sections
MORE

നാല്‍പ്പതു ഹെയര്‍പിന്‍ വളവുകള്‍ കയറി പ്രകൃതിസൗന്ദര്യം നിറഞ്ഞ സ്വര്‍ഗ്ഗ ഭൂമിയിലേക്ക്

valparai
SHARE

മലനിരകളിലൂടെ ചെരിഞ്ഞിറങ്ങുന്ന സൂര്യപ്രകാശമേറ്റ് സ്വര്‍ണ്ണനിറത്തില്‍ തിളങ്ങുന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു മൂളിപ്പാട്ടും പാടി യാത്ര ചെയ്യുന്നത് ഒന്നോര്‍ത്തു നോക്കൂ... യാത്ര ഇഷ്ടപ്പെടുന്ന മിക്കവാറും എല്ലാവരുടെയും മനസ്സിലുള്ള ഒരു ചിത്രമാണിത്. അതിന് എവിടെപ്പോകണം എന്നറിയാതിരിക്കുകയാണെങ്കില്‍ പോകാന്‍ പറ്റിയൊരു സ്ഥലമുണ്ട്. നാല്‍പ്പതു ഹെയര്‍പിന്‍ വളവുകള്‍ കയറി ഇവിടെയെത്തിയാല്‍ ഒരിക്കലും അത് വെറുതെയാവില്ല. ഇത് വാല്‍പ്പാറ. പശ്ചിമഘട്ടത്തിന്‍റെ തനതു പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന സ്വര്‍ഗ്ഗ ഭൂമി.

valparatravel

തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലാണ് വാല്‍പ്പാറ സ്ഥിതി ചെയ്യുന്നത്. ആനമല ടൈഗര്‍ റിസര്‍വ്, ഇരവികുളം നാഷണല്‍ പാര്‍ക്ക്, വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്‍, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. മലിനീകരണം ഒട്ടുമില്ല എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ആന, പന്നി, ചീറ്റ മുതലായ ധാരാളം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായ വാല്‍പ്പാറയില്‍ സഞ്ചാരികള്‍ക്ക് കാണാനായി നിരവധി കാര്യങ്ങളുണ്ട്. 

നടന്നു കണ്ടാല്‍ തീരാത്തത്രയുമുണ്ട്, കാഴ്ചകള്‍ 

തേയിലത്തോട്ടങ്ങള്‍ അതിരിടുന്ന മലയോരത്തു കൂടി കയ്യില്‍ ഒരു കപ്പ്‌ ചൂടു ചായയുമായി നടക്കുന്ന അനുഭവം തന്നെ മനോഹരമാണ് . കടകളില്‍ നല്ല ഫ്രഷ്‌ തേയില വാങ്ങിക്കാന്‍ കിട്ടും. പ്രധാന കൃഷി തേയിലയായതിനാല്‍ ഇവിടുത്തെ ചായക്ക് രുചി കൂടുതലാണ്. ഇവിടെയെത്തിയാല്‍ ഒരു ദിവസം ചെലവഴിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. 

valparatravel1

ആലിയാര്‍ അണക്കെട്ട്: തമിഴ്നാട് ഫിഷറീസ് വകുപ്പിന്‍റെ മേല്‍നോട്ടത്തിലുള്ള അണക്കെട്ടാണ് ഇത്. ഇതിന്‍റെ ഉള്ളില്‍ പാര്‍ക്ക്‌, അക്വേറിയം, മിനി തീം പാര്‍ക്ക് തുടങ്ങിയവയുണ്ട്.

മങ്കി ഫാള്‍സ്: പൊള്ളാച്ചി, വാല്‍പ്പാറ റോഡില്‍ നിന്ന് 29 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മങ്കി ഫാള്‍സിലെത്താം. ഒരാള്‍ക്ക് 30 രൂപ പ്രവേശന ഫീ ഉണ്ട്. കുരങ്ങന്മാര്‍ ധാരാളം ഉള്ള സ്ഥലമായതിനാല്‍ കയ്യിലുള്ള സാധനങ്ങള്‍ പ്രത്യേകം സൂക്ഷിക്കുക. 

ബാലാജി ക്ഷേത്രം: വാല്‍പ്പാറയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറിയാണ് ബാലാജി ക്ഷേത്രം. മനോഹരമായ ഈ ക്ഷേത്രം പെരിയ കരമലൈ ടീ ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലാണ്. 

ലോംസ് വ്യൂ പോയിന്‍റ്: ആലിയാര്‍ അണക്കെട്ടിന്‍റെ അതിമനോഹരമായ കാഴ്ച കിട്ടുന്ന സ്ഥലമാണ് ഇത്. പൊള്ളാച്ചി നഗരവും പശ്ചിമഘട്ടവും ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. പൊള്ളാച്ചിയില്‍ നിന്നും വരുമ്പോള്‍ ഒന്‍പതാമത് ഹെയര്‍പിന്‍ വളവിലാണ് ഇതുള്ളത്.

ചിന്ന കല്ലാര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന രണ്ടാമത്തെ സ്ഥലമാണ് ഇത്. അതു കൊണ്ടുതന്നെ ഇവിടുത്തെ അന്തരീക്ഷം എപ്പോഴും ആര്‍ദ്രതയുള്ളതായിരിക്കും. വാല്‍പ്പാറയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായാണ് ചിന്ന കല്ലാര്‍ സ്ഥിതിചെയ്യുന്നത്.

ഇവ കൂടാതെ ഷോളയാര്‍ അണക്കെട്ട്, നിരാര്‍ അണക്കെട്ട്, ടൈഗര്‍ വാലി, നല്ല മുടി പൂഞ്ചോലൈ, മണമ്പള്ളി വനം തുടങ്ങിയവയും വാല്‍പ്പാറയ്ക്കടുത്ത് കാണാവുന്ന സ്ഥലങ്ങളാണ്. 

വാല്‍പ്പാറയിലെത്താന്‍ 

റോഡ്‌ മാര്‍ഗ്ഗം വരികയാണെങ്കില്‍ കോയമ്പത്തൂരില്‍ നിന്നും 104 കിലോമീറ്ററും പൊള്ളാച്ചിയില്‍ നിന്നും 64 കിലോമീറ്ററും കൊച്ചിയില്‍ നിന്നും 110 കിലോമീറ്ററുമാണ് വാല്‍പ്പാറയിലേക്കുള്ള ദൂരം. പൊള്ളാച്ചിയില്‍ നിന്നും എല്ലാ അര മണിക്കൂര്‍ കൂടുമ്പോഴും ബസ് ഉണ്ട്. ഏകദേശം നാലു മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം. ചാലക്കുടിയില്‍ നിന്നും പുറപ്പെടുന്ന ബസ് ആറു മണിക്കൂര്‍ കൊണ്ട് വാല്‍പ്പാറയെത്തും. കാട്ടുപ്രദേശത്തു കൂടിയുള്ള ഈ യാത്ര ഏറെ മനോഹരമാണ്.

ട്രെയിന്‍ മാര്‍ഗ്ഗം വരുന്നവര്‍ക്ക് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. ഏറ്റവും അടുത്ത എയര്‍പോര്‍ട്ടും കോയമ്പത്തൂര്‍ തന്നെയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA