ADVERTISEMENT

വാഗമണ്ണിലെ മൊട്ടക്കുന്നും മൂന്നാറിലെ വരയാടും ഒരുപാട് തവണ ആസ്വദിച്ചെങ്കിൽ സ്റ്റിയറിങ് ഒന്നു മാറ്റിപ്പിടിക്കാം. വണ്ടി വിട്ടോളൂ മേഘമലയ്ക്ക്. മേഘമല– പേരിൽതന്നെയൊരു കാന്തമുണ്ട്. കെട്ടു നിറച്ചു പുറപ്പെടാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന സൗന്ദര്യ കാന്തം. തമിഴ്നാട് തേനി ജില്ലയിലാണ് ഈ മല. മൂവാറ്റുപുഴ– കട്ടപ്പന– കമ്പം വഴി തേനി റൂട്ടിൽ ചിന്നമണ്ണൂരിൽനിന്നു തിരിഞ്ഞ് 50 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ഥലത്തെത്താം. കമ്പം– തേനി വഴിയുള്ള ഡ്രൈവ് രസകരമാണ്. തെങ്ങിൻതോപ്പുകളും വിളവുകാലമാണെങ്കിൽ പാകമായ മുന്തിരിപ്പാടങ്ങളും ഇരുവശവുമുണ്ടാകും. അല്ലെങ്കിൽ നിറയെ പച്ചക്കറിപ്പന്തലുകൾ. കണ്ടുവച്ചോളൂ, ഇവിടെനിന്നുള്ള ഫലങ്ങളാണു വിഷത്തിൽ ഡൈവ് ചെയ്ത് നമ്മുടെ അടുക്കളയിൽ ‘ഫ്രഷ്’ആയി എത്തുന്നത്.

ചിന്നമണ്ണൂരിൽ നിന്നുള്ള യാത്ര കാറ്റാടികൾക്കൊപ്പമാണ്. ഒറ്റക്കാലും മൂന്നു കൈകളുമുള്ള പടുകൂറ്റൻ മൃഗത്തെപ്പോലെ കാറ്റാടികൾ ശാന്തരായി നിന്നു കറങ്ങുന്നതു കണ്ടാൽ അറിയാതെ കാൽ ബ്രേക്കിലേക്കു നീങ്ങും. ‘സെൽഫി വിത്ത് കാറ്റാടി’ക്കുള്ള സമയമാണിനി. മുതുകു വളച്ചും കഴുത്തൊതുക്കിയും പങ്കയും നമ്മുടെ മുഖവും ഫ്രെയിമിൽ വരുത്താൻ നല്ല പാടാണ്. ക്ലിക്ക് ചെയ്ത് പടം നോക്കിയാൽ അറിയാം, കാറ്റാടികൾക്കു മുന്നിൽ എത്ര ചെറുതാണു നമ്മൾ.

ഇനിയാണു മല കയറ്റം. മലയെ ചുറ്റിവരിഞ്ഞുള്ള 20 മുടിപ്പിന്നുകൾ കയറിയാണു പോകേണ്ടത്. ഓഫ് റോഡ് ഡ്രൈവ് ആയിരുന്നു കഴിഞ്ഞ വർഷം വരെ. ഇപ്പോൾ ടാർ ചെയ്ത് സുഗമം. വളവുകൾ പുഷ്പം പോലെ കയറിപ്പോകാം. കാരണം ഓരോ വളവിനും പൂക്കളുടെ പേരുകളാണ്. കുറുഞ്ഞി, മുല്ല, മരുത, തുമ്പ, കാന്ത, താമര... കയറ്റത്തിനിടയിൽ ധാരാളം വ്യൂപോയിന്റുകളുണ്ട്. ഏലത്തോട്ടങ്ങൾ വകഞ്ഞൊതുക്കിയാണു പല കയറ്റങ്ങളും. ഇഷ്ടമുള്ളയിടത്തു വണ്ടിയൊതുക്കി നോക്കിയാൽ വന്ന വഴിയുടെ അഴകു കാണാം.

Lake----1-

കമ്പത്തു കണ്ട പച്ചക്കറിപ്പാടങ്ങളും പിന്നെക്കണ്ട കാറ്റാടികളും ചിത്രത്തിലെഴുതിയ പോലെ. നട്ടുച്ചയ്ക്കാണെങ്കിലും കോടമഞ്ഞിന്റെ ഇളം തണുപ്പ് നേർത്ത പുതപ്പായി നമ്മെ പൊതിയും. കൈതിരുമ്മിയും ഷാളിട്ടു ചെവി മൂടിയും സ്വയം ചൂടാക്കുന്നതിനിടെ ഒരു ചായയ്ക്കു കൊതിച്ചാൽ തെറ്റില്ല. മല ചെത്തിയുണ്ടായ വിടവിൽ ചില ചായക്കടകളുണ്ട്. കൊഴുത്ത പാൽ കൊണ്ടുള്ള ചൂടു ചായയും ചെറു കടികളും റെ‍ഡി. കൂറ്റൻ മരങ്ങളുടെ ചോട്ടിലിരുന്ന് ഊതിയൂതിക്കുടിക്കാം. പങ്കുപറ്റാൻ ചിലപ്പോൾ നമ്മുടെ പൂർവികരും എത്തിയേക്കും. ‘സെൽഫി വിത്ത് മങ്കീസി’നു സ്കോപ്പായി.

ഇരുപതാമത്തെ താമര വളവും കഴിഞ്ഞു മലമുകളിലെത്തുമ്പോഴാണ്, വെറുതെയല്ല മലയ്ക്ക് ഈ പേരുവീണതെന്നു തിരിച്ചറിയുക. മേഘങ്ങളുടെ ജാലമാണു ചുറ്റിലും. മഞ്ഞിന്റെ സുതാര്യതയുമായി ഈറൻ മേഘങ്ങളുടെ മാലകൾ. ഇടയിൽ, നീർ കനത്ത കരിമേഘങ്ങൾ. വെയിലിന്റെ പാളികൾ അവയ്ക്കിടയിലൂടെ നടത്തുന്ന പോക്കുവരവുകൾ. കോടയുടെ തൂവാലകൊണ്ടു മുഖം തുടച്ചു തരുന്ന കാറ്റ്.... താഴ്‌വാരങ്ങളിൽ 6000 ഏക്കറോളം വരുന്ന തേയിലത്തോട്ടങ്ങളാണ്. അവയ്ക്കിടയിൽ ചെറു തടാകങ്ങൾ.

നീലാകാശവും മേഘക്കൂട്ടങ്ങളും തടാകങ്ങളിൽ മുഖം നോക്കുന്നതു കണ്ടാൽ ക്യാമറയ്ക്കു വിശ്രമമുണ്ടാകില്ല. തേയിലത്തോട്ടങ്ങൾക്കിയിൽ തോട്ടപ്പണിക്കാരുടെ ലായങ്ങൾ. ഇരുമ്പു ഷീറ്റിട്ട അവയുടെ മേൽക്കൂരകൾ വെയിലിൽ പൊള്ളിത്തിളങ്ങുന്നുണ്ടാകും. മുറ്റത്തെ അഴകളിൽ ഉണങ്ങാൻ വിരിച്ചിട്ട പലനിറ വസ്ത്രങ്ങൾകൂടിയാകുമ്പോൾ, ലായങ്ങളുടെ ആകാശക്കാഴ്ച വാൻഗോഗ് ചിത്രങ്ങൾക്കു സമം.പഞ്ചായത്തിന്റെ രണ്ടു ഗെസ്റ്റ് ഹൗസുകളുണ്ടിവിടെ. വിലയും ഗുണവും തുച്ഛം.

നേരത്തെ വിളിച്ചു പറഞ്ഞാൽ റൂം കിട്ടും. കീശയ്ക്കു കനമുള്ളവർക്കായി ചില ബംഗ്ലാവുകളും കോട്ടേജുകളും ലഭ്യം. ഇവ ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം. രണ്ടു മൂന്നു ചിന്ന ഹോട്ടലുകൾ. രാവിലെ ഇഡ്ഡലി–ദോശ– വട– ചായ കോംബോ. ഉച്ചയ്ക്ക് ഇലയിലൂണ്. സ്പെഷൽ വേണമെങ്കിൽ നേരത്തെ പറയണം. എല്ലാം മുറിയിലെത്തും. പശിയടങ്ങിയെങ്കിൽ ചുമ്മാ നടന്നു പോയി തൂവാനം ഡാം കാണാം. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കായി രണ്ടു മണിക്കൂർ ഓഫ് റോഡ് ഡ്രൈവും കാത്തിരിക്കുന്നുണ്ട്. റൈഡിനു റെഡിയായി മഹീന്ദ്ര ജീപ്പുകൾ ധാരാളം. പിടിച്ചിരിക്കണം, ഉരുളൻ കല്ലുകൾ നിറഞ്ഞ വനപാതയാണു മുകളിലേക്ക്.

സമുദ്ര നിരപ്പിൽനിന്ന് 1500 മുതൽ 5560 അടി വരെ ഉയരമുള്ള പശ്ചിമഘട്ട മലനിരകളുടെ വീര്യം നടു ഉലയ്ക്കുമെങ്കിലും ഉള്ളം നിറയ്ക്കും. മുകളിലെത്തിയാൽ കോടികോടി വൃക്ഷ, സസ്യ ജാലങ്ങള്‍ക്കിടയിലൂടെ ഇടുക്കി കാണാം. മേഘങ്ങൾക്കിടയിലൂടെ സൂര്യന്റെ ഉറക്കയാത്രയും രസം.രാവേറെച്ചെല്ലുംമുമ്പു തിരികെയിറങ്ങുന്നതാണു നല്ലത്. ആനയും പുലിയും സലാം പറയാൻ വന്നേക്കും. ‘സെൽഫി വിത്ത് പുലി’ ഒരുപക്ഷേ മൊബൈലിൽ പതിഞ്ഞേക്കില്ല.

മുറിയിൽ വന്ന്, കണ്ട കാര്യങ്ങളുടെ ലിസ്റ്റ് വിരൽ മടക്കി കണക്കുകൂട്ടുന്നവർക്കുള്ളതല്ല മേഘമല യാത്ര. ഓരോ തരിമ്പിലും കാഴ്ചകളുടെ മാലകെട്ടിയാണ് മേഘമല നമ്മെ കാത്തിരിക്കുന്നത്. തിരക്കില്ല, സഞ്ചാരികളുടെ തള്ളില്ല. മനുഷ്യർ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാൻ തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ട് സെൽഫി വിത്ത് സൈലൻസ്, സെൽഫി വിത്ത് ബ്യൂട്ടി.

താമസം, ഭക്ഷണം

രണ്ടു ഗെസ്റ്റ് ഹൗസുകൾ– വിലയും ഗുണവും തുച്ഛം. നേരത്തെ വിളിച്ചു പറഞ്ഞാൽ റൂം കിട്ടും.കീശയ്ക്കു കനമുള്ളവർക്കായി ചില ബംഗ്ലാവുകളും കോട്ടേജുകളും ലഭ്യം. ഇവ ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം.രണ്ടു മൂന്നു ചിന്ന ഹോട്ടലുകൾ– രാവിലെ ഇഡ്ഡലി–ദോശ– വട– ചായ കോംബോ. ഉച്ചയ്ക്ക് ഇലയിലൂണ്. സ്പെഷൽ വേണമെങ്കിൽ നേരത്തെ പറയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com