sections
MORE

കരിക്കിലെ സുന്ദരി; നടി അമേയ മാത്യുവിന്റെ യാത്രാവിശേഷങ്ങൾ

ameya-travel-pic222
SHARE

യൂട്യൂബിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സൂപ്പർഹിറ്റ് വെബ് സീരിയസാണ് 'കരിക്ക്'. ചുരങ്ങിയ നാളുകൾ കൊണ്ടാണ് കരിക്കിലെ താരങ്ങൾ ജനശ്രദ്ധയാകർഷിച്ചത്. കരിക്കിന്റെ പുതിയ എപ്പിസോഡിലൂടെ കടന്നുവന്ന സുന്ദരി നടി അമേയ മാത്യു ഇപ്പോൾ താരമായിരിക്കുകയാണ്. അഭിനേത്രിയും മോഡലുമാണ് തിരുവനന്തപുരംക്കാരിയായ ഇൗ സുന്ദരി. കരിക്ക് വെബ്‌സീരിസിലൂടെ ഹിറ്റായ അമേയ മാത്യൂന് അഭിനയവും മോഡലിങ്ങും കഴിഞ്ഞാൽ യാത്രകളാണ് ഏറെ ഇഷ്ടം. തിരക്കിട്ട ജീവിതത്തിൽ നിന്നും ഏക ആശ്വാസം യാത്രകളാണെന്നും താരം പറയുന്നു. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് അമേയ മനോരമ ഒാൺലൈനിൽ മനസ്സു തുറക്കുന്നു.

ameya-travel4

"നമ്മുടെ ചിന്തകള്‍, രീതികള്‍, കാഴ്ചപ്പാടുകള്‍ അങ്ങനെ എല്ലാത്തിലും വളരെ പോസിറ്റീവായ മാറ്റം വരുത്തുവാന്‍ യാത്രകള്‍ക്ക് കഴിയും. യാത്ര നൽകുന്ന സന്തോഷവും ആശ്വാസവും ഒന്നുവേറെ തന്നെയാണ്. മനസ്സ് ഫ്രീയാക്കാൻ ഏറ്റവും നല്ല മെഡിസിനാണ് യാത്രകൾ" – അമേയ പറയുന്നു. സംസ്കാരവും ചരിത്രവും സുന്ദരകാഴ്ചകളും നിറഞ്ഞ ഒരുപാടിടങ്ങൾ ഇൗ ഭൂമിയിലുണ്ട്. ഇന്ത്യ കാഴ്ചകളുടെ നിധികുംഭമാണ്. ഓരോ രാജ്യവും വ്യത്യസ്തങ്ങളായ അനുഭവമാണ് സമ്മാനിക്കുന്നത്. ഓരോ രാജ്യത്തിന്റെയും സംസ്കാരവും ഭക്ഷണവും ആളുകളെയുമൊക്കെ അടുത്തറിയുവാനും സ്ഥലത്തിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും ഏറെ ഇഷ്ടമാണ്.''

ameya-travel-6

പ്രിയം അഡ്വഞ്ചർ ട്രിപ്പ്

സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. സാഹസിക വിനോദങ്ങളിലേർപ്പെടാനും പ്രിയമാണ്. പാറകളിൽ വലിഞ്ഞു കയറാനും കാടും കാട്ടാറുമൊക്കെ താണ്ടി കാട്ടിലൂടെയുള്ള നടത്തവുമൊക്കെ ആസ്വദിക്കും. സുഹൃത്തുക്കൾക്കൊപ്പം അഡ്വഞ്ചർ ട്രിപ്പ് പോകാറുണ്ട്. എന്റെ സുഹൃത്ത് റിനോയ് സെബാസ്റ്റ്യൻ സ്വന്തം സ്വിഫ്റ്റ് കാറിൽ ഒരു മാസം കൊണ്ട് ഇന്ത്യ ചുറ്റി സഞ്ചരിച്ചു. അഡ്വഞ്ചറായ റോഡ് ട്രിപ്പായിരുന്നു അത്. അവന്റെ യാത്ര എന്നെ വല്ലാതെ ആകർഷിച്ചു. റിനോയുടെ യാത്രയും വിവരണങ്ങളുമൊക്കെ കേട്ടുകഴിഞ്ഞപ്പോഴാണ് എനിക്കും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോകണമെന്ന് തോന്നിയത്. കാണാത്ത സ്ഥലങ്ങളൊക്കെയും കാണണമെന്നുള്ള മോഹം മനസ്സിൽ നിറച്ചത് റിനോയുടെ റോഡ് ട്രിപ്പിന്റെ വിശേഷങ്ങളായിരുന്നു.

ameya-travel7

ഞാൻ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത് കൂടുതൽ അറിയപ്പെടാത്ത ഇടങ്ങളാണ്. അങ്ങനെയുള്ള സ്ഥലത്തെ കൂടുലതറിയാനാണ് എനിക്കിഷ്ടം. അതുപോലെ തന്നെ സാഹസികയാത്രയുടെ ഭാഗമായി വയനാട്ടിലേക്ക് പോയിട്ടുണ്ട്. കാടിന്റെ ഉള്ളിലൂടെയുള്ള യാത്രയും രാത്രി റോഡിന്റെ നടുക്ക് കാട്ടാനയെ കാണാനുള്ള കാത്തിരിപ്പുമൊക്കെ എന്റെ അഡ്വഞ്ചർ യാത്രയുടെ ഭാഗമായിരുന്നു. ഒരിക്കൽ ഒരു പരസ്യത്തിന്റെ ഷൂട്ടിനായി വയനാട്ടിൽ പോയിരുന്നു. ഇ–ത്രീ എന്ന തീം പാർക്കിന്റെ പരസ്യമായിരുന്നു. അവിടെ ഒരുപാട് സാഹസിക വിനോദങ്ങൾ ഉണ്ടായിരുന്നു. സിപ്‍‍ലൈനിലൂടെയുള്ള വയനാടൻ കാഴ്ചകളുടെ യാത്ര ശരിക്കും എന്നെ വിസ്മയിപ്പിച്ചു. എന്റെ ആദ്യത്തെ അനുഭവമായിരുന്നു സിപ്‍‍ലൈൻ. അങ്ങനെയാണ് ഞാൻ അഡ്വഞ്ചർ ട്രിപ്പിനെ ഇത്രയധികം പ്രണയിക്കാൻ തുടങ്ങിയത്.

ameya-travel

കുടുംബത്തോടൊപ്പമുള്ള യാത്ര

സുഹൃത്തുക്കളൊടൊപ്പം മാത്രമല്ല വീട്ടുകാരോടൊപ്പവും യാത്ര അടിച്ചു പൊളിക്കാറുണ്ട്. എന്റെ അമ്മ അധ്യാപികയാണ്. അവധിയാകുമ്പോൾ ഞങ്ങൾ യാത്ര പോകും. അടുത്തിടെ ഞങ്ങള്‍ കസിൻസുമൊക്കെയായി ഇല്ലിക്കൽ കല്ലിലേക്ക് യാത്ര പോയിരുന്നു. കോട്ടയത്തു നിന്ന് പുറപ്പെടുമ്പോൾ ചിത്രങ്ങളിൽ കണ്ട ഇല്ലിക്കൽ കല്ല് മാത്രമായിരുന്നു മനസ്സിൽ. നേരിൽ കണ്ടപ്പോൾ ശരിക്കും അതിശയിച്ചുപോയി. അതിസാഹസികത ഇഷ്ടപ്പെടുന്ന എന്നെ ഏറെ സന്തോഷിപ്പിച്ച യാത്രയായിരുന്നു  ഇല്ലിക്കൽ കല്ലിലേക്കുള്ളത്.

ameya-travel1

പ്രകൃതി അതിമനോഹരമായി അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്ന, സ്വർഗതുല്യമായ ഒരിടമാണ് ഇല്ലിക്കൽ കല്ല്. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്പോൾ, വിസ്മയിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് ഇല്ലിക്കൽ കല്ലിലുള്ളത്. കുത്തനെയുള്ള കയറ്റമായതുകൊണ്ടു തന്നെ നടന്നു കയറുക എന്നത്  അൽപം ആയാസകരമായിരുന്നു. ജീപ്പ് സർവീസുകളുണ്ട്. അതിൽ കയറി ചാഞ്ചാടിയും കുലുങ്ങിയും മുകളിലേക്കെത്തുക എന്നത് ഏറെ രസകരമായിരുന്നു. ഇത്തവണത്തെ വെക്കേഷൻ ട്രിപ്പ് സൂപ്പറായിരുന്നു.

സ്കൂൾ കോളേജ് ട്രിപ്പ്

യാത്ര പോകുവാൻ ഇഷ്ടമാണെങ്കിലും സ്കൂൾ കാലഘട്ടത്തിൽ യാത്രകൾ അധികം പോയിട്ടില്ല. കേന്ദ്രവിദ്യാലയത്തിലായിരുന്നു ഞാൻ പഠിച്ചത്. ഒാർമയിൽ സൂക്ഷിക്കാവുന്ന തരത്തിലുള്ള ട്രിപ്പ് ഒന്നുംതന്നെ പോയിട്ടില്ല. ഉൗട്ടി, മൈസൂർ, കോടൈക്കനാൽ പോയിട്ടുണ്ട്. കോളേജിലും ഒരു തവണ പോയത് കോടൈക്കനാൽ തന്നെയായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ എം എ ഇംഗ്ലിഷ് വിദ്യാർത്ഥിനിയായിരുന്നു. യാത്രയ്ക്കായി അന്ന് കുറച്ചുകുട്ടികളെ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ടീച്ചർമാരും സുഹൃത്തുക്കളുമൊക്കെയായി യാത്ര ശരിക്കും അടിച്ചുപൊളിച്ചു എന്നു തന്നെ പറയാം.

എന്റെ ഇഷ്ടം

ചില യാത്രികർ സ്വന്തം രാജ്യത്തുള്ളതിനേക്കാള്‍ പോകുന്നത് മറ്റ് രാജ്യങ്ങളിലെ കാഴ്ചകളിലേക്കായിരിക്കും. എന്നെ സംബന്ധിച്ച് നമ്മള്‍ ജീവിക്കുന്നിടത്തെ കാഴ്ചകള്‍ ആദ്യം ആവോളം അറിയുക എന്ന നിലപാടാണ്. കേരളത്തിലൂടെ യാത്ര ചെയ്യാനാണ് ഏറെ ഇഷ്ടം. പിന്നെ ബെംഗളൂരു എന്റെ ഫേവറൈറ്റ് സ്ഥലമാണ്. ഒരുപാട് തവണ അവിടേക്ക് പോയിട്ടുണ്ട്.

ameya-travel5

നന്ദി ഹിൽസ് യാത്രയും കാഴ്ചയും എനിക്ക് മറക്കാനാവില്ല. നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹിൽസ്. കബ്ബൻ ഹൗസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. ഡൽഹിയും എന്റെ പ്രിയപ്പെട്ട സ്ഥലമാണ്. അവിടെയും യാത്രപോകാൻ ഒരുപാട് ഇഷ്ടമാണ്.

വെറുതെ കാഴ്ചകൾ കാണാനായി മാത്രം യാത്ര പോകുന്നയാളല്ല ഞാൻ. അവിടുത്തെ ആഹാരരീതി, ജീവിതരീതി, സംസ്‌കാരം, ചരിത്രം ഇതൊക്കെ അറിയാനും ശ്രമിക്കും. ചരിത്രവും സംസ്കാരവും അറിഞ്ഞുള്ള യാത്ര എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ യാത്രയിലൂടെ പുതിയെ ആളുകളെയും പരിചയപ്പെടാം ഒപ്പം അറിവുകളും നേടാം. പുതിയ സ്ഥലങ്ങൾ യാത്ര ലിസ്റ്റിൽ ഉൾപ്പെടുത്തുവാനാണ് എനിക്കിഷ്ടം.

ദുബായ് യാത്ര

എന്റെ ആദ്യ ദുബായ് യാത്ര ഷൂട്ടിന്റെ ഭാഗമായിരുന്നു. അവിടുത്തെ ഓരോ കാഴ്ചകളും എന്നെ അദ്‍ഭുതപ്പെടുത്തി. എന്റെ ഒരുപാട് സുഹൃത്തുക്കളെ വർഷങ്ങൾക്കു ശേഷം വീണ്ടും കാണാൻ പറ്റിയ യാത്രകൂടിയായിരുന്നു ദുബായിലേത്.

മണൽക്കാടുകൾക്ക് നടുവില്‍ ആകാശത്തെ തൊട്ട് നിൽക്കുന്ന കെട്ടിടങ്ങളും അവയ്ക്കിടയിൽ ഉയർന്നു നിൽ‌ക്കുന്ന ബുർജ് ഖലീഫയും പാംദ്വീപുകളും ഷോപ്പിങ്ങ് മാളുകളുമെല്ലാം ശരിക്കും ആസ്വദിച്ചു. വർണങ്ങളില്‍ തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ടു അണിഞൊരുങ്ങിയ ദുബായ് രാത്രിയിലാണ് കൂടുതൽ സുന്ദരിയാകുന്നത്. 

ameya-travel3

പ്രിയപ്പെട്ട സ്ഥലം

അങ്ങനെയിരിക്കുമ്പോൾ ഒരു യാത്ര പോയാലോ എന്നു തോന്നുന്ന അവസരത്തിൽ മനസ്സിൽ നിറയുന്നത് മഞ്ഞു വിരിച്ച മൂന്നാറാണ്. കാലാവസ്ഥകൊണ്ടും കാഴ്ചകൾ കൊണ്ടും എളുപ്പത്തിൽ എത്തിച്ചേരാം എന്നതുകൊണ്ടും മൂന്നാർ എന്റെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോൾ പെട്ടൊരു യാത്ര പോകുന്നത് മൂന്നാറിലേക്കാണ്.

മഞ്ഞ് പൊതിയുന്നതുപൊലെ അവിടുത്തെ പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ ആസ്വദിക്കുമ്പോൾ എല്ലാം ടെൻഷനുകളും ഉരുകി പോകും. മഞ്ഞണിഞ്ഞ തേയില തോട്ടങ്ങളും കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പുമൊക്കെ ആസ്വദിച്ചുള്ള മൂന്നാർ യാത്ര എനിക്ക് ഒരുപാട് ഇഷ്ടമാണ്.

ഡ്രീം ഡെസ്റ്റിനേഷൻ

എന്റെ സ്വപ്നനഗരം മണാലി ആയിരുന്നു. അടുത്തിടെ ആ സ്വപനയാത്ര സാധ്യമായി. മണാലിക്ക് പോയിരുന്നു. യാത്രകളെ പ്രണയിക്കുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടയിടമാണ് മണാലി. മനസ്സിൽ കരുതിയതിലും സുന്ദരമായിരുന്നു മണാലിയിലെ കാഴ്ചകൾ. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല മണാലി സന്ദർശകരെ സ്വീകരിക്കുന്നത്. ട്രെക്കിങ് പ്രിയരായ സാഹസികർക്കും ഏറെ ഇഷ്ടപ്പെടും ഈ ഭൂമി. സാഹസികയാത്ര ഇഷ്ടപ്പെടുന്ന എനിക്ക് മണാലിയാത്രയിൽ പാരാഗ്ലൈ‍ിങ് മലകയറ്റം, ഹൈക്കിംഗ്, സൈക്ക്ലിങ്ങുമൊക്കെ നടത്തി.

പാരാഗ്ലൈഡിങ്ങ് എനിക്ക് നവ്യാനുഭവമായിരുന്നു. നിരവധി വിനോദോപാധികൾ കൊണ്ടാണ് തന്നരികിലെത്തുന്നവരെ മണാലി സ്വീകരിക്കുന്നത്. എന്നിരുന്നാലും അവിടുത്തെ കാഴ്ച സുന്ദരമായിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു മണാലിയിൽ നിന്നും മടങ്ങിയത് സ്വപനയാത്ര സഫലമായ സന്തോഷവും എനിക്കുണ്ടായിരുന്നു.

ഇപ്പോഴത്തെ എന്റെ സ്വപനം കാനഡയാണ്. ഉപരിപഠനത്തിനായി കാനഡയിൽ പോകണമെന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ അതു സാധിച്ചില്ല.  കാന‍ഡയിലെ കാഴ്ചകളാസ്വദിക്കണമെന്നതാണ് ഇപ്പോഴത്തെ എന്റെ സ്വപനം. നയാഗ്രാ വെള്ളച്ചാട്ടവുമൊക്കെ കാണണം. സ്വപ്നയാത്രയ്ക്കായി കാത്തിരിക്കകയാണ് അമേയ പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA