ADVERTISEMENT

പുലർച്ചെ 6 മണിക്ക് ഗോവയിൽ നിന്നും മഹാരാഷ്ട്രയിലെ ദിവായിലേക്കുളള പാസഞ്ചർ ട്രെയിനിൽ അവസാന സ്റ്റേഷൻ വരെയുളള ടിക്കറ്റുമായി കയറുമ്പോഴും ആ യാത്ര എവിടെക്കാണെന്നോ, അതിന്റെ പരിസമാപ്തി എന്താണെന്നോ എനിക്ക് തന്നെയും നിശ്ചയമുണ്ടായിരുന്നില്ല. കൊങ്കൺ പാതയിലൂടെ മഴയെ അറിഞ്ഞൊരു യാത്ര എന്നതിലധികം ഒന്നുംതന്നെ തീരുമാനിച്ചിരുന്നില്ല. പുലർകാഴ്ചയിൽ മഴയെ മുഖത്തേറ്റു വാങ്ങി ഇരിക്കുന്നതിനിടയിൽ, സാവന്ത്‍വാടി സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ടു തുടങ്ങവേ ആണ് ഉൾവിളി ഉണ്ടായത്. അമ്പോലി ഒരു മിന്നായം പോലെ ഒാർമയിലേക്ക് ഒാടിയെത്തി. നീങ്ങി തുടങ്ങിയ ട്രെയിൻ നിന്നും ബാഗുമെടുത്ത് ചാടിയിറങ്ങി.

സാവന്ത്‍വാടിയിൽ നിന്നും 30 കി.മി അകലെ, പശ്ചിമഘട്ടത്തിലെ ധ്യാനനിമഗ്നമായ മലനിരകൾക്കിടയിൽ, മഴക്കാടുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന കൊച്ചുപട്ടണമാണ് അമ്പോലി. സാവന്ത്‍വാടിയിൽ നിന്നും ബസിൽ‌  അമ്പോലിയിലേക്ക്. നഗരങ്ങൾ വിഴുങ്ങി കൊണ്ടിരിക്കുന്ന ശ്വാസംമുട്ടിക്കുന്ന ചുറ്റുവട്ട കാഴ്ചകൾ പിന്നിലേക്ക് ഒാടിമറഞ്ഞപ്പോൾ പച്ചപുതച്ച മലനിരകളും താഴ്‍വരകളും കണ്മുന്നിലെത്തി. ചുരം കയറി തുടങ്ങവേ തലയുയർത്തി നില്ക്കുന്ന സഹ്യാദ്രി മുന്നിൽ തെളിഞ്ഞു. കാടിന്റെ തണുപ്പ് മൂക്കിലേക്ക് അരിച്ചു കയറി.

യാത്രയുടെ ലഹരിയുടെ നിദാനം മറ്റൊന്നല്ല, ഈ കാടുകൾ തന്നെയാണ്. 10 മണിയോടെ അമ്പോലിയിൽ ബസ്സിറങ്ങുമ്പോൾ മഴനൂലുകളാണ് വരവേറ്റത്. വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളുമാണ് അവിടെ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഇടങ്ങൾ. അതുകൊണ്ട് അവയെ ഒഴിവാക്കി സഞ്ചാരികളുടെ സാധാരണമായ പാന്ഥാവു വിട്ട്, വനപാതയിലേക്ക് നടന്നു. കാഴ്ചയുടെ പരിചിതമാനങ്ങൾക്കപ്പുറം ജൈവ വൈവിധ്യത്തിന്റെ കലവറയായ മഴക്കാടുകളിലേക്ക് കടക്കുവാൻ പ്രകൃതിയോടല്ലാതെ ആരുടേയും അനുവാദം ചോദിച്ചില്ല. അല്ലെങ്കിൽ തന്നെ വനഭൂമി ആരുടേയും സ്വന്തമല്ലല്ലോ.

Amboli-waterfall-gif

കാടിന്റെ കനത്ത ഇരുട്ടിൽ കൊടും മഴ ഏറ്റുവാങ്ങി നടക്കുമ്പോൾ തനിയെ ചിരിച്ചത് എന്തിനെന്ന് എനിക്കും അറിയില്ല. പക്ഷികളുടെ ശബ്ദം പോലും കേൾക്കാതായി. മഴയായി ഉതിർന്നുവീണ് കുത്തിയൊഴുകുന്ന വെളളം എന്നെ മാത്രമല്ല പുതിയതായി വാങ്ങിയിട്ട ക്യാമറ ലെൻസിനേയും ആകമാനം നനച്ചു. എന്നിട്ടും ചിരി മാഞ്ഞില്ല. മഴയോടും കാടിനോടുമുളള അഭിനിവേശത്തെ ഇല്ലാതാക്കാൻ മാത്രം പര്യാപ്തമല്ലല്ലോ ഏതൊരു ക്യാമറയും ലെൻസും. മഴയൊഴിഞ്ഞതോടെ കാടിനുളളില്‍ കോടമഞ്ഞിൽ പുതപ്പുവീണു.

തൊട്ടരികിലെ കാഴ്ചയെ മറയ്ക്കുംവിധം കോട നിറഞ്ഞു. മാനുകളേയും പക്ഷികളേയുമൊഴികെ ഒരു മനുഷ്യജീവിയെപ്പോലും കാണാതെ 4 മണിക്കൂർ നീണ്ട വനയാത്ര. ഹൃദയം നയിക്കുന്നിടത്തേക്ക് സ‍ഞ്ചരിക്കുകയായിരുന്നു. കുത്തനെയുളള ചെരിവിലൂടെ ഒാടിയിറങ്ങി എത്തിയത് ചെറിയൊരു ആൾക്കൂട്ടത്തിന്റെ നടുവിലേക്കായിരുന്നു. മഹാരാഷ്ട്രയിൽ നിന്നെത്തിയ വിനോദയാത്ര സംഘം തണുപ്പകറ്റാനുളള കാര്യപരിപാടിയിൽ ആയിരുന്നു. അപ്രതീക്ഷിതമായി വനത്തിൽ നിന്നും ഒാടിയെത്തിയ അതിഥിയെ കണ്ടിട്ടാവണം അവർ അമ്പരന്നു നിന്നത്. അവരോടു വഴി ചോദിച്ച് വ്യൂപോയിന്റിലേക്ക് നടന്നു.

മൗനത്തിന്റെ മഹാസാഗരത്തിൽ ആണ്ടു കിടക്കുന്ന മലനിരകൾ. കാൽക്കീഴിൽ പഞ്ഞികെട്ടുകൾ പോലെ ഒഴുകിനീങ്ങുന്ന മേഘങ്ങൾ. ചുറ്റിലും നിറഞ്ഞ പശ്ചിമഘട്ടത്തെ നോക്കിയിരുന്നു ഏറെ നേരം. കടലെത്തിയ പുഴ പോലെ ശാന്തമായിരുന്നു മനസ്സ്. നിശബ്ദമായ ഏതോ വിളിയെ പിന്തുടർന്നെത്തിയ യാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് തിരികെ നടന്നു. എല്ലാ പിൻവിളികളും നെടുവീർപ്പിൽ ഒതുക്കി മലയിറങ്ങി. സാവന്ത് വാടിയിലേക്കുളള ബസ്സിൽ കയറുമ്പോൾ സന്ധ്യയുടെ നിറവിശേഷങ്ങൾ ആകാശത്ത് പ്രകടമായിരുന്നു. മലകൾക്കുമേൽ ഒഴുകിനടക്കുന്ന മൂടൽമഞ്ഞ്. എങ്ങും തൊടാതെ വായുവില്‍ പറന്നു നടക്കുന്ന മൂടൽമഞ്ഞിൽ തുണ്ടായി ഞാനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com