ADVERTISEMENT

നാഗന്‍ ഗോത്രസംസ്കാരത്തിന്‍റെ കാഴ്ചകളും ആഘോഷവുമായി എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നു മുതല്‍ പത്തു വരെയാണ് നാഗാലാ‌‍ന്‍ഡില്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുക. 'ഫെസ്റ്റിവല്‍ ഓഫ് ഫെസ്റ്റിവല്‍സ്' എന്നാണ് ഇത് അറിയപ്പെടുന്നതു തന്നെ. നാഗാലാ‌‍ന്‍ഡിലെ വിവിധ ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിനുമായി നാഗാലാന്‍ഡ്‌ സര്‍ക്കാര്‍ തന്നെയാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്.

nagaland-travel2

നാഗാലാ‌‍ന്‍ഡ് ജനതയുടെ അറുപതു ശതമാനത്തിലധികം കൃഷിയെ ആശ്രയിച്ചാണ്‌ നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആഘോഷങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത് കൃഷിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഹോണ്‍ബില്‍ ഫെസ്റ്റിവലും വ്യത്യസ്തമല്ല. ഇത്തരം ആഘോഷങ്ങള്‍ വളരെ പവിത്രമായി കരുതുന്നവരാണ് നാഗന്മാര്‍. അവരെ സംബന്ധിച്ച് ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമുള്ള കാര്യമാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ മാസമാകുമ്പോള്‍ കസാമയിലെ നാഗ ഹെറിറ്റേജ് വില്ലേജില്‍ ഇവിടത്തെ 17 തനതു ഗോത്രവര്‍ഗ്ഗക്കാര്‍ എത്തും. ലോകത്തിനു മുന്നില്‍ തങ്ങളുടെ സംസ്കാരം വെളിപ്പെടുത്തും.

nagaland-travel4

എങ്ങനെയാണ് പോകേണ്ടത്?

നാഗാലാ‌‍ന്‍ഡിന്‍റെ തലസ്ഥാനമായ കൊഹിമയില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരെയാണ് കിസാമ. മൗണ്ട് ജാപ്ഫുവിന്‍റെ അടിവാരമായ ഇവിടെയാണ്‌ ഹോണ്‍ബില്‍ ഉത്സവം നടക്കുന്ന നാഗ ഹെറിറ്റേജ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.

nagaland-travel

ദിമാപൂര്‍ ആണ് ഇതിനടുത്തുള്ള എയര്‍പോര്‍ട്ട്. വിമാനമിറങ്ങി റോഡ്‌ മാര്‍ഗ്ഗം നിന്ന് ഹെറിറ്റേജ് വില്ലേജിലെത്താൻ ഏകദേശം മൂന്നര മണിക്കൂറെടുക്കും. ട്രെയിന്‍ വഴിയാണ് പോകുന്നതെങ്കില്‍ ഗുവാഹത്തിയില്‍ ഇറങ്ങുക. ശേഷം ദിമാപൂർ റെയിൽ‌വേ സ്റ്റേഷനിലേക്ക് മറ്റൊരു ട്രെയിനില്‍ പോകാം. ട്രെയിന്‍ യാത്ര മനോഹരമായ കാഴ്ചകളാല്‍ സുന്ദരമാണ്. ട്രെയിന്‍ ഇറങ്ങിയ ശേഷം കൊഹിമയിലേക്ക് ടാക്സി വിളിക്കാം. ഷെയര്‍ ടാക്സിക്ക് ഒരാള്‍ക്ക് ഏകദേശം 200 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്.

രാവിലെ പത്തരയോടെ ആരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരം നാലുമണി വരെ നീണ്ടു നില്‍ക്കും. മഞ്ഞുകാലമായതിനാല്‍ വൈകുന്നേരമാകുമ്പോഴേക്കും പെട്ടെന്ന് ഇരുട്ടു വീഴും. താമസ സ്ഥലത്തേക്കുള്ള വഴിയും മറ്റും ആദ്യമേ കൃത്യമായി അറിഞ്ഞു വയ്ക്കേണ്ടതും തണുപ്പിനുള്ള വസ്ത്രങ്ങളും മറ്റും കയ്യില്‍ കരുതേണ്ടതും അത്യാവശ്യമാണ്.

എന്തൊക്കെയാണ് പരിപാടികള്‍?

nagaland-travel3

ഓരോ ദിവസവും രവിലെയാകുമ്പോള്‍ മുതല്‍ ഇവിടെയുള്ള വലിയ ഗ്രൗണ്ടില്‍ നാഗന്മാരുടെ നാടൻ പാട്ടുകൾ, തദ്ദേശീയ നൃത്ത രൂപങ്ങൾ, ഗോത്രക്കളികൾ, അമ്പെയ്ത്ത്, ഗുസ്തി പോലെയുള്ള കായിക മത്സരങ്ങൾ എന്നിവ അരങ്ങേറും. കരകൌശല വസ്തുക്കളുടെ പ്രദര്‍ശനം, പ്രാദേശിക ഭക്ഷണപാനീയങ്ങൾ, സംഗീത കച്ചേരികൾ, ഫാഷൻ ഷോകൾ, ഫ്ലവർ ഷോകൾ തുടങ്ങിയവയുമുണ്ട്. പ്രാദേശിക വാസ്തുവിദ്യയുടെ അതിശയകരമായ മാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്ന നാഗ മോറംഗ്സ് എക്സിബിഷനാണ് മറ്റൊരു ആകര്‍ഷണം.

nagaland-3

ഇതിന്‍റെ ഭാഗമായി ദിമാപൂരില്‍ ഹോൺബിൽ മ്യൂസിക് ഫെസ്റ്റിവലും അരങ്ങേറാറുണ്ട്. തത്സമയ സംഗീതകച്ചേരികളും റോക്ക് ബാൻഡ് മത്സരവുമൊക്കെ ഉള്‍പ്പെട്ട ഈ പരിപാടിയില്‍ അന്താരാഷ്‌ട്ര കലാകാരന്മാരും മാറ്റുരയ്ക്കുന്നു.നാഗാലാ‌‍ന്‍ഡിന്‍റെ സംസ്ഥാന പക്ഷിയാണ് വേഴാമ്പല്‍. അങ്ങനെയാണ് ഈ ഉത്സവത്തിന് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ എന്ന് പേര് വന്നത്. 

nagaland-4

ഗോത്രവര്‍ഗ്ഗങ്ങളെപ്പറ്റി

നാഗാലാ‌‍ന്‍ഡിന്‍റെ വൈവിധ്യമാര്‍ന്ന ഗോത്ര സംസ്കാരത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള മികച്ച അവസരമാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ എന്ന് പറയാം. അംഗാമി, ആവോ, കൊന്യാക്, ചാഖേസാംഗ്, ചാംഗ്, ദിമാസ കചാരി, ഖിയാംനിയുങ്ങന്‍, കുകി, ഫോം, പോച്ചുറി,രെങ്ങ്മ, സുമി, ഗാരോ, സാങ്ങ്തം, സീലിയാങ്ങ്സ്, ലോതാസ്, യുംചുങ്ഗ്രു എന്നിവയാണ് ഇവിടെയെത്തുന്ന 17 ഗോത്രങ്ങള്‍. ഇവര്‍ക്ക് ഓരോരുത്തര്‍ക്കുമായി 17 കുടിലുകളും കിസാമയിലുണ്ട്. ഇവയില്‍ അതാത് ഗോത്രക്കാരുമായി ബന്ധപ്പെട്ട ദേവതകളെയും കാണാം. 

ഭക്ഷണവും റൈസ് ബിയറും 

ചോറ്, മോമോസ്, ന്യൂഡില്‍സ് മുതലായവ നാഗ ഭക്ഷണത്തിന്‍റെ ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങളാണ്. മത്സ്യം, ചിക്കന്‍, പോര്‍ക്ക്‌ മുതലായവയും വേവിച്ച പച്ചക്കറികളും ചോറിനൊപ്പം കഴിക്കുന്നതാണ് ഇവിടത്തെ ശീലം. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇവിടെ കൂടുതലും കിട്ടുന്നത്. ഫെസ്റ്റിവല്‍ വേദിയില്‍ ഓരോ നാഗാ കുടിലുകള്‍ക്കരികിലും അതാതു ഗോത്രത്തിന്‍റെ തനതു ഭക്ഷണം തയ്യാറാക്കി വില്‍ക്കാന്‍ വച്ചിരിക്കും. ഓരോ ഗോത്രങ്ങളിലെയും ആളുകളുമായി സംസാരിക്കാനും ഇവിടെ അവസരമുണ്ട്. 

nagaland-travel1

കുപ്പിയില്‍ കിട്ടുന്ന വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. ഡ്രൈ സ്റ്റേറ്റ് ആണെങ്കിലും ചില റസ്റ്റോറന്റുകളില്‍ മാത്രം മദ്യവും കിട്ടും. ഇവിടത്തെ റൈസ് ബിയര്‍ ഏറെ പ്രശസ്തമാണ്. നമ്മുടെ നാട്ടിലെ കള്ളൊക്കെ പോലെ അരി ഉപയോഗിച്ച് നാഗാലാന്‍ഡുകാര്‍ ഉണ്ടാക്കുന്ന ഒരു തരം പ്രാദേശിക മദ്യമാണ് ഇത്. കൂടാതെ വിവിധ തരം പഴങ്ങളും മറ്റും ഉപയോഗിച്ചുണ്ടാക്കുന്ന വൈനുകളും ലഭ്യമാണ്.

ഫെസ്റ്റിവല്‍ മാത്രമല്ല, ചുറ്റും കാണാന്‍ വേറെയുമുണ്ട് 

എന്തായാലും നാഗാലാ‌‍ന്‍ഡ് വരെ വന്നു, ഇനി കുറച്ചു കൂടി കാര്യങ്ങള്‍ കണ്ടിട്ട് പോകാം. ഹോണ്‍ബില്ലിന് പോകുമ്പോള്‍ ചുറ്റും കാണാന്‍ വേറെയും ഒട്ടനവധി കാര്യങ്ങളുണ്ട്. സുക്കൊവു താഴ്വര- ജാപ്ഫു പീക്ക് ട്രെക്കിംഗ് പരീക്ഷിക്കാവുന്ന ഒരു കാര്യമാണ്. കിസാമയില്‍ നിന്നും വെറും പത്തു കിലോമീറ്റര്‍ പോയാല്‍ ട്രെക്കിംഗ് സ്ഥലത്തെത്താം. കിസാമയില്‍ തന്നെ കാണാന്‍ ഒരു രണ്ടാംലോക മഹായുദ്ധ മ്യൂസിയം കൂടിയുണ്ട്. ചരിത്രകുതുകികള്‍ക്ക് ഇവിടെ അല്‍പ്പസമയം ചെലവഴിക്കാം. 

ക്നോഹോമ, തൌഫീമ, സുല്കെ എന്നിങ്ങനെ ചുറ്റുമുള്ള ചെറുഗ്രാമങ്ങളും സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ്. ഇവയൊക്കെ വെറും 20 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വരും.

ഷോപ്പിംഗ് ഇഷ്ടമുള്ള ആള്‍ക്കാര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്ന കാര്യങ്ങളും ഇവിടെ നിരവധിയുണ്ട്. ക്രിസ്മസ് സമയമായതിനാല്‍ ഇപ്പോള്‍ നൈറ്റ് ബസാറുകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായിരിക്കും. തണുപ്പിനുള്ള വസ്ത്രങ്ങളും മറ്റും വിലക്കുറവില്‍ കിട്ടുന്ന സ്ട്രീറ്റ് മാര്‍ക്കറ്റുകളും ഇവിടെ ധാരാളമുണ്ട്. കിസാമയിലേക്കുള്ള യാത്രാമധ്യേ റോഡരികില്‍ ഇത്തരം ലോക്കല്‍ മാര്‍ക്കറ്റുകള്‍ ധാരാളമായി കാണാം. നല്ലവണ്ണം വിലപേശി വേണം ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങാന്‍. നല്ല കമ്പിളിക്കുപ്പായം 50 രൂപ മുതല്‍ ലഭിക്കും ഇത്തരം ഇടങ്ങളില്‍.

നാഗാലാ‌‍ന്‍ഡിന്‍റെ തനതായ ഭക്ഷണം വിളമ്പുന്ന തെരുവോരക്കടകളും വഴിയിലെല്ലാം ധാരാളമായി കാണാം. 

എവിടെ താമസിക്കണം?

ലോകത്തെമ്പാടുമുള്ള ആളുകള്‍ വിരുന്നെത്തുന്ന ആഘോഷമായതിനാല്‍ ഈ സമയത്ത് നാഗാലാ‌‍ന്‍ഡിലെ താമസം അല്‍പ്പം ചെലവേറിയതാണ്. കിസാമയില്‍ പലയിടത്തും ക്യാമ്പിങ്ങിനുള്ള ഓപ്ഷനുകള്‍ ലഭ്യമാണ്. ടെന്റുകളില്‍ താമസസൗകര്യമൊരുക്കുന്ന പ്രാദേശിക കമ്പനികളെ ഈ സമയത്ത് ധാരാളം കാണാം. നിരക്കിന്‍റെ കാര്യത്തില്‍ ഇതല്‍പ്പം ആശ്വാസം നല്‍കും. ഹോട്ടലുകള്‍ കൂടാതെ ഹോം സ്റ്റേ സൗകര്യങ്ങളും ഈ സമയത്ത് സജീവമാണ്. നല്ലത് നോക്കി തെരഞ്ഞു കണ്ടുപിടിക്കണം എന്ന് മാത്രം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com