sections
MORE

ഇന്ത്യയിലെ വൈൻ രുചിയറിഞ്ഞ്; ഒരു വൈൻ ടൂർ

wine-place1
SHARE

വൈൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ആഘോഷങ്ങളിൽ  വലിയ പങ്കുള്ള, അൽപം ലഹരിയുടെ മേമ്പൊടി വിതറുന്ന ആ പാനീയത്തിനു ആരാധകരേറെയാണ്. രുചിയും ഗുണവുമേറിയ വൈൻ ഉൽപാദിപ്പിക്കുന്ന നിരവധിയിടങ്ങൾ നാട്ടിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വൈൻ ഉൽപാദന കേന്ദ്രങ്ങളും അവയുടെ സവിശേഷതകളും എന്തൊക്കെയെന്നറിയാം.

സുല മുന്തിരിതോട്ടം, നാസിക്, മഹാരാഷ്ട്ര

മുന്തിരിതോട്ടങ്ങളുടെ നാടാണ് നാസിക്. നാസിക്കിന്റെ മുന്തിരി രുചിയിൽ മുന്തിനിൽക്കും സുലയിലെ മുന്തിരികളും ആ പഴച്ചാറും. 1997 ലാണ് സുലയിൽ വൈൻ നിർമാണം ആരംഭിച്ചത്. അക്കാലം മുതൽ ഇന്നോളം ആ വൈനിന്റെ രുചി ഉപയോഗിച്ചവരാരും മറക്കാനിടയില്ല. ഇന്ത്യയ്ക്കകത്തും പുറത്തും സുലയിലെ മുന്തിരിചാറിനു ആരാധകരേറെയാണ്

എല്ലാവർഷവും സുലയിൽ ''വൈൻഫെസ്റ്റ്'' നടക്കാറുണ്ട്. വൈനിന്റെ രുചിയറിയാൻ എല്ലാവർക്കും അവസരം ലഭിക്കുന്ന ഈ സമയം വൈൻ ടൂറായാണ് അറിയപ്പെടുന്നത്. ധാരാളം വൈൻ ആസ്വാദകർ എത്തിച്ചേരുന്നതുകൊണ്ടു തന്നെ വൈനിന്റെ മക്ക എന്നൊരു പേരുകൂടി സുലയ്ക്കു ഇവിടെയെത്തുന്നവർ ചാർത്തികൊടുത്തിട്ടുണ്ട്.

wine-place-sula

പതിനായിരക്കണക്കിന് ആളുകൾ വൈൻ ഫെസ്റ്റിൽ പങ്കെടുക്കാൻ സുലയിലെത്താറുണ്ട്. ഇന്ത്യയിലെ അതിപ്രശസ്തമായ വൈൻ കാർണിവൽ ആയാണിത് അറിയപ്പെടുന്നത്. അന്നേരങ്ങളിൽ ഇവിടെയെത്തുന്ന അതിഥികൾക്കായി അത്യാഢംബര സൗകര്യങ്ങളെല്ലാമുള്ള ബംഗ്ലാവും ഇറ്റാലിയൻ റെസ്റ്റോറന്റുമടക്കമുള്ള എല്ലാ സൗകര്യങ്ങളും നൽകാറുണ്ട്. വൈൻ ടൂറിനായി സഞ്ചാരികൾക്കു തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ചയിടമാണ് സുല.

ഫെബ്രുവരി മാസത്തിന്റെ ആരംഭത്തിലാണ് സുലയിലെ വൈൻ ഫെസ്റ്റ്. ഡിജെയും ലോകപ്രശസ്ത സംഗീതജ്ഞരും റോക്ക് ബാൻഡുകളുമൊക്കെ നിറഞ്ഞ ഇവിടെ വലിയ ആഘോഷങ്ങളാണ് നടക്കുക. വൈൻ ഉണ്ടാക്കുന്നതിന്റെ പ്രവർത്തനങ്ങളെല്ലാം അതിഥികൾക്ക്  വിവരിക്കുന്നതിനായി ഗൈഡിന്റെ സഹായവും സുലയിൽ ലഭ്യമാണ്. ജനുവരി മുതൽ മാർച്ച് വരെയാണ് ഇവിടുത്തെ മുന്തിരി വിളവെടുപ്പും വൈൻ നിർ‌മാണവുമൊക്കെ നടക്കുന്നത്.

ചാറ്റൗ ഇൻഡേജ്‌ എസ്റ്റേറ്റ്, നാരായൺ ഗാവോൺ, മഹാരാഷ്ട്ര

വൈൻ ടൂർ നടത്താൻ ഏറ്റവുമുചിതമായ മഹാരാഷ്ട്രയിൽ തന്നെയുള്ള മറ്റൊരിടമാണ് ചാറ്റൗ ഇൻഡേജ്‌ എസ്റ്റേറ്റ്. ഇന്ത്യയിലെ വൈൻ വ്യവസായത്തിൽ മഹാരാഷ്ട്രയിലെ ഈ മുന്തിത്തോട്ടത്തിനും ചെറുതല്ലാത്ത പാരമ്പര്യം അവകാശപ്പെടാനുണ്ട്. പൂനെയിൽ നിന്നും 85 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ലക്ഷ്യസ്ഥാനത്തെത്താം. റെഡ്, വൈറ്റ്, സ്പാർക്കിളിങ്‌ എന്നിങ്ങനെ വൈനുകൾ ഇവിടെ ലഭ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചാന്റില്ലി വൈൻ ലഭിക്കുന്ന ഒരിടം കൂടിയാണിവിടം. വ്യത്യസ്ത രുചികളിലുള്ള 32 തരം വൈനുകൾ ലഭിക്കുന്നയിടം എന്ന പ്രത്യേകത കൂടി  ഈ മുന്തിരിത്തോട്ടത്തിനുണ്ട്.

എല്ലാ ആഴ്ചകളുടെയും അവസാനങ്ങളിൽ ചാറ്റൗ ഇൻഡേജ്‌ എസ്റ്റേറ്റ് മുന്തിരിത്തോട്ടത്തിൽ ഒരു വൈൻ ടൂർ സംഘടിപ്പിക്കാറുണ്ട്. ആ സമയത്തു സന്ദർശകർക്കു വൈൻ രുചിയറിയാനുള്ള അവസരമുണ്ട്. ഏഷ്യയിൽ തന്നെ ആദ്യമായി മുന്തിരികളിൽ നിന്നും വൈൻ നിർമിച്ചു കുപ്പികളിലാക്കി വിതരണം നടത്തിയതിന്റെ ഖ്യാതി ചാറ്റൗ ഇൻഡേജ്‌ എസ്റ്റേറ്റിനായിരുന്നു.  രാജ്യാന്തരതലത്തിൽ ഇവർക്കു ഒമ്പതാം സ്ഥാനവുമുണ്ട്. 

ചാറ്റൗ ഇൻഡേജ്‌ എസ്റ്റേറ്റിനു സ്വന്തമായി ഒരു വൈൻ ഷോപ് ഉണ്ട്. കുറഞ്ഞ നിരക്കിൽ ഇവിടെനിന്നും സന്ദർശകർക്കു വൈൻ വാങ്ങാം. അത്യാഡംബരം നിറഞ്ഞ അതിഥി മന്ദിരങ്ങളും ഭക്ഷ്യശാലകളുമൊക്കെ വൈൻ ടൂറിന്റെ ഭാഗമായി ഇവിടെയെത്തുന്ന അതിഥികൾക്കായി  ചാറ്റൗ ഇൻഡേജ്‌ എസ്റ്റേറ്റ് ഒരുക്കിയിട്ടുണ്ട്.

ചാറ്റൗ ഡി ഒറി, ടിൻഡോറി, മധ്യപ്രദേശ്

വൈനിന്റെ രുചിയറിയുന്നതിനൊപ്പം കാഴ്ചകൾ കൊണ്ടുകൂടി ആനന്ദിപ്പിക്കുന്ന മുന്തിരിത്തോട്ടമാണ് ചാറ്റൗ ഡി ഒറി. ഇരുന്നൂറു ഏക്കറിലാണ് ഈ മുന്തിരിത്തോപ്പ് സ്ഥിതി ചെയ്യുന്നത്. കൃത്രിമമായി നിർമിച്ച മൂന്നു തടാകങ്ങളും അവയിലുള്ള ബോട്ടിങ്ങും ജലവിനോദങ്ങളും ആഡംബരം നിറഞ്ഞ ഫാംഹൗസും നീന്തൽ കുളങ്ങളും വൈൻ നുണയാനുള്ള ലോഞ്ചുകളുമൊക്കെ ഇവിടുത്തെ സവിശേഷതകളാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ ഉൽപാദന കേന്ദ്രങ്ങളിലൊന്നാണ് ചാറ്റൗ ഡി ഒറി. വ്യത്യസ്ത തരത്തിലുള്ള നിരവധി വൈനുകൾ ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. കീടനാശിനികളും രാസവളങ്ങളും പാടെ ഒഴിവാക്കി പ്രകൃതിദത്ത രീതിയിലാണ് ഇവിടുത്തെ മുന്തിരി കൃഷി. വൃത്തിയുടെ കാര്യത്തിലും ഏറെ മുമ്പിലാണ് ഈ മുന്തിരിത്തോട്ടം. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കകത്തും പുറത്തും നിരവധിപ്പേർ ഈ മുന്തിരിത്തോട്ടത്തിനും ഇവിടുത്തെ വൈനിനും ആരാധകരായുണ്ട്. 

ഗ്രോവർ മുന്തിരിത്തോട്ടം, നന്ദി ഹിൽസ്, കർണാടകം

ഇന്നു ലഭ്യമാകുന്നതിൽ ഏറ്റവും മികച്ച മുന്തിരിയും വൈനും കിട്ടുന്നയിടങ്ങളിലൊന്നാണ് ബെംഗളൂരുവിലെ ഗ്രോവർ മുന്തിരിത്തോട്ടം. നന്ദി മലനിരകളുടെ താഴെയായാണ് ഈ മുന്തിരിത്തോട്ടം സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിലെ ഐ ടി ഹബ്ബിൽ നിന്നും ഏകദേശം 40 കിലോമീറ്റർ ദൂരം മാത്രമേ ഗ്രോവർ മുന്തിരിതോട്ടത്തിലേക്കുള്ളു. റെഡ്, വൈറ്റ്, റോസ് എന്നിങ്ങനെ മൂന്നു തരം വൈനുകൾ ഇവിടെ നിന്നും ലഭിക്കും. 

കർണാടകയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന അവധിക്കാല വിനോദ കേന്ദ്രങ്ങളിലൊന്നാണ് നന്ദി മലനിരകൾ. മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കാമെന്നതിനൊപ്പം തന്നെ വൈനും നുണയാമെന്നത് തന്നെയാണ് സഞ്ചാരികളെ പ്രധാനമായും അങ്ങോട്ടേക്ക് ആകർഷിക്കുന്നത്. വൈൻ ടൂറിനായി നിരവധി ആളുകളാണ് വർഷാവർഷം ഗ്രോവറിലെത്തിച്ചേരുന്നത്. വൈൻ ടൂറിന്റെ സമയത്തു കാലത്തു 10.30 മുതൽ പ്രവേശനം അനുവദനീയമാണ്. ഇവിടെയെത്തുന്നവർക്കു വൈനിന്റെ ഉൽപാദനപ്രക്രിയകളെക്കുറിച്ചു ചെറിയൊരു വിവരണം നൽകും ഇവിടെയുള്ള ജീവനക്കാർ.മുന്തിരിത്തോപ്പിൽ കൂടുതൽ സമയം ചെലവഴിക്കാനും ചിത്രങ്ങൾ പകർത്താനും സന്ദർശകർക്കു അനുമതിയുണ്ട്.

സാംബ വൈൻ, നാസിക്, മഹാരാഷ്ട്ര

വൈനിനിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന നാസികിലെത്തിയിട്ടു സാംബ വൈനിന്റെ രുചിയറിയഞ്ഞില്ലെന്നു പറയുന്നതു ഒരു വൈൻ പ്രേമിയെ സംബന്ധിച്ചു അപമാനകരമാണ്. മുംബൈ - നാസിക് ദേശീയപാതയിലാണ് വലെ ഡി വിൻ എന്ന വൈനിന്റെ ലോകത്തെ ന്യൂജൻ താരത്തിന്റെ സ്ഥാനം.

2006 ലാണ് ഇവിടെ നിന്നും വൈൻ ഉല്പാദനം ആരംഭിച്ചത്. വലെ ഡി വിൻ ലെ ആകർഷണമെന്നത് സാംബ വൈൻ ആണ്. സാംബ വൈൻ കൂടാതെ വ്യത്യസ്ത രുചിപകരുന്ന വേറെയും വൈനുകൾ ഇവിടെ നിന്നും ഉൽപ്പാദിപ്പിക്കുന്നുണ്ട്. എല്ലാ ദിവസങ്ങളിലും വൈനിന്റെ രുചി നുകരാന് ഇവിടെ സന്ദർശകർക്കു അനുമതിയുണ്ട്. 40 - 50 മിനിറ്റ് നേരത്തെ ഒരു ഹൃസ്വ സന്ദർശനം മാത്രമാണ് അതിഥികൾക്കായി അനുവദിക്കാറ്. വൈൻ രുചിക്കാൻ താൽപര്യമില്ലാത്തവർക്കും മുന്തിരിത്തോപ്പിലെ മനോഹര കാഴ്ചകൾ ആസ്വദിക്കാവുന്നതാണ്. അവരുടെ കയ്യിൽ നിന്നും സന്ദർശന ഫീസ്  ഈടാക്കാറില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA