ADVERTISEMENT

ഇത്തവണത്തെ എന്റെ യാത്ര ഒരു ഗേൾസ് ഒൺലി ട്രിപ് ആയിരുന്നു. ലക്ഷദ്വീപിലേക്കായിരുന്നു യാത്ര. സുന്ദരമായ കാഴ്ചകൾകൊണ്ടു സമ്പന്നമായതുകൊണ്ടു തന്നെ ലക്ഷദ്വീപ് കാണാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ വളരെ കുറവാണ്. എന്നാൽ വളരെയധികം കടമ്പകൾ കടന്നാൽ  മാത്രമേ ദ്വീപ് സമൂഹത്തിലേക്കുള്ള പ്രവേശനാനുമതി ലഭിക്കുകയുള്ളൂ. എങ്ങനെ ലക്ഷദ്വീപിലേക്ക് പോകാം എന്നതിനെക്കുറിച്ച് തന്നെ ആദ്യം അറിയാം.

lekshadweep-travel3

ചില കർശന നിബന്ധനകളും നിയമങ്ങളും ഇപ്പോഴും നിലനിൽക്കുന്നതിനാൽ മറ്റ് ദ്വീപുകൾ പോലെ ടൂറിസം വാണിജ്യവൽക്കരിക്കപ്പെട്ടില്ലാത്ത മനോഹരമായ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീസ പോലുള്ള എൻട്രി പെർമിറ്റ് (Entry Permit) ആവശ്യമാണ്. ഇതിനായി നിങ്ങളുടെ താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി (Clearance Certificate) അപേക്ഷ നൽകണം. ഇതിനുള്ള അപേക്ഷാ ഫോം ഓൺലൈനിൽ ലഭ്യമാണ്.

lekshadweep-travel4

അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖകളും 3 പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകണം. ലഭിക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും എൻട്രി പെർമിറ്റ് (Entry Permit)ഫോം പൂരിപ്പിച്ചതും (ഇതും ഓൺലൈനിൽ ലഭിക്കും) കൊച്ചി വെല്ലിംഗ്ടൺ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നൽകി 50 രൂപ ഫീസും അടച്ചാൽ എന്‍ട്രി പെർമിറ്റ് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പെർമിറ്റ് ലക്ഷദ്വീപിൽ എത്തി അവിടുത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സമർപ്പിക്കണം.

lekshadweep-travel2

കൊച്ചിയിൽ നിന്നു ആഴ്ചയിൽ ആറു ദിവസം എയർ ഇന്ത്യയുടെ വിമാന സർവീസ് ലക്ഷദ്വീപിലേക്കുണ്ട്. ഒരു മണിക്കൂർ കൊണ്ട് ദ്വീപിലെത്താം. ഏകദേശം 12,000 രൂപയാണ് രണ്ടു ഭാഗത്തേക്കുമുള്ള ടിക്കറ്റു നിരക്ക്. കുറച്ചു പേർക്കു മാത്രം സഞ്ചരിക്കാൻ പറ്റുന്ന  ചെറുവിമാനമാണിത്. ലഗ്ഗേജുകൾ കഴിവതും കുറച്ചു കൊണ്ടു പോകാൻ പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷദ്വീപിലെ അഗത്തി ഐലന്‍ഡിലാണ് വിമാനത്താവളം. കൊച്ചിയിൽ നിന്ന് കപ്പൽ മാർഗവും ദ്വീപിലെത്താം. ഏകദേശം 15 മണിക്കൂർ വേണ്ടി വരും.

കുറച്ചു ഹോം സ്റ്റേകളും ചെറിയ റിസോട്ടുകളുമാണിവിടുള്ളത്. ഇവ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന സൗകര്യവുമുണ്ട്. മറ്റ് ദ്വീപുകളിലാണ് റിസോർട്ട് ബുക്കുചെയ്യുന്നതെങ്കിൽ ബോട്ടു മാർഗം പോകേണ്ടതാണ്. ലക്ഷദ്വീപിലെ കാലാവസ്ഥ കേരളത്തിന്റേതു പോലെതന്നെയാണ്. ഭക്ഷണവും കേരളത്തോട് സാമ്യമുള്ളതു തന്നെ. ഭാഷ മലയാളമാണ്. ഇംഗ്ലീഷും വശമുണ്ട്. വളരെ നല്ല ആതിഥേയരാണ്. മഴക്കാലത്ത് കഴിവതും യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. 

കടലുമായി ബന്ധപ്പെട്ട് വാട്ടർ സ്പോർട്ടുകളായ സ്കൂബാ, സ്നോർക്കലിംഗ്, വിൻഡ് സർഫിങ്ങ്, കയാക്കിങ്ങ്, കനോയിംഗ്, ഫിഷിങ്ങ് തുടങ്ങിയവയക്കെല്ലാം ധാരാളം അവസരങ്ങളുണ്ടവിടെ. കുടുംബമായും കൂട്ടുകാരുമായും സോളോ ട്രിപ്പ് ആയാലും വളരെ ആസ്വദിക്കാൻ പറ്റുന്ന ഒരു കടലോര വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ്.

lekshadweep-travel6

ലക്ഷദ്വീപ് അനുഭവങ്ങൾ 

കൊച്ചിയിൽ നിന്നും വിമാനമാർഗ്ഗമാണ് അഗത്തിയിലെത്തിയത്. വിമാനത്താവളത്തിന് തൊട്ടടുത്തുതന്നെയുള്ള സുഹൃത്ത് ഷമീമിന്റെ ‘കോറൽ പാരഡൈസ്’ എന്ന റിസോർട്ടാണ് താമസത്തിനായി ബുക്കു ചെയ്തത്. വളരെ മനോഹരവും വൃത്തിയുള്ളതും സൗകര്യങ്ങളോടും കൂടിയ ചെറിയ കോട്ടേജുകളാണ് കോറൽ പാരഡൈസ്. ഒരു വിളിപ്പാടകലെ ഇരുവശത്തും പച്ച കലർന്ന നീലക്കടൽ. ദ്വീപിനെ പ്രതിരോധിക്കാനെന്നവണ്ണം ചുറ്റും ഒരേ ഉയരത്തിൽ പവിഴപ്പറ്റുകൾ. വെള്ള മണൽത്തീരം ആദ്യ കാഴ്ചയിൽ തന്നെ ആരുടെയും മനസ്സുകവരുന്ന മനോഹര ഇടമാണ് ഇവിടം. കാഴ്ചകൾ ആസ്വദിച്ചിരിക്കുമ്പോൾ മത്സ്യവിഭവങ്ങളുമായി സ്വാദിഷ്ടമായ ഊണു തയാറായി.

lekshadweep-travel7

ശേഷം സ്കൂബാ ഡൈവിംഗ് സംവിധാനവുമായി ദാവൂദും സംഘവും എത്തി. ഓക്സിജൻ മാസ്ക്കും കടലിനടിയിൽ അത്യാവശ്യം ഉപയോഗിക്കേണ്ട ആംഗ്യ ഭാഷയും വശമാക്കി കടലിനടിയിലേക്കിറങ്ങി. സ്കൂബഡൈവിങ് നല്ലൊരു അനുഭവമായിരുന്നു. ആദ്യമായതിനാൽ നല്ല ഭയമുണ്ടായിരിന്നുവെങ്കിലും ഷമീം ധൈര്യം തന്നതോടെ ഞങ്ങൾക്ക് ആവേശമായി. പുറമേ കണ്ട കാഴ്ചകളൊന്നുമല്ല കടലിനടിയിൽ എത്തിയപ്പോഴാണ് യഥാർത്ഥ സൗന്ദര്യം അറിയുന്നത്. വിവിധ നിറങ്ങളുള്ള ചെടികളും ആനിമൽ പ്ലാനറ്റ് ചാനലിൽ മാത്രം കണ്ടിട്ടുള്ള തരം കടൽ ജീവികളും കടൽക്കുതിരകളും, ജെല്ലിഫിഷും വർണ്ണ മത്സ്യക്കൂട്ടങ്ങളും. മുകളിൽ നിന്ന് സൂര്യരശ്മികൾ താഴേക്ക് ഒലിച്ചിറങ്ങുന്നത് കാണാൻ നല്ല ഭംഗിയാണ്. നീമോ മത്സ്യക്കൂട്ടത്തോടൊപ്പം ഞങ്ങളും നല്ലൊരു അനുഭവമായിരുന്നു.

ചെറുതും വലുതുമായ ദ്വീപുകളാണ് ഇവിടുള്ളത്. അടുത്ത ദിവസം രാവിലെ ബോട്ടിൽ ബങ്കാരത്തിലേക്കും അവിടെ നിന്നും തിണ്ണക്കരയിലേക്കും തിരിച്ചു. താരതമ്യേന ചെറുതും മനോഹരവുമായ ഒരു ദ്വീപാണ് തിണ്ണക്കര. വേലിയിറക്ക സമയത്ത് ഇവിടെ എത്തിയതു കാരണം ഏകദേശം അരക്കിലോ മീറ്റർ ബോട്ട് മാറ്റിനിർത്തി കടലിലൂടെ കരയിലേക്ക് നടന്നു കയറി.

lekshadweep-travel5

ഇവിടുത്തെ ഹോം സ്റ്റേയിലൊന്നിൽ ഞങ്ങൾക്കുള്ള ഭക്ഷണം മുൻകൂട്ടി പറഞ്ഞ പ്രകാരം ഒരുക്കിയിരുന്നു. തെങ്ങിൻ നിന്നുള്ള കരിക്കിൻ വെള്ളം പോലത്തെ പാനീയം സ്വാദിഷ്ടമാണ്. അതുപോലെ നിരവധി തേങ്ങാ വിഭവങ്ങളും അവിടെ നിന്നും രുചിക്കാനായി. കേരം തിങ്ങും നാടെന്ന വിശേഷണം കേരളത്തിനുള്ളതാണ്, ലക്ഷദ്വീപ് കണ്ടാലും ആരും ആ മൊഴി മാറ്റിപ്പറയില്ല. ദ്വീപിലെ കാഴ്ചകളിൽ ഒരു പ്രധാന സ്ഥാനമുണ്ട് തെങ്ങുകൾക്ക്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും തെങ്ങിൻതോപ്പുകളാണ്. മലയാളമാണ് ഭാഷയെങ്കിലും അവർ തമ്മിൽ നീട്ടിയും കുറുക്കിയും പ്രത്യേക രീതിയിലാണ് സംസാരിക്കുന്നത്. അത്യാവശ്യം ഇംഗ്ലീഷും ഇവർക്കറിയാം. ആയിരക്കണക്കിന് ദേശാടനപ്പക്ഷികൾ വിരുന്നു വരുന്ന ഒരിടമാണ് തിണ്ണക്കര. പക്ഷികൾ ഭയമില്ലാതെ കടലിലും തീരത്തുമായി ഉല്ലസിച്ച് പറന്നുയരുന്നത് കാണാനും വളരെ രസകരമാണ്.

ഞങ്ങളോടൊപ്പം സുഹൃത്ത് ഷമീമും നിവാസികളായ അമീർ, ഫൈസി, അക്രം തുടങ്ങിയവരും എയർപോർട്ടു ജീവനക്കാരനായ രാകേഷും, പിന്നെ ബോട്ടു ജീവനക്കാരും ഉണ്ടായിരുന്നു. ഓടുന്ന ബോട്ടിൽ ചൂണ്ടയിട്ട് മീൻപിടിക്കാൻ ഞങ്ങൾക്കും അവസരം ലഭിച്ചു. കൂടാതെ കടലിന്റെ ഒത്ത നടുക്കെത്തിയപ്പോൾ അമീറും ഷമീമും ഞങ്ങളെ സ്നോർക്കലിംഗിന് കടലിൽ ഇറങ്ങാൻ അവസരവും നൽകി. ഒരു ബഹുനില മന്ദിരത്തിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കുന്നതു പോലെയുള്ള അനുഭവമാണ് സ്നോർക്കലിംഗ് സമ്മാനിച്ചത് വല്ലാത്ത അതിസാഹസികമായ ഒരനുഭവമായിരുന്നത്. സുന്ദരകാഴ്ചകൾ എല്ലാം ആസ്വദിച്ച് തിരികെ റിസോർട്ടിൽ എത്തുമ്പോൾ സൂര്യൻ അതിന്റെ സ്വർണ്ണനിറം മുഴുവൻ ഉരുക്കി ഒഴിച്ചപോലെ കടൽ തിളങ്ങുകയായിരുന്നു.

പവിഴപുറ്റുകളുടെ സൗന്ദര്യമാണ് ലക്ഷദ്വീപിലെ സുന്ദരിയാക്കുന്നത്‌. പല വർണങ്ങളിൽ, നയനാന്ദകരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇവയൊന്നു തൊട്ടുനോക്കാമെന്നു കരുതിയാൽ പോലും ശിക്ഷ ലഭിക്കും. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ പവിഴപുറ്റുകളുടെ സംരക്ഷണത്തിനായി കേന്ദ്ര ഗവണ്മെന്റ് പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്. പവിഴപ്പുറ്റുകളെ നശിപ്പിക്കുകയോ അതിൽ തൊടുകയോ ചെയ്യാൻ പാടില്ല. അതുകൊണ്ടു തന്നെ, കണ്ണുതുറന്നു പവിഴപുറ്റുകളുടെ മനോഹര സൗന്ദര്യം ആസ്വദിക്കുക, ആ സൗന്ദര്യത്തിൽ അലിഞ്ഞില്ലാതാകുക എന്നതിൽ കവിഞ്ഞു ഒന്നും അരുതെന്ന കാര്യം യാത്രയിൽ എപ്പോഴും ഓർമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com