ADVERTISEMENT

പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന്, കാടിന്റെ മര്‍മരവും സൗന്ദര്യവും ആവോളം ആസ്വദിച്ചൊരു യാത്ര. ഏതു സഞ്ചാരിയും ആഗ്രഹിക്കും അത്തരമൊരു യാത്ര. മിസോറം നിങ്ങള്‍ക്ക് ഒരുക്കി വച്ചിരിക്കുന്നത് സ്വപ്‌നം കാണുംപോലെയുള്ള അത്തരം മനോഹരയിടങ്ങളാണ്. എങ്ങും ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന കുന്നുകളും താഴ്‌വരകളും. പ്രകൃതിയുടെ മടിത്തട്ടില്‍ ഒളിപ്പിച്ചിരിക്കുന്ന വന്യമായ കാഴ്ചകൾ. നദികളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഏതുസമയവും പ്രസന്നമായ കാലാവസ്ഥയും. അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് മിസോറമിലുള്ളത്. കണ്ടും കേട്ടും അറിഞ്ഞ മിസോറമില്‍നിന്നു വ്യത്യസ്തമായ ചില കാഴ്ചകളാണ് ഈ യാത്രയില്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്.

mizoram4

ഗോത്രവര്‍ഗക്കാരുടെ നാട് 

മിസോറാം എന്നു കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സിലെ ചിത്രം പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ഗോത്രവര്‍ഗക്കാരുടേതാണ്. മിസോറമിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ തന്നെയാണ്. ലോകവും കാലവും മാറിയാലും സ്വന്തം രീതികളും ശീലങ്ങളും ആചാരങ്ങളും ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കുന്നവര്‍. എന്നുകരുതി, ഇവിടെ എത്തിയാല്‍ അവരോട് എങ്ങനെ സംസാരിക്കുമെന്നോര്‍ത്ത് ആശങ്ക വേണ്ട, വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മറ്റെല്ലാവരെയും പോലെ ഒരുപടി മുന്നില്‍ത്തന്നെയാണ് ഇവിടെയുള്ളവര്‍. ഇംഗ്ലിഷും മിസോ ഭാഷയുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകള്‍.

സുന്ദരമായ നദികളുടെയും തടാകങ്ങളുടെയും കൂടി നാടാണ് മിസോറം. ഇവിടുത്തെ ഏറ്റവും നീളമേറിയ നദികളിലൊന്നായ ത്വ്‌ലാങ് നദി കാണേണ്ട കാഴ്ചയാണ്. 185 കിലോമീറ്ററോളം നീളമുള്ള ഇതിന്റെ കരയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രം മതി ആരെയും ഈ പ്രദേശത്തിന്റെ ആരാധകരാക്കുവാന്‍. പ്രകൃതി പരിശുദ്ധമായി കാത്തുസൂക്ഷിക്കുന്ന, അതിമനോഹരമായൊരു തടാകമാണ് താംഡില്‍. പ്രസന്നമായ കാലാവസ്ഥ കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടം. വിദേശസഞ്ചാരികള്‍ അടക്കം നിരവധിപേര്‍ കുടുംബവുമായി വന്ന് ഇവിടെ സമയം ചെലവഴിക്കാറുണ്ട്. വിനോദസഞ്ചാരികള്‍ക്കായി ബോട്ടിങ്ങിനും മീൻപിടിക്കാനുമൊക്കെ സൗകര്യമുണ്ട്.

mizoram5

വെയ്രെന്‍ഗ്‌ടെ

ഈ പേര് വായിച്ചെടുക്കാന്‍ ഒന്നു ബുദ്ധിമുട്ടുമെങ്കിലും ഇവിടെയെത്തിയാല്‍ ആ പ്രയാസമൊക്കെ പമ്പ കടക്കും. മാലിന്യങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാത്ത പ്രകൃതിയെ അതിന്റെ എല്ലാ മനോഹാരിതയോടുംകൂടി ആസ്വദിക്കുവാന്‍ പറ്റുന്ന ഇടങ്ങളിലൊന്നാണ് വെയ്രെന്‍ഗ്‌ടെ. മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഇത് പുല്‍മേടുകളും കുന്നിന്‍മുകളിലേക്കുള്ള പാതകളും ഒക്കെക്കൊണ്ട് സുന്ദരമാണ്. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഇവിടെ സ്ഥിരതാമസമുള്ളൂ. അതിനാല്‍ത്തന്നെ വളരെ ശാന്തസുന്ദരമായ അന്തരീക്ഷമാണിവിടെ.

ലങ്ക്‌ലേയ് 

mizoram6

മിസോറമിലെ രണ്ടാമത്തെ വലിയ നഗരമാണ് ലങ്ക്‌ലേയ്. ഉയരത്തിന്റെ കാര്യത്തില്‍ ഐസ്വാളിനേക്കാളും മുന്‍പില്‍ നില്‍ക്കുന്ന ഇവിടം യോജിച്ച കാലാവസ്ഥ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും പേരുകേട്ടതാണ്. എപ്പോഴും നല്ല തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ വേനല്‍ക്കാലത്താണ് കൂടുതലും സഞ്ചാരികള്‍ എത്തുന്നത്. ട്രക്കിങ്, റോക്ക് ക്ലൈംബിങ്, പക്ഷിനിരീക്ഷണം തുടങ്ങിയവയ്‌ക്കെല്ലാം ഇവിടെ സൗകര്യമുണ്ട്. തൊറാന്‍ഗ്ലാങ് വൈല്‍ഡ് ലൈഫ് സാങ്ച്വറി, സെയ്കുകുതി ഹാള്‍ തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

ബ്ലൂ മൗണ്ടൻ അഥവാ നീലപര്‍വതം

mizoram3

അധികമാരും പോകാത്ത, വിനോദസഞ്ചാരഭൂപടത്തില്‍ ഏറെയൊന്നും പറഞ്ഞുകേള്‍ക്കാത്ത, മിസോറമിന്റെ സ്വകാര്യ അഹങ്കാരമെന്നു വിളിക്കാവുന്ന ഇടമാണ് ഇത്. ലുഷായ് മലനിരകളില്‍ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ഫോങ്പുയി എന്ന ബ്ലൂ മൗണ്ടൻ. അര്‍ധവൃത്താകൃതിയിലുള്ള കീഴ്ക്കാംതൂക്കായ ഈ മലഞ്ചെരിവുകളില്‍ എപ്പോഴും മഞ്ഞ് തളംകെട്ടി നില്‍ക്കുകയും ഫോഞ്പുയി പ്രദേശത്തെയാകെ ആ മഞ്ഞ് മൂടുകയും ചെയ്യുന്നതിനാലാണ് നീലപര്‍വതം എന്ന പേരു ലഭിച്ചത്. ഐസ്വാളില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ സഞ്ചാരികള്‍ക്ക് അത്ര എളുപ്പത്തിലൊന്നും എത്തിപ്പെടാന്‍ സാധിക്കില്ല. ഇവിടുത്തെ ആളുകള്‍ ഏറെ വിശുദ്ധമായി കാണുന്ന പര്‍വതമാണിത്. മിസോ ഗോത്രവര്‍ഗക്കാരെ സംബന്ധിച്ചിടത്തോളം, അവരുടെ ദൈവങ്ങള്‍ വസിക്കുന്ന ഇടം.

ഇതിന്റെ ഭാഗം തന്നെയാണ് ഫോങ്പുയി ദേശീയോദ്യാനവും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ മാത്രമേ മിസോറം സര്‍ക്കാര്‍ ഫോങ്പുയി മലകളിലേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ. ഇവിടുത്തെ പ്രകൃതിയുടെ തനിമ സംരക്ഷിക്കുന്നതിനാണ് ഇത്.

സെര്‍ചിപ് 

mizoram-travel

മിസോറമിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമുള്ള സ്ഥലമാണ് സെര്‍ചിപ്. വര്‍ഷംതോറും ആയിരക്കണക്കിനു സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. സംസ്‌കാരത്തിലും പാരമ്പര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ജീവിവര്‍ഗങ്ങളെ കാണാം. വാന്റ്വാങ് ഫാള്‍സ്, ചിങ്പുയ് തലാന്‍, ടെന്‍സ്വാള്‍ തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ചത്. 

സ്വപ്നതുല്യമായ കാഴ്ചകളുടെ ധാരാളിത്തം കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന മിസോറമിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തോളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com