ADVERTISEMENT

മഞ്ഞുകാലമായാല്‍ മഞ്ഞ് വാരിക്കളിക്കാനും ചിത്രങ്ങള്‍ എടുക്കാനും പറ്റിയ സ്ഥലം എവിടെയെന്നു എല്ലാവരും അന്വേഷിച്ചു തുടങ്ങും. മഞ്ഞ് എന്ന് ഓർക്കുമ്പോള്‍ തന്നെ മനസിൽ ആദ്യം വരുന്ന പേര് മണാലിയുടേതായിരിക്കും! എങ്ങനെ മണാലിയില്‍ എത്തും എന്നതാണ് അടുത്ത കാര്യം. ഡല്‍ഹിയില്‍ എത്തിയാല്‍ പിന്നെ മണാലി യാത്ര ബുദ്ധിമുട്ടില്ല. എങ്ങനെയാണ് യാത്ര പ്ലാന്‍ ചെയ്യേണ്ടതെന്ന് നോക്കാം.

സഞ്ചാരികളുടെ സ്വർഗമെന്നു വിളിക്കപ്പെടുന്ന മണാലി, സഞ്ചാരികളുടെയും മധുവിധു ആഘോഷിക്കാനെത്തുന്നവരുടെയും പ്രിയയിടമാണ്. മണാലിയിലെ സുന്ദരകാഴ്ചകൾ കാണാൻ ഏറ്റവും ഉചിതമായ സമയം മാർച്ച് മുതൽ ഒക്ടോബര്‍ വരെയാണ്. ഡിസംബർ മുതലുള്ള മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും.

manali

അതുകൊണ്ടുതന്നെ കഴിവതും ഡിസംബർ മുതൽ മാർച്ച് മാസം പകുതിവരെയുള്ള  യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല മണാലി സന്ദർശകരെ സ്വീകരിക്കുന്നത്. ട്രെക്കിങ് പ്രിയരായ സാഹസികർക്കും ഏറെ ഇഷ്ടപ്പെടും ഈ ഭൂമി. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്കീയിംഗ്, മലകയറ്റം, ഹൈക്കിങ് തുടങ്ങി നിരവധി വിനോദോപാധികൾ കൊണ്ടാണ് തന്നരികിലെത്തുന്നവരെ മണാലി സ്വീകരിക്കുന്നത്.

മണാലി യാത്ര ഇങ്ങനെ

മണാലി യാത്ര ആരംഭിക്കുന്നതു ഡൽഹിയിൽ നിന്നാണെങ്കിൽ, യാത്രികർക്ക് താണ്ടേണ്ടത് ഏകദേശം 564 കിലോമീറ്ററാണ്. റോഡ് മാർഗമുള്ള യാത്രയാണ് മണാലിയിലേക്കു ഏറ്റവും സൗകര്യപ്രദം. ഹിമാചൽപ്രദേശിലെ കുളു താഴ്‍‍‍‍വരയിലാണ് മണാലി സ്ഥിതി ചെയ്യുന്നത്. ഡൽഹിയിൽ നിന്നും പതിനഞ്ചുമണിക്കൂർ യാത്രയുണ്ട് ഈ മനോഹരതീരത്തേക്ക്.

രാജ്യത്തെയും വിദേശത്തെയും എല്ലാ പ്രധാന എയര്‍പോര്‍ട്ടുകളുമായും ഡല്‍ഹി എയര്‍പോര്‍ട്ട്  ബന്ധിപ്പിച്ചിരിക്കുന്നു. രാജ്യത്തിനകത്തു എവിടെ നിന്നും ട്രെയിനില്‍ വന്നെത്തുകയും ചെയ്യാം. ന്യൂ ഡല്‍ഹി, ഹസ്രത് നിസാമുദ്ദീന്‍, ഓള്‍ഡ്‌ ദില്ലി, ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ തുടങ്ങി നാലു പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ഇവിടെയുണ്ട്. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിന്നാവട്ടെ ബസ് സൗകര്യവുമുണ്ട്. 

ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ മണാലിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടില്ല. ബസോ ഫ്ലൈറ്റോ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.

ഭുന്തര്‍ എയര്‍പോര്‍ട്ട് ആണ് മണാലിക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടെ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ ദൂരം വരും മണാലിയിലേക്ക്. പ്രതിദിന ഫ്ലൈറ്റുകള്‍ ലഭ്യമാണ്. എയര്‍പോര്‍ട്ടില്‍ നിന്നും മണാലിയിലേക്ക് ടാക്സി സര്‍വീസുണ്ട്.

റോഡ്‌ മാര്‍ഗ്ഗം പോകാനാണ് തീരുമാനമെങ്കില്‍ ന്യൂഡല്‍ഹിയില്‍ നിന്നും ബസ് പിടിക്കാം. സ്റ്റേറ്റ് ബസുകള്‍ എപ്പോഴുമുണ്ട്. എയര്‍കണ്ടീഷന്‍ ചെയ്ത വോള്‍വോ ബസുകള്‍ ആണെങ്കില്‍ ഒരാള്‍ക്ക് ചെലവ് ഏകദേശം 1200 രൂപയോളം വരും. ഡല്‍ഹി മുതല്‍ മണാലി വരെ 564 കിലോമീറ്റര്‍ ദൂരമുണ്ട്.

ട്രെയിന്‍ യാത്രയാണ് തെരഞ്ഞെടുക്കുന്നത് എങ്കില്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും. ഡല്‍ഹിയില്‍ നിന്നും മണാലി വരെ നേരിട്ട് ട്രെയിന്‍ സര്‍വീസ് ഇല്ല. ഇതിനായി ഒന്നുകില്‍ 315 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡിഗഡിലോ അല്ലെങ്കില്‍ 290 കിലോമീറ്റര്‍ അകലെ പത്താന്‍കോട്ടിലോ ട്രെയിന്‍ ഇറങ്ങണം. ഇവിടങ്ങളില്‍ നിന്നും ടാക്സിയോ ബസോ പിടിച്ചു പോകാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com