ADVERTISEMENT

 ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്നറിയപ്പെടുന്ന ധാരാവി ഈ മുംബൈ മഹാനഗരത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. 10 ചതുരശ്ര അടിയുള്ള കുടുസു മുറികളിൽ താമസിക്കുന്ന നിരവധി മനുഷ്യരുണ്ടിവിടെ. അടുക്കളയും ഡൈനിങ് റൂമും കിടപ്പു മുറിയുമെല്ലാം  ഒറ്റമുറിയില്‍ ഒതുക്കുന്ന സാധാരണയിൽ സാധാരണക്കാർ. 

ആയിരത്തിലധികം പേർക്കായി ഉപയോഗിക്കുന്ന ഒരു പൊതു ശൗചാലയവും  ഇവിടെയുണ്ട്. കൊള്ളയും കൊലപാതകവും ശരീരവിൽപ്പനയും തൊഴിലായിരുന്ന 1980 കളിലെ ധാരാവി ഇന്നാകെ മാറി. കാണാൻ ഏറെയൊന്നും രസകരമല്ലാത്ത കാഴ്ചകൾ ഇന്നും അവിടെയുണ്ടെങ്കിലും പല ചെറുകിട വ്യവസായങ്ങളുടെയും കേന്ദ്രമാണ് ഈ ചെറുചേരികൾ. 15,000 ത്തിൽ പരം ചെറുകിട വ്യവസായങ്ങൾ ഇവിടെയുണ്ട്. ധാരാവി കാഴ്ചക്കാർക്ക് അദ്ഭുതങ്ങൾ സമ്മാനിക്കുന്നൊരിടമാണ്. മാലിന്യ സംസ്കരണ പുനരുൽപ്പാദന ശാലകളാണ് ധാരാവിയിലെ പ്രധാന ചെറുകിട വ്യവസായം.

458135191

തമിഴനും, ഗുജറാത്തിയും സൗരാഷ്ട്രകാരനുമെല്ലാം തൊഴിലന്വേഷിച്ചെത്തി ആ ചേരികള്‍ക്ക് ഒരു മിനി ഇന്ത്യയുടെ മുഖഛായ നൽകിയിരിക്കുന്നു. മൈസൂർപാക്കും, ലഡുവും തുടങ്ങി നിരവധി പലഹാരങ്ങൾ ഉണ്ടാക്കി വലിയ ബേക്കറികളിലേയ്ക്കു വിതരണം ചെയ്യുന്ന തമിഴരും, മൺപാത്ര നിർമ്മാണം നടത്തി ജീവിക്കുന്ന സൗരാഷ്ട്രക്കാരും ബാഗുകളും, പേഴ്സുകളും മറ്റു തുകൽ ഉൽപ്പന്നങ്ങളുണ്ടാക്കുന്ന തൊഴിലാളികളും റെഡിമെയ്ഡ് വസ്ത്ര നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നവരുമെല്ലാം മാറുന്ന ഈ ചേരികളുടെ പുതുമുഖങ്ങളാണ്. 

പരിമിതമായ തൊഴിലിടങ്ങളിൽ  നിന്ന് സാധനങ്ങളുൽപ്പാദിപ്പിച്ച് അന്യദേശങ്ങളിലേയ്ക്ക് കയറ്റി അയക്കുന്ന ഇവർ കാണുന്നവരിൽ കൗതുകം ജനിപ്പിക്കുക തന്നെ ചെയ്യും. കാരണം പരിമിതമായ ചുറ്റുപാടുകളിൽ നിന്ന് ഒരു നഗരത്തിന്റെ മുഴുവൻ മാലിന്യങ്ങളും പേറിയാണ് ലക്ഷക്കണക്കിന് ജനങ്ങൾ ഈ ചേരികളിൽ ജീവിതം തള്ളി നീക്കുന്നത്. ഇലക്ട്രിസിറ്റിയും ശുദ്ധജലവും വിദ്യാഭ്യാസവും പോലും ഇവിടെയുള്ളവർക്ക് അപ്രാപ്യമാണ്. പക്ഷേ സിനിമകളില്‍ കാണുന്നത്രയും പരിതാപകരമല്ല ഇന്നീ ചേരികൾ.

656892268

ധാരാവിയെന്ന വലിയ ചേരിയ്ക്കു പുറമെ സൂര്യ നഗറും ബാദപ്ഹിലും ബയ്ഗാൻവാസിയും അസാൽഫയും ഗോവന്ദിയുമെല്ലാം മുംബൈയിലെ ചേരികളാണ്. അടിസ്ഥാന സൗകര്യങ്ങളേതുമില്ലാതെ നൂറുകണക്കിനാളുകളാണ് ഇവിടെ അന്തിയുറങ്ങുന്നത്. ഘാട്ട്കോപ്പറും മുംബൈയിലെ ഒരു ചേരിയാണ്. ആയിരത്തോളം പേർ താമസിക്കുന്ന ഈ ചെറുചേരി വാർത്തകളിൽ നിറയുന്നത് ഒരു ‘മേയ്ക്ക് ഓവറി’ന്റെ കഥ പറഞ്ഞു കൊണ്ടാണ്. വർണങ്ങൾ അണിഞ്ഞ് മതിലുകളും ചുവരുകളുമെല്ലാം പഴയ ജീർണ്ണിതാവസ്ഥ വെടിയുകയാണ്. ‘ചൽരംഗ് ദേ’ എന്ന സംഘടന ഏറ്റെടുത്ത ഉദ്യമത്തിന് മുംബൈ മെട്രോയുടെ പിന്തുണയുമുണ്ട്. 400 പേർ 3 ദിവസങ്ങൾ കൊണ്ടാണ് ഈ ചേരികൾക്ക് നിറങ്ങൾ നിറഞ്ഞ ഒരു ലോകം സമ്മാനിക്കുന്നത് വര്‍ണങ്ങൾ അണിഞ്ഞ് മനോഹരിയാകുമ്പോൾ ഈ പാർശ്വവൽക്കരിക്കപ്പെട്ടവരെ കാണാനും സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയുണ്ടിവർക്ക്.

458698985

മുംബൈയുടെ മനോഹരമായ കാഴ്ചകളല്ലാതെ അതിജീവനത്തിന്റെ ഈ ചേരി കാഴ്ചകൾ കൂടി ഒരിക്കലെങ്കിലും കാണണം. സുഖസൗകര്യങ്ങളേതുമില്ലാതെ ഒരു വിഭാഗം ജീവനുകൾ എങ്ങനെയാണ് ജീവിതം കരുപിടിപ്പിക്കുന്നതെന്ന് കണ്ടറിയുന്നത് അഹങ്കാരലേശമില്ലാതെ ജീവിക്കുന്നതിന് നാമോരോരുത്തരെയും സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com