ADVERTISEMENT

ബെംഗളൂരുവിനോട് മലയാളികൾക്കെന്നും പ്രിയമാണ്. തൊഴിൽ തേടിയായാലും പഠനത്തിനായാലും കാഴ്ചകൾ കാണാനായാലും മലയാളികളുടെ ആദ്യപരിഗണനയിൽ സ്ഥാനം ലഭിക്കുന്ന ഒരു നഗരമാണത്. എല്ലാത്തരം യാത്രക്കാരെയും സന്തോഷിപ്പിക്കുന്ന നഗരംകൂടിയാണിവിടം. തീര്‍ഥാടന കേന്ദ്രങ്ങളും മലനിരകളും സാഹസിക ഇടങ്ങളുമൊക്കെയുള്ള ബെംഗളൂരു ആരെയും അതിശയിപ്പിക്കും. നിങ്ങളൊരു സാഹസികയാത്രാ പ്രേമിയാണോ? എങ്കിൽ നേരെ ബെംഗളൂരുവിലേക്ക് വിട്ടോളൂ‌.

അന്തര്‍ഗംഗെ

സാഹസികപ്രേമികളുടെ ഇഷ്ടലൊക്കേഷനിലൊന്നാണ് അന്തര്‍ഗംഗെ. പേരു സൂചിപ്പിക്കുന്നപോലെ തന്നെ ഭൂമിക്കുള്ളിലെ ഗംഗ എന്നാണ് അര്‍ഥം. ബെംഗളൂരുവില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ കോലാര്‍ ജില്ലയിലാണ് അന്തര്‍ഗംഗെ നിലകൊള്ളുന്നത്. കല്ലുകൾ നിറഞ്ഞ വഴികളിലൂടെ നടന്നും വലിയ പാറക്കെട്ടുകളിലൂടെ വലിഞ്ഞുകയറിയുമാണ് ഇവിടുത്തെ ഹൈക്കിങ്ങ്. അറിഞ്ഞു കേട്ട് എത്തിച്ചേരുന്ന സഞ്ചാരികളാണ് കൂടുതലും. ട്രെക്കിങ്ങിനായി നിരവധിപേർ എത്തിച്ചേരാറുണ്ട്.

സാവന്‍ദുര്‍ഗ

skandhagiri-trek5

സാഹസികതയെ അത്രമേൽ ഇഷ്ടപ്പെടുന്നവർക്കു പറ്റിയയിടമാണ് സാവന്‍ദുര്‍ഗ. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍പ്പാറ എന്നറിയപ്പെടുന്നു. ബെംഗളൂരുവില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. മരണത്തിന്റെ കുന്ന് എന്നറിയപ്പെടുന്ന സാവന്‍ദുര്‍ഗ ഡക്കാന്‍ പീഠഭൂമിയുടെ ഒരു ഭാഗം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്നും 1226 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളിലേക്കുള്ള കയറ്റമാണ് ഇവിടുത്തെ ആകർഷണം. പടവുകള്‍ ഒന്നും ഇവിടെ ഇല്ലാത്തതിനാല്‍ മലകയറ്റം എല്ലായ്‌പ്പോഴും കൂടുതല്‍ ദുഷ്‌കരമായിരിക്കും. കുന്നുകളും ക്ഷേത്രങ്ങളും ഉൾപ്പെടെ മനോഹരമായ ദൃശ്യങ്ങളാണ് സാഹസികരുടെ പ്രിയകേന്ദ്രമായ സാവൻദുർഗയിൽ ഒരുക്കിയിരിക്കുന്നത്. ബെംഗളുരുവിലും മൈസൂരിലും ഉള്ള ആളുകളുടെ പ്രധാനപ്പെട്ട വാരാന്ത്യ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് സാവൻദുർഗ.

സ്കന്ദഗിരി

ബെംഗളൂരു നഗരത്തിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയായാണ് സ്കന്ദഗിരി ട്രെക്കിങ് പോയിന്റ് സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിലെ ചിക്കബെല്ലൂരിൽ നിന്നു അഞ്ചു കിലോമീറ്റർ മാത്രമാണ് സ്കന്ദഗിരിയിലേക്കുള്ള ദൂരം. പറഞ്ഞുകേട്ട് ധാരാളംപ്പേർ അവധിയാഘോഷിക്കാൻ എത്തുന്നതുകൊണ്ടു സ്കന്ദഗിരിയിൽ ഇപ്പോൾ തിരക്കേറുന്നുണ്ട്. വളരെ പ്രശസ്തമായ നന്ദിഹിൽസ് ഇവിടെ നിന്നും അധികമകലെയല്ലാത്തതു കൊണ്ട് അവിടെയെത്തുന്ന സഞ്ചാരികളിൽ കുറെയേറെ പേർ സ്കന്ദഗിരിയിലെ സൂര്യോദയം കാണാനായി എത്തിച്ചേരാറുണ്ട്. അതിരാവിലെ യാത്രയാരംഭിച്ചാൽ സൂര്യോദയത്തിനു മുൻപ് മലമുകളിൽ എത്തിച്ചേരാവുന്നതാണ്.

BLR-Nandi-hills-2-COL

കന്ദവരഹള്ളി എന്ന ഗ്രാമത്തിൽ നിന്നാണ് യാത്രയുടെ തുടക്കം. ട്രെക്കിങിന്റെ ബേസ് ക്യാമ്പ് ആയി വേണമെങ്കിൽ ഈ ഗ്രാമത്തെ പരിഗണിക്കാം. രാത്രി അവിടെ താമസിച്ചുകൊണ്ട് പുലർച്ചെ യാത്ര തിരിക്കണം. ഭാരമധികമില്ലാത്ത ബാഗും അവശ്യവസ്തുക്കളും കയ്യിൽ കരുതണം. വെള്ളവും ഭക്ഷണവും ബാഗിൽ കൊണ്ടു പോകേണ്ടതാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1350 മീറ്റർ ഉയരമുണ്ട് സ്കന്ദഗിരിയുടെ ഉച്ചിയിലേക്ക്. രണ്ടര മണിക്കൂറോളം നടന്നു കയറിയാൽ മാത്രമേ മലനിരയുടെ മുകളിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളു. കുത്തനെയുള്ള കയറ്റങ്ങളും കുറ്റിക്കാടുകളും സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന വ്യൂപോയിന്റുകളും കണ്ടുള്ള മലകയറ്റം കുറച്ചൊന്നു ക്ഷീണിപ്പിക്കുമെങ്കിലും ഒട്ടും മടുപ്പിക്കില്ല.

നന്ദി ഹിൽസ്

നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹിൽസ്. കബ്ബൻ ഹൗസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദി ഹിൽസിൽ പെയ്തിറങ്ങുന്ന കോടമഞ്ഞു തന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ടു നിറഞ്ഞ നന്ദി ഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു.

ചൂടു കാലത്ത് 25 മുതൽ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതൽ 10 ‍ഡിഗ്രിവരെയുമാണ് ഇവിടെ താപനില. ബെംഗളൂരുവിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഹിൽസ്റ്റേഷൻ എന്നതാണ് നന്ദിഹിൽസിന്റെ പ്രത്യേകത. ടിപ്പു സുൽത്താൻ തന്റെ വേനൽക്കാല വസതിയായി നന്ദി ഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന നന്ദി ഹിൽസ് ഏറെ ആകർഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com