ADVERTISEMENT
505519489

ബിഹാറിലേക്കു പോകുന്നുണ്ടെന്നു പറഞ്ഞപ്പോഴേ പലരുടേയും നെറ്റി ചുളിഞ്ഞു. ചിലരൊക്കെ മുന്‍കരുതല്‍ നിർദേശങ്ങളും നല്‍കി. ‘അയ്യോ, സൂക്ഷിക്കണേ, ഒറ്റയ്ക്കൊന്നും ഒരിടത്തും േപാകരുത്.’ ‘ബിഹാർ ഈസ് എ ബാഡ് പ്ലേസ് ടു ഗോ. അവിടെ സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതത്വം തീരെ കുറവാണ്.’ കേട്ടതൊന്നും മനസ്സിനെ സ്വാധീനിച്ചതേയില്ല.  ഒരേയൊരു ചിന്ത മാത്രമാണ് ഉള്ളിലുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടു വരെ ഏഷ്യയുടെ അഭിമാനമായിരുന്ന നളന്ദയെന്ന പുണ്യഭൂമി സ്ഥിതി ചെയ്യുന്ന നാടെങ്ങനെയാണ് മോശമാകുന്നത്? ഗൗതമ ബുദ്ധന്റെ കാൽപാടുകൾ പതിഞ്ഞ നാട്ടിലെ ജനങ്ങള്‍ക്ക് എങ്ങനെയാണ് സ്ത്രീകളോടു മോശമായി െപരുമാറാന്‍ സാധിക്കുന്നത്? വിശേഷപ്പെട്ടതൊന്നും ഇല്ലെങ്കിൽ, പണ്ട് സിൽക്ക് റൂട്ട് കടന്നെത്തിയ വിദേശികളുടെ ചുവടു പിടിച്ച് ഇന്നും ചൈനയിൽ നിന്നും ടിബറ്റിൽ നിന്നും വിദ്യാർഥികളും സഞ്ചാരികളും എന്തിനാണ് നളന്ദയിലേക്കെത്തുന്നത്?

പിന്നാമ്പുറ കഥകളിലേക്ക്

പേരിൽ പോലും കഥയൊളിപ്പിച്ചിട്ടുണ്ട് നളന്ദ. ന, അളം, ദാ എന്നു പിരിച്ചു വായിച്ചാൽ സംസ്കൃതത്തിൽ, ‘അറിവെന്ന സമ്മാനം നിലയ്ക്കാത്തിടം’ എന്നാണ് അർഥം. സൗജന്യവിദ്യാഭ്യാസം, അറിവും ആധ്യാത്മികതയും തേടിയെത്തുന്നവർക്ക് നൽകാൻ ബുദ്ധസന്യാസിമാർ പണികഴിപ്പിച്ച പുരാതന സർവകലാശാലയാണ് നളന്ദ ജില്ലയിലെ പ്രധാന ആകർഷണം. പഠിക്കാനും പ്രാർഥിക്കാനും ധ്യാനിക്കാനുമായി വിദേശികൾ നളന്ദയിലേക്കെത്തിയതോടെയാണ് ഇവിടം രാജ്യാന്തര ശ്രദ്ധ നേടാൻ തുടങ്ങിയത്. മാറി വന്ന രാജാക്കന്മാരെല്ലാം പിന്തുണച്ചതു കൊണ്ട് നളന്ദയുടെ ശ്രേയസ്സും ആഭിജാത്യവും ഉയർന്നു കൊണ്ടേയിരുന്നു. ഇതിനെല്ലാം കാരണക്കാരനായ ഗൗതമബുദ്ധന്റെ അനുഗ്രഹം നളന്ദയെ സമൃദ്ധമാക്കുന്നു. 

പ്രശസ്തിയും പ്രതാപവും ലോകം മുഴുവനും പരന്ന നാളുകളിലൊന്നിലാണ് നളന്ദയെ നശിപ്പിക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിച്ചത്. അറിവിന്‍റെ ഇരിപ്പിടമായ സര്‍വകലാശാല അവര്‍ തല്ലിത്തകര്‍ത്തു. സന്യാസിമാരെ ദയയില്ലാതെ കൊന്നൊടുക്കി. ഒമ്പതു നിലകളുണ്ടായിരുന്ന ഭീമൻ ലൈബ്രറിക്കു തീ െകാളുത്തി. അമൂല്യ ഗ്രന്ഥങ്ങള്‍ നിറഞ്ഞ ആ ലൈബ്രറി കത്തിയമരാൻ മൂന്നു മാസത്തിലേറെയെടുത്തത്രെ.!!!

വെൽകം ടു കൊൽക്കത്ത

nalanda-university4

തണുപ്പു പ്രതീക്ഷിച്ച് സ്വെറ്ററുകളും കരുതിയാണ് കൊല്‍ക്കത്തയ്ക്കു പുറപ്പെട്ടത്. പക്ഷേ, എയർപോര്‍ട്ട് പരിസരത്തൊന്നും തീരെ തണുപ്പുണ്ടായിരുന്നില്ല. പുരാതനമെന്നു തോന്നിപ്പിക്കുന്ന ഒരു ടാക്സിയിലായിരുന്നു സിയാല്‍ദാ റെയില്‍ വേസ്റ്റേഷനിലേക്കുള്ള യാത്ര.

എയർപോർട്ടിനടുത്തുള്ള വൃത്തിയുള്ള പുതിയ കെട്ടിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കൊൽക്കത്ത നഗരവീഥിയിലെ മിക്ക കെട്ടിടങ്ങളും. മങ്ങിയ ചന്ദനനിറം നഗരമാകെ നിറഞ്ഞു നിൽക്കുന്ന പോലെ. ബംഗാ ളികളല്ല യാത്രക്കാർ എന്നു മനസ്സിലാക്കിയ ഡ്രൈവർ അറിയുന്ന ഇംഗ്ലിഷില്‍ വാതോരാതെ എന്തൊക്കെയോ പറയുന്നു. ‘വെൽകം ടു കൊൽക്കത്ത’ മാത്രമാണു െപട്ടെന്നു മനസ്സിലാകുന്നത്. മുമ്പ് കേരളത്തിൽ ജോലി തേടി വന്ന കഥ ഒരുവിധം അയാള്‍ പറഞ്ഞൊപ്പിച്ചു. ഇഡ്ഡലിയും സാമ്പാറും വലിയ ഇഷ്ടമാണെന്നും.

സിയാൽദയിലെ പേരയ്ക്ക

nalanda-university2

സ്റ്റേഷൻ പരിസരം നല്ല തിരക്കിലാണ്. വലിയ ജനക്കൂട്ടം ട്രെയിൻ ഇപ്പോൾ പൊയ്ക്കളയുമെന്നോണം പാഞ്ഞു നടക്കുന്നു. ഗേറ്റിനകത്തേക്കും പുറത്തേക്കും പ്ലാറ്റ്ഫോമുകളിലും കടകളിലും എല്ലാം തിരക്ക് തന്നെ. സിയാൽദാ സ്റ്റേഷനുള്ളിലാണെങ്കില്‍ ഇരിക്കാനുള്ള ഒരു സൗകര്യവും  കണ്ടില്ല. കൊൽക്കത്തയിലെ സാധാരണക്കാർ നിലത്തിരിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നു തോന്നുന്നു. ഉയർന്ന ക്ലാസിനുള്ള വിശ്രമ മുറിയിലും റസ്റ്ററന്റുകളിലും മാത്രമാണു കസേരകള്‍ ഉള്ളത്. പാഞ്ഞു നടക്കുന്നവർക്കിടയിലൂടെ, അവരെ തട്ടി വീഴാതെ, ശ്രദ്ധിച്ച് പതിയെ സ്റ്റേഷൻ കാഴ്ചകളും തെരുവുകളും കണ്ടു നടന്നു.

ഓരത്ത് മൂലയില്‍ ഒരു മധ്യവയസ്കന്‍ സാധാരണയിലധികം വലുപ്പമുള്ള പേരയ്ക്കകൾ വിൽക്കാൻ നിൽപ്പുണ്ട്. തുടുത്തു തിളങ്ങുന്ന പേരയ്ക്ക കണ്ടപ്പോൾ തന്നെ ആകർഷണം തോന്നി. ഇതിലും ഫ്രഷായ പേരയ്ക്ക ഉണ്ടാകില്ലെന്നോർമിപ്പിച്ച് അദ്ദേഹം യാത്രക്കാരെ വിളിച്ചു കൊണ്ടേയിരുന്നു. പേരയ്ക്കയോട് വലിയ മതിപ്പില്ലാതിരുന്നിട്ടും സൗജന്യമായി കിട്ടിയ സാംപിൾ കഷ്ണത്തിന്റെ രുചിയിൽ ഞാന്‍ മയങ്ങിപ്പോയി. മീൻ വിഭവങ്ങൾക്ക് പ്രശസ്തമായ കൊൽക്കത്ത എന്റെ നാവിൽ ആദ്യം നിറച്ചത് വ്യത്യസ്തമായ ഈ പേരയ്ക്ക രുചിയാണ്. ഡിന്നറിനു വേണ്ടുന്ന പേരയ്ക്കയും വാങ്ങി വിന്റേജ് ട്രെയിനും പിന്നിട്ട് ഗയയിലേക്കുള്ള ട്രെയിൻ തേടി മുന്നോട്ടു നടന്നു.

കൊൽക്കത്തയിൽ തണുപ്പില്ലായിരുന്നു എന്ന പരാതി ഗയയെത്തിയതോടെ മാറി. സ്വെറ്റർ ഇട്ടാലും അരിച്ചരിച്ച് ഉള്ളിലേക്കു കയറുന്ന തണുപ്പാണ് ഇവിടെ രാത്രികാലങ്ങളിൽ. റെയിൽവേ സ്റ്റേഷനു മുന്നില്‍ സഞ്ചാരികളെ കൊണ്ടു പോകാൻ റിക്ഷാക്കാരുടെ ബഹളമാണ്. കൂലിയും കുറവ്. റിക്ഷയിൽ ഗമയിലിരിക്കുമ്പോഴാണ് ഡ്രൈവർ കുറേ യാത്രക്കാരെക്കൂടെ വിളിച്ചു കയറ്റിയത്. പുറകിലെ സീറ്റിൽ അഞ്ചു പേരായി. അതാ, വീണ്ടും രണ്ടു േപര്‍ കൂടി  ചാടിക്കയറി ഡ്രൈവറുടെ രണ്ടു വശത്തുമായി ഇരിപ്പായി. ആഘോഷപൂർണമായ തോരണങ്ങൾ മാത്രമല്ല, മുൻസീറ്റിന് വശങ്ങളിലായി ചെറിയ സീറ്റുകൾ കൂടെ എക്സ്ട്രാ ഫിറ്റിങ് ഉണ്ടായിരുന്നെന്ന് അപ്പോഴാണ് ശ്രദ്ധിച്ചത്! ഏതായാലും ഹോട്ടലിന്‍റെ മുന്നില്‍ തന്നെ ഇറക്കാനും സാധനങ്ങളെല്ലാം കൃത്യമായി വെയ്റ്ററെ ഏൽപിക്കാനും റിക്ഷാ ചേട്ടൻ മറന്നില്ല.

ഏഴു മലകളുടെ നാട്

nalanda-university1

ഒരുറക്കം കഴിഞ്ഞ് ഉണർന്നതോടെ ലക്ഷ്യം കൂടുതൽ അടുത്തായതിന്‍റെ സന്തോഷമായിരുന്നു മനം നിറയെ. നളന്ദ, ഏഴു മലകൾ കാവൽ നിൽക്കുന്ന നാട്. കംബോഡിയയോടും ഭൂട്ടാനോടും താരതമ്യം കേൾക്കുന്ന നാട്. ഇനി യാത്ര വളരെ കുറ ച്ചു മതി അവിടെ എത്താൻ. ബീഹാറിലെ കടുകു പാടങ്ങളും കൊച്ചുവീടുകളും കടന്ന് രണ്ടു മണിക്കൂര്‍ കൊണ്ട് നളന്ദ ജില്ലയിലേക്കെത്തി. വഴിയരികിൽ വലിയ പർവ്വതഭീമന്മാർ തലയുയർ‌ത്തി നിൽക്കുന്നു. ഇവിടത്തുകാർ പൊതുവേ ഹോട്ടൽ ഭക്ഷണം കഴിക്കാറില്ലെന്നു തോന്നുന്നു. സ്റ്റേഷൻ പരിസരങ്ങളിൽ മാത്രമാണ് കുറച്ചധികം ഹോട്ടലുകലുള്ളത്.

ഉൾപ്രദേശങ്ങളിലേക്കു നീങ്ങുന്തോറും തണുപ്പ് കൂടി വന്നു. നളന്ദയിൽ പച്ചപ്പ് നന്നായുണ്ട്. താഴ്‌വരയായതു കൊണ്ടാകാം. കാഴ്ചകളിൽ മയങ്ങിയിരിക്കുമ്പോൾ ബുദ്ധൻ നളന്ദയെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണെന്ന് ബോധ്യമായി. ‘‘പ്ലെസന്റ് ആർ ദീസ് പ്ലേസസ്’’. മേഘം തൊടുന്ന പർവതങ്ങളെ പിന്നിലാക്കി വണ്ടി രാജ്ഗിറിൽ എത്തിച്ചേർന്നു. ചൂടു നീരുറവയ്ക്ക് പ്രശസ്തമാണ് രാജ്ഗിറിലെ ബ്രഹ്മകുണ്ഠ്. ബിംബിസാര രാജാവ് ഇവിടെ നീരാട്ടിന് വരാറുണ്ടായിരുന്നുവെന്നാണ് കേൾവി. ഹിന്ദുക്കളുെട തീർഥാടന കേന്ദ്രവുമാണ്. പാപനാശത്തിനും ത്വക്‌രോഗ മുക്തിക്കും വേണ്ടി വിശ്വാസികൾ ഇവിടെയെത്തി സ്നാനം ചെയ്യുന്നു. ഏഴു മലകളിലെ ഉറവകളിൽ നിന്ന് എത്തിച്ചേരുന്നതാണ് ഇവിടത്തെ വെള്ളം. സൾഫർ കലരുന്ന വെള്ളമായതിനാലാണ് ചര്‍മരോഗങ്ങള്‍ ശമിക്കുന്നതെന്നു ശാസ്ത്രീയ വിശകലനവും ഉണ്ട്.

ചെളി നിറഞ്ഞ പാതയിലൂടെ മണിനാഗ വിഗ്രഹത്തിനടുത്തെത്തി, പ്രാർഥിക്കാനും ആളുകൾ തിക്കിത്തിരക്കുന്നു. ഉറവയുള്ള താഴ്‌‌വരയിൽ നിന്ന് കുത്തനെയുള്ള മല കയറാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. മല മുകളിലെത്തിയാൽ രാജ്ഗിർ മൊത്തത്തിൽ കാണാം. മേലേ മല മുകളിൽ നിന്ന് നോക്കുമ്പോൾ താഴ്‌‌വര തീരെ ചെറുതാണ്. വഴിയോരക്കച്ചവടവും കാത്തു കിടക്കുന്ന കുതിരവണ്ടികളും നിറഞ്ഞ മഞ്ഞുമൂടിയ ചെറിയ ലോകം. ബ്രഹ്മകുണ്ഠിനു വല തു വശത്തായി കുട്ടികളുടെ പാര്‍ക്കുണ്ട്. ഒരു കൃസൃതിക്കുടുക്ക വെള്ളക്കുതിരയെ പൂട്ടി, തോരണങ്ങള്‍ തൂക്കിയ വണ്ടിയിലേക്ക് ചൂണ്ടി ഉറക്കെ വിളിച്ചു, ‘ടാംഗ..ടാംഗ’

ഹൃദയം തൊട്ട് ടാംഗ

കുതിരവണ്ടിയുടെ വിളിപ്പേരാണ് ടാംഗ. ബീഹാറിൽ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇവയുണ്ട്. രാജ്ഗിറിൽ നിന്ന് നളന്ദ സര്‍ വകലാശാലയിലേക്കുള്ള യാത്ര ടാംഗയിലായിരുന്നു. നളന്ദ യൂണിവേഴ്സിറ്റിയുടെ അവശിഷ്ടങ്ങൾ ഇന്നറിയപ്പെടുന്നത് നളന്ദ ആർക്കിയോളജികൽ മ്യൂസിയമായാണ്. വളരെ വിസ്തൃതമായ പ്രദേശം ചുറ്റിക്കാണിക്കുന്നതിന് ചെറിയ തുക മാത്രമേ ടാംഗക്കാരൻ ആവശ്യപ്പെട്ടുള്ളൂ. തവിട്ടു നിറമുള്ള സുന്ദരിക്കുതിരയെ പൂട്ടിയ വണ്ടിയിലേറി ഹ്യുയെൻസാങ് മെമ്മോറിയലിലേക്കാണ് ആദ്യം പോയത്.

വഴിയോരത്തെ ചെറിയ വീടിനു മുന്നില്‍ ഒരു കുഞ്ഞിക്കുതിരക്കുട്ടി. തവിട്ടു രോമം നിറഞ്ഞ അവന്‍ കയറു പൊട്ടിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ്. ഞങ്ങളുടെ ടാംഗയിലെ കുതിര, ആ കുഞ്ഞിക്കുതിരയെ തിരിഞ്ഞു നോക്കി വേച്ചു വേച്ച് നടന്നു. അൽപദൂരം മുന്നോട്ടു പോയിട്ട് കുതിര അനങ്ങാതെ നിൽപ്പായി. കുതിരക്കാരന്റെ അടിയൊന്നും അവൾ കൂസാക്കുന്നതേയില്ല. തിരിഞ്ഞു നടക്കാനുള്ള ശ്രമം കൂടിയായപ്പോൾ ഞങ്ങൾ ആവലാതിപ്പെട്ടു. നിയന്ത്രണം വിട്ട് പോകുകയാണോ കുതിര! തിരികെ നടന്ന്  അവൾ കുഞ്ഞിക്കുതിരയെ കെട്ടിയിട്ട വീടിനു മുന്നിൽ വന്നു നിന്നു. അപ്പോഴാണ് കുതിരക്കാരൻ തുറന്നു പറയുന്നത്..‘‘മാഡംജി ഏ മേരാ ഖർ ഹേ. നൻഹാ ഘോടാ കൊ ദൂഥ് പിലാനാ ഹേ. ധോടേ ദേർ രുക്‌കെ ചലേം..മാഫ് കീജിയെ ദേരി കേലിയെ’’

വിശന്നു ബഹളം കൂട്ടുന്ന സ്വന്തം കുഞ്ഞിനു പാലു െകാടുക്കാനാണ് അമ്മക്കുതിര തിരിഞ്ഞു നടന്നത് എന്ന കാര്യമറിഞ്ഞ്, കണ്ണു നിറഞ്ഞു പോയി. കെട്ടഴിച്ചതും കുഞ്ഞിക്കുതിര ഓടി വന്ന് അമ്മക്കുതിരയുടെ പാൽ കുടിക്കാൻ തുടങ്ങി. മ്യൂസിയം പൂട്ടിയാലും സാരമില്ല, ഇനി കുഞ്ഞിക്കുതിരയുടെ വയറു നിറഞ്ഞ ശേഷം മതി യാത്രയെന്നു ഞങ്ങളും തീരുമാനിച്ചു. മാതൃസ്നേഹം തുളുമ്പിയ ആ നിമിഷത്തോടുള്ള ബഹുമാനവും മനസ്സിലിട്ടാണ് യാത്ര തുടർന്നത്.

ശാന്തസുന്ദരമായ കിരണങ്ങൾ

തടി കൊണ്ടുള്ള ഗേറ്റിനു മുന്നിൽ ടാംഗ നിന്നു. പതിവുള്ള വാഹനമല്ലെങ്കിലും, ബുദ്ധിമുട്ടാതെ ഊർന്നിറങ്ങാനായി. ഗേറ്റിനുള്ളിൽ ഇരുണ്ട തവിട്ടു നിറമുള്ള പഗോഡ സ്റ്റൈൽ കെട്ടിടം പ്രൗഢിയോടെ സൂര്യനെ തൊട്ടുരുമ്മി നിൽക്കുന്നു. നീണ്ട മുൻമുറ്റത്തിൽ ശ്രദ്ധയോടെ പരിപാലിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനം. അൽപം വലത്തു മാറി ലോഹനിർമിതമായ ഭീമന്‍ മണിയുണ്ട്. ഗോപുരത്തിനുള്ളിൽ കയറി ആ മണി മുഴക്കണമെങ്കിൽ നല്ല ആരോഗ്യം വേണം.

തറയോടു പാകിയ വഴിയിലൂടെ ചെടികളെ ഉപദ്രവിക്കാതെ കെട്ടിടത്തിലേക്കു നടന്നു. നളന്ദ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ നിന്ന് ഒരിക്കലും അടർത്തി മാറ്റാനാകാത്ത ആ വ്യക്തിയുടെ പേര് കെട്ടിടത്തിനു മുകളിൽ ആലേഖനം ചെ യ്തിട്ടുണ്ട്. ‘ഹുയാൻസാങ്’. ചൈനക്കാരനായ ഷെൻവേയ്,കുട്ടിക്കാലം മുതല്‍ പുലർത്തിയിരുന്ന ധാർമികതയും നൈപുണ്യവും, അറിവിനായുള്ള യാത്രകളും ചരിത്ര വിദ്യാർഥികൾക്ക് പ്രിയപ്പെട്ടതാണ്. പിന്നീട് ഹുയാൻസാങ് എന്നു പേരു മാറ്റിയ അദ്ദേഹം, കൺഫ്യൂഷ്യസ് ചിന്തകളുടെ പിന്തുടർച്ചയായി ബുദ്ധചിന്തകൾ പഠിക്കാനാണ് ഭാരതത്തിലേക്കെത്തിയത്. നളന്ദ സർവകലാശാലയിൽ അഞ്ചു വർഷങ്ങൾ വിദ്യാർഥിയും തുടർന്ന് ഒരു വർഷം അധ്യാപകനുമായിരുന്നു. തിരികെ ചൈനയിലേക്ക് അമൂല്യമായ ഗ്ര ന്ഥങ്ങൾ കൊണ്ടു പോയി,വിവർത്തനങ്ങളും തയാറാക്കി. അറിവ് ലോകത്തിനു പകർന്നു നൽകിയ പുണ്യാത്മാവിനെ ഓർക്കാനായി 1950ൽ, സാംസ്കാരിക മന്ത്രാലയം നിർമിച്ചതാണ് ഈ മന്ദിരം.

വീതിയേറിയ ഹാളിന്റെ ഭിത്തികളിൽ ബുദ്ധ ബോധനങ്ങളും ജീവിതവും ആലേഖനം ചെയ്തിരിക്കുന്നു. ഇടതു വശത്തായി വലിയ കൽഫലകം ചങ്ങലകൾ കൊണ്ടു സംരക്ഷിച്ച ചത്വരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അസാധാരണ വലുപ്പമുള്ള കാൽപാദങ്ങൾ പതിഞ്ഞ കരിങ്കൽ ഫലകം! അമ്പതു സെന്റിമീ റ്റർ നീളവും ഇരുപതു സെന്റിമീറ്റർ വീതിയും വരും അതിലെ ബുദ്ധപാദത്തിന്. ഹുയാൻസാങ് മഗധയിലെ ബുദ്ധപാദങ്ങളി ൽ നിന്ന് കോറിയെടുത്ത ഫലകമാണിത്. ഹുയാൻസാങ് മെമ്മോറിയലിനോടു ചേർന്ന് ധ്യാനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

അറിവിന്റെ ഭൂമി

ഇരുപതു രൂപയുടെ പ്രവേശന പാസെടുത്ത് നളന്ദ സർവകലാശാലയിലേക്കു കടന്നു. കാര്യങ്ങൾ വിവരിക്കാൻ ടൂറിസ്റ്റ് ഗൈഡും ഒപ്പം കൂടി. നിലം പരിശാകാത്ത, ഒരു ചുവരും ആകെട്ടിടത്തിൽ അവശേഷിച്ചിട്ടില്ല. പൂർണാവസ്ഥയിൽ ബാക്കിയു ള്ളത് കിണറാണ്. അതിൽ നിറയെ പ്ലാസ്റ്റിക് ബോട്ടിലുകൾ കാണാം. ബോധത്തിന്റെ ജന്മനാടിനോട് സഞ്ചാരികൾ കാണിച്ച ബോധമില്ലായ്മ!

ഇഷ്ടികകൾ കൊണ്ടാണ് പൂർണമായും കെട്ടിടങ്ങൾ പണി കഴിപ്പിച്ചിരുന്നത്. ചാരത്തിന്റെ പാടുകൾ ഇഷ്ടികച്ചുവപ്പിൽ ഇന്നും തെളിഞ്ഞു കാണാം. അഞ്ചു മുതൽ പന്ത്രണ്ടു വരെ നൂറ്റാണ്ടിൽ ഏകദേശം പതിനായിരത്തോളം വിദ്യാർഥികളും രണ്ടായിരത്തോളം ഗുരുക്കന്മാരും താമസിച്ചു പഠിച്ചിരുന്ന പുണ്യഭൂമിയിലൂെടയാണ് നടക്കുന്നതെന്നോര്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.

പ്രകൃതിയും മനുഷ്യരുമായുള്ള ഒരുമിക്കലിന്റെ മഹത്വം ഇവിടുത്തെ  മുക്കിലും മൂലയിലും കാണാം. ഗുപ്ത ഭരണകാലത്ത് നിർമിച്ച കെട്ടിടങ്ങൾക്ക് ഏറെ വിശേഷങ്ങളുണ്ട്. പിന്നീട് ഭരണം പലതു മാറി വന്നെങ്കിലും എല്ലാവരും സർവകലാശാലയുടെ നവീകരണവും നടത്തിപ്പും ഉത്സാഹത്തോടെ നടത്തി. നടുവിലൂടെയുള്ള നടപ്പാത കെട്ടിടങ്ങളെ രണ്ടായി തിരിക്കുന്നുണ്ട്. കിഴക്കു ഭാഗം മൊണാസ്റ്ററികൾ എന്നു വി ളിപ്പേരുള്ള പഠന മുറികളാണ്. പടിഞ്ഞാറത്തേത് താമസ സൗകര്യങ്ങളൊരുക്കുന്ന ക്ഷേത്രങ്ങളും. പുതിയ വിദ്യാർഥികളെ താമസിപ്പിച്ചിരുന്നത് ബേസ്മെന്റുകളിലാണ്. ഇവ മാത്രമാണ് അവശിഷ്ടങ്ങളിൽ കൂടുതലും. മുകൾഭാഗമെല്ലാം കത്തിയമർന്ന അവസ്ഥയിലാണ്. സമചതുരാകൃതിയാണ് മിക്ക മുറികൾക്കും. എല്ലാ വിദ്യാർഥികളും താമസിച്ചു പഠിക്കണമെന്നു നിർബന്ധമായിരുന്നു. ഒരു മുറിയിൽ ഒരു വിദ്യാർഥി മാത്രം. ഇന്നത്തേതു പോലുള്ള ജനലോ വാതിലോ ഒന്നും ഇല്ലേയില്ല. മുറികളെ പരസ്പരം ബന്ധിച്ച് തുരങ്കങ്ങൾ പോലെ വഴിയുണ്ട്. അതിലൂടെയാണ് ആശയവിനിമയവും അത്യാവശ്യ സഞ്ചാരങ്ങളും.

പഠനമുറികൾ ഹാൾ പോലെയാണ്. ഗുരുവിന്റെ ഇരിപ്പിടം അൽപം പൊക്കത്തിലാണ്. ഗുരുവിന് മുന്നിലായി വിദ്യാർഥികൾക്ക് നിലത്തിരിക്കാൻ സംവിധാനങ്ങളും. പഠനമുറികളിൽ പ്രത്യേകതരം മാർബിൾ പാകിയിട്ടുണ്ട്. പകൽ സൂര്യപ്രകാശവും രാത്രിയിൽ ചന്ദ്രപ്രകാശവും ഇത് പ്രതിഫലിപ്പിക്കും. ചുവരുകൾക്ക് സാധാരണയിലും മൂന്നിരട്ടി കനമുണ്ട്. വിദ്യാർഥികൾക്ക് ധ്യാനിക്കാനും പ്രാർഥിക്കാനുമുള്ള  അന്തരീക്ഷം പൂർണമായി സർവകലാശാലയ്ക്കുള്ളിൽ തന്നെ ക്രമീകരിച്ചിരുന്നു. നളന്ദയിൽ ജീവിച്ച പ്രമുഖ വ്യക്തിത്വങ്ങളുടെ സ്മാരകങ്ങളും ഇവിടെയുണ്ട്. എല്ലാവർക്കുമായി ഒരുമിച്ച് ഭക്ഷണം പാകം ചെയ്തിരുന്ന ഭീമൻ അടുപ്പിന്റെ അവശിഷ്ടങ്ങളും കാണാം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com