ADVERTISEMENT

ആന്‍ ശീതള്‍. പേര് മാത്രം പറഞ്ഞാല്‍ പോര ഇഷ്‌കിലെ തന്റേടമുള്ള നല്ല അസല്‍ മലയാളിപെണ്‍കുട്ടി എന്ന് മുഴുവനും പറയണം. ഈയടുത്തകാലത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന അത്ര റൊമാന്റിക് അല്ലാത്ത വല്ലാത്തൊരു പ്രണയകഥയുമായി എത്തിയ ഇഷ്‌കിലെ നായിക വസുധയെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ പറ്റില്ല. സിനിമ പോലെതന്നെ ആന്‍ ശീതളിന് അത്ര പ്രിയപ്പെട്ടതാണ് യാത്രകളും. ശീതളിന്റെ എല്ലാ യാത്രകളിലും കൂട്ടായി അമ്മയും ഒപ്പമുണ്ട്. ഇപ്പോഴാണെങ്കില്‍ വേറൊരാളുംകൂടിയുണ്ട് കൂട്ടിന്. അത് വഴിയെ പറയാം.

യാത്രകളോട് പെരുത്ത് ഇഷ്‌കാണ്

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നൊരാളാണ് ഞാന്‍. ആ ഇഷ്ടം കൂടിക്കൂടി ഏതാണ്ട്  ഇന്ത്യയുടെ പകുതിയിൽ അധികവും കണ്ടുതീര്‍ത്തെന്നാണ് തോന്നുന്നത്. ആർമി പശ്ചാത്തലമുള്ളതിനാലാവാം ചെറുപ്പം മുതലുള്ള സ്ഥലം മാറ്റങ്ങൾ യാത്രാപ്രേമമായി പരിണമിച്ചത്.

എന്റെ എല്ലാ യാത്രകളിലും കൂട്ടായി അമ്മയുണ്ടാകും. അമ്മയും എന്നെപ്പോലെ ഒരു സഞ്ചാരപ്രിയയാണ്. ഇഷ്‌കിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പോയത് കൂനൂര്‍ക്കായിരുന്നു. ആ യാത്ര ശരിക്കും ആസ്വദിക്കാനായത് തന്റെ പുതിയ കൂട്ടുകാരന്‍ കൂടിയുണ്ടായിരുന്നതുകൊണ്ടാണെന്ന് ആന്‍ പറയുന്നു. ഇയാളെക്കുറിച്ചാണ് നേരത്തെ പറയാമെന്ന് പറഞ്ഞത്.

ചിത്രം വരക്കലും പാട്ടുപാടലും, നൃത്തം ചെയ്യലും പുസ്തകം വായനയുമൊക്കെയായി ഒത്തിരി ഹോബികള്‍ ഉള്ളവരാണല്ലോ നമ്മളൊക്കെ. ആനിനും ഉണ്ട് ഒരു ഹോബി. അത് പക്ഷേ അതിധം ആര്‍ക്കും ഇല്ലാത്തൊരു ഇഷ്ടമാണെന്ന് മാത്രം. ഡ്രോണിംഗ് അഥവാ ഡ്രോണ്‍ പറത്തല്‍. കേട്ടിട്ട് ഇതെന്ത് ഹോബിയെന്നാണോ ചിന്തിക്കുന്നത്.

എങ്കില്‍ ആന്‍ ശീതള്‍ ഇപ്പോള്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് ഡ്രോണ്‍ പറത്തിനടക്കാനാണ്. ഈ ഡ്രോണ്‍ നമ്മളൊക്കെ കാണുന്നത് വല്ല കല്യാണത്തിന് പോകുമ്പോഴോ മറ്റുമൊക്കെയല്ലേ. എന്നാല്‍ അത്തരമൊന്ന് സ്വന്തമാക്കി ആന്‍ ശീതള്‍ തന്റെ ഇഷ്ടങ്ങളെ മറ്റൊരു ലെവലില്‍ എത്തിച്ചുവെന്ന് തന്നെ പറയാം.

ഡ്രോണ്‍ വാങ്ങിയതിനുശേഷം നടത്തുന്ന യാത്രകളില്‍ കൂടുതലും അത് പറത്താന്‍ പറ്റിയ ഇടങ്ങളാണ് തെരഞ്ഞെടുക്കാറെന്ന് ആന്‍ ശീതള്‍. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കയറിനോക്കിയാല്‍ കാണാം അത്തരത്തിലുള്ള അതിമനോഹര വീഡിയോകള്‍. കേരളത്തില്‍ ചിലപ്പോള്‍ ഡ്രോണ്‍  ഉപയോഗിക്കുന്ന ഒരേയൊരു പെണ്‍കുട്ടി ആന്‍ ശീതളായിരിക്കും.

അമ്മയും മകളും ലേയിലേക്ക്

അമ്മയ്‌ക്കൊപ്പമാണ് എല്ലാ യാത്രകളും എങ്കിലും ഹിമവാന്റെ മടിത്തട്ടായ ലേയിലേയ്ക്ക് നടത്തിയ യാത്ര അവിസ്മരണീയമായിരുന്നുവെന്ന് ശീതളിന്റെ വാക്കുകള്‍. വ്യത്യസ്തമായൊരു യാത്ര നടത്തണമെന്ന തിരച്ചിലിനൊടുവിലാണ് ലേയിലേയ്ക്ക് പോകുന്ന ബൈക്ക് സംഘത്തിനൊപ്പം ചേരാന്‍ തീരുമാനിച്ചത്.

ഏതൊരു ബുള്ളറ്റ് പ്രേമിയും തന്റെ ബുള്ളറ്റുകൊണ്ട് ഒരിക്കലെങ്കിലും ലേ ലഡാക്കൊക്കെ കണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാകും. ശീതളും അത്യാവശ്യം ബുള്ളറ്റ് ഓടിക്കും.

ആ ധൈര്യത്തിലാണ് ലേയ്ക്കുള്ള സംഘത്തിനൊപ്പം പോകാന്‍ തീരുമാനിച്ചത്. 18 പേരടങ്ങുന്ന ബൈക്ക് ടീമിനൊപ്പമായിരുന്നു ആ സ്വപ്നതുല്യ പ്രയാണമെന്നും ഏറ്റവും അധികം ആസ്വദിച്ച് നടത്തിയൊരു യാത്രയായിരുന്നു അതെന്നും അമ്മയും ആന്‍ ശീതളും പറയുന്നു.

ഇഷ്‌കിലെ സാദാചാര പോലിസിന്റെ പിടിയില്‍പെടുന്ന നായികയുടെ അനുഭവമൊന്നും ഈ യാത്രയിലോ അല്ലാതെയോ ആന്‍ ശീതളിന് നേരിടേണ്ടിവന്നിട്ടില്ല. ലേ ട്രിപില്‍ ആന്‍ ശീതളും അമ്മയും മാത്രമായിരുന്നു സ്ത്രീകള്‍. പോയി തിരിച്ചുവരുന്നതുവരെ തങ്ങളെ പൊന്നുപോലെയാണ് അവര്‍ നോക്കിയതെന്ന് ഇരുവരും സമ്മതിക്കുന്നു.

നിരവധി വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ആന്‍ ശീതള്‍ സ്ത്രീകള്‍ കൂടുതല്‍ യാത്രചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. തനിച്ച് യാത്ര നടത്തുന്ന സ്ത്രീകളോടുള്ള സമീപനങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു. കൂടുതല്‍ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്നത് അളവറ്റ അറിവുകളും അനുഭവങ്ങളുമാണ്. വാക്കുകള്‍ ശീതളിന്റേതാണ്.

തനിക്ക് തൃപ്തിതോന്നുന്ന കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുക്കാനുള്ള തീരുമാനങ്ങള്‍ പോലെ തന്നെയാണ് ആന്‍ ശീതളിന്റെ യാത്രകളും. അടുത്ത യാത്രയുടെ പണിപ്പുരയിലാണിപ്പോള്‍ താരം. കാത്തിരിക്കാം ഇതുപോലെ ഞെട്ടിക്കുന്ന കാര്യങ്ങളുമായി ആന്‍ ശീതള്‍ നടത്തുന്ന യാത്രകളുടെ വിശേഷങ്ങള്‍ക്കായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com