ADVERTISEMENT

'മസിനി' എന്ന പ്രാദേശിക ദേവതയുടെ പേരില്‍ നിന്നാണ് മസിനഗുഡി എന്ന പേരുണ്ടായത്. 'മസിനിയുടെ ആവാസകേന്ദ്രം' എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. കഥകളില്‍ കേട്ടറിഞ്ഞ ദേവതമാരെപ്പോലെ തന്നെ സുന്ദരിയാണ് മസിനഗുഡിയും. പച്ചപ്പും പുഷ്ടിയും ആവോളം ആവാഹിക്കപ്പെട്ട ഭൂപ്രദേശം. പ്രകൃതിയെ അറിഞ്ഞ് യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍ക്കായി കാഴ്ചകളുടെ ഉത്സവമാണ് ഇവിടെ ഒരുക്കി വച്ചിരിക്കുന്നത്.

നീലഗിരിക്കുന്നുകളുടെ താഴ്വാരത്ത് ഊട്ടിക്കടുത്തായാണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്. മുതുമലൈ ദേശീയോദ്യാനത്തിന്‍റെ അഞ്ചു പ്രധാനഭാഗങ്ങളിലൊന്നായ ഈ പ്രദേശം ജൈവവൈവിധ്യത്താല്‍ അതീവസമ്പന്നമാണ്. തൊട്ടടുത്തുള്ള ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. പ്രത്യേകിച്ച് അവധി ദിവസങ്ങളില്‍ സഞ്ചാരികളുടെ ബാഹുല്യം കൂടി വരികയാണ്. മസിനഗുഡിയിലേക്ക് പോകുമ്പോള്‍ കാണാനും അറിയാനും നിരവധി സ്ഥലങ്ങളും അനുഭവങ്ങളുമുണ്ട്. 

moyar-dam-back-water-masinagudi-gif

മസിനഗുഡി യാത്ര രസകരമാക്കാന്‍ ചില കാര്യങ്ങള്‍ 

പ്രകൃതിയോട് കൂടുതല്‍ അടുക്കാനും മറ്റെല്ലാം മറന്നു സന്തോഷിക്കാനുമായി നിരവധി കാര്യങ്ങളുണ്ട് ഇവിടെ ചെയ്യാന്‍. കാട്ടിലൂടെ ഒരു സഫാരി: മറ്റു വനപ്രദേശങ്ങളിലുള്ളതു പോലെതന്നെ മസിനഗുഡിയിലും ജീപ്പ് സഫാരി നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. രാവിലെ 6മണി മുതല്‍ 7 മണി വരെയും വൈകിട്ട് 5 മുതല്‍ 7 മണി വരെയുമുള്ള സമയത്ത് ഇവിടെ സഞ്ചാരികള്‍ക്കായി ജീപ്പ് സര്‍വ്വീസ് ലഭ്യമാണ്. ഒരു മണിക്കൂര്‍ നേരം കാട്ടുപ്രദേശത്തു കൂടി യാത്ര ചെയ്യാം. പോകും വഴിയേ മാനുകളെയും കുരങ്ങന്മാരെയും ആനകളെയുമെല്ലാം വഴിയില്‍ നിറയെ കാണാം. ഭാഗ്യമുണ്ടെങ്കില്‍ വഴിയിലെവിടെയെങ്കിലും കടുവയെയും കണ്ടെന്നും വരാം!

ട്രെക്കിങ് : പശ്ചിമഘട്ടത്തിന്‍റെ ഭാഗമായതിനാല്‍ മല കയറാന്‍ ഇഷ്ടമുള്ളവര്‍ക്കായും ഇവിടെ നിരവധി അവസരങ്ങളുണ്ട്. വിഭൂതിമലൈ പോലെയുള്ള പ്രദേശങ്ങള്‍ ട്രെക്കിങ്ങിനായി തെരഞ്ഞെടുക്കാം. പോകും വഴിയേ ആനകള്‍ ഉണ്ടാകാം എന്നതിനാല്‍ കൂടെ ഒരു ഗൈഡ് ഉണ്ടായിരിക്കുന്നതാണ് എപ്പോഴും സുരക്ഷിതം. ഇവിടുത്തെ ഹോട്ടലുകളില്‍ അന്വേഷിച്ചാല്‍ അതാതു പ്രദേശങ്ങളിലെ ട്രെക്കിങ് മേഖലകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. 

Masinagudi-travel-gif

മര്‍വാകണ്ടി അണക്കെട്ട്: മോയാര്‍ ജലവൈദ്യുത നിലയത്തിന്‍റെ പ്രാഥമിക ജലസ്രോതസ്സാണ് മര്‍വാകണ്ടി അണക്കെട്ട്. നിരവധി പക്ഷിമൃഗാദികളെ ഇവിടെ കാണാം. ഇവയെ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഗോപുരവും ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവും ഇവിടെ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ട്. രാവിലെ 9.00 മുതല്‍ വൈകിട്ട് 6.00 വരെ സഞ്ചാരികള്‍ക്ക് ഇതിനുള്ളില്‍ പ്രവേശിക്കാം. ഉള്ളില്‍ കയറുന്നതിനായി പ്രത്യേക ഫീസ്‌ ഇല്ല. കയ്യില്‍ ക്യാമറ കരുതാന്‍ മറക്കരുത്. 

തേപ്പക്കാട് ആന പരിശീലന കേന്ദ്രം: ആനകള്‍ക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം കൊടുക്കണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള അവസരം ഇവിടെ ലഭിക്കും. 1972 ല്‍ ആരംഭിച്ച ഈ ആനപരിശീലന കേന്ദ്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്. മുതിര, ശര്‍ക്കര, അരി, കരിമ്പ് എന്നിവയുടെ മിശ്രിതമാണ് ഇവിടെ ആനകള്‍ക്ക് തീറ്റയായി നല്‍കുന്നത്. പരിശീലനം ലഭിച്ച ആനകളായതിനാല്‍ അടുത്തിടപഴകാന്‍ പേടിക്കേണ്ടതില്ല. 

road-trip-Masinagudi-OOty-road-gif

രാവിലെ 7.00 മണി മുതല്‍ 8.00 മണി വരെയും, വൈകിട്ട് 4.00 മുതല്‍ 5.00 മണി വരെയുമാണ് സന്ദര്‍ശകര്‍ക്ക് അനുവദനീയമായ സമയം. 

മോയാര്‍ നദി: ഭവാനി നദിയുടെ കൈവഴികളിലൊന്നായ മോയാര്‍, മസിനഗുഡി- ഊട്ടി റോഡിലുള്ള മായാര്‍ എന്ന ചെറുനഗരത്തില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്. ബന്ദിപ്പൂര്‍ ദേശീയോദ്യാനവും മുതുമലൈയും തമ്മില്‍ വേര്‍തിരിക്കുന്നത് ഈ നദിയാണ്. രാവിലെയും വൈകീട്ടും ഇവിടെയെത്തിയാല്‍ വെള്ളം കുടിക്കാന്‍ വരുന്ന, ചെറുതും വലുതുമായ നിരവധി മൃഗങ്ങളെ കാണാം. മസിനഗുഡിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയാണ് ഈ നദിയുള്ളത്. നദിക്കരയില്‍ അല്‍പ്പനേരം ചെലവഴിക്കുന്നതു തന്നെ ഏറെ ഉല്ലാസകരമായ അനുഭവമാണ്. ഫിഷിംഗ്, ബോട്ടിംഗ് തുടങ്ങിയവ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.

Masinagudi-travel1-gif

മുതുമലൈ വന്യജീവി സങ്കേതം: മസിനഗുഡിയിലെത്തുമ്പോള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലമാണ് മുതുമലൈ ദേശീയോദ്യാനം. കാനനഭംഗിയുടെ മനം മയക്കുന്ന കാഴ്ചകള്‍ മാത്രമല്ല, ബംഗാള്‍ കടുവ, പുള്ളിപ്പുലി, ആനകള്‍, ലംഗൂര്‍ കുരങ്ങുകള്‍ തുടങ്ങി നിരവധി ജീവജാലങ്ങളെയും ഇവിടെ കാണാം. 

മസിനഗുഡിയിലെത്താന്‍ 

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 260 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മസിനഗുഡിയിലെത്താം. റോഡ്‌ വഴി യാത്ര ചെയ്‌താല്‍ 5-6 മണിക്കൂര്‍ എടുക്കും.

വഴി ഇങ്ങനെ: 

ബാംഗ്ലൂർ -> മൈസൂർ (ഊട്ടി ബൈപാസ് റോഡ് വഴി) -> ബന്ദിപ്പൂർ ദേശീയ പാർക്ക് -> മുതുമലൈ ദേശീയ പാർക്ക് -> മസിനഗുഡി

മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷന്‍ 46 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. കോയമ്പത്തൂര്‍ ആണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്‌. ഇത് മസിനഗുഡിയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ്. 

യാത്ര ചെയ്യുമ്പോള്‍ ഇവ ഓര്‍മിക്കുക 

1. കാട്ടിലെ മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ ഭക്ഷണം നല്‍കാതിരിക്കുക. സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്നല്ലാതെയുള്ള ഭക്ഷണ വസ്തുക്കള്‍ അവയുടെ മരണത്തിനു വരെ ഇടയാക്കും.

2. കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ബഹളമുണ്ടാക്കാതെ പരമാവധി നിശ്ശബ്ദത പാലിക്കുക. 

3. വഴിയില്‍ അട്ട പോലെയുള്ള ജീവികള്‍ ഉണ്ടാകാം. അതിനാല്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വേണം കാട്ടിലേയ്ക്ക് കടക്കാന്‍.

4. കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഫോട്ടോ എടുക്കുന്നത് കുറ്റകരമാണ്. ഇതു സംബന്ധിച്ച മുന്നറിയിപ്പു ബോര്‍ഡുകള്‍ വഴിയിലുടനീളം കാണാം. 

5. അവധി ദിവസങ്ങളില്‍ തിരക്ക് കൂടുതലാണ് പൊതുവേ. യാത്ര പ്രവൃത്തിദിനങ്ങളിലായാല്‍ ആളുകള്‍ കുറവായിരിക്കും എന്നതിനാല്‍ വിശദമായി യാത്ര ചെയ്യാന്‍ കഴിയും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com