ADVERTISEMENT

ഗോവയിലേക്കുള്ള  യാത്ര കുറേയേറെക്കാലമായുള്ള ആഗ്രഹമായിരുന്നു. പറഞ്ഞും അറിഞ്ഞും കേട്ട ആ നാടിനെ നേരിട്ടാസ്വദിക്കാൻ ഞാൻ യാത്ര പുറപ്പെട്ടു.  നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഗോവയിലെ സീസൺ. സാധാരണ അവിടെയുള്ള സന്ദർശകരുടെ ഇരട്ടിയിലധികം ആളുണ്ടാകും ഈ സമയത്ത്. സ്വദേശികളും വിദേശികളുമായി ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെക്കൊണ്ട് നിറയും സീസണിൽ ഗോവൻ തെരുവുകൾ.

goan-trip7

എന്റെ യാത്രയും നവംബറിലെ അവസാന ആഴ്ചയിലായിരുന്നു. സീസൺ തുടങ്ങുന്ന ആഴ്ച്ച. സത്യത്തിൽ അക്കാര്യം പാടേ ഓർക്കാതെയായിരുന്നു  യാത്ര തീരുമാനിച്ചതും. അതിന്റെ പ്രത്യാഘാതം ഇത്ര ഭീകരമാകുമെന്ന് പ്രതീക്ഷിച്ചില്ല. അത് വഴിയേ മനസിലാകും. ചെലവ് ചുരുക്കലിന്റെ ഭാഗമായി വിമാനത്തെ പിന്തള്ളി ട്രെയിലായിരുന്നു പോക്ക്. 

goan-trip3

ട്രെയിൻ യാത്ര കുറച്ചു കൂടി രസകരമാണല്ലോ. പോകും വഴികളിലെ കാഴ്ചകളൊക്കെയും മനോഹരമായിരിക്കും. ഒരു ജനൽനോട്ടത്തിനപ്പുറം അറിയാത്തനാടുകളും ചിലപ്പോൾ അതിഗംഭീര ദൃശ്യങ്ങളും കണ്ണിലൂടെ ഓടി മറയും. കൊച്ചിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. എറണാകുളം ജംഗ്ഷൻ, ടൗൺ സ്റ്റേഷനുകളിൽ നിന്ന് ഒരു സ്പെഷ്യൽ ട്രെയിനടക്കം ഒൻപതോളം ട്രെയിനുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഗോവയിലെ മഡ്ഗോൺ വഴി കടന്നു പോകുന്നുണ്ട്. 12 മണിക്കൂറാണ് യാത്ര സമയമെങ്കിലും നമ്മുടെ റയിൽവേ ആയതിനാൽ ആ 12 നോട് ഒരു 4-5 മണിക്കൂർ കൂടി കൂട്ടണം എന്നു മാത്രം. ട്രെയിൻ പറഞ്ഞതിലും അരമണിക്കൂർ വൈകിയാണ് വന്നതെങ്കിലും എന്തായാലും സഞ്ചാരം ആരംഭിച്ചു.

goa-trip

കാഴ്ചകളുടെ അതിർത്തി കടന്ന്

അതിർത്തികൾ പലത് പിന്നിട്ട് ഒടുവിൽ ഞാൻ ലക്ഷ്യത്തിനടുത്ത് ഇറങ്ങിയിരിക്കുന്നു. മഡ്ഗോൺ എന്ന് പൊതുവെയും മർഗോവ എന്ന് ഗോവൻസും വിളിക്കുന്ന സ്ഥലത്ത് കാലു കുത്തി. ഒരാൾക്ക് കൊച്ചിയിൽ നിന്ന് മഡ്ഗോൺ വരെ സ്ലീപ്പർ ടിക്കറ്റ് 385- 410 രൂപ വരെയാണ് നിരക്ക്. എ സി ആണെങ്കിൽ 1500 വരെയുണ്ട്. 

goan-trip1

മഡ്ഗോണിൽ നിന്ന് എകദേശം 41 കിലോമീറ്റർ ദൂരമുണ്ട് ഗോവയുടെ തലസ്ഥാനമായ പനാജിയിലേക്ക്. ഇനിയാണ് ശരിക്കും കഥ തുടങ്ങുന്നത്. നേരത്തേ പറഞ്ഞല്ലോ സീസൺ ആണെന്ന്. ഈ സീസൺ എന്നു പറയുന്നത് ശരിക്കും ഒരു കൊള്ളയാണ്. ടാക്സി മുതൽ പ്രൈവറ്റ് ബസുകൾ വരെ കൊള്ള നടത്തും നമ്മളോട്. ഓഫ് സീസണിൽ 500 രൂപ ടാക്സി ചാർജ്ജ് സീസൺ തുടങ്ങിയാൽ നേരെ ഇരട്ടിയാകും. ഞാനാണെങ്കിൽ ഗൂഗിളിൽ ഒക്കെ നോക്കി കണക്കു കൂട്ടി വച്ചതെല്ലാം ഒറ്റവാക്കിൽ ടാക്സി ചേട്ടൻ പൊളിച്ചടുക്കി കയ്യിൽ തന്നു. 

goan-trip6

ഹിന്ദിയും ഇംഗ്ലീഷും പിന്നെ മാതൃഭാഷയും എല്ലാം ചേർത്ത് അവിയൽ പരുവത്തിൽ പറഞ്ഞു ഒതുക്കി ഒരു വിധം പനാജിയിൽ എത്തി. ഒരു ബന്ധു അവിടെ ഉണ്ടായിരുന്നതിനാൽ താമസം വലിയ നഷ്ടമില്ലാതെ തരപ്പെട്ടു. ദിവസം 500 രൂപ വാടകയുള്ള ഒരു ചെറിയ മുറിയായിരുന്നു അത്. പകലു മുഴുവൻ കറങ്ങി രാത്രിയൊന്ന് തല ചായ്ക്കാൻ ഇതു തന്നെ ധാരാളമെന്ന് ഞാൻ ഉറപ്പിച്ചു. മീരാ മാർ എന്ന ഗോവയിലെ വളരെ പ്രശസ്തമായൊരു ബീച്ച് സൈഡിലായിരുന്നു എന്റെ താമസം. റൂമിൽ നിന്ന് കഷ്ഠിച്ച് 100 മീറ്റർ നടന്നാൽ ബീച്ചായി. 

ഗോവൻ ചരിതം 

ടാക്സിയുടേയും റെന്റ് എ കാറിന്റെയും നിരക്ക് കേട്ട് കണ്ണുതള്ളിയ ഞാൻ രണ്ടും കൽപ്പിച്ച് ബസിൽ കയറാൻ തീരുമാനിച്ചു. നമ്മുടെ നാട്ടിൽ പ്രൈവറ്റ് ബസിൽ നടത്തുന്ന അത്രയും അങ്കമൊന്നും അവിടെ വേണ്ടി വരില്ലെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ബസിൽ കയറിയതും ആ മുൻ വിധികളൊക്കെ വേറെ വണ്ടി വിളിച്ച് പോയിരുന്നു. നമ്മൾ നാട്ടുകാരല്ല എന്നു മനസിലായാൽ അവർക്കു തോന്നുന്ന നിരക്കാണ്. ഗോവയിൽ എവിടേയ്ക്ക് പോകാനും പനാജിയിൽ എത്തണം. ഞാനും ഒരു പനാജി ടിക്കറ്റ് എടുത്തു. പൈസ മാത്രമേ കൊടുത്തുള്ളു. ടിക്കറ്റ് മഷിയിട്ട് നോക്കിയാൽ പോലും ഗോവയിൽ എങ്ങും കാണില്ല. 

goan-trip5

കേരളത്തിന്റെ പ്രകൃതിയോട് ഏറെ സാമ്യമുണ്ട് ഗോവയ്ക്കും.വ്യത്യാസം അവരുടെ ജീവിത രീതിയിലും സാമൂഹിക പരിസരങ്ങളിലും മാത്രമാണ്. പനാജിയിൽ നിന്നും ഗോവയുടെ ഏത് കോണിലേക്കും പോകാം. ബസ് മാർഗമോ ടാക്സി മുഖാന്തരമോ എങ്ങിനേയും. ബസുകൾ പോകുന്ന വഴികൾ ഗംഭീരമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. ശരിക്കും പറഞ്ഞാൽ നമ്മുടെ മലബാർ കടലോര പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതിന് സമാനമാണത്. ബീച്ചുകൾക്കു പോലും ഒരു മലയാള മൊഞ്ചുണ്ട്. ടൂറിസം എന്താണെന്ന് ഗോവാക്കാരെ കണ്ട് പഠിക്കണം. രാവിലത്തെ ആഹാരം മുതൽ വീട്ടിലെ പറമ്പിൽ ഉണ്ടാകുന്ന ഇളനീർ വരെ അവർ ടൂറിസവുമായി കണക്റ്റ് ചെയ്തിരിക്കുന്നു. 

goan-trip4

നാട്ടിൽ യാത്ര ചെയ്യുന്ന അതേ ഫീലാണ് ഗോവയിലെ വഴികളിൽ. വളരെ ചെലവ് കുറഞ്ഞൊരു യാത്രാ മാർഗം കൂടിയാണ് ഈ പൊതുഗതാഗത സംവിധാനം. അതുപോലെ തന്നെയാണ് മണ്ടോവി നദിയിലൂടെയുള്ള ജങ്കാർ സർവ്വീസും. വാഹനത്തിന് മാത്രം പണം നൽകിയാൽ മതി, നമുക്കൊക്കെ ഫ്രീയായി സഞ്ചരിക്കാം. ഒരു കരയിൽ നിന്ന് മറക്കരകളിലേക്ക് തികച്ചും സൗജന്യമായിയൊരു ബോട്ട് യാത്ര .

ഞാൻ ഗോവൻ യാത്രയിൽ ശ്രദ്ധിച്ചൊരു കാര്യം പറയാം. അവിടെ എല്ലായിടത്ത് പോകാനും റെന്റിന് ടൂവീലറും ഫോർ വീലറും ലഭിക്കും, നമുക്ക് തന്നെ ഓടിച്ച് നടക്കുകയും ചെയ്യാം. ഭൂരിഭാഗം ടൂറിസ്റ്റുകളും ചെയ്യുന്നതും അങ്ങനെ തന്നെ. എന്നാൽ വളരെയധികം വിദേശ വിനോദ സഞ്ചാരികൾ ഈ പറഞ്ഞ പൊതുഗതാഗത മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നതായി കണ്ടു. ബസിൽ കയറിയാൽ തനിക്കിറങ്ങേണ്ട സ്ഥലം വരെ എത്ര രൂപയാകുമെന്ന് കൃത്യമായി കണക്കാക്കി അവർ പണവും നൽകുന്നു. എനിക്കൊപ്പം യാത്ര ചെയ്ത ഒരു വിദേശ വനിതയോട് യാത്രാ നിരക്ക് അറിയുമോ എന്ന് ചോദിച്ചു. ഒരാഴ്ചയിൽ അധികമായി താൻ ഇവിടെ വന്നിട്ടെന്നും ആദ്യ ദിവസങ്ങളിൽ പല ബസിലും പല നിരക്കാണ് വാങ്ങിയതെന്നും അവർ പറഞ്ഞു. പിന്നിട് ബസ്റ്റാന്റിൽ ചെന്ന് തിരക്കിയപ്പോൾ അവർ നിരക്ക് പട്ടിക നൽകിയെന്നും അത് പ്രകാരമാണ് താനിപ്പോൾ ബസിൽ സഞ്ചരിക്കുന്നതെന്നും അവർ പറഞ്ഞു.ഞാനും പിന്നെ വിട്ടു കൊടുത്തില്ല, ഗോവയിൽ നിന്ന ദിവസങ്ങളത്രയും ബസിൽ തന്നെയാണ് യാത്ര ചെയ്തതും, ടിക്കറ്റ് പൈസ കറക്റ്റായി കൊടുക്കുക്കുകയും ചെയ്തു. ഒരു അണാ പൈസ കൂടുതൽ തരില്ലെന്ന് കട്ടായം പറഞ്ഞു. പിന്നല്ലാ, കളി നമ്മളോടോ ബാലാ. 

goan-trip

ഐഎഫ്എഫ്ഐ എന്ന ബോണസ്

ചില യാത്രകളിൽ നമ്മൾ പ്രതിക്ഷിക്കാതെ വീണു കിട്ടുന്ന ചിലതുണ്ട്, എന്നെന്നും മനസിൽ മായാതെ നിൽക്കുന്ന ചില വിസ്മയങ്ങൾ. ഗോവൻ യാത്രയിൽ എനിക്ക് കിട്ടിയ സമ്മാനമായിരുന്നു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ. ഡെലിഗേറ്റ് അല്ലാത്തതിനാൽ സിനിമകൾ ഒന്നും കാണാനായില്ലെങ്കിലും ആ കലാ മാമാങ്കത്തിന് സാഷ്യം വഹിക്കാനായത് തന്നെ ഭാഗ്യമായി കരുതുന്നു. ഇനി ഫിലിം ഫെസ്റ്റിവൽ കാണാനായി മാത്രം ഒരിക്കൽ കൂടി ഗോവയ്ക്ക് പോകണം.

ചില കാര്യങ്ങൾ ശ്രദ്ധിക്കാം

ഒറ്റയ്ക്കാണ് യാത്രയെങ്കിൽ ഈ പറഞ്ഞതുപോലെ ബസാണ് ഉചിതം. ഗോവയുടെ ഉൾകാഴ്ച്ചകളിലേയ്ക്ക് ആ ബസ് നിങ്ങളെ കൊണ്ടു പോകും. ബീച്ചുകൾ മാത്രമല്ല, എണ്ണമറ്റ പോർച്ചുഗീസ് നിർമ്മിതികളാലും സമ്പന്നമാണീ നാട്. പകൽ ചരിത്ര രേഖകളായ കോട്ടകളും പള്ളികളും സന്ദർശിക്കാം. വൈകുന്നേരം ബീച്ചിലാക്കാം. ഓട്ടോ ചേട്ടൻമാർ പല നിരക്ക് പറയും, ഒടുവിൽ ഞാൻ ഇതേ തരൂ എന്ന് പറഞ്ഞ് വണ്ടിയിൽ കയറിക്കോളണം. 

English Summery :  Tips For First-Time Visitors to Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com