യാത്രയുടെ സവിശേഷതയാണ്. കൗതുകം പകരുന്ന നിരവധി കാഴ്ചകൾ, പ്രകൃതി തന്നെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു പാതയാണ് ഗുവാഹത്തിയിൽ നിന്നും തവാങിലേക്കുള്ളത്.

അഹമ്മദാബാദ് - കച്ച് 

403 കിലോമീറ്റർ ദൂരം, കാഴ്ചകളുടെ മനോഹാരിതയിൽ അലിഞ്ഞില്ലാതാകുന്ന യാത്രയാണ് അഹമ്മദാബാദിൽ നിന്നും കച്ചിലേക്കുള്ളത്. ധാരാളം സഞ്ചാരികളെത്തുന്ന ഈ നഗരത്തിൽ നിന്നും കച്ച് വരെയുള്ള യാത്രയിൽ ശുഭ്രനിറമണിഞ്ഞ പാടങ്ങളായിരിക്കും സഞ്ചാരികളുടെ മനസ് കീഴടക്കുക. പാത മുന്നോട്ട് നീങ്ങുമ്പോൾ ഉപ്പുപാടങ്ങൾ ദൃശ്യമായി തുടങ്ങും. ആ കാഴ്ച്ചയിൽ കണ്ണുടക്കി യാത്ര തുടരാം. ഉപ്പുപാടങ്ങൾ മാത്രമല്ല, വിരസത ലേശം പോലും സമ്മാനിക്കാതെ അതിസുന്ദര കാഴ്ചകൾ പിന്നെയും പിന്നെയും ആ ദൂരങ്ങൾ മുഴുവൻ  താണ്ടുന്നതിനിടയിൽ കണ്മുമ്പിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കും. സഞ്ചാരികളെ ഒരിക്കലും മടുപ്പിക്കാത്ത ഒരു യാത്രയും പാതയുമാണ് അഹമ്മദാബാദിൽ നിന്നും കച്ചുവരെയുള്ളത്‌.

ബെംഗളൂരു - കൂർഗ്

നഗരത്തിരക്കുകളിൽ നിന്നും ഒരു യാത്ര, അതും അതിസുന്ദരിയായ കൂർഗിലേക്ക്. നഗരത്തിന്റെ തിരക്കുകൾ പിന്നിട്ടുകൊണ്ടു വണ്ടി മുന്നോട്ട് നീങ്ങുമ്പോഴേ ഗ്രാമത്തിന്റെ വിശുദ്ധിയും പച്ചപ്പും മനസിൽ കുളിരു നിറച്ചുകൊണ്ടു കണ്ണുകൾക്ക് മുമ്പിൽ കാഴ്ചകളൊരുക്കും.

ഓറഞ്ചും കാപ്പിയും നിറഞ്ഞ... കാപ്പി പൂവിന്റെ വശീകരിക്കുന്ന സുഗന്ധം നിറഞ്ഞ കൂർഗിലേക്ക്  നീണ്ടുകിടക്കുന്ന പാത ഏതൊരു സഞ്ചാരിയുടെയും മനം കവരും. പാത താണ്ടി ചെല്ലുന്നത്  കൂർഗിന്റെ പ്രലോഭിക്കുന്ന സൗന്ദര്യത്തിലേക്കാണ്. ബെംഗളൂരുവിൽ നിന്നും കൂർഗിലേക്ക് 253 കിലോമീറ്ററാണ് ദൂരം. ആ ദൂരം താണ്ടിയെത്തുമ്പോൾ, ഏതൊരു സഞ്ചാരിയ്ക്കും ഒരു തരത്തിലും മുഷിപ്പിക്കാത്ത സ്വപ്നസമാന കാഴ്ചകൾ കൂർഗിലെ ഗ്രാമങ്ങൾ സമ്മാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com