ADVERTISEMENT

യാത്രകളോട് അത്രയ്ക്കും ഇഷ്ടമാണ് പ്രയാഗയ്ക്ക്. സമയം തനിക്കൊപ്പം എത്താത്തതിനാൽ കിട്ടുന്ന നേരങ്ങൾ യാത്രകൾക്കായി മാറ്റിവെയ്ക്കാനാണ് മലയാളത്തിന്റെ ഈ സുന്ദരിക്കിഷ്ടം. പഠനത്തിന്റെയും ചിത്രീകരണത്തിന്റേയും ഭാഗമായിട്ട് കൊൽത്തയിലേക്കും ഒഡീഷയിലേക്കും പ്രയാഗ മാർട്ടിൻ നടത്തിയ ഗംഭിര യാത്രയുടെ വിശേഷങ്ങൾ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

തൊഴിൽ മേഖല സിനിമ ആയതു കൊണ്ട് ധാരാളം ഇടങ്ങൾ കാണാനും അറിയാനും സാധിക്കുമെന്നത് ഒരു വസ്തുതയാണ്. എന്നാൽ പ്രയാഗയുടെ വാക്കുകൾ ഇങ്ങനെയാണ്– കടമെടുക്കുകയാണെങ്കിൽ യാത്ര പ്രേമം തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്ന് പറയാം. യാത്ര, അത് ചെറുതോ വലുതോ എന്നില്ല, ആസ്വദിക്കലാണ് പ്രധാനം. ഈയൊരു ഇഷ്ടക്കൂടുതൽ ആകാം ട്രാവൽ ആന്റ് ടൂറിസം പഠിക്കാൻ പ്രയാഗയെ പ്രേരിപ്പിച്ചതും. അങ്ങനെയാണ് പഠനത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ പ്രസിദ്ധ സാംസ്കാരിക നഗരികളിലേക്ക് യാത്രപോയത്. തന്റെ ഉത്തരേന്ത്യൻ പര്യടനത്തെക്കുറിച്ച് പ്രയാഗ തന്നെ പറയട്ടെ. 

ആദ്യമായിട്ടായിരുന്നു ഞാൻ ഇന്ത്യയുടെ ഉത്തരമേഖലയിലേക്ക് പോകുന്നത്. അതു കൊണ്ട് തന്നെ ശരിക്കും ആകാംഷയിലായിരുന്നു. കൊൽക്കത്ത ശരിക്കും എന്നെ അമ്പരപ്പിച്ചു എന്നു തന്നെ പറയാം. ഞാൻ ആദ്യമായി അഭിനയിച്ച കന്നട ചിത്രത്തിന്റെ ഷൂട്ടിനാണ് കൊൽക്കത്തക്ക്പോയതെങ്കിലും എനിക്ക് അത് ശരിക്കുമൊരു ട്രിപ്പ് തന്നെയായിരുന്നു. സിനിമയുടെ ഭാഗമായി ഏതാണ്ട് കൊൽക്കത്ത മുഴുവനും കാണാൻ സാധിച്ചെന്നും പ്രയാഗ പറയുന്നു. 

ട്രാമിൽ കയറാൻ സാധിച്ചതാണ് തന്നെ സംബന്ധിച്ച് ആ യാത്രയിലെ ഏറ്റവും മികച്ചതെന്ന് പറഞ്ഞ പ്രയാഗ ഹൗറ ബ്രിഡ്ജിന്റെ സൗന്ദര്യത്തെക്കുറിച്ചും നവരാത്രി ആഘോഷങ്ങളെക്കുറിച്ചുമെല്ലാം വാചാലയായി. നവരാത്രി കാലത്തല്ല കൊൽക്കത്തക്ക് പോയതെങ്കിലും ആ വർണ്ണാഭമായ ആഘോഷങ്ങൾ ഇന്ത്യയിൽ ഏറ്റവും ഭംഗിയായി നടക്കുന്നത് ബംഗാളിലാണെന്നും ഒരിക്കലെങ്കിലും അവിടെപ്പോയി അതൊന്ന് കാണണമെന്നുമാണ് താരം പറയുന്നത്. പ്രയാഗയുടെ മനസ് കവർന്ന ബംഗാളിന്റെ തലസ്ഥാനം ഒരുക്കി വെച്ചിരിക്കുന്ന വിസ്മയങ്ങൾ അനേകമാണ്. കൊൽത്തയിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ നിങ്ങളെ സ്വാഗതം ചെയ്യുന്നത് ആ നഗരത്തിന്റെ സ്പന്ദനങ്ങളായ മഞ്ഞ അംബാസിഡർ കാറുകളും ട്രാമുകളുമായിരിക്കും. എന്നാൽ അതിനേക്കാളേറെ മോഹിപ്പിക്കുന്നതാണ് കൊൽക്കത്ത. 

കൊൽക്കത്തയിലെ കാഴ്ചകളിൽ പ്രധാനമായും തെരുവുകളും വിക്ടോറിയ മഹലും ബിർള പ്ലാനെറ്റേറിയവും ഒക്കെ കണ്ടിറങ്ങുന്നവർ ബംഗാളിന്റെ പഴയ ചരിത്രങ്ങളിലേക്കും കഥകളിലേക്കും വാതിൽ തുറന്നിടുന്ന ഹൗറയെന്ന പുരാതന നഗരത്തെക്കൂടി അറിയണം.  ഏകദേശം അഞ്ഞൂറോളം വർഷങ്ങളുടെ പഴക്കമുണ്ട് ഈ നഗരത്തിന്. ഹൗറയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ ഹൗറ  ബ്രിഡ്ജും ഇവിടെയാണ് സ്ഥിതി ചെയുന്നത്. ഇന്ത്യയിൽ ഇറങ്ങുന്ന ഭൂരിഭാഗം ഭാഷകളിലേയും സിനിമകളിൽ തലകാണിച്ചിട്ടുള്ള ചരിത്രവും ഈ പാലത്തിനുണ്ട്. 

സ്വാതന്ത്ര്യസമരത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയുമൊക്കെ ഈറ്റില്ലമായ കൊല്‍ക്കത്തയിലെത്തുന്ന ഏതൊരാളോടും പറയാൻ ആയിരം ആയിരം കഥകൾ ഈ നാടിനുണ്ടെന്ന് അതനുഭവിച്ച പ്രയാഗയുടെ സാഷ്യം. കൊൽക്കത്തയിലേത് ചരിത്രപരമായ കാഴ്ചകളായിരുന്നെങ്കിൽ  ഒഡീഷയിലേത് തീർത്ഥാടനത്തിന് സമാനമായിരുന്നുവെന്നാണ് പ്രയാഗയുടെ പക്ഷം. തന്റെ അനുഭവത്തിൽ ഒഡീഷയെ ടെമ്പിൾ സിറ്റിയെന്ന് വിളിക്കാനാണ് ഇഷ്ടമെന്ന് പ്രയാഗ. ക്ഷേത്രങ്ങൾ കൊണ്ട് നിറഞ്ഞ ആ നാടിനെ പിന്നെ എന്തു വിളിക്കാൻ അല്ലേ. പുരി ജഗന്നാഥ ക്ഷേത്രമുൾപ്പെടെ സാംസ്കാരികവും പൈതൃകവും പേറുന്ന ഒട്ടനവധി ക്ഷേത്രങ്ങളാൽ സമ്പന്നമാണ് ഒഡീഷയുടെ മണ്ണ്. ഈയടുത്തൊന്നും ഇത്രയും മനസ് നിറഞ്ഞ് താൻ യാത്ര നടത്തിയിട്ടില്ലെന്നാണ് പ്രയാഗ പറയുന്നത്. 

prayaga-martin-gif

മറക്കാനാവില്ല ആ നാലു യാത്രകൾ

 കേപ്ടൗൺ 

അപ്പയുടെ വാശിയായിരുന്നു അധികം ആളുകൾ പോകാത്തൊരു നഗരത്തിലേക്ക് യാത്ര പോകണമെന്നത്. എനിക്കും മമ്മയ്ക്കും ഒരുപാട് ഇഷ്ടമാണ് അപ്പയുടെ ഇത്തരം വാശികൾ. കേപ്ടൗൺ യാത്രയ്ക്കായി തയാറെടുത്തു. അപ്പയുടെ സുഹൃത്ത് അവിടെ ഉണ്ട്. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു കേപ്ടൗണിലെ കാഴ്ചകൾ.  പണത്തിന്റെ ധാരാളിത്തം കാണുന്നതിന്റെ മ റുഭാഗത്തായി തീരെ ദരിദ്രരായ, ജീവിക്കാൻ പാടുപെടുന്ന ആളുകളെയും കണ്ടുമുട്ടാനാകും. പണ്ടെങ്ങോ പലായനം ചെയ്തുവന്ന വിദേശികളാണ് ഇപ്പോൾ അവിടുത്തെ അധികാരികൾ, ആ നാടിന്റെ യഥാർഥ അവകാശികൾ‌ അവരുടെ ജോലിക്കാരും.

cape-town-gif

സന്തോഷങ്ങങ്ങളുടെ താഴ‌്‌വരയാണ് ചാപ്മാൻസ് പീക്. ഒരു മലയുടെ അറ്റമാണത്. ലോകത്തിന്റെ ഒരറ്റം എന്നു തോന്നിപ്പോകുന്ന സ്ഥലം. അവിടെ കണ്ട് ആസ്വദിക്കേണ്ടത് സൂര്യാസ്തമയമാണെന്ന് എല്ലാവരും പറയുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്; മലനിരകൾക്കും കടലിനും ഇടയിലുള്ള ചെറിയ ഗ്യാപ്പിലേക്ക് സൂര്യൻ വന്ന് അസ്തമിക്കുന്ന കാഴ്ച. ഹോ, ചെറുപ്പത്തിൽ ചിത്രം വരയ്ക്കാൻ ഒരുപാടിഷ്ടമുള്ളയാളായിരുന്നു ഞാൻ. വരയ്ക്കാൻ തുടങ്ങിയ കാലത്ത് എല്ലാവരേയും പോലെ ആദ്യം വരച്ച ചിത്രമായിരുന്നു മലകൾക്കിടയില്‍ ഒളിക്കുന്ന സൂര്യൻ. അതിന്റെ ഏറ്റവും ഡീറ്റെയിലായൊരു കാഴ്ച അന്നെനിക്ക് കാണാൻ പറ്റി. ആ സൺസെറ്റിന്റെ പശ്ചാത്തലത്തിൽ പരസ്പരം കെട്ടിപിടിക്കാൻ ഭാഗ്യം കിട്ടിയ പ്രണയജോഡികളുടെ ചിത്രമെടുത്തിരുന്നു ഞാനന്ന്. അൽപം അസൂയയോടെ... ടേബിൾ മൗണ്ടനിലേക്കുള്ള യാത്രയും എനിക്ക് ഒരുപാട് ഇഷ്ടമായി

നേപ്പാൾ

ഇതിപ്പോ ഇന്ത്യയിലാണോ എന്ന് എപ്പോഴും സംശയം തോന്നുന്ന ഈ സ്ഥലം യഥാർഥത്തിൽ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പാവം അയൽപക്കമാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആ നേപ്പാൾ യാത്ര. അതുകൊണ്ട് തന്നെ ഒരു കൊച്ചു പെൺകുട്ടിയുടെ ഒാർമപ്പുസ്തകമാണ് എനിക്ക് നേപ്പാൾ.

അന്ന് അവിടെ കണ്ട ഒരു ആചാരമെന്റെ കുഞ്ഞു മനസ്സിനെ മുറിവേൽപിച്ചിരുന്നു. വയസ്സ് അറിയിക്കുന്നതിന് മുൻപ് തന്നെ പെൺകുട്ടികളെ ദേവിയായി തിരഞ്ഞെടുക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആചാരമാണ് കുമാരി. പെൺകുട്ടി ദേവിയാക്കപ്പെടുമെന്ന് ആദ്യം മനസ്സിലാക്കുന്നത് അവളുടെ അമ്മയായിരിക്കും. അന്നു കേട്ട ഓർമ ശരിയാണെങ്കിൽ, അമ്മയുടെ സ്വപ്നത്തിൽ സർപ്പത്തെ കാണുകയും അത് ദൈവിക വെളിപാടായി കണക്കാക്കപ്പെടുകയുമാണ് ചെയ്യുന്നത്.

travel-mountain-gif

നേപ്പാളിൽ അങ്ങനെ പലതരം കുമാരികളുണ്ട്, ചില സ്ഥലങ്ങളിൽ മാത്രം അവരെ റോയൽ കുമാരിയെന്നു വിളിക്കുകയും  ആരാധിക്കുകയും ചെയ്യും. അവർക്ക് താമസിക്കാൻ ‘കുമാരി ഘർ’ എന്നൊരു സ്ഥലവുമുണ്ട്. പെൺകുട്ടിക്ക് ആർത്തവം തുടങ്ങിയാൽ അവളിൽ നിന്ന് ദേവി നഷ്ടപ്പെട്ടു പോയി എന്നാണത്രേ വിശ്വാസം. എനിക്ക് അന്ന് ആ കഥകൾ കേട്ടപ്പോൾ പേടിയായിരുന്നു, ആ സ്ഥലം എനിക്കിപ്പോഴും അത്തരം വിശ്വാസങ്ങളുടെ ഓർമയാണ് തരുന്നത്. പക്ഷേ, അവിടെയുള്ള ബുദ്ധ സന്യാസിമാരുടെ ചിരി ഓർക്കുമ്പോൾ, നല്ലൊരു സമാധാന ഫീലാണ്.

ഹോളി ലാൻഡ്

ജീവിതം അവസാനിക്കാറാെയന്ന് തോന്നുമ്പോഴാണ് പലരും ഹോളി ലാൻഡിലേക്ക് പോകാറുള്ളതെന്ന് അവിടെ എത്തിയ ശേഷമാണ് ഞാൻ അറിഞ്ഞത്. എന്തായാലും ആ നഗരം പ ശ്ചാത്താപത്തിന്റെയും തെറ്റുകൾ ഏറ്റുപറച്ചിലുകളുടെയും നഗരമായാണ് തോന്നിയത്.

ഹോളിലാൻഡിൽ വലിയൊരു ‘വിലാപ മതിൽ’ ഉണ്ട്. തെറ്റ് ഏറ്റു പറഞ്ഞ് കരഞ്ഞ് മതിലിൽ തലയിടുപ്പിക്കുന്ന വിശ്വാസികൾ. ശ്രദ്ധിച്ചപ്പോൾ അവരിലാരുടെയും മുഖത്ത് മുറിവിന്റെ വേദനയില്ലായിരുന്നു. പകരം, കഴിഞ്ഞ കാലം ചെയ്ത പാപഭാരങ്ങൾ കഴുകികളയാൻ പറ്റിയതിന്റെ ആശ്വാസം മാത്രം. ദൈവഭയവും വിശ്വാസവും മാത്രമല്ലാതെ മറ്റെന്തൊക്കെയോ ആണ് ആത്മീയത എന്ന തോന്നൽ ആ കാഴ്ചകൾ തന്നു. ദൈവത്തിനുള്ള കത്തായോ, തന്റെ ഒരുപാട് നാളത്തെ ആഗ്രഹം നടക്കാനുള്ള പ്രാർഥനയായോ, വിശ്വാസികൾ അവർ ആഗ്രഹിക്കുന്ന കാര്യം പേപ്പറിൽ എഴുതി മതിലിൽ തിരുകി വയ്ക്കുന്നതും കണ്ടു.

അതിനു ശേഷം കർത്താവിനെ ക്രൂശിലേറ്റിയ സ്ഥലത്തേയ്ക്കാണ് പോയത്. പതിനാല് ഇടങ്ങളും താണ്ടി ഒടുവിൽ കർത്താവിനെ അടക്കിയ മണ്ണിന് മുന്നിലെത്തി. ആ മണ്ണിൽ ചുംബിക്കാൻ വലിയ തിരക്കാണ്, അഞ്ച് സെക്കൻഡെങ്കിലും കി ട്ടിയാൽ മഹാഭാഗ്യമെന്ന് പറയാം. അവിടുന്ന് ഇറങ്ങിയപ്പോ ൾ ഒരു കൊന്ത കിട്ടി. ആരുടെയെങ്കിലും കയ്യിൽ നിന്ന് നഷ്ട പ്പെട്ടുപോയതാകാമത്. പക്ഷേ, ആ കൊന്ത എനിക്ക് വളരെ വിലപ്പെട്ടതായി തോന്നി. അന്നു മുതൽ എന്റെ ഏറ്റവും മൂല്യ മുള്ള സമ്പത്ത്, ആ കൊന്തയാണ്.

ദുബായ്

ദുബായ് ഒരുപാടു നൊസ്റ്റാൾജിയ ചിതറി കിടക്കുന്നൊരു സ്ഥലമാണ്. ഞാനാദ്യമായി ഫ്ലൈറ്റിൽ കയറിയ, എന്റെ ഒന്നാം ക്ലാസ്സിലെ ബെർത് ഡേ സെലിബ്രേഷൻ നടന്ന, ഹോളിഡേയ്സിലൊക്കെ സ്ഥിരമായി കറങ്ങുന്ന, ചങ്ക് ഫ്രണ്ട്സുള്ള.... അങ്ങനെ ഒരുപാട് സന്തോഷങ്ങൾ കൂടിനിൽക്കുന്നൊരു സ്ഥലമാണെനിക്ക് ദുബായ്.

അവിടെ പോകാത്ത സ്ഥലങ്ങൾ കുറവാണങ്കിലും ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ട് നടക്കാതിരുന്ന ഒരു ഐറ്റമുണ്ട്, ഡെസ്സേർട്ട് സഫാരി. അതും ഈയിടെ സാധിച്ചു. മണ്ണ് അങ്ങോട്ട്, നമ്മളിങ്ങോട്ട്, വണ്ടീടെ ടയർ എങ്ങോട്ടോ.... റോളർ കോസ്റ്റ ർ റൈഡാണ് ജീവിതത്തിൽ ഏറ്റവും വലിയ ഭ്രാന്തെന്ന് വിചാരിച്ചിരുന്ന എന്നെ, തോൽപിച്ചു കളഞ്ഞു ഡെസ്സേർട്ട് സഫാരി. അതോടെ എനിക്ക് ദുബായ് മുഴുവനായും സ്വന്തമായി കിട്ടിയൊരു സന്തോഷമായിരുന്നു മനസ്സിൽ.

അഭിനയിക്കുന്ന സിനിമാ ലൊക്കേഷനുകൾ മനസിലാക്കാൻ അവിടങ്ങളിലൊക്കെ യാത്ര നടത്താനും തനിക്ക് ഇഷ്ടമാണെന്ന് പ്രയാഗ പറഞ്ഞു നിർത്തുമ്പോൾ അടുത്ത ട്രിപ്പിനുള്ള പ്ലാൻ അണിയറയിൽ ഒരുക്കത്തിലാണ്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com