sections
MORE

അത്തറു മണമുള്ള കാറ്റ്; ഇന്ത്യയുടെ പെര്‍ഫ്യൂം തലസ്ഥാനത്തേക്ക് യാത്ര

Kannauj
SHARE

തെരുവുകളില്‍ അലഞ്ഞു നടക്കുന്ന അത്തറു മണമുള്ള കാറ്റ്... ഗംഗാ നദിയുടെ കരയില്‍ മുഗള്‍ കാലഘട്ടത്തിന്‍റെ പ്രതാപം പേറുന്ന കെട്ടിടങ്ങള്‍. ചൈനീസ് തീര്‍ഥാടകനായ ഫാഹിയാന്‍ പോലും പുകഴ്ത്തിയ  ആതിഥ്യമര്യാദയുള്ള സമൂഹം. ഒരിക്കല്‍ കന്യാകുബ്ജ എന്നും മഹോദ്യ എന്നുമൊക്കെ അറിയപ്പെട്ടിരുന്ന കനൗജ് സഞ്ചാരികള്‍ക്കിടയില്‍ അത്ര പോപ്പുലര്‍ അല്ലാത്ത  ടൂറിസ്റ്റ് കേന്ദ്രമാണ്. ഉത്തര്‍പ്രദേശിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഹാഭാരത കാലഘട്ടവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ചരിത്രപ്രാധാന്യമുള്ള ഇടം കൂടിയാണ്. 

തലമുറകള്‍ കൈമാറിയ സുഗന്ധക്കൂട്ടുകള്‍

പൂക്കളില്‍ നിന്നും ഔഷധച്ചെടികളില്‍ നിന്നും ഉണ്ടാക്കുന്ന അതീവ സുഗന്ധമുള്ള അത്തറാണ് കനൗജിന്‍റെ മുഖമുദ്ര എന്ന് പറയാം. 'ഇന്ത്യയുടെ പെര്‍ഫ്യൂം തലസ്ഥാനം' എന്നാണ് കനൗജ് അറിയപ്പെടുന്നതു തന്നെ. ഏറെ നേരം നീണ്ടു നില്‍ക്കുന്ന ഹൃദയഹാരിയായ സുഗന്ധമാണ് ഇവിടെ നിര്‍മിക്കപ്പെടുന്ന പെര്‍ഫ്യൂമുകള്‍ക്കുള്ളത്. പുരാതനമായ കെട്ടിടങ്ങള്‍ക്കിടയിലൂടെ അത്തര്‍ മണവും വഹിച്ച് ഒഴുകി വരുന്ന കാറ്റ് നല്‍കുന്ന ഫീല്‍ ഒന്ന് വേറെത്തന്നെയാണ്‌. 

തലമുറകളായി അത്തര്‍ നിര്‍മിക്കുന്ന കുടുംബങ്ങള്‍ ഇവിടെ നിരവധിയുണ്ട്. ഇവരുടെ രക്തത്തിലലിഞ്ഞ സിദ്ധിയാണത്. ഇന്ത്യയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള സുഗന്ധക്കച്ചവടത്തില്‍ കനൗജ് ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. നൂറു കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പെര്‍ഫ്യൂം നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.

കെമിക്കലുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിലകുറഞ്ഞ പെര്‍ഫ്യൂമുകള്‍ വ്യാപകമായതോടെ പലരും പതിയെ ഈ മേഖലയില്‍ നിന്നും പിന്‍വാങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. സഞ്ചാരികള്‍ക്ക് ഈ പെര്‍ഫ്യൂമറികള്‍ നടന്നു കാണാനുള്ള അവസരമുണ്ട്. 

പക്ഷികളെ കാണാം, ചരിത്രമറിയാം

കനൗജിലെ മറ്റൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ലാഖ് ബഹോസി ബേര്‍ഡ് സാങ്ങ്ച്വറി. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതങ്ങളിലൊന്നായ ഇത് ആരംഭിച്ചത് 1989ലായിരുന്നു. ഇവിടെയുള്ള വലിയ തടാകം പക്ഷികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ്. ലോകത്തെമ്പാടു നിന്നും വിവിധ ഇനങ്ങളില്‍ പെട്ട പക്ഷികള്‍ ഇവിടെ വിരുന്നെത്തുന്നു. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് പക്ഷിനിരീക്ഷണത്തിന് ഏറ്റവും പറ്റിയ സമയം.

ചരിത്രരേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ആണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. കനൗജിന്‍റെ പൗരാണികവും ആനുകാലികപ്രസക്തിയുള്ളതുമായ സാംസ്കാരിക പ്രാധാന്യം വിളിച്ചോതുന്ന നിരവധി വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

അത്തര്‍ ഓയിലും മറ്റും വാങ്ങിക്കണം എന്നുള്ളവര്‍ക്ക് വിജയ്‌ മാര്‍ക്കറ്റിലേക്ക് പോകാം. ദിവസം മുഴുവനും തിരക്കേറിയ ചന്തയാണ് ഇത്. നടന്നു നടന്ന്അല്‍പ്പം ക്ഷീണിച്ചാലും അതെപ്പറ്റി ഓര്‍ത്ത് പിന്നീടൊരിക്കലും ഖേദിക്കേണ്ടി വരില്ല. നന്നായി വിലപേശി വേണം വാങ്ങാന്‍ എന്ന കാര്യം മറക്കരുത്.

കനൗജിലെത്താന്‍

തൊട്ടടുത്തുള്ള ഫാറൂഖാബാദ്, ഹാര്‍ദോയ്, കാണ്‍പൂര്‍ പ്രദേശങ്ങളില്‍ നിന്ന് സുഖമായി റോഡ്‌ മാര്‍ഗ്ഗം എത്തിച്ചേരാവുന്ന സ്ഥലമാണ് കനൗജ്. ആഴ്ചാവസാനങ്ങളില്‍ സമയം ചെലവഴിക്കാന്‍ പറ്റിയ ഇടങ്ങളാണ് ഇവ മൂന്നും. 

കനൗജ് റെയില്‍വേ സ്റ്റേഷനിലേക്ക് മറ്റെല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാം. പ്രതിദിനം 28 ട്രെയിനുകള്‍ ഇതിലൂടെ കടന്നു പോകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA