sections
MORE

സുന്ദരകാഴ്ചകളുമായി ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ്

1093869040
SHARE

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന ആസാമിൽ തന്നെയാണ് ഉമാനന്ദ ദ്വീപും നിലകൊള്ളുന്നത്. നിരവധി ഐതീഹ്യങ്ങൾ കൊണ്ട് ചുറ്റപ്പെട്ട ഒരു തുണ്ട് ഭൂമി കഷ്ണം. ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപെന്ന വിശേഷണവും ഉമാനന്ദയ്ക്കുണ്ട് . ബ്രിട്ടീഷുകാർ പീകോക്ക് ദ്വീപെന്നും തദ്ദേശവാസികൾ ഭസ്മാച്ചൽ  ദ്വീപെന്നുമൊക്കെ വിളിക്കുന്ന ഈ മണ്ണിൽ കുറച്ചു ഗോത്രവർഗങ്ങൾ മാത്രമാണ് താമസം. 

ഗുവാഹത്തിയിൽ നിന്നും പത്തുമിനിറ്റ് ബ്രഹ്‌മപുത്ര നദിയിലൂടെ യാത്ര ചെയ്താൽ ഉമാനന്ദ ദ്വീപിലെത്താം. ഫെറിയിലാണ് ദ്വീപിലേക്കുള്ള യാത്ര. ബ്രഹ്‌മപുത്രയുടെ താളത്തിലുള്ള താരാട്ടു ആസ്വദിച്ചു വരുമ്പോഴേക്കും ബോട്ട് ദ്വീപിലെത്തിയിരിക്കും. ഉമാനന്ദയ്ക്ക് ഒരു മയിലിന്റെ രൂപഭംഗിയും വശ്യതയുമുള്ളതുകൊണ്ടാണെന്നു തോന്നുന്നു ബ്രിട്ടീഷുകാർ ഈ ഭൂമിയെ പീകോക്ക് ഐലൻഡ് എന്നു ഒാമനപേരിട്ടത്. 

ശൈവ ഭക്തരാണ് ഇവിടുത്തെ ജനങ്ങളിലധികവും. ഭഗവാൻ ശങ്കരൻ തന്റെ പത്നിക്കായി നിർമിക്കുകയും പത്നിയോടൊപ്പം താമസിക്കുകയും ചെയ്ത ദ്വീപാണിതെന്ന  ഐതീഹ്യം ഉമാനന്ദ ദ്വീപുമായി ബന്ധപെട്ടുണ്ട്. ഇവിടെ വെച്ചാണ് തന്റെ തപം മുടക്കാനെത്തിയ പഞ്ചബാണനെ ശിവൻ തൃക്കണ്ണ് തുറന്നു ഭസ്മമാക്കിയതെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ  ഈ ഭൂമിയെ ഭസ്മാച്ചൽ എന്ന് വിളിക്കുന്നവരുമുണ്ട്. ശിവനുമായി ബന്ധപെട്ടു നിരവധി ഐതീഹ്യങ്ങളുറങ്ങുന്ന ഈ മണ്ണിൽ വലിയൊരു ശിവ ക്ഷേത്രമുണ്ട്.

1060807964

ആഹോം രാജാവായിരുന്ന ഗദാധർ സിംഗ് ആണ് ഈ ശിവക്ഷേത്രം നിർമ്മിച്ചത്. ഒരു ഭൂചലനത്തിൽ ക്ഷേത്രം നശിച്ചുപോയെങ്കിലും പിന്നീട്  വിശ്വാസികൾ പുതുക്കി പണിതു. ഇന്ന് ദ്വീപിലെ ശൈവഭക്തരുടെ പ്രധാന ആരാധനാലയമാണിത്. അഘോരികളെ പോലെ  തോന്നിക്കുന്ന നിരവധി സന്യാസികൾ ഈ ക്ഷേത്ര പരിസരത്തുണ്ട്. ഈ ഭൂലോകവുമായി യാതൊരു ബന്ധവുമില്ലാതെ ധ്യാനത്തിൽ കഴിച്ചുകൂട്ടുന്നവർ. മഹാശിവരാത്രിയാണ് ഇവിടുത്തെ ഉത്സവനാൾ. തിങ്കളാഴ്ചകളും പൗർണമി ദിനങ്ങളും ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിച്ചാൽ ഉദിഷ്ടകാര്യങ്ങൾ എളുപ്പത്തിൽ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ആസാമീസ് വാസ്തുശില്പ ശൈലിയുടെ സമ്മേളനമാണ് ഭസ്മാച്ചൽ കുന്നിലെ ഈ കല്ലിൽ കൊത്തിയെടുത്ത ക്ഷേത്രം. വളരെ അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന ഗോൾഡൻ ലാംഗർ എന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കുരങ്ങുകളെയും ഈ ക്ഷേത്ര പരിസരത്തു കാണാവുന്നതാണ്.

വളരെ ശാന്തവും മനോഹരവുമായ ഉമാനന്ദയിലെ പകലുകളും രാത്രികളും ആസ്വദിക്കാൻ ഇവിടെയെത്തുന്നവരിൽ നിരവധി വിദേശികളും സ്വദേശീയരുമുണ്ട്. തണുത്ത കാറ്റേറ്റ്, സൂര്യാസ്തമയവും കണ്ടു വിശ്രമിക്കാൻ ഒരു ദ്വീപിന്റെ പാശ്ചാത്തലം വേണമെന്ന് സ്വപ്നം കാണുന്നവർക്കു മടിക്കാതെ കടന്നുചെല്ലാൻ കഴിയുന്ന ഏറ്റവും ആസ്വാദ്യകരമായ ഒരിടമായിരിക്കും ആസാമിലെ ഉമാനന്ദ ദ്വീപ്. ആസാമിലെ പ്രധാന നഗരമായ ഗുവാഹത്തിയിൽ നിന്നും പത്തുമിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്ന യാത്രാബോട്ടുകളുണ്ട് ഉമാനന്ദയിലേക്ക്.  അതിൽ കയറിയാൽ ആധുനികതയുടെ പുറംമോടികൾ എത്തിനോക്കാത്ത ഗ്രാമവിശുദ്ധിയുള്ള ഈ ദ്വീപിൽ എത്തിച്ചേരാം. ശാന്തതയും പ്രകൃതി സൗന്ദര്യവും കണ്ടാസ്വദിച്ചു മനസു നിറയ്ക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA