ADVERTISEMENT
travel-masinagudi2
ചിത്രങ്ങൾ: സദക്കത്ത്‌ റഹ്മാൻ

വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ ഊട്ടിയിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് മസിനഗുഡി എന്ന സുന്ദരി. വന്യഭംഗി തുളുമ്പുന്ന വനഗ്രാമമാണ് മസിനഗുഡി. പച്ചമേലങ്കിയണിഞ്ഞു നിൽക്കുന്ന കാനനങ്ങളും അപൂർവയിനങ്ങളിൽപ്പെട്ട വിവിധ തരം സസ്യജാലങ്ങളും വശീകരിക്കുന്ന വെള്ളച്ചാട്ടങ്ങളും നദികളും കാനനജീവികളുടെ അപൂർവ കാഴ്ചകളും തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ മസിനഗുഡിക്കു സ്വന്തമായുണ്ട്. കാടും മലയുമൊക്കെ കണ്ട് പതിയെ മസിനഗുഡിയിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ ഒരു താഴ്‍വാരം കാണാം. ഒരു ചെറിയ ടൗണാണ് മസിനഗുഡി. എണ്ണാവുന്നത്ര റിസോർട്ടുകളും കുറച്ചു കടകളും പോലീസ് സ്റ്റേഷനും, മാരിയമ്മന്‍ ക്ഷേത്രവും നിറഞ്ഞ മസിനഗുഡി, വന്യജീവി സങ്കേതം തന്നെയാണ് അവിടുത്തെ മുഖ്യ ആകർഷണം. അവധി ആഘോഷമാക്കാൻ മിക്കവരും തെരഞ്ഞെടുക്കുന്ന സ്ഥലംകൂടിയാണിവിടം.

travel-masinagudi-1
ചിത്രങ്ങൾ: സദക്കത്ത്‌ റഹ്മാൻ

കാഴ്ചകൾ മാത്രമല്ല ട്രെക്കിങ്ങ് പ്രിയരെയും മാടി വിളിക്കും മസിനഗുഡി. പശ്ചിമഘട്ട മലനിരകളുടെ നീലഗിരിയുടെ താഴ്‌വരയിലായതുകൊണ്ട്. മലനിരകളാണ് മസിനഗുഡിക്കു ചുറ്റിലും. അല്പം സാഹസികത കലർന്ന, അപൂർവ കാഴ്ചകൾ നിറഞ്ഞ ട്രെക്കിങ് ഇവിടെയെത്തുന്ന സഞ്ചാരികൾക്കു സമ്മാനിയ്ക്കാൻ ഈ മലനിരകൾക്കു കഴിയും. അതിരാവിലെ തന്നെ ട്രെക്കിങ്ങിനു തയാറാകണം. പ്രഭാത ഭക്ഷണം കരുതേണ്ടതാണ്. ഏഴു മുതൽ എട്ടു കിലോമീറ്റർ വരെ ദൂരം ഈ യാത്രയിൽ പിന്നിടേണ്ടതുണ്ട്. കാടും നദിയും വനജീവികളെയും താണ്ടിയുള്ള ആ യാത്ര അവസാനിക്കുന്നത് അതിമനോഹരമായ കാഴ്ചകൾക്കു മുമ്പിലാണ്. മസിനഗുഡി എത്രമാത്രം സുന്ദരിയാണെന്ന് ഈ ട്രെക്കിങ്ങിന്റെ അവസാനം സഞ്ചാരികൾക്കു മനസ്സിലാകും. അത്രയേറെ അഴകാണ് തമിഴ്നാടിന്റെ ഈ സുന്ദരിയ്ക്ക്.

travel-masinagudi4
ചിത്രങ്ങൾ: സദക്കത്ത്‌ റഹ്മാൻ

ജംഗ്ഷനില്‍ നിന്ന് നേരെ പോയാല്‍ ഉൗട്ടിയെത്തും. സഞ്ചാരികളുടെ ഇഷ്ടയിടമാണ് ഉൗട്ടി. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ നിർമിച്ച ബൊട്ടാണിക്കൽ ഗാർഡൻ ഊട്ടിയുടെ പ്രധാന ആകർഷണമാണ്. ഉൗട്ടിയിലെ കാഴ്ചകളും ആരുടെയും മനംമയക്കുന്നതാണ്. അവിടുത്തെ കൃഷിയുമെല്ലാം കാഴ്ചകാർക്ക് അദ്ഭുതമായി തോന്നും. കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നവരാണ് അവിടുത്തെ ജനങ്ങൾ. അവർക്ക് ഊട്ടി കാഴ്ചയോ സുഖവാസകേന്ദ്രമോ അല്ല. മറിച്ച് പൊന്നു വിളയുന്ന മണ്ണും കച്ചവടകേന്ദ്രവുമാണ്. ഞായറാഴ്ചയാണെന്നും പറഞ്ഞ് വീട്ടിലിരുന്ന് ടി.വി കാണാൻ നിൽക്കാതെ പാടത്തിറങ്ങി പണിയെടുക്കുന്ന ധാരാളം സ്ത്രീകളെ വഴി നീളെ കാണാം. കാബേജ് വിളയുന്ന പാടങ്ങൾക്കടുത്തു കൂടി ചില ഉൾവഴികളിലേക്ക് പോയി നോക്കി. വീടുകളുടെയും കൃഷിയിടങ്ങളുടെയുമെല്ലാം നിറങ്ങൾ കലർന്ന ബഹുവർണ ക്കാഴ്ചയാണ് ഊട്ടിയുടെ ഓരോ കോണിലും. 

travel-masinagudi3
ചിത്രങ്ങൾ: സദക്കത്ത്‌ റഹ്മാൻ

ബോക്കാപുരം മസിനഗുഡി ഊട്ടി റൂട്ടിൽ നിന്നും രണ്ടു കിലോമീറ്റർ വലത്തോട്ടു മാറി സഞ്ചരിച്ചാൽ  കാട്ടിനുള്ളിലെ ഒരു കൊച്ചു സുന്ദര ഗ്രാമത്തിൽ എത്തിച്ചേരാം. കോത്തഗിരിയിൽ.

travel-masinagudi
ചിത്രങ്ങൾ: സദക്കത്ത്‌ റഹ്മാൻ

ഊട്ടി പോലെ തന്നെ മറ്റൊരു മനോഹരമായ സ്ഥലമാണ് കോത്തഗിരി. മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയിലെ കാഴ്ചകൾ. പ്രകൃതി ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിയുന്ന സ്ഥലംകുടിയാണിവിടം. ഊട്ടി മനോഹരിയെങ്കിൽ കോത്തഗിരി  അതിമനോഹരിയാണ്. അടുത്തടുത്താണ് വാസമെങ്കിലും കോത്തഗിരിക്ക് വിളിപ്പേര് ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നാണ്. വശ്യതയാർന്ന പ്രകൃതിയും സുന്ദരമായ കാഴ്ചകളും കുളിരുപകരുന്ന കാലാവസ്ഥയും കോത്തഗിരിയെ  സഞ്ചാരികളുടെ പ്രിയയിടമാക്കിമാറ്റുന്നു. കാണാനേറെ കാഴ്ചകളുണ്ട് കോത്തഗിരിയിൽ. പച്ചയണിഞ്ഞതും മഞ്ഞുമൂടിയതുമായ നിരവധി കാഴ്ചകൾ. ഊട്ടിയുടെ തിരക്കുകളോ ബഹളങ്ങളോ ഇല്ലാതെ മനസുനിറക്കുന്ന നിരവധി കാഴ്ചകളുള്ള  അതിമനോഹരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലമാണ് കോത്തഗിരി.

ഊട്ടിയെക്കാളും തണുപ്പും  കൂനൂരിനെക്കാളും സുന്ദരവുമാണ് ഇവിടുത്തെ കാഴ്ചകൾ. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകർഷിക്കുന്ന രംഗസ്വാമി മലനിരകൾ കോത്തഗിരിയിൽ നിന്നും അധികം അകലെയല്ല. മലമുകളിൽ ഒരു ക്ഷേത്രമുണ്ടെന്നും ട്രെക്കിങ്ങ് നടത്തിയവർ പറയുന്നുണ്ട്. പഞ്ഞിക്കൂട്ടം പോലെ മേഘങ്ങൾ വന്നു പൊതിയുന്നൊരിടമാണ് കോടനാടൻ മലനിരകൾ. കോടയും തണുപ്പും താണിറങ്ങി വരുന്ന മേഘക്കൂട്ടങ്ങളുമെല്ലാം എത്രയെത്ര സുഖകരമെന്നു പറയുക അസാധ്യമാണ്. താഴ‍്‍‍‍വരയിലെ പച്ചവിരിച്ച കാഴ്ചകളും അതിമനോഹരം തന്നെയാണ്. ഊട്ടിയിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതിയെ തഴുകി പ്രകൃതിയുടെ ശബ്ദ വീചികൾക്കു കാതോർത്തു താങ്ങാൻ ഒരിടം അതാണ് കോത്തഗിരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com