sections
MORE

വർഷത്തിന്റെ പാതി വെള്ളത്തിലും പാതി കരയിലും! റോസറി ചർച്ച് എന്ന ചരിത്ര വിസ്മയം

Shettihalli-Rosary-Church2
SHARE

ഒരു കാലത്ത് പ്രാർഥന മുഴങ്ങിയിരുന്ന ദേവാലയം. പക്ഷേ ഇപ്പോൾ ഒഴിഞ്ഞ നിലങ്ങൾക്കു നടുവിൽ പ്രേതക്കോട്ട പോലെ പൊട്ടിപ്പൊളിഞ്ഞ് അനാഥമായിക്കിടക്കുന്നു. കാറ്റ് വീശുമ്പോൾ അതിനുള്ളിലെ നിഴൽ മൂടിയ ഗോപുരത്തിനുള്ളിൽ നിന്ന് ചിറകടി ശബ്ദം കേൾക്കാം...’ ഒരു ഹൊറർ നോവലിന്റെ തുടക്കമാണെന്നു തോന്നുന്നുണ്ടോ? പേടിക്കേണ്ട, ഇതൊരു ‌കാഴ്ചയുടെ തുടക്കമാണ്. സഞ്ചാരികൾക്ക് അത്രമേൽ പരിചിതമല്ലാത്ത ഒരപൂർവകാഴ്ചയുടെ തുടക്കം. അധികമൊന്നും സഞ്ചരിക്കേണ്ടതില്ല; കേരളത്തിനടുത്തുള്ള കർണാടക ഗ്രാമമായ ഷെട്ടിഹള്ളിയിലെത്തിയാൽ മതി. അവിടെ കാണാം, നൂറ്റാണ്ടിലേറെ പഴക്കമുള്ള ‘റോസറി ചർച്ച്’ എന്ന ചരിത്രവിസ്മയം.

ഇന്റർനെറ്റിൽ കണ്ട ചിത്രവും പരിമിതമായ വിവരങ്ങളും കൈമുതലാക്കിയാണ് ഷെട്ടിഹള്ളി ലക്ഷ്യമാക്കി യാത്രയാരംഭിച്ചത്. ഗൂഗിളിനോട് വഴി ചോദിച്ചു. കൃഷിയിടങ്ങൾക്ക് നടുവിലൂടെ, പ്രധാന നിരത്തുകളെ കീറിമുറിച്ച് ഗ്രാമചിത്രങ്ങളിലൂടെ മാപ്പ് മുന്നോട്ട് നയിച്ചു. പൂക്കളും പച്ചക്കറിയും വിൽക്കുന്ന ചെറുകവലകൾ. അണിഞ്ഞൊരുങ്ങി മാർക്കറ്റിലേക്ക് പോകുന്ന ഗ്രാമീണ പെൺകൊടിമാർ. റോഡിലേക്ക് തണൽവിരിക്കുന്ന മരങ്ങൾ....കാഴ്ചകൾക്കൊക്കെ ദൂരത്തിന്റെ കണക്കുകൾ തെറ്റിക്കുന്ന തനി ‘കന്നടിഗ’ ഗ്രാമഭാവമാണ്.

തല താഴാത്ത ഗോപുരം

അപരിചിതമായ നാട്ടുവഴികളുടെ ഭംഗിയാസ്വദിച്ച് യാത്ര ‘ഹേമാവതി പാല’ത്തിലെത്തി. ബ്രിട്ടീഷ് ഭരണകാലത്ത് പിറവിയെടുത്ത പാലമാണ്. കരിങ്കല്ലുപയോഗിച്ച് ആർച്ച് ആകൃതിയിലാണ് നിർമാണം. ദൂരെ നിന്നു നോക്കുമ്പോൾ നമ്മുടെ ചെങ്കോട്ട പാലം പോലെ. താഴെ വേനൽ ചൂടിനെ വകവയ്ക്കാതെ ഒഴുകാൻ ശ്രമിക്കുന്നുണ്ട് ഹോമാവതി പുഴ. സമീപഗ്രാമങ്ങളുടെ പ്രധാന ജലസ്രോതസ്സ് ഈ പുഴയാണ്. പാലത്തിൽ നിന്ന് നോക്കുമ്പോൾ ദൂരെയായി അണക്കെട്ട് കാണാം. ഗൂഗിളിന്റെ വിവരങ്ങളും കാഴ്ചകളുമെല്ലാം ചേർത്തു വായിക്കുമ്പോൾ ഇതിനടുത്തെവിടെയോ ആണ് റോസറി ചർച്ച്. നാട്ടുകാരിലൊരാൾ വിരൽചൂണ്ടിയ വഴിയിലൂടെയായി പിന്നീട് സഞ്ചാരം.

Shettihalli-Rosary-Church1

ചില്ലകൾക്കിടയിൽ തുരങ്കമുണ്ടാക്കിയതു പോലെ തണൽമരങ്ങൾ അതിരിടുന്ന നീണ്ട റോഡ്. ഇരുവശവും കൃഷിയിടങ്ങളാണ്. കാളയും കലപ്പയുമായി മണ്ണിനോട് മല്ലിടുന്ന കർഷകർ നേരം വകവയ്ക്കാതെ അധ്വാനിക്കുന്നു. മാവിൻ തോപ്പുകൾക്കരികിലൂടെയുള്ള റോഡിലൂടെ പോകവെ പെട്ടെന്നാണ് ഒരു കാഴ്ച കണ്ടത്. അൽപം ദൂരെയായി ഒഴിഞ്ഞു കിടക്കുന്ന പുഴക്കരയിൽ തലയുയർത്തി നിൽക്കുന്ന ചുമരുകൾ. റോസറി ചർച്ച്! വണ്ടി റിവേഴ്സ് ഗിയറിട്ട് മൺപാതയിലേക്കിറക്കി.

അടുക്കും തോറും വെളുത്ത ചുമരുകളുടെ വലുപ്പം കൂടി വന്നു. ഒറ്റക്കാഴ്ചയിൽ തന്നെ പതിറ്റാണ്ടുകളുടെ കാലപ്പഴക്കം തിരിച്ചറിയാം. ഇന്റർനെറ്റിൽ കണ്ട ചിത്രങ്ങളൊന്നും ഒന്നുമല്ല; ഇത് അതുക്കും മേലെ. ചുമരുകൾ തകർന്ന ദേവാലയത്തിന് അകമെന്ന് പറയാൻ കാര്യമായൊന്നുമില്ല. എങ്കിലും മനസ്സില്‍ അതൊരു ദേവാലയമാണല്ലോ. ഋതുക്കളുടെ പരാതിപറച്ചിലിലും ഇടറിവീഴാൻ കൂട്ടാക്കാത്ത ആർച്ചുകളിലൂടെ ‘അകത്തേക്ക്’ പ്രവേശിച്ചു. ഇളകിവീണ ചുമരുകളിലെ ഇഷ്ടികച്ചിത്രങ്ങൾ, കെട്ടിടത്തിൽ നിന്നും വേറിട്ടിട്ടും തലയുയർത്തി നിൽക്കുന്ന ചുമരുകൾ, പ്രാവ് കൂടുകൂട്ടിയ ഗോപുരം, പ്രാർഥന നടന്നിരുന്ന ഉയർന്ന തറ...കണ്ണടയ്ക്കുമ്പോൾ എല്ലാം കൂടിച്ചേർന്ന് കാലം പുറകോട്ട് പായുന്ന പോലെ. ഫ്രഞ്ച് ഗോഥിക് വാസ്തുശൈലിയുടെ നൈപുണ്യം വിളിച്ചോതുന്ന ആർച്ചുകളാണ് ദേവാലയത്തിനകത്തെ പ്രധാന ആകർഷണം. ഇതിലൂടെ നോക്കുമ്പോൾ പുഴക്കരയിലെ കാഴ്ചകളെല്ലാം ഒരൊറ്റ ഫ്രെയ്മിലൊതുങ്ങുന്നു. ഇഷ്ടിക ചേർത്തു വച്ച ചെറിയൊരു ഗോപുരം മാത്രമാണ് മേൽക്കൂര ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ ബാക്കിയുള്ളത്.

റോസറിയുടെ ഇന്നലെകൾ

റോസറി ചർച്ചിനൊരു ഫ്ലാഷ്ബാക്കുണ്ട്. അതൊരു ഗ്രാമത്തിന്റെ കൂടി കഥയാണ്. 157 വർഷങ്ങൾക്ക് മുൻപ് 1860ലാണ് ഈ ദേവാലയം പണി കഴിപ്പിച്ചത്. തെക്കേ ഇന്ത്യയിലെത്തിയ ഫ്രഞ്ച് മിഷണറി പ്രവർത്തകർ കർണാടകയിലെ ഹാസനിലെത്തി. അപ്പോഴാണ് അവർ ഷെട്ടിഹള്ളിയെന്ന ഗ്രാമത്തെക്കുറിച്ച് കേട്ടത്. കൃഷിയും മത്സ്യബന്ധനവുമായി കഴിഞ്ഞിരുന്ന ഗ്രാമീണർക്കിടയിൽ അവർ പ്രവർത്തിച്ചു. തുടർന്ന് ഒരു ആരാധാനാലയം പണി കഴിപ്പിക്കാൻ തീരുമാനിച്ചു.

Shettihalli-Rosary-Church1

ഗ്രാമത്തിലെ പുഴക്കരയായിരുന്നു അതിനായി കണ്ടുപിടിച്ച സ്ഥാനം. അക്കാലത്ത് ലഭ്യമായിരുന്ന ഏറ്റവും നല്ല വസ്തുക്കളുപയോഗിച്ച് ഫ്രഞ്ച് വാസ്തുവിദ്യ അടിസ്ഥാനമാക്കി ദേവാലയത്തിന്റെ നിർമാണം ആരംഭിച്ചു. നാട്ടുകാർ അത്രയും കാലത്തിനിടെ കണ്ടിട്ടില്ലാത്ത മനോഹരമായൊരു കെട്ടിടമുയർന്നു. അതിനു പേരുമിട്ടു– റോസറി ചർച്ച്. കാലക്രമേണ പള്ളിക്കു ചുറ്റും വീടുകൾ വന്നു. കടകളാരംഭിച്ചു. ഗ്രാമത്തിന്റെ പ്രധാനകേന്ദ്രമായി റോസറി ചർച്ച് മാറി.

വെള്ളപ്പൊക്കമായിരുന്നു ഷെട്ടിഹള്ളിയും പരിസരവും നേരിട്ടിരുന്ന ഏറ്റവും വലിയ പ്രതിസന്ധി. മഴക്കാലത്ത് വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഒടുക്കം 1960ൽ വെള്ളപ്പൊക്കത്തിനു പരിഹാരമായി ഹേമാവതി പുഴയിലൊരു അണക്കെട്ട് നിർമിക്കാൻ തീരുമാനിച്ചു. പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു; പുഴയോട് ചേർന്നുള്ള റോസറി ചർച്ചും പരിസരവും വെള്ളത്തിലാവും. തുടർന്ന് ഗ്രാമീണർ മാറ്റി പാർപ്പിക്കപ്പെട്ടു. പക്ഷേ ചർച്ച് മാറ്റിവയ്ക്കാനാവില്ലല്ലോ; അങ്ങനെ നിർമിച്ച് നൂറു വർഷത്തിനിപ്പുറം ആളൊഴിഞ്ഞ ഗ്രാമത്തിനു നടുവിൽ റോസറി ചർച്ച് ഉപേക്ഷിക്കപ്പെട്ടു. ഡാമിൽ ജലനിരപ്പുയരുമ്പോൾ മുങ്ങിയും വേനലിൽ തലയുയർത്തിയുമായി പിന്നീട് ദേവാലയത്തിന്റെ അതിജീവനം.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA