ADVERTISEMENT

 ജെല്ലിക്കെട്ട്- ആ പേരിനർഥം എന്താണെന്നറിയാമോ…? തിയറ്ററുകളിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് സിനിമ തകർക്കുമ്പോൾ നമുക്ക് യഥാർഥ ജെല്ലിക്കെട്ടിന്റെ പിന്നാമ്പുറങ്ങൾ തേടി തമിഴ്നാട്ടിലേക്കു പോയാലോ

എവിടെയാണു ജെല്ലിക്കെട്ട് നടക്കുന്നത്

jallikettu-tamilnadu4

കേരള-തമിഴ്നാട് അതിർത്തിയായ ബോഡിമെട്ട് വഴിയോ തേനി കടന്നോ  മധുരയിലേക്ക് ചെല്ലുക.  മധുരയുടെ ചുറ്റുവട്ടങ്ങളിലുള്ള മൂന്നു ഗ്രാമങ്ങളിലാണ് പ്രധാനമായും ജെല്ലിക്കെട്ട് നടക്കുക. അവിടേക്കുള്ളവഴിയിൽ തൊട്ടപ്പനായ്ക്കന്നൂർ എന്ന സ്ഥലത്ത് കഴിഞ്ഞ വർഷം മുതൽ ജല്ലിക്കെട്ട് തുടങ്ങി. അവിടെയും അടുത്ത വർഷം ജെല്ലിക്കെട്ട് കാണാം. അലങ്കാനല്ലൂർ ആണ് പ്രധാന വേദി. പിന്നെ, പാലമേട് അവനിയാപുരം എന്നിടങ്ങളിലും ഈ ആദിമ കായിക വിനോദം നടക്കാറുണ്ട്. 

Jallikattu3

കാളയുടെ കൊമ്പിൽ കെട്ടിയ കിഴി എന്നാണ് ജെല്ലിക്കെട്ട് എന്ന പേരിനർഥം എന്ന് പാലമേട്ടിലെ അളക് എന്ന ചേട്ടൻ പറഞ്ഞുതന്നു. ആ കിഴി കയ്യടക്കാൻ വേണ്ടി വാടിവാസലിലൂടെ ഓടി വരുന്ന കാളകളെ വെറും കയ്യാൽപിടിച്ചു നിർത്തണം. ഇതാണ് മത്സരം. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നമ്മുടെ സെവൻസ് ഫുട്ബോൾ മൈതാനവും ഗ്യാലറിയും ഒരുക്കുന്നതു പോലെ താൽക്കാലികമായി വാടിവാസലും ജെല്ലിക്കെട്ട് വേദിയും ഉണ്ടാക്കും. താഴെ ചകിരിച്ചോർവിരിച്ചിട്ടുണ്ടാകും.

jallikettu-tamilnadu

മുകളിൽ വിഐപി ഗ്യാലറിയിൽ സിനിമാതാരങ്ങൾ അടക്കം ഈ വിനോദത്തിനു സാക്ഷിയാകാനെത്തും.  ഒരു കാളയ്ക്കു മാത്രം കുതിച്ചുവരാനുള്ള ഇടുങ്ങിയ വഴിയാണു വാടിവാസൽ. പ്രത്യേകം പേരു നൽകി, നമ്പറുള്ള ടീഷർട്ട് അണിഞ്ഞ് ഡോക്ടർമാരുടെ പരിശോധനയൊക്കെ കഴിഞ്ഞാണ് ജെല്ലിക്കെട്ട് വീരൻമാർ വാടിവാസലിലൂടെ വരുന്ന കാളകളെ പിടിക്കാൻ കയറുക. 

ജെല്ലിക്കെട്ട് കാള-അഥവാ വെള്ളാന

െജല്ലിക്കെട്ടിനുള്ള ഒരുക്കങ്ങൾ വർഷങ്ങൾക്കു മുൻപേ തുടങ്ങണം. വേദി തയാറാക്കുകയാണ് അവസാനത്തെ പടി. പ്രത്യേക ആഹാരം നൽകി പരിപോഷിപ്പിച്ചാണ് ജല്ലിക്കെട്ടു കാളയെ വളർത്തുക. അഞ്ചോ ആറോ വയസ്സുള്ളകാളകളെയാണു ജല്ലിക്കെട്ടിന് ഇറക്കുക. അത്രവരെ കാളകളെ തീറ്റിപ്പോറ്റാൻ എത്ര രൂപയാകും… അളകിന്റെ അഭിപ്രായത്തിൽ പതിനെട്ടുലക്ഷം രൂപയാകും… അതായത് വിനോദത്തിനും ഗമയ്ക്കും വേണ്ടി വളർത്തുന്ന വെള്ളാനയാണ് ജല്ലിക്കെട്ടു കാള. പക്ഷേ, മധുരവാസികൾക്ക് ഏറെ പ്രിയമാണ് ഈ കാളകൾ. കാളകളെ പിടിച്ചുകെട്ടുന്നവർ വീരൻമാർ. അവർക്ക് ബുള്ളറ്റ് അടക്കമുള്ള സമ്മാനങ്ങൾ ലഭിക്കും. 

jallikettu-tamilnadu2

ഏതു മാസത്തിലാണു‌ െജല്ലിക്കെട്ട് നടക്കുക

പൊങ്കൽ കഴിഞ്ഞ്, മാട്ടുപ്പൊങ്കൽ ദിനത്തിൽ ആണ് െജല്ലിക്കെട്ടു നടക്കാറ്. ജനുവരി മധ്യത്തിലാണ് പൊങ്കൽ വരുക. അലങ്കാനല്ലൂരിൽ നേരത്തെ എത്തി സീറ്റ് പിടിച്ചാൽ ജെല്ലിക്കെട്ട് കാണാം. തൊട്ടപ്പനായ്ക്കന്നൂരിലുംപാലമേട്ടിലും അത്ര പ്രശ്നമില്ല. 

jallikettu-tamilnadu1

റൂട്ട്

എറണാകുളം-മൂന്നാർ-തേനി- മധുരൈ-അലങ്കാനല്ലൂർ 285 km

jallikettu-tamilnadu3

സൂക്ഷിക്കേണ്ടത്-

മദ്യപിച്ചു ബഹളമുണ്ടാക്കുന്നവർ കൂടുതലായിരിക്കും. ഒരു ബഹളത്തിനും പോകാതിരിക്കുക. ജെല്ലിക്കെട്ട്കാളയെ കൊണ്ടുപോകുന്ന വഴിയിൽനിന്ന് അകലം പാലിക്കുക. പൊതുവേ അക്രമണകാരികളാണ് അവ. 

വാടിവാസലിലേക്ക് നേരത്തെ എത്തി സീറ്റ് പിടിക്കുക. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com