sections
MORE

ഇത് തമിഴ്നാട്ടിലെ മാഞ്ചസ്റ്റർ; നാട്ടുഭംഗിയുടെ വശ്യതയിലേക്കൊരു യാത്ര

coimbatore-travelogue
കോവൈ കുറ്റാലം ഫോട്ടോ : അരുണ്‍ പയ്യടി മീത്തൽ
SHARE

കോയമ്പത്തൂരിനെ ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നു വിശേഷിപ്പിച്ചതാരെന്ന് എവിടെയും എഴുതി വച്ചിട്ടില്ല. പാലക്കാടിന്റെ അയൽപക്കത്തുള്ള ഈ തമിഴ് നഗരത്തിന് മാറ്റുരയ്ക്കാൻ കഴിയാത്ത നാട്ടുഭംഗിയുടെ വശ്യതയുണ്ട്. പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അതിരിട്ടു നിൽക്കുന്നതു ശിരുവാണി. വടക്കു ഭാഗത്ത് വേലേന്തിയ മുരുകൻ കാവലിരിക്കുന്ന മരുതമല. കഥയും പുരാണവും കവിഞ്ഞൊഴുകി കോവൈ കുറ്റാലം. സകല മലകൾക്കും പിതാവായി വെള്ളിയങ്കിരി... വ്യവസായ നഗരം മാത്രമാണു കോയമ്പത്തൂരെന്നു കരുതുന്നവർ തിരുത്തുക; നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണത്. പട്ടണത്തിന്റെ മിന്നി മായുന്ന ആഡംബരങ്ങളെക്കുറിച്ചല്ല പറയുന്നത്. നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാതെ, കാറുമായി യാത്ര ചെയ്ത് കണ്ടാസ്വദിക്കാവുന്ന ടൂറിസ്റ്റ് സ്പോട്ടുകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

‘കോവൈ’ നഗരത്തിന്റെ പശ്ചാത്തല ഭംഗി നുകരാൻ രണ്ടു പകൽ വേണം. ആദ്യം കോവൈ കുറ്റാലം, അതു കഴിഞ്ഞ് വെള്ളിയങ്കിരി, മുന്നാമതു ബൊട്ടാണിക്കൽ ഗാർഡൻ, ഒടുവിൽ മരുതമല – ഷെഡ്യൂൾ പ്രകാരം ആദ്യ ദിനം ഗാന്ധിപുരത്തു നിന്നു യാത്ര പുറപ്പെട്ടു.

coimbatore-travelogue1

കോവൈ കുറ്റാലം

ശരിക്കുമുള്ള കുറ്റാലം ചെങ്കോട്ടയ്ക്കപ്പുറത്താണ്. അതുപോലൊരു വെള്ളച്ചാട്ടം കോയമ്പത്തൂരിലുണ്ട് – കോവൈ കുറ്റാലം. ശിരുവാണി മലയുടെ മുകളിൽ നിന്ന് പാറപ്പുറത്തു കൂടി ഒഴുകിയിറങ്ങുന്നു സ കോവൈ കുറ്റാലം. കോയമ്പത്തൂരിൽ നിന്നു പേരൂർ വഴിയുള്ള ശിരുവാണി റോഡ് അവസാനിക്കുന്നത് കോവൈ കുറ്റാലത്തിലേക്കുള്ള ചെക് പോസ്റ്റിനു മുന്നിലാണ്.

രാവിലെ പത്തു മണിയാവാതെ വെള്ളച്ചാട്ടത്തിനടുത്തേക്ക് സന്ദർശകരെ കടത്തി വിടില്ല. ‘‘വഴിയിൽ യാനൈകൾ ഇരുക്കും.’’ വെയിലെറിച്ച ശേഷം ആനകൾ കാട്ടിലേക്കു കയറിയിട്ടേ സന്ദർശകരെ കാട്ടിലേക്ക് കടത്തി വിടുന്നുള്ളൂ. ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പത്തു മണിക്ക് പ്രവേശന ടിക്കറ്റ് തന്നു. തമിഴ്നാട് വനം വകുപ്പിന്റെ വാഹനത്തിലാണ് സവാരി. ടാറിട്ട പാതയിലൂടെ വണ്ടി നീങ്ങി. തേക്കിൻ തോട്ടവും മരക്കൂട്ടവും താണ്ടിയാണ് സഞ്ചാരം. കരടിയും ആനയുമുള്ള കൊടും കാടാണെന്നു ഡ്രൈവർ മുന്നറിയിപ്പു നൽകി.

‘‘വെള്ളച്ചാട്ടത്തിനരികിലേക്ക് നടക്കണം. ഇനിയുള്ള ദൂരം വണ്ടി പോകില്ല’’ ഡ്രൈവറുടെ നിർദേശം. പഴയ തൂക്കുപാലത്തിനടുത്തു കൂടിയാണ് നടപ്പാത. തേക്കു മരങ്ങളിൽ കെട്ടിത്തൂക്കിയ ഇരുമ്പു പാലം ബലക്ഷയം വന്ന ശേഷമാണ് അടച്ചിട്ടത്. അൽപ്പ ദൂരം മുന്നോട്ടു നടന്നപ്പോൾ വെള്ളച്ചാട്ടത്തിലേക്കുള്ള പാലമെത്തി.കുന്നിനു മുകളിൽ നിന്നു കുതിച്ചിറങ്ങുന്ന വെള്ളച്ചാട്ടം പാറയുടെ തിട്ടകളിൽ തട്ടിച്ചിതറി. തെളിഞ്ഞ വെയിലിൽ വെള്ളിച്ചില്ലു വിതറി വെള്ളച്ചാട്ടം തുള്ളിയൊഴുകി. ഈ സമയത്ത് ഒരു സംഘമാളുകൾ ഓടിക്കിതച്ച് അവിടേക്കു വന്നു. ഓരോരുത്തരായി മേൽ വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് വെള്ളത്തിലേക്കു ചാടി. സ്വിമ്മിങ് പൂളുകളിൽ നീന്തി നീരാടിയ പരിചയത്തോടെ വിദേശികൾ കോവൈ കുറ്റാലത്തിൽ തുടിച്ചു തുള്ളി. പാട്ടു പാടിയും പന്തെറിഞ്ഞും അവർ കുറ്റാലത്തിന്റെ കുളിരിൽ ഉത്സവമേളം നടത്തി.

‘‘വഴുക്കുള്ള പാറയിൽ കയറരുത്. ബാഗും ആഭരണങ്ങളും സൂക്ഷിക്കുക. വെള്ളച്ചാട്ടത്തിലേക്ക് പാറപ്പുറത്തു നിന്നു ചാടരുത്... ’’ സഞ്ചാരികളുടെ ആവേശം കണ്ട് സുരക്ഷാ ഉദ്യോഗസ്ഥൻ മുന്നറിയിപ്പു നൽകി. ജന്മനാ കാഴ്ച നഷ്ടപ്പെട്ട അയ്യാ സ്വാമിയാണ് മൈക്ക് അനൗൺസർ. കഴിഞ്ഞ ഓഗസ്റ്റിൽ ഒരു സ്ത്രീ കുറ്റാലം വെള്ളച്ചാട്ടത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റെന്ന് അയ്യാ സ്വാമി പറഞ്ഞു. അപ്പോൾ മുതലാണ് മൈക്കിലൂടെ വിളിച്ചു പറഞ്ഞുള്ള മുന്നറിയിപ്പു കർശനമാക്കിയത്.കുറ്റാലത്തു നീരാടാൻ പോകുന്നവർ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുക. ആവേശം നല്ലതാണ്, അമിതമാകരുത്.

coimbatore-travelogue2

കോവൈ കുറ്റാലം : കോയമ്പത്തൂരിൽ നിന്ന് 35 കിലോ മീറ്റർ. റൂട്ട് : പേരൂർ – ശിരുവാണി റോഡ്. സന്ദർശന സമയം : രാവിലെ 10 മുതൽ വൈകിട്ട് 3 വരെ. പ്രവേശനത്തിന് ടിക്കറ്റ് നിർബന്ധം. സന്ദർശകരുടെ വാഹനം ചെക്പോസ്റ്റിനടുത്ത് പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിടണം. വെള്ളച്ചാട്ടത്തിനടുത്തേക്ക് വനം വകുപ്പിന്റെ വാഹനത്തിലാണ് സവാരി.

വെള്ളിയങ്കിരിയിലെ ഗുഹാക്ഷേത്രം

ഹിമാലയത്തിലെ കൈലാസം കാണാൻ കഴിയാത്തവർ നിരാശപ്പെടേണ്ട. കോയമ്പത്തൂരിലെ വെള്ളിയങ്കിരി മലയിലുണ്ടൊരു കൈലാസം. സാക്ഷാൽ പരമശിവൻ സ്വയംഭൂവായി അവതരിച്ച ‘ദക്ഷിണ കൈലാസം’ കാണാൻ ഏഴു മലകൾ താണ്ടണം.

പൂണ്ടിയിലെ അമ്മൻ കോവിലിൽ നിന്നാണ് വെള്ളിയങ്കിരിയിലേക്കുള്ള പടികൾ ആരംഭിക്കുന്നത്. പരമശിവൻ നൃത്തമാടിയ മലയിലേക്ക് അമ്മൻ കോവിലിലെ പൂജാരിയോടു വഴി ചോദിച്ചു.‘‘മലകൾ ഏഴുണ്ട്. ഏഴിലും ക്ഷേത്രങ്ങളുണ്ട്. ഗുഹാ ക്ഷേത്രത്തിൽ പോകണോ അതോ ധ്യാനലിംഗമായി കുടികൊള്ളുന്ന മഹാദേവനെ കാണണോ?’’ പൂജാരി നാരായണന്റെ മറുചോദ്യം.

‘‘ സ്വയംഭൂലിംഗ പ്രതിഷ്ഠ കാണാൻ ആറര കിലോമീറ്റർ നടക്കണം. ഇപ്പോൾ പോയാൽ ഇരിട്ടുന്നതിനു മുൻപ് തിരിച്ചു വരാൻ കഴിയില്ല. കൈലാസത്തിൽ താമസ സൗകര്യമില്ല. മലമുകളിലേക്ക് ആയിരം കൽപ്പടികളുണ്ട്. അതിനിടയിൽ രണ്ടു ഗുഹാക്ഷേത്രങ്ങൾ കാണാം. തത്കാലം അവിടം വരെ പോയി വരൂ’’ പുജാരി പറഞ്ഞതനുസരിച്ച് പടി കയറി. അർജുനൻകുണ്ട്, ഭീമൻകുണ്ട്, വിഭൂതിമല, മുത്തുക്കുളം, പാമ്പാട്ടി, സീതവനം, കൈലാസം – ഇങ്ങനെ ഏഴു മലകളാണ് വെള്ളിയങ്കിരിയിലുള്ളത്. കൈലായമെന്നു തമിഴർ പറയുന്ന കൈലാസത്തിലെത്താൻ ആറു മലകൾ താണ്ടണം.

കൽപ്പടവുകൾ തീരുന്നിടം വരെ നടക്കാൻ തീരുമാനിച്ചു. കാൽ മുട്ടുകൾ നെഞ്ചിലിടിക്കും വിധം ചെങ്കുത്താണ് വഴി. കാട്ടുവള്ളികൾ തൂങ്ങിയ പടുമരങ്ങൾക്കിടയിലൂടെ നടത്തം ഭയപ്പാടുണ്ടാക്കി. കൈലാസത്തിലേക്കുള്ള യാത്രയിലെന്തിനു ഭയം? ഇതോർത്തപ്പോൾ കാലുകൾക്കു വേഗം കൂടി. അൽപ്പദൂരം പിന്നിട്ടപ്പോഴേക്കും വലത്തോട്ടുള്ള ചെറിയ വഴി കണ്ടു. പാറയുടെ അരികിലൂടെ വലത്തോട്ടു നീങ്ങി. ഗുഹാമുഖം മുന്നിൽ തെളിഞ്ഞു. മല തുരന്നുണ്ടാക്കിയ ഗുഹയ്ക്കുള്ളിലെ ശിവലിംഗ പ്രതിഷ്ഠ ദൃശ്യമായി. ഗുഹാമുഖത്ത് മ‍ഞ്ഞളണിഞ്ഞൊരു കല്ലുണ്ട്, ‘നന്ദി’യുടെ പ്രതീകം. ഗുഹയുടെ ഉള്ളിൽ ഒരാൾക്കു സുഖമായിരുന്നു ധ്യാനിക്കാം. ഇരുവശത്തേക്കും ഗുഹ രണ്ടായി പിരിയുകയാണ്. എത്ര നീളമാണു തുരങ്കമെന്നു നോക്കി തിരിച്ചെത്തിയവരില്ല. പൂജാരി നാരായണൻ പറഞ്ഞതു ശരിയാണ്. മനുഷ്യാധീതമായ കഴിവുള്ളവർക്കേ അവിടെ ധ്യാനത്തിന് ചങ്കുറപ്പുണ്ടാകൂ.

ദക്ഷിണ കൈലാസത്തിലേക്കുള്ള യാത്ര പിന്നീടൊരിക്കലാകാമെന്നു തീരുമാനിച്ച് പടികളിറങ്ങി. ഫെബ്രുവരി മുതൽ മേയ് മാസം വരെയാണ് വെള്ളിയങ്കിരിയിലേക്ക് ആളുകൾ തീർഥാടനം നടത്താറുള്ളത്. അതാണ് ട്രെക്കിങ്ങിനു പറ്റിയ സമയം.ക്ഷിണ കൈലാസത്തിലെ സ്വയംഭൂവായ പരമശിവനെ കാണാൻ പൂണ്ടി ക്ഷേത്രത്തിൽ നിന്ന് അഞ്ചു മണിക്കൂർ നടക്കണം. കൈത്തട്ടി, വഴുക്കുപാറ തുടങ്ങിയ മലഞ്ചെരിവുകൾ ട്രെക്കിങ്ങിൽ താത്പര്യമുള്ളവരുടെ ഇഷ്ട സ്ഥലങ്ങളാണ്. പൂണ്ടിയിലാണ് ഈശാ യോഗ സെന്റർ എന്ന ‘ധ്യാനലിംഗ’ പ്രാർഥനാ സംഘത്തിന്റെ ആസ്ഥാനം.

നഗരയാത്രയിലൊരു തീർഥാടനമെന്നോ, നഗരത്തിനോടു ചേർന്നൊരു ട്രെക്കിങ് കേന്ദ്രമെന്നോ വെള്ളിയങ്കിരി മലയെ വിശേഷിപ്പിക്കാം.വെള്ളിയങ്കിരി ട്രെക്കിങ് : കോയമ്പത്തൂരിൽ നിന്നു പൂണ്ടി ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കുക, 26 കിലോ മീറ്റർ. ഈശ യോഗ സെന്റർ എന്ന ധ്യാന കേന്ദ്രവും, വെള്ളിയങ്കിരി മലയിലെ സ്വയംഭൂലിംഗവും വെവ്വേറെ ചോദിച്ചറിഞ്ഞ് മല കയറുക. ട്രെക്കിങ്ങിനുള്ള ഒരുക്കങ്ങളോടെ യാത്ര പുറപ്പെടുക. ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുക. ദക്ഷിണ കൈലാസത്തിൽ താമസ സൗകര്യങ്ങളില്ല. ഹൃദ്രോഗമുള്ളവർ ട്രെക്കിങ് ഒഴിവാക്കുക. കൈലാസ തീർഥാടനത്തിന് സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കം ചെയ്തിട്ടുണ്ട്. സ്വന്തം ഉത്തരവാദിത്തത്തിൽ സുരക്ഷ ഉറപ്പു വരുത്തുക.

ബൊട്ടാണിക്കൽ ഗാർഡൻ

കോയമ്പത്തൂർ നഗരത്തിലൊരു ബൊട്ടാണിക്കൽ ഗാർഡൻ ഉണ്ടെന്ന കാര്യം അറിയാമോ ? പുൽത്തകിടി പരവതാനി വിരിച്ച ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനല്ല. കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെ ഭാഗമായി തടാകം റോഡിൽ മൂന്നൂറേക്കർ സ്ഥലത്തു പരന്നു കിടക്കുന്നു ബൊട്ടാണിക്കൽ ഗാർഡൻ. തമിഴ്നാട്ടുകാരുടെ അവധി ദിനങ്ങൾക്ക് നിറം പകരുന്ന സ്ഥലമാണ് ഈ തോട്ടം. വിശാലമായ പൂന്തോട്ടം, ഔഷധ സസ്യങ്ങളുടെ തോട്ടം, കുട്ടികൾക്കുള്ള കളി സ്ഥലം, സഞ്ചാരികൾക്ക് ഇരിപ്പിടമൊരുക്കിയ കാനനം, മരങ്ങൾ നിരയിട്ട നടവരമ്പുകൾ, വാട്ടർ ഫൗണ്ടൻ, അലങ്കാരച്ചെടികൾ തുടങ്ങി 300 ഏക്കർ സ്ഥലം മുഴുവൻ കാഴ്ചയുടെ വസന്തമാണ്.

coimbatore-travelogue3

പത്തു വർഷം മുൻപു വരെ കാടു പിടിച്ചു കിടന്ന ഔഷധ സസ്യങ്ങളുടെ തോട്ടമായിരുന്നു ബൊട്ടാണിക്കൽ ഗാർഡൻ. എല്ലാ സൗകര്യങ്ങളും അന്നുമുണ്ടായിരുന്നെങ്കിലും ഇത്രത്തോളം അടുക്കും ചിട്ടയുമില്ലായിരുന്നു. ഇരുവശത്തും അശോക മരങ്ങൾ അതിരിടുന്ന ടാറിട്ട നടപ്പാതയാണ് സന്ദർശകരെ വരവേൽക്കുന്നത്. നീലയും പച്ചയും മഞ്ഞയും ചുവപ്പുമായി ഇടകലർന്നു വിടർ‌ന്നു നിൽക്കുന്ന കടലാസു പൂക്കളാണ് വഴിയോരക്കാഴ്ച. വലിയ പുളി മരങ്ങളും ശാസ്ത്ര നാമം എഴുതി വച്ച ഔഷധ മരങ്ങളും പറമ്പിൽ നിറഞ്ഞു നിൽക്കുന്നു. ഭംഗിയായി വെട്ടിയൊരുക്കിയ പുൽമേടയ്ക്കു നടുവിലാണ് മരങ്ങൾ നിൽക്കുന്നത്. ഇതിനു താഴെ സന്ദർശകർക്ക് ഇരിക്കാനുള്ള ബെഞ്ചുകൾ. തിരുവള്ളുവരുടെ പ്രതിമയ്ക്കു മുന്നിൽ വഴി രണ്ടായി പിരിയുന്നു.

വലത്തോട്ടുള്ള വഴി സസ്യ ഗവേഷണ തോട്ടത്തിലേക്കാണ്. സമൃദ്ധമായി വെള്ളമൊഴുകുന്ന കൈത്തോട്ടുകൾക്കരികിൽ അപൂർവയിനം ചെടികൾ പന്തലിട്ടു നിൽക്കുന്നുണ്ട്. മരങ്ങളുടെ പേരും സവിശേഷതയും എഴുതി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മരത്തോപ്പിനുള്ളിലെ വിശ്രമക്കസേരകളിൽ ഫോട്ടോ എടുക്കുന്ന തിരക്കിലാണ് സന്ദർശകർ. പുൽമേടയിൽ കിടന്നുരുണ്ട് കുട്ടികൾ പന്തു കളിക്കുന്നു.

ചുവപ്പു ചീര കൃഷി ചെയ്യുന്ന പാടം വരെ നീണ്ട മൺപാത. ഇരുവശത്തും ഈന്തപ്പനകളുടെ നിര. ഔഷധച്ചെടികൾ നട്ടു നനച്ചുണ്ടാക്കുന്നവരുടെ മുഖത്ത് ഗവേഷകരുടെ ഗൗരവം. മരങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനുമുള്ള യാത്രയാണിതെന്ന് അവരിലൊരാളുടെ കമന്റ്. ഭൂമിക്കടിയിലേക്ക് തുരങ്കമിട്ട്, മേൽക്കൂരയ്ക്കു താഴെ പൂക്കളും സസ്യങ്ങളും വിളഞ്ഞു നിൽക്കുന്നു. ചീരത്തോട്ടത്തിനു മുന്നിൽ നാലഞ്ചു മയിലുകളെ കണ്ടു. പടർന്നു നിൽക്കുന്ന പുളിമരച്ചുവട്ടിലെ വഴിയിലൂടെ അവ പരക്കം പാഞ്ഞു.വർഷത്തിൽ ഒരു ലക്ഷമാളുകൾ ബൊട്ടാണിക്കൽ ഗാർഡൻ കാണാനെത്തുന്നുണ്ട്. അവരിൽ മലയാളികൾ കുറവ്. പുഷ്പമേള കാണാനാണ് കൂടുതലാളുകൾ വരാറുള്ളത്. നെൽപ്പാടം പോലെ വരമ്പിട്ട് പൂക്കൾ വളർത്തുന്ന കാർഷിക ഗവേഷണം കാഴ്ചക്കാർക്കു മുന്നിൽ തുറന്നിട്ടതു നന്നായി. പലയിനം പൂക്കൾ കണ്ടാസ്വദിക്കാം, ചെടി നട്ടു വളർത്തുന്നതു നോക്കി പഠിക്കുകയും ചെയ്യാം.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA