sections
MORE

കാട്ടുപോത്തും പുലിയും ആനയുമൊക്കെയുള്ള കൊടുംവനത്തിൽ മനുഷ്യരും; സുരുളിപെട്ടി കാഴ്ചകളുടെ പെട്ടി പൊട്ടിച്ചപ്പോൾ!

chinnar6
SHARE

കരിങ്കല്ലിന്റെ ചുറ്റുമതിൽ. അതിനു നടുവിൽ ഹരിതവർണത്തിൽ കുളിച്ചൊരു കോട്ടേജ്,  ലോഗ് ഹൗസ്. നാട്ടിലെങ്ങുമല്ല; കാട്ടിൽ. ചിന്നാർ വന്യമ‍ൃഗ സംരക്ഷണ കേന്ദ്രത്തിൽ. ലോഗ്ഹൗസിനും വന്യജീവികൾക്കുമുള്ള അതിരാണ് കോട്ടേജിനു ചുറ്റുമുള്ള കൽമതിൽ. ഓരോ അതിരുകളും വൈവിധ്യങ്ങളുടെ വഴികളിലേക്കുള്ള സഞ്ചാരത്തിന്റെ ആരംഭമാണ്.  അത്തരമൊരു ആരംഭമാണ് ചിന്നാറിലേക്കുള്ള ഈ യാത്ര. സഹ്യന്റെ തുഞ്ചത്ത് കാടിനു നടുവിൽ കേരളവും തമിഴ്നാടും വേർതിരിക്കുന്ന ചിന്നാറിന്റെ തീരത്തെ സുരുളിപ്പെട്ടി ലോഗ് ഹൗസ് ആണ് ലക്ഷ്യം.  കാടിനെ സ്വന്തം ജീവനോളം സ്നേഹിക്കുന്ന ചിന്നാറിലെ ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചറായ ഹരിദാസാണ്  ആ സ്വപ്നം സാക്ഷാത്കരിച്ചത്.

യാത്ര തുടങ്ങുന്നു

രാവിലെ പത്തു മണിക്ക് തൃശൂരിൽ നിന്നു ആരംഭിച്ച യാത്ര നെൻമാറയും കൊല്ലംകോടും അതിർത്തി ഗ്രാമമായ ഗോവിന്ദാപുരവും പിന്നിട്ട്  തമിഴ്നാട്ടിലൂടെ കടന്ന് ഏകദേശം മൂന്നു മണിയോടെ ചിന്നാർ ചെക്പോസ്റ്റിന്റെ  മുന്നിലെത്തി നിന്നു.  ഇവിടത്തെ ഫോറസ്റ്റ് ഓഫിസിൽ നിന്നാണ്  പല ട്രക്കിങ് പാക്കേജുകളും  ഒപ്പം ലോഗ് ഹൗസിലേക്കുള്ള യാത്രയും ആരംഭിക്കുന്നതും. ഏകദേശം നാലു മ ണിയോടെ രാത്രി ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങളും വെള്ളവും കയ്യിലെടുത്ത് ഞങ്ങൾ നാലു പേരും ഒപ്പം ഗൈഡായ രണ്ടു പേരും കൂടി നാടിനോട് തൽക്കാലം ബൈ ബൈ പറഞ്ഞ് കാടിനുള്ളിലേക്ക് നടന്നു തുടങ്ങി.

chinnar11

ഇടുക്കിയിലെ പ്രമുഖ വന്യജീവി സങ്കേതമാണ് ചിന്നാർ. ജില്ലയിലെ വടക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചിന്നാറിൽ മഴ വളരെ കുറവായതിനാൽ പൊതുവേ വരണ്ട കാലാവസ്ഥയാണ്.  ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമ, വെള്ള കാട്ട്പോത്ത് തുടങ്ങിയ അത്യപൂർവമായ ജീവജാലങ്ങളുടെ കലവറയാണ്  ഇവിടം.  ഒരു വെള്ളക്കാരനാണത്രേ ആദ്യമായി വെള്ള കാട്ടുപോത്തിനെ കണ്ടതായി  റിപ്പോർട്ട് ചെയ്തത്.  അതും പത്തറുപത് വർഷങ്ങൾക്ക് മുമ്പേ. പിന്നീട് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ എൻ. എ. നസീറാണ്ണ് അവയുടെ ഫോട്ടോ എടുത്തിട്ടുള്ളത്.

chinnar5

എന്തായാലും മലയണ്ണാനെയും മയിലുകളെയും കാട്ട് പോത്തുകളേയും ഒക്കെ മനം നിറയെ കണ്ട് യാത്രയുടെ പാതിവഴിയെത്തിയപ്പോൾ അടുത്തെവിടെയോ ആനയുടെ സാന്നിധ്യം ഞങ്ങളറിഞ്ഞു. സത്യത്തിൽ അപ്പോൾ ആനയെ കാണുവാൻ ആരും ആഗ്രഹിച്ചിരുന്നില്ല. കാരണം, അന്തരീക്ഷമാകെ ഭീതിജനകമായ ആ സമയത്ത് ആനയുടെ മുന്നിൽപെട്ടാൽ 90% തീരുമാനമാകും. കിളികളുടെ മനോഹരമായ ശബ്ദ കൂജനങ്ങൾക്കുപോലും ആ സമയത്ത് കാതിന് അരോചകമായി തോന്നി. അതുകൊണ്ടു തന്നെ പെട്ടെന്ന് നടപ്പിന് വേഗത കൂടി.  ഏകദേശം ഒന്നര മണിക്കൂർ നടത്തത്തിനുശേഷം സുരുളിപ്പെട്ടിയിലെ ആ ലോഗ് ഹൗസിന് അരികിൽ എത്തിച്ചേർന്നു.

chinnar4


കൽമതിനുള്ളിലെ കൂടാരം

വിശാലമായ കാടിനു നടുവിൽ പച്ചവർണത്താൽ പൊതിഞ്ഞ് ഞാനെന്ന ഭാവത്തിൽ തല ഉയർത്തി നിൽക്കുന്ന ഒരു കൂടാരം. ശത്രുരാജ്യങ്ങൾ അക്രമിക്കാതിരിക്കാൻ ചുറ്റും കോട്ട തീർക്കുന്നതുപോലെ ആ കൊച്ചു കൂടാരത്തിനു ചുറ്റും പാറകൾ കൊണ്ട് അടുക്കിയ ഒരു വലിയ കോട്ട തീർത്തിരിക്കുന്നു.  വന്യമൃഗങ്ങൾ അകത്തേക്ക് കടക്കാതിരിക്കാനാണ് അത് നിർമിച്ചിരിക്കുന്നത്.  കാറ്റിലാടുന്ന  ഇലകളുടെയും ചുറ്റും കൂടിയിരിക്കുന്ന കിളികളുടെയും മുന്നിലൂടെ ഒഴുകുന്ന പുഴയുടെയും ഒക്കെ ആരവത്തോടെ ഞങ്ങളാ ലോഗ് ഹൗസിലേക്ക് ആനയിക്കപ്പെട്ടു. ഒരു കൊച്ചു വരാന്തയും അത്യാവശ്യം വലുപ്പമുള്ള ഒരു ബെഡ്റൂമും ബാത്ത് റൂമും അടങ്ങുന്നതായിരുന്നു ലോഗ് ഹൗസ്. തൽക്കാലം ബാഗും ക്യാമറയുമൊക്കെ ഇറക്കി വച്ച്  ആ വരാന്തയിൽ തീർത്ത ഇരിപ്പിടത്തിൽ ഇരുന്നു.

സൂര്യൻ ചുമന്ന തിലകമണിഞ്ഞ് വിടപറയാനുള്ള തിരക്കിലാണ്. അന്തരീക്ഷം മുഴുവൻ ആ വിട പറയലിനു സാക്ഷിയാവുന്നു. തൊട്ടുമുന്നിലൂടെ ഒഴുകുന്ന അരുവിയാണ് കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി. അത് മുറിച്ച് അപ്പുറത്ത് കടന്നാൽ ഭാഷ മാറി, സംസ്കാരം മാറി.  ഭൂമി ഇങ്ങനെ അതിരുകൾ തീർക്കുമ്പോൾ ആകാശം വെറും നോക്കു കുത്തിയാവുന്നു.  വന്ന ക്ഷീണം അകറ്റാൻ ഗൈഡുകൾ അവിടെത്തന്നെ അടുപ്പുകൂട്ടി കട്ടൻ ചായ തയാറാക്കി തന്നു. ‘‘മലകളാൽ ചുറ്റപ്പെട്ട വനത്തിനുള്ളിൽ പുഴയുടെ അരികിൽ ഒരു കൊച്ചു കൂടാരത്തിൽ സൂര്യാസ്തമയവും കണ്ട് കയ്യിൽ ഒരു കട്ടൻ ചായയുമായി’’ ജീവിതത്തിൽ ഇതുവരെ ആസ്വദിച്ചിട്ടില്ലാത്ത ഒരു സുവർണ നിമിഷമായിരുന്നു അത്.

സൂര്യൻ പിൻവാങ്ങിയതോടെ ഞങ്ങളെല്ലാം ആ അരുവിയുടെ കുളിരണിയുവാൻ തീരുമാനിച്ച്  പതുക്കെ മുൻപിലുണ്ടായിരുന്ന  പാറക്കെട്ടിലൂടെ അരുവിയുടെ ഓരത്ത് എത്തി പതുക്കെ കാൽ നനച്ചതും ശരീരമാകെ തണുത്തു വിറച്ചു.  കാട്ടരുവികൾക്ക് എത്ര വേനലിലും ഒരു പ്രത്യേക തരം തണുപ്പാണ്.  ആ തണുപ്പിൽ നിന്നു രക്ഷ നേടാൻ പുഴയരികിൽ അരുവിയുടെ തീരത്ത് മരക്കഷണങ്ങൾ കൂട്ടി ക്യാംപ്ഫയറും ചൂടു കഞ്ഞിയും പയറും റെഡിയാക്കി കഴിഞ്ഞിരുന്നു കൂടെ വന്ന വനപാലകർ.  മഞ്ഞു െപയ്യുന്ന ആ രാത്രിയിൽ ചിന്നിച്ചിന്നി ഒഴുകുന്ന ചിന്നാറിന്റെ തീരത്ത് തീയുടെ ഇളം ചൂടിൽ മുകളിൽ LED ബൾബുപോലെ  പ്രകാശിക്കുന്ന ആയിരക്കണക്കിനു നക്ഷത്രങ്ങൾക്ക് താഴെ ചൂടു കഞ്ഞിയും പയറും കഴിച്ച അനുഭവം വാക്കുകൾക്കും ഇന്നുവരെ അനുഭവിച്ച രുചികൾക്കും ഒക്കെ മേലേയായിരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ആ നിശ്ശബ്ദതയിൽ  ഒരു ശബ്ദം മുഴങ്ങി. ലോഗ് ഹൗസിൽ നിന്നു ഗൈഡിന്റെ വിളിയായിരുന്നു.  ഇനി പുറത്തിരിക്കുന്നത് അപകടകരമാണ്, എപ്പോൾ േവണമെങ്കിലും  വന്യ ജീവികൾ കടന്നുവരാം.  അതുകൊണ്ട് കോട്ടയ്ക്കുള്ളിലെ  മരവീട്ടിലേക്ക് വരാനായിരുന്നു നിർദേശം. അധികം താമസിയാതെ ഞങ്ങളെല്ലാം പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി.


കാട്ടിനുള്ളിലെ കോവിൽ

പുലർകാലെയുള്ള ചിന്നാറിന്റെ ഭംഗി ആസ്വദിക്കാൻ കാട് ഉണരും മുമ്പ് തന്നെ ക്യാമറയും എടുത്ത് പുറത്ത് ലോഗ് ഹൗസിന്റെ വരാന്തയിൽ ഇരുന്നു.  എവിടെ നിന്നോ വന്നെത്തിയ മാനുകളും കിളികളും അരുവിയിലെ തെളിനീരിനെ ചുംബിച്ച് ഓടിയകലുന്നു.  അൽപസയമത്തിനകം ഒട്ടും വിചാരിക്കാതെ ചില കാൽപെരുമാറ്റങ്ങളും മനുഷ്യന്റെ ശബ്ദ കോലാഹലങ്ങളും  കാടിനുള്ളിൽ മുഴങ്ങി കേട്ടു തുടങ്ങി.  അപ്പുറത്ത് തമിഴ്നാട്ടിൽ അരുവിക്കടുത്തായി കുറെ മനുഷ്യർ പ്രത്യക്ഷപ്പെട്ടു. അവരെല്ലാം കുളിക്കാനുള്ള തയാറെടുപ്പിലാണ്.  വീണ്ടും പ റ്റംപറ്റമായി  ആ നദിക്കരയിൽ കുളിക്കാനായി എത്തിക്കൊണ്ടേയിരുന്നു.  ഈ കൊടും വനത്തിൽ ഇത്രയും ജനങ്ങളോ എന്ന ചോദ്യവുമായി ഞാൻ ഗൈഡിനെ വിളിച്ചുണർത്തി.  അരുവിയുടെ അക്കരെ കാണുന്ന മലനിരകൾ കോടന്തൂർ എന്നു പറയുന്ന  ആദിവാസി ഊരാണെന്നും കുറച്ച് അപ്പുറത്തായി അവരുടെ ഒരു കോവിലുണ്ടെന്നും ഞായറാഴ്ച ആ കോവിലിൽ വലിയ ഒരു വിശേഷവുമാണെന്നായിരുന്നു മറുപടി.  കാട്ടുപോത്തും  പുലിയും ആനയുമൊക്കെയുള്ള കൊടും വനത്തിൽ  അവർക്കൊപ്പം മനുഷ്യരും. ചിന്തിക്കാൻ പോലും കഴിയാത്ത  ചിത്രങ്ങൾ....

താമസിയാതെ അതിർത്തി കടന്ന് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് കടക്കാൻ തീരുമാനിച്ചു.  ആഴം കുറഞ്ഞ ഭാഗത്തുകൂടി പതുക്കെ പുഴ മുറിച്ചു കടന്ന് കോവിലിനെ ലക്ഷ്യമാക്കി കാട്ടിലൂടെ നടന്നു. പട്ടുമെത്തയിൽ നിന്നും സൂര്യഭഗവാൻ എഴുന്നേറ്റ് പതുക്കെ കാട്ടിനകത്തേക്ക് വെളിച്ചം  അടിച്ചു നോക്കുന്ന കാഴ്ചയായിരുന്നു എവിടെ തിരിഞ്ഞാലും കാണാൻ കഴിയുന്നത്. തിരക്കിട്ട അമ്മൻ ദർശനത്തിനായി നൂറിൽപരം ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.    

പല ക്ഷേത്രങ്ങളിലും നാം കയറുമ്പോൾ അവിടത്തെ ശ്രീകോവിൽ വാതിൽ നന്നെ ചെറുതായിരിക്കും. ഇവിടെ പ്രകൃതി തന്നെ അതിനു വഴിയൊരുക്കിയിരിക്കുന്നു.  കോവിലിന്റെ പരിസരത്തേക്ക് ഒരു വലിയ മരം കടപുഴകി വഴിക്കുനേരെ വർഷങ്ങൾക്കു മുന്നെ വീണു കിടപ്പുണ്ട്.  അതിന്റെ ശിഖരങ്ങളാൽ തീർത്ത വാതിലിലൂടെ തല കുനിച്ചുവേണം ക്ഷേത്ര പരിസരത്തേക്ക് കടക്കാൻ. ആ കാഴ്ച മനസ്സിൽ അദ്ഭുതം നിറച്ചു. 

നാട്ടിലെ ക്ഷേത്ര പരിസരം പോലെ തന്നെയാണ് കാട്ടിലേതും. പക്ഷേ, അത്ര പരിഷ്കാരം ഇല്ലെന്നു  മാത്രം. വെറും നാലു തൂണുകളാൽ പണിതുയർത്തിയ നിരനിരയായി നിവർന്നു നിൽക്കുന്ന കടകൾ, ഒന്നും രണ്ടുമല്ല, ഏകദേശം പത്തു മുപ്പത് എണ്ണമെങ്കിലും ഉണ്ടാകും.  കുട്ടികൾക്കാവശ്യമായ കളിപ്പാട്ടങ്ങൾ, വീട്ടുസാധനങ്ങൾ, അമ്മനു നൽകാൻ വേണ്ടിയുള്ള പൂജാസാധനങ്ങൾ, നേർച്ചയ്ക്കായി തലകൾ മുണ്ഡനം ചെയ്യുന്ന ബാർബർ ഷാപ്പുകൾ(ബാർബർ ഷാപ്പുകളിൽ പരന്നു കിടക്കുന്ന കല്ലുകളാണ് ഇരിപ്പിടങ്ങൾ), ഭക്ഷണത്തിനു ചായക്കടകൾ... തുടങ്ങി എല്ലാം ഈ കുഞ്ഞു കടകളിലുണ്ട്.   

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA