ADVERTISEMENT

ഓഫീസും ജോലിയും നഗരത്തിരക്കുകളുമൊക്കെയായി അങ്ങനെ പോകുമ്പോള്‍ വീക്കെന്‍ഡ് മാത്രമാണ് ഒരാശ്വാസം. ഭക്ഷണമോ വിശ്രമമോ കൂട്ടുകാരുമായി ഒത്തു ചേര്‍ന്ന് പാര്‍ട്ടിയോ അല്ലെങ്കില്‍ എങ്ങോട്ടെങ്കിലുമുള്ള യാത്രയോ ഒക്കെയുണ്ടെങ്കിൽ അടുത്തയാഴ്ച വീണ്ടും ജോലിക്കിറങ്ങാനുള്ള ഊര്‍ജമായി! മണ്‍സൂണ്‍ കഴിഞ്ഞ് നല്ല പച്ചപ്പു പുതച്ച് പ്രകൃതി അതിമനോഹരമായി അണിഞ്ഞൊരുങ്ങുന്ന സമയമാണിപ്പോൾ. കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ വയനാട്ടിലേക്ക് ഇക്കുറി ബൈക്കിൽ ഒരു യാത്ര ആയാലോ?

'പശ്ചിമഘട്ടത്തിന്‍റെ ഹരിതസ്വര്‍ഗ്ഗം' എന്ന് വയനാടിനെ വിളിക്കുന്നത് വെറുതെയല്ല എന്ന് അങ്ങോട്ടേക്കുള്ള വഴിയേ തന്നെ പിടികിട്ടും. കൃഷിയിടങ്ങളും പച്ചപിടിച്ച താഴ്‌വരങ്ങളും ഘനഗംഭീരമായ കാനനഭാഗങ്ങളും വഴിയിലുടനീളം കാണാം. കുന്നുകളും വളഞ്ഞു പുളഞ്ഞ വഴികളും താണ്ടി വയനാട്ടിലെത്തുമ്പോള്‍ ചെമ്പ്ര പീക്ക്, വയനാട് വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറി, കുറുവ ദ്വീപ്‌, പക്ഷിപാതാളം, പൂക്കോട് തടാകം, ബാണാസുര സാഗര്‍ അണക്കെട്ട് തുടങ്ങി ഒട്ടനവധി മനോഹര സ്ഥലങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.

ബെംഗളൂരുവിൽ നിന്നും വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചില കാര്യങ്ങള്‍ ഇതാ അറിഞ്ഞോളൂ.

വയനാട് സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം

ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളാണ് വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഏറ്റവും നല്ല സമയം. മണ്‍സൂണ്‍ ആസ്വദിക്കണം എന്നുള്ളവര്‍ക്ക് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയം തെരഞ്ഞെടുക്കാം. യഥാര്‍ത്ഥത്തില്‍ വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലമാണ് വയനാട്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഓരോ സമയത്തും യാത്രക്കാര്‍ക്ക് ലഭിക്കുന്ന അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നു മാത്രം.

എങ്ങനെ എത്തിച്ചേരാം?

എല്ലാ പ്രധാനനഗരങ്ങളില്‍ നിന്നും NH 17 വഴി വയനാട്ടില്‍ എത്തിച്ചേരാന്‍ പറ്റും. ബെംഗളൂരുവിൽ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് വയനാട്. ബൈക്കിലാണ് യാത്ര എങ്കില്‍ ഏകദേശം ഏഴു മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തിച്ചേരാനാവും.  ഇങ്ങനെ വരുമ്പോള്‍ വഴിയേ കാണുന്ന എല്ലാ വ്യൂ പോയിന്റുകളിലും നിര്‍ത്തി നിര്‍ത്തി ആസ്വദിച്ച് യാത്ര ചെയ്യാനാവും എന്നൊരു മേന്മയുമുണ്ട്. അല്ലാതെ വരുന്നവര്‍ക്ക് ബെംഗളൂരുവിൽ നിന്നും കെ എസ് ആര്‍ ടി സി ബസുകളും പ്രൈവറ്റ് ബസുകളും ലഭ്യമാണ്. 500 രൂപ മുതലാണ് ബസ് ടിക്കറ്റ് നിരക്ക്. 

ബെംഗളൂരുവിൽ നിന്നും വയനാട്ടിലെത്താനുള്ള മൂന്നു വഴികള്‍

ബെംഗളൂരുവിൽ നഗരത്തില്‍ നിന്നും വയനാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മൂന്നു വഴികള്‍ വഴി എത്തിച്ചേരാം.

റൂട്ട് 1: മൈസൂർ വഴി

ബെംഗളൂരു → ചന്നപട്ടണം → ശ്രീരംഗപട്ടണം →  മൈസൂർ →  കാട്ടികുളം → വയനാട്

ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന വഴിയാണ് ഇത്. പോകുന്ന വഴിക്ക് മനോഹരമായ ധാരാളം കാഴ്ചകള്‍ കാണാന്‍ സാധിക്കും. എൻ‌എച്ച് 275 വഴി 300 കിലോമീറ്റര്‍ സഞ്ചരിച്ച് വയനാടെത്താന്‍ ഏകദേശം 7 മണിക്കൂറെടുക്കും.

വഴിയില്‍ സന്ദര്‍ശിക്കാവുന്ന മറ്റു സ്ഥലങ്ങള്‍

ഹെറിറ്റേജ് വൈനറി: ചന്നപട്ടണത്താണ് വൈൻ പ്രേമികൾക്കായി ഈ അനുഭവം ഒരുക്കിയിരിക്കുന്നത്. വിവിധ തരം വൈനുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി വൈന്‍ ടൂര്‍ നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. ഇവിടെയുള്ള റെസ്റ്റോറന്റിൽ നിന്ന് നല്ല ഭക്ഷണം കഴിക്കുകയുമാവാം.

ബരാച്ചുക്കി വെള്ളച്ചാട്ടം: മണ്‍സൂണ്‍ കാലത്താണ് യാത്രയെങ്കിൽ, ചന്നപട്ടണം കഴിഞ്ഞ് മാണ്ഡ്യയിലെ ശിവനസമുദ്രയ്ക്കടുത്ത് ഈ വെള്ളച്ചാട്ടവും സന്ദര്‍ശിക്കാം.

ഗുംബാസ്: ശ്രീരംഗപട്ടണത്ത് ഗുംബാസില്‍ ടിപ്പു സുൽത്താന്‍റെയും കുടുംബത്തിന്‍റെയും ശ്മശാന അറകള്‍ കാണാം.

മൈസൂർ: അംബ വിലാസ് കൊട്ടാരം, ബ്രിന്ദാവൻ ഗാർഡന്‍സ്, മാര്‍ക്കറ്റുകള്‍ തുടങ്ങി ചുറ്റിക്കറങ്ങി നടക്കാന്‍ ഒട്ടനവധി സ്ഥലങ്ങള്‍ മൈസൂരിലുണ്ട്.

നാഗർഹോൾ നാഷണല്‍ പാര്‍ക്ക്: കാട്ടികുളത്ത് നിന്ന് ചെറുതായി ഒന്ന് വഴിമാറിപ്പോയാല്‍ നാഗർഹോൾ നാഷണല്‍ പാര്‍ക്കിലെത്താം. കടുവകളെയും മറ്റു വന്യജീവികളെയും ഇവിടെ കാണാന്‍ സാധിക്കും.

ബാണാസുര സാഗര്‍ അണക്കെട്ട്: കാട്ടികുളം കഴിഞ്ഞ് വയനാട്ടിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പേയാണ് ബാണാസുര സാഗര്‍ അണക്കെട്ട്. ബോട്ടിങ് മുതലായ വിനോദങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്.

റൂട്ട് 2: കനകപുര വഴി

ബെംഗളൂരു→ കനകപുര → കൊല്ലെഗൽ → ചാമരാജനഗർ → ഗുണ്ടല്‍പേട്ട് → വയനാട്

ബെംഗളൂരുവിൽ നിന്നും ദേശീയപാത 948 വഴി സഞ്ചരിച്ചാല്‍ വയനാട്ടിലെത്താന്‍ 6-7 മണിക്കൂര്‍  മതിയാകും.    

വഴിയില്‍ സന്ദര്‍ശിക്കാവുന്ന മറ്റു സ്ഥലങ്ങള്‍

ചുഞ്ചി വെള്ളച്ചാട്ടം: കനകപുരയില്‍ നിന്നും അല്‍പ്പം മാറിയാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. ചെറുതായി ട്രെക്കിങ് നടത്താനുള്ള സൗകര്യവുമുണ്ട്.

മുതുമല ദേശീയോദ്യാനം: ആനകളും മയിലുകളും മാനുകളും ധാരാളമുള്ള മുതുമല ദേശീയോദ്യാനം തീര്‍ച്ചയായും പ്രകൃതിസ്നേഹികള്‍ക്ക് കാഴ്ചവിരുന്നായിരിക്കും.

സുൽത്താൻ ബത്തേരി: പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ജൈനക്ഷേത്രമുണ്ട് ഇവിടെ. 

വയനാട് ഹെറിറ്റേജ് മ്യൂസിയം: ചരിത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് അല്‍പ്പനേരം ഇവിടെ ചെലവഴിക്കാവുന്നതാണ്.

എടക്കൽ ഗുഹകൾ: അല്‍പ്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് എടക്കല്‍ ഗുഹയും പരിസരപ്രദേശങ്ങളും സന്ദര്‍ശിക്കാം. കുത്തനെയുള്ള പടികളും പാറക്കെട്ടുകളും ശാന്തമായ അന്തരീക്ഷവും ചേര്‍ന്ന് വളരെ സുന്ദരമായ പ്രദേശമാണ് ഇവിടം.

റൂട്ട് 3: സോമനാഥ്പൂർ-ബന്ദിപ്പൂർ വഴി

ബെംഗളൂരു → ചന്നപട്ടണം → മലവള്ളി → സോമനാഥപുര → ഗുണ്ടല്‍പേട്ട് → ബന്ദിപ്പൂർ → വയനാട്

ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് വഴി വയനാട്ടിലെത്തിച്ചേരാനുള്ള മാര്‍ഗ്ഗമാണിത്. ബാംഗ്ലൂരില്‍ നിന്നും NH 275, 766 എന്നിവ വഴി 300 കിലോമീറ്റര്‍ ദൂരം താണ്ടി വയനാടെത്താന്‍ 7 മണിക്കൂര്‍ സമയമെടുക്കും.

വഴിയില്‍ സന്ദര്‍ശിക്കാവുന്ന മറ്റു സ്ഥലങ്ങള്‍ 

ചെന്നകേശവ ക്ഷേത്രം: ഹൊയ്‌സാല സാമ്രാജ്യത്തിന്‍റെ വാസ്തുവിദ്യകള്‍ കൊണ്ട് മനോഹരമാണ് സോംനാഥ്പൂരിലെ ഈ ക്ഷേത്രം.

ഗോപാലസ്വാമി ബെട്ട: ഗുണ്ടല്‍പേട്ടിനടുത്ത് ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഉയരമുള്ള ഭാഗത്താണ് ഈ ക്ഷേത്രം.

ബന്ദിപ്പൂർ ദേശീയ ഉദ്യാനം: കടുവകള്‍ വിഹരിക്കുന്ന കാട്ടുപ്രദേശത്തു കൂടെ യാത്ര ചെയ്യാനുള്ള മനോഹരമായ അവസരമാണിത്.

ചെമ്പ്ര പീക്ക്: ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഇടമാണ് ചെമ്പ്ര പീക്ക്. മല കയറാന്‍ പോകും മുന്നേ വനംവകുപ്പ് ഓഫീസില്‍ നിന്നും അനുമതി വാങ്ങണം എന്നു മാത്രം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

1. വണ്ടിയോടിച്ചു പോകാന്‍ പറ്റിയ റോഡാണ് ബാംഗ്ലൂര്‍- മൈസൂര്‍ റോഡ്‌. നേരത്തെ പുറപ്പെട്ടാല്‍ ട്രാഫിക് ഒഴിവാക്കാം.

2. ഗുണ്ടല്‍പേട്ട് താണ്ടി പോകുമ്പോള്‍ വനപ്രദേശമാണ്. ഇവിടെയുള്ള സൈന്‍ബോര്‍ഡുകളും അറിയിപ്പുകളും ശ്രദ്ധിക്കുക.

3. മണ്‍സൂണ്‍ കാലത്ത് റോഡുകളില്‍ വഴുക്കല്‍ ഉണ്ടാകുന്നത് സാധാരണമാണ്. സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള സ്ഥലങ്ങളില്‍ റോഡുകളുടെ അവസ്ഥ അങ്ങേയറ്റം മോശമാവാറുണ്ട്.

4. മൈസൂര്‍, കനകപുര, ചന്നപട്ടണം തുടങ്ങിയ സ്ഥലങ്ങള്‍ ചെറിയ ബ്രേക്ക് എടുക്കാന്‍ പറ്റുന്ന സ്ഥലങ്ങളാണ്. വണ്ടി നിര്‍ത്തി ലഘുഭക്ഷണം കഴിക്കുകയോ ചെറുതായി ഒന്നു വിശ്രമിക്കുകയോ ആവാം.

5. ജനവാസമില്ലാത്ത പ്രദേശങ്ങളും ഇടയ്ക്ക് കടന്നു പോകേണ്ടി വരും. അതിനാല്‍ ജി പി എസ് ഓണ്‍ ആക്കി യാത്ര ചെയ്യുന്നത് നല്ലതായിരിക്കും. നെറ്റ്‌വര്‍ക്ക് പ്രശ്നവും അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വഴികള്‍ ആദ്യമേ നോക്കി ‍ഡൗണ്‍ലോഡ് ചെയ്തു വെക്കാം.

6. യാത്ര ചെയ്യുമ്പോള്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

7. ഫോറസ്റ്റ് റിസര്‍വ് പ്രദേശങ്ങള്‍ക്കടുത്ത് രുചികരമായ മത്സ്യവിഭവങ്ങള്‍ ലഭിക്കും. ഇവിടങ്ങളില്‍ നിര്‍ത്തിയാല്‍ തനതു കേരള രുചിയുള്ള ഭക്ഷണം കഴിക്കാം.

8. ബൈക്ക് യാത്രയില്‍ 4-5 ബ്രേക്കുകള്‍ എടുക്കുന്നത് ക്ഷീണമകറ്റാന്‍ സഹായിക്കും.

ബെംഗളൂരുവിൽ നിന്നും വയനാട്ടിലേക്കുള്ള ബൈക്ക് യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കുമെന്നതില്‍ സംശയമില്ല. ആവശ്യമായ തയാറെടുപ്പുകളോടു കൂടി പോവുക. കാടും മേടും താണ്ടി, ഒരു ലോഡ് മനോഹരമായ ഓര്‍മകളുമായി തിരിച്ചു വരാം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com