sections
MORE

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഇന്ത്യൻ ഗ്രാമങ്ങൾ

majuli-travel
SHARE

കാഴ്ചകൊണ്ടും ജീവിതരീതികൾ കൊണ്ടും നഗരങ്ങളിൽനിന്ന് ഏറെ വിഭിന്നമാണ്‌ ഗ്രാമങ്ങൾ. ജീവിതത്തിന്റെ അനുഭവങ്ങളും ആഴവും കൂടുതലുള്ളത് ഗ്രാമങ്ങളിൽത്തന്നെയാണ്. ഇന്ത്യയെ അറിയാൻ യാത്ര നഗരങ്ങളിലേക്കല്ല, ഉൾഗ്രാമങ്ങളിലേക്കു തന്നെയാവണം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള, മനോഹരമായ ചില ഗ്രാമങ്ങളുണ്ട്. ഓരോ ഗ്രാമത്തിനും കഥകളും സംസ്കാരങ്ങളും പറഞ്ഞു തരാനുണ്ടാകും, അവിടുത്തെ മനുഷ്യരുടെ സ്വഭാവങ്ങളും രീതികളും ഒരുപാട് പഠിപ്പിക്കാനുമുണ്ടാകും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ സ്ഥലങ്ങളിൽ പോകണം.

മൗലിനൊങ്

മേഘാലയയുടെ കിഴക്കൻ മലനിരകളിൽ അതിമനോഹരിയായി കാണപ്പെടുന്ന ഗ്രാമം. 2003 മുതൽ ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമങ്ങളിൽ ഒന്നായി ഇത് അടയാളപ്പെട്ടിരിക്കുന്നു. ഷില്ലോങ്ങിൽനിന്ന് 90 കിലോമീറ്റർ അകലെയാണിത്. പുഷ്പ, ലതാ സമൃദ്ധമായ, പച്ചപ്പു നിറഞ്ഞ ഈ ഗ്രാമത്തെ അങ്ങനെതന്നെ സംരക്ഷിക്കാൻ ഇവിടുത്തെ നിയമവും സന്നദ്ധമാണ് എന്നുള്ളതുകൊണ്ട് മൗലിനൊങ് ഭംഗിയോടെ നിലനിൽക്കുന്നത്.

840514260

95 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് ഒാരോയിടത്തും മുള ഉപയോഗിച്ച് നിർമിച്ച പ്രത്യേകം ഡസ്റ്റ് ബിന്നുകളുണ്ട്. ഉപയോഗിച്ച വസ്തുക്കൾ അതിൽ സംഭരിക്കുകയും കുഴികളിലിട്ട് വളമാക്കി കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലും ഗ്രാമവാസികൾ മുന്നിലാണ്. നൂറു ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. ഇംഗ്ലിഷ്  പഠനത്തിലും ഇവർ മുന്നിൽ തന്നെ. ഷില്ലോങ്ങിലെ ഉമ്രയ് എയർപോർട്ടാണ് ഇതിന് ഏറ്റവും അടുത്തുള്ളത്. അവിടെനിന്നു മൗലിനൊങ്ങിലേക്കു ടാക്സി ലഭിക്കും.

യാന

കർണാടകയിലെ ഈ പാറക്കല്ലുകളുടെ അദ്‌ഭുതപ്രപഞ്ചത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. ആകാശത്തെ കീറി മുറിക്കാനെന്നോണം ഉയരത്തിൽ നിൽക്കുന്ന പാറക്കൂട്ടങ്ങൾ തന്നെയാണ് യാനയുടെ ഭംഗി. സഹ്യാദ്രിയുടെ മറവിൽ കിടക്കുന്നതുകൊണ്ടുതന്നെ അധികമാരും ഈ ഗ്രാമത്തിന്റെ വിശുദ്ധിയിൽ വന്നു തൊട്ടിട്ടില്ല.

ട്രെക്കിങ്ങിൽ താൽപര്യമുള്ളവർക്ക് ഇവിടെ ധൈര്യമായി വരാം. ഇവിടുത്തെ ചുണ്ണാമ്പുകല്ലിൽ ശിവപാർവതീ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ട് തീർഥാടനത്തിനായും സഞ്ചാരികളെത്തുന്നു. ഗോവയിലെ ടബോളിൻ ആണ് യാനയ്ക്ക് അടുത്തുള്ള വിമാനത്താവളം. ഇവിടെനിന്ന് ലോക്കൽ ബസുകളും ക്യാബും ലഭ്യമാണ്.

മജുലി

ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് മജൂലി. അസമിലെ ഈ ഗ്രാമം ഇതേ കാരണം കൊണ്ടുതന്നെ ഗിന്നസ് റെക്കോർഡിൽ വരെ ഇടം പിടിച്ചിരിക്കുന്നു. ബ്രഹ്മപുത്ര നദിയുടെ തീരത്താണ് മജൂലി. അതിമനോഹരമായ പരിസ്ഥിതിയുള്ള ഈ ഗ്രാമം സഞ്ചാരികളെ ഏറെ ആകർഷിക്കും. ഒരു ഗ്രാമം വിനോദസഞ്ചാരത്തിന് പേരു കേൾക്കണമെങ്കിൽ ഉറപ്പായും അവിടുത്തെ ജനങ്ങൾക്കും അതിൽ താല്പര്യമുണ്ടാകണം.

മജൂലിയിലെ ഗ്രാമീണർ സ്നേഹപ്രകൃതമുള്ളവരായതിനാൽത്തന്നെ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് നേരിടില്ല. മാത്രമല്ല, മജൂലിയുടെ സംസ്കാരവും ആതിഥേയ മര്യാദയും അറിയുകയും ചെയ്യാം. മജൂലിയിലേക്ക് വരുമ്പോൾ ഇവിടുത്തെ പ്രത്യേകതയായ ഉത്സവ സമയങ്ങളിൽ ഏതാണ് ശ്രദ്ധിച്ചാൽ മനോഹരമായ ദൃശ്യ വിരുന്നും ആസ്വദിക്കാനാകും. അസം ടീ ഫെസ്റ്റിവൽ ഇവിടുത്തെ ഏറ്റവും വലിയ ഒരു ഉത്സവമാണ്. ആസാമിലെ ജോർഹാട്ട് എയർപോർട്ടാണ് മജൂലിയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടെനിന്ന് 20 കിലോമീറ്ററാണ് മജൂലിയിലേക്കുള്ള ദൂരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA