sections
MORE

കാലാപാനിയിലെ ജയിൽ, ഹൗറ ബ്രിഡ്ജ്, മഡ് വോൾകാനോ; കാഴ്ചയുടെ വസന്തമൊരുക്കി ആൻഡമാൻ ദ്വീപുകൾ!

andaman-islands6
SHARE

വർഷങ്ങൾക്കു മുൻപ് ഗ്രാമത്തിലെ തകരമേഞ്ഞ സിനിമ കൊട്ടകയിൽ വച്ച് മനസ്സിൽ കയറിക്കൂടിയതാണ് ‘കാലാപാനി’യും ആൻഡമാൻ ദ്വീപും. ആ കാഴ്ചകളോടും കടലിനോടുമുള്ള പ്രണയം വീണ്ടും തളിർത്തത് സുഹൃത്ത് സൈജുവിന്റെ ഒരു ചോദ്യത്തിലാണ് ‘‘ഡാ, ആൻഡമാനിലേക്കൊരു ട്രിപ്പിട്ടാലോ?’’. കൊട്ടകയിലെ സ്ക്രീനിലെന്ന പോലെ മനസ്സിന്റെ ചുമരിൽ വലിയ അക്ഷരത്തിൽ ഉത്തരം തെളിഞ്ഞു– പോകാം.

andaman-islands-cellular-jail

കൊച്ചിയിൽ നിന്നുള്ള വിമാനം പോർട്ട് ബ്ലയറിലെ വീർ സവർക്കർ വിമാനത്താവളത്തിലെ‌ത്തിയപ്പോൾ സമയം രാത്രി  ഏഴു മണി. ആൻഡമാനിന്റെ ആകാശദൃശ്യം ആസ്വദിക്കുക എന്ന ആഗ്രഹത്തിനു തീരുമാനമായി. വൈകുന്നേരം 5 .30 മണിയോടെ സൂര്യനസ്തമിക്കുന്ന ദ്വീപിൽ ഏഴു മണിയൊക്കെ രാത്രിയാണ്. സുഹൃത്ത് രാജു ചേട്ടന്റെ സഹായത്തോടെ നേരം കളയാതെ ഒരു ഹോട്ടൽ തരപ്പെടുത്തി. നാളെ പുലരണം, കാഴ്ചകളിലേക്ക് കണ്ണും ക്യാമറയും തുറക്കണം. മനസ്സു നിറയെ ആ ആഗ്രഹമായിരുന്നു.

andaman-islands

ബംഗാൾ ഉൾക്കടലിൽ വടക്കു കിഴക്കായി കാണപ്പെടുന്ന ഏകദേശം 555 ദ്വീപുകൾ ചേർന്ന ഒരു ദ്വീപ് സമൂഹമാണ് ആൻഡമാൻ നിക്കോബാർ. ഇതിൽ 37 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. എ.ഡി.1000ൽ ചോളരാജാക്കന്മാർ സുമാത്ര ദ്വീപുകളെ ആക്രമിക്കുമ്പോൾ നാവിക സൈനിക താവളമായി ആൻഡമാനിനെ ഉപയോഗിച്ചിരുന്നതായി ചരിത്രം. വിഖ്യാത യാത്രക്കാരനായ മാർക്കോ പോളോ "അംഗമാനിയൻ" എന്ന് പരാമർശിച്ചത് ആന്‍ഡമാനിനെയാണെന്നും പറയപ്പെടുന്നു. ഏതായാലും 1789ൽ ബ്രിട്ടീഷുകാർ അവരുടെ കോളനി സ്ഥാപിച്ചതോടെയാണ് ആൻഡമാനിലെ ജീവിതം പുറംലോകത്തിനു മുൻപിൽ കൂടുതൽ വെളിപ്പെടുന്നത്.

andaman-islands3

കോളനിവത്കരണത്തോടെ വിവിധ ജനവിഭാഗങ്ങൾ  ഇടകലർന്ന് ജീവിക്കുന്ന, ഇന്ത്യയുടെ ഒരു കൊച്ചു പതിപ്പായി ആൻഡമാൻ ദ്വീപ് മാറി. അതിന്നും അതുപോലെ തുടരുന്നു. ഹിന്ദി, തമിഴ്, ബംഗാളി, തെലുങ്ക്, മലയാളം, പഞ്ചാബി, ഗുജറാത്തി, മറാത്തി, ഇംഗ്ലിഷ്  എന്നീ  ഭാഷകൾ ഇവിടെ സജീവമാണ്. ഇതുകൂടാതെ ‘നിക്കോബാറീസ്’, ‘ഭുട്ടു’ തുടങ്ങിയ ഗോത്രവർഗ ഭാഷകളും പ്രചാരത്തിലുണ്ട്. ആൻഡമാൻ നിക്കോബാർ എന്ന് പറയുമെങ്കിലും സഞ്ചാരികൾക്ക് നിക്കോബാർ ദ്വീപുകൾ സന്ദർശിക്കാനുള്ള അനുമതിയില്ല.

കാലാപാനിയിലെ ജയിൽ

രാവിലെയുണർന്നു തൊട്ടടുത്തുള്ള മലയാളി ചേട്ടന്റെ കടയിൽ നിന്നും ചൂടോടെ ബ്രേക്ക്ഫാസ്റ്റ്. സെല്ലുലാർ ജയിലിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോൾ ബസ്സിൽ പോകാനുള്ള ദൂരമേയുള്ളു എന്നായി ചേട്ടൻ. അങ്ങനെ ബസ് സ്റ്റോപ്പിലേക്ക്. പോർട്ട് ബ്ലയറിൽ ബസ് കാത്തുനിൽക്കുന്ന മലയാളി സഞ്ചാരികൾക്ക് അവർ മലബാറിലെവിടെയോ ആണെന്ന് തോന്നും. മഞ്ചേരി, മലപ്പുറം, കാലിക്കറ്റ്, മണ്ണാർക്കാട്, വണ്ടൂർ തുടങ്ങിയ ബോർഡുകൾ തൂക്കി നിരവധി ബസ്സുകൾ അതുവഴി കടന്നു പോയി. 1921ലെ മലബാർ ലഹളയെത്തുടർന്ന് ആൻഡമാനിലേക്കു നാടുകടത്തപ്പെട്ട മലബാറിലെ ജനങ്ങൾ പിന്നീട് അവിടെ സ്ഥിരവാസമാക്കി. ഒപ്പം നാടിന്റെ പേരുകൾ പുതിയ മണ്ണിലേക്ക് പറിച്ചുനട്ടു.

andaman-islands1

ഏകദേശം 20 മിനിറ്റ് ബസ് യാത്രയ്ക്കൊടുവിൽ സെല്ലുലാർ ജയിലിലെത്തി. ആൻഡമാനിന്റെ തലസ്ഥാനമായ പോർട്ട് ബ്ലയറിലാണ് ജയിൽ. കവാടത്തിൽ നിന്ന് നോക്കിയാൽ നീലക്കടൽ കാണാം. രാവിലെ 9.30 മുതൽ 7 മണി വരെയാണ് ജയിലിലേക്കുള്ള പ്രവേശനം. പ്രധാന കവാടം കടന്നെത്തുന്നത് മ്യൂസിയത്തിലേക്കാണ്.

andaman-islands4

തടവുകാർ ഉപയോഗിച്ചിരുന്ന പാത്രങ്ങളും വസ്ത്രങ്ങളും ജയിലിനെക്കുറിച്ചുള്ള വിവരണങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. 1906ൽ നിർമാണം പൂർത്തിയായ ജയിൽ ബർമയിൽ നിന്നും കൊണ്ടുവന്ന ചുടുകട്ടകൾ ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. മൂന്നു നിലകളായി പ്രവർത്തിച്ചിരുന്ന 698 തടവറകൾ. തടവുപുള്ളികൾ തമ്മിൽ യാതൊരു സമ്പർക്കവും ഇല്ലാത്തവിധം നിർമിച്ച ‘സെല്ലുലാർ ജയിലി’ൽ നിന്ന് രക്ഷപ്പെടുകയെന്നത് അസാധ്യമായിരുന്നു. അഥവാ വല്ല വിധേനയും രക്ഷപ്പെട്ടാൽ കാത്തിരിക്കുന്നത് ചുറ്റോടുചുറ്റുമുള്ള കടലും അപകടകാരികളായ ഗോത്രവർഗക്കാരും!

andaman-islands5

1942ൽ രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നു ജയിൽ ജപ്പാൻകാരുടെ അധീനതയിലായി. നേതാജി സുഭാഷ്  ചന്ദ്രബോസ് 1943ൽ സെല്ലുലാർ ജയിൽ സന്ദർശിക്കുകയും ആദ്യമായി ആൻഡമാൻ മണ്ണിൽ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് നിരവധി സ്വാതന്ത്ര്യസമര സേനാനികൾ  സ്വതന്ത്രരാക്കപ്പെട്ടു. എന്നാൽ 1945ൽ ബ്രിട്ടീഷുകാർ സെല്ലുലാർ ജയിൽ തിരിച്ചു പിടിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമാണ് ഇത് ഇന്ത്യൻ  സർക്കാരിനു ലഭിച്ചത്.

ദിവസവും വൈകുന്നേരം 6 മണിക്കു ശേഷം ജയിലിൽ ‘ലൈറ്റ് ആൻഡ് സൗണ്ട് ഷോ’ ഉണ്ട്. സ്വാതന്ത്ര്യ  സമര സേനാനികളുടെ ജീവിതത്തെ, ശബ്ദവും വെളിച്ചവുമായി സമന്വയിപ്പിച്ച്, നടൻ ഓം പുരിയുടെയും മറ്റു കലാകാരന്മാരുടെയും ശബ്ദത്തിൽ അവതരിപ്പിക്കുന്നുണ്ട്. ജയിലിൽ നിന്നിറങ്ങിച്ചെന്നത് മ്യൂസിയങ്ങളിലേക്കായിരുന്നു. പോർട്ട് ബ്ലയറിൽ ഒട്ടനവധി മ്യൂസിയങ്ങളുണ്ട്. ഇന്ത്യൻ നേവിയുടെ കീഴിലുള്ള സാമുദ്രിക മ്യൂസിയമാണ് അതിൽ പ്രധാനപ്പെട്ടത്. ആൻഡമാനിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാണ്. ആദിവാസികളെ സംബന്ധിച്ച വിവരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ആന്ത്രോപ്പോളജിക്കൽ മ്യൂസിയവും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ മ്യൂസിയവും ഫിഷറീസ് മ്യൂസിയവുമാണ് മറ്റു പ്രധാന ‘മ്യൂസിയക്കാഴ്ചകൾ’.

റോസ് ഐലൻഡും മഡ് വോൾകാനോയും 

ബ്രിട്ടീഷുകാർ ആഡംബര ജീവിതത്തിനായി തിരഞ്ഞെടുത്ത പ്രദേശമാണ് റോസ് ഐലൻഡ്. പോർട്ട് ബ്ലയറിലെ ജയിൽ കവാടത്തിൽ നിന്നും നോക്കിയാൽ കടലിനാൽ ചുറ്റപ്പെട്ട ഈ കുഞ്ഞൻ ദ്വീപ് കാണാം. ഇംഗ്ലണ്ടിലെ  പട്ടണത്തോളം സൗകര്യങ്ങളുണ്ടായിരുന്ന റോസ് ഐലൻഡ് 1941ലെ ഭൂമികുലുക്കത്തിൽ തകർന്നു. ഇന്നതൊരു പ്രേതനഗരം പോലെ. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് പഴയ കാലം കോർത്തിണക്കിയ ‘വിഷ്വൽ ഷോ’ അരങ്ങേറാറുണ്ട്. അതിനു ശേഷമാണ് സഞ്ചാരികൾ ദ്വീപിൽ നിന്നു മടങ്ങുന്നത്. രാത്രി ഇവിടെ തങ്ങാൻ അനുവാദമില്ല.

പോർട്ട് ബ്ലയറിൽ നിന്നും ഏകദേശം 110 കിലോമീറ്റർ അകലെയുള്ള ബാറാടാങ് ആയിരുന്നു അടുത്ത ലക്ഷ്യം. അതിരാവിലെ മൂന്നു മണിക്ക് പോർട്ട് ബ്ലയറിൽ നിന്ന് പുറപ്പെട്ടു. ആദിവാസികളായ ജർവാ വിഭാഗത്തിനുവേണ്ടി റിസർവ് ചെയ്ത കൊടുംവനത്തിലൂടെ മൂന്നു മണിക്കൂറോളം യാത്രയുണ്ട്. ഒരു കോൺവോയ് സിസ്റ്റം പോലെയാണ് ഈ യാത്ര. 2004ൽ പുറപ്പെടുവിച്ച വകുപ്പ് പ്രകാരം ഈ വാഹനയാത്ര കർശന നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ജാർവാ ജനവിഭാഗങ്ങളുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നതും അവർക്കു ഭക്ഷണ പാനീയങ്ങൾ കൈമാറുന്നതും ശിക്ഷാർഹമാണ്.

ചുണ്ണാമ്പുകല്ലു ഗുഹയും, ‘മഡ് വോൾകാനോ’യുമാണ് ബാറാടാങ്ങിന്റെ പ്രധാന ആകർഷണം. സ്വതവേ ചൂടുള്ള കാലാവസ്ഥയാണ്. കണ്ടൽ ചെടികൾ നിറഞ്ഞ ദ്വീപിന്റെ തീരപ്രദേശങ്ങളിൽ മുതലകളുണ്ട്. വെള്ളത്തിൽ ഇറങ്ങരുത് എന്ന ബോർഡ് പലഭാഗത്തും കാണാം. നിലമ്പൂർ ജെട്ടിയിൽ നിന്നും ‘ചുണ്ണാമ്പു ഗുഹ’യിലേക്ക് പോകാനുള്ള ബോട്ടുകൾ ലഭ്യമാണ്. യാത്രയിൽ ആദ്യമായി ഒരു മലയാളി സംഘത്തെ  കണ്ടുമുട്ടി. മലപ്പുറം ജില്ലയിൽനിന്നുള്ള ഒരു കൂട്ടം യുവാക്കൾ. കോഴിക്കോട് നിന്നു ട്രെയിനിൽ ചെന്നൈയിൽ  എത്തിയശേഷം അവിടെ നിന്നും കപ്പലിലാണ് അവർ പോർട്ട് ബ്ലയറിലെത്തിയത്. മൂന്ന് ദിവസത്തെ (60 മണിക്കൂർ) കപ്പൽ യാത്ര!

ഏകദേശം 15 മിനിറ്റ് നീണ്ട ബോട്ട് യാത്ര കണ്ടൽ തിങ്ങിനിറഞ്ഞ ചെറുകൈവഴികൾ താണ്ടി ജെട്ടിയിൽ എത്തിച്ചേർന്നു. അവിടെനിന്നുവനപ്രദേശത്തൂടെ ‘നയെദര’ എന്ന ഗ്രാമം കടന്നാണ് പോകേണ്ടത്. ജാർഖണ്ഡിൽ നിന്നുള്ള എട്ട് കുടുംബങ്ങളാണ് വൈദ്യുതി എത്തിയിട്ടില്ലാത്ത ഈ ഗ്രാമത്തിലെ അന്തേവാസികൾ. ഗുഹ കാണാനെത്തുന്ന സഞ്ചാരികൾക്കു ശീതള പാനീയം വിറ്റുകിട്ടുന്ന പണമാണ് 45 പേരോളം അടങ്ങിയ അവരുടെ പ്രധാന വരുമാന മാർഗം.

അനേകം വർഷങ്ങൾക്കു മുൻപ് ആ പ്രദേശം കടലിനടിയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന നിരവധി അടയാളങ്ങൾ എമ്പാടുമുണ്ട്. കുറച്ചുകൂടി മുൻപിലേക്കു നടന്നപ്പോൾ ‘ലൈം േസ്റ്റാൺ ഗുഹ’ എന്ന ബോർഡ് കണ്ടു. ചുണ്ണാമ്പു കല്ലുകളാൽ നിർമിതമായ ഇടുങ്ങിയ ഒരു ഇടനാഴിയിലൂടെയാണ്  ഗുഹയിലേക്ക് കടക്കുന്നത്. കടൽ ജീവികളുടെ പുറംതോടുകളും അസ്ഥികൂടങ്ങളും പവിഴപുറ്റുകളും സമുദ്രാന്തർഭാഗത്ത് അടിഞ്ഞുകൂടി ദശലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ടാണ് ചുണ്ണാമ്പുകല്ലുകൾ രൂപപ്പെട്ടിരിക്കുന്നത്. ഏതോ ദ്രാവകം ഉരുകിയൊലിച്ച് പിന്നീട് ഖരമായതുപോലെയാണ് ഇവയുടെ രൂപകൽപന.

‘മഡ്  വോൾകാനോ’ കാണാൻ പോകുന്നതിന്  വീണ്ടും നിലമ്പൂർ ബോട്ട് ജെട്ടിയിൽ എത്തി. ചെറിയ പട്ടണമാണ് നിലമ്പൂർ. വളരെക്കുറച്ചു  സൗകര്യങ്ങളേയുള്ളൂ. ജീപ്പിൽ അഗ്നിപർവതം സന്ദർശിക്കാനായി പുറപ്പെട്ടു. ദിഗ്‌ലിപുർ റോഡിൽ ഏകദേശം 8 കിലോമീറ്റർ ദൂരത്തിലാണ് മഡ് വോൾകാനോ. പൊതുവഴിയിൽ നിന്നും ഏകദേശം നൂറ് മീറ്റർ ഉള്ളിലായാണ് ഇതിന്റെ നിൽപ്. ആൻഡമാൻ ദ്വീപുകളിലെ 11 അഗ്നിപർവതങ്ങളിൽ എട്ട്  എണ്ണവും ബാറാടാങ്ങിന്റെ വിവിധ പ്രദേശങ്ങളിലായിട്ടാണ്. പർവതത്തിനു ചുറ്റുമായി സന്ദർശകർ കടക്കാതിരിക്കാൻ വേലികളുണ്ട്‌. ഭൂമിക്കടിയിൽ നിന്നു വരുന്ന ചാര നിറത്തിലുള്ള ചെളി ചിലപ്പോ ൾ ശക്തമായും അല്ലാത്തപ്പോൾ സാധാരണ നിലയിലും പുറത്തേക്കു പ്രവഹിക്കുന്നു.

ഹാവ്‌ലോക് ദ്വീപിലെ ഡൈവിങ്

സ്വപ്ന തുല്യമായ ബീച്ചുകൾ കാണാൻ ആഗ്രഹമുണ്ടെങ്കിൽ ഹാവ്‌ലോക്, നീൽ ദ്വീപുകൾ സ ന്ദർശിക്കണം. പോർട്ട് ബ്ലയറിൽ നിന്നും രണ്ടര മണിക്കൂർ ക്രൂയിസ് കപ്പലിൽ സഞ്ചരിച്ചാൽ ഹാവ്‌ലോക്  ദ്വീപിലെത്താം. സുരക്ഷാ പരിശാധനകൾക്ക് ശേഷമേ കപ്പലിൽ പ്രവേശനം ലഭിക്കൂ. ഏറിയപങ്കും ഉത്തരേന്ത്യയിൽ നിന്നുള്ള യാത്രികരായിരുന്നു. യാത്രയോടൊപ്പം ആഘോഷവും തുടങ്ങി. യുവാക്കളും  മുതിർന്നവരും തകർത്തു നൃത്തമാടിയതിനാൽ സമയം പോയതറിഞ്ഞില്ല. കപ്പൽ ഹാവ്‌ലോക് ജെട്ടിയിലെത്തി. ഉത്സവപറമ്പിലേക്കുള്ള ജനപ്രവാഹം പോലെ  ദ്വീപുകളിലേക്കു സന്ദർശകരിറങ്ങി.

മനോഹരമാണ് ഹാവ്‌ലോക് ദ്വീപ്. അടിത്തട്ട് കാണാവുന്ന  സ്ഫടികസമാനമായ സമുദ്രം, നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ... വാട്ടർ സ്പോർട്സും മനോഹരമായ തീരങ്ങളുമാണ് ഈ ദ്വീപിന്റെ ആകർഷണം. കൂടെ  വൈവിധ്യമാർന്ന കടൽ വിഭവങ്ങളും. 

സ്കൂബാ ഡൈവിങ്ങാണ് ഹാവ്‌ലോകിന്റെ ഹൈലൈറ്റ്. 3000 രൂപയ്ക്ക് കടലിനടിയിലെ അദ്ഭുത കാഴ്ചകൾ സ്വന്തമാക്കാം. ദ്വീപിന്റെ പലഭാഗത്തും ഇതിനുള്ള സൗകര്യമുണ്ട്. രക്തസമ്മർദം എറിയവർക്കും അടുത്ത ആറു  മണിക്കൂറിനുള്ളിൽ വിമാനയാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഡൈവ്‌ ചെയ്യാൻ അനുമതി കിട്ടില്ല. ഡൈവിങ്ങിനു വേണ്ട പ്രത്യേക നീന്തൽ വസ്ത്രങ്ങളും പാദരക്ഷയും അവർ നൽകും. 20 മിനിറ്റ് നീളുന്ന പരിശീലത്തിനൊടുവിലാണ് ഡൈവ്‌ ആരംഭിക്കുക. എട്ട്  മുതൽ ഒൻപത് മീറ്ററോളം കടലിനടിയിലേക്കു സഞ്ചരിക്കാം. സ്ഫടികസമാനമായ ജലത്തിൽ മൽസ്യങ്ങൾ നമ്മളെ തൊട്ടുരുമ്മി പോകുന്ന കാഴ്ച ഒരിക്കലും മറക്കാനാവാത്തതാണ്.

‘ഏഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ച്’ എന്ന് ടൈം മാസിക വിശേഷിപ്പിച്ച രാധാനഗർ ബീച്ചിലേക്കായിരുന്നു പിന്നീട് ചെന്നത്. തെങ്ങിൻതോപ്പുകള്‍ നിറഞ്ഞ പ്രദേശത്തുകൂടെ അര മണിക്കൂറോളം യാത്ര. ഇടയ്ക്കിടയ്ക്കായി  ഷീറ്റുകൾ മേഞ്ഞ വീടുകൾ.  മനോഹരമായി നീണ്ടു നിവർന്നു കിടക്കുകയാണ് രാധാനഗർ ബീച്ച്. ഒരു ഭാഗത്തായി കൂറ്റൻ പടോക്ക് മരങ്ങൾ. കടലിലേക്ക് കടപുഴകി വീണുകിടക്കുന്ന വലിയ മരത്തടികൾ തീരത്തെ കൂടുതൽ സുന്ദരിയാക്കി. ആഴം കുറഞ്ഞ  കടൽത്തീരമാണ് രാധാനഗറിന്റെ പ്രത്യേകത. ഇവിടത്തെ അസ്തമയക്കാഴ്ച ലോകപ്രശസ്തമാണ്. ‘‘അസ്തമയത്തിന് രാധാനഗറെങ്കിൽ ഉദയത്തിന് കാലാപത്ഥർ’’ എന്ന മുദ്രാവാക്യം ഞങ്ങളും ഏറ്റുപിടിച്ചു. അടുത്ത ദിവസം നേരത്തേയെണീറ്റ് കാലാപത്ഥറിലേക്ക് വണ്ടിവിട്ടു. ഇവിടുത്തെ ഉദയക്കാഴ്ച പകരം വയ്ക്കാനില്ലാത്തതാണ്.

പേരിൽ മാത്രമേ ആനയുള്ളൂ...

ഹാവ്‌ലോക് ദ്വീപുകളിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു തീരമാണ്  ‘എലഫെന്റ്  ബീച്ച്’. ബീച്ചിന് പേരിലുള്ള ആനയുമായി ഒരു ബന്ധവുമില്ല. വനത്തിനുള്ളിലൂടെ രണ്ട് കിലോമീറ്റർ കാൽനടയായി സഞ്ചരിക്കണം. കൂറ്റൻ പടോക് മരങ്ങളും ഗുർജാൻ  മരങ്ങളും തിങ്ങിനിറഞ്ഞ വനത്തിലൂടെയുള്ള യാത്ര രസകരമാണ്. ആൻഡമാനിന്റെ ദേശീയപക്ഷിയായ  ‘ആൻഡമാൻ വുഡ് പീജിയൻ’ വൃക്ഷത്തലപ്പിലിരുന്ന് വലിയ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നു. സാധരണ കാണുന്ന  പ്രാവുകളിൽ നിന്നും കാഴ്ചയിലും വലുപ്പത്തിലും ശബ്ദത്തിലും വ്യത്യസ്തരാണ് ഇവർ. വളരെ ‌അപൂർവമായേ താഴെയിറങ്ങി വരാറുള്ളൂ. ഒരു കണ്ണാടിപോലെ തിളങ്ങുന്ന കടൽവെള്ളം, തീരത്തോടു ചേർന്ന് ഇലകൾ പൊഴിഞ്ഞ്  ശിഖരങ്ങൾ മാത്രമുള്ള വൃക്ഷം, വെൺമേഘങ്ങൾ നിറഞ്ഞ നീലാകാശം...

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA