ADVERTISEMENT

ഒരു തീർത്ഥാടന കേന്ദ്രം എന്നതിലുപരി ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് രാമേശ്വരം. മലയാളികൾ സ്ഥിരം പോകുന്ന ഒരു സ്ഥലം കൂടി ആയതിനാൽ റെയിൽവേ ഇപ്പോഴാണ് യാത്ര സുഗമമാക്കാൻ ഒരു പദ്ധതി ഇറക്കിയത്. സഞ്ചാരികൾക്കായി എറണാകുളത്തു നിന്നും രാമേശ്വരത്തേക്ക് നേരിട്ടുള്ള സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റയിൽവേ. 2020 ജനുവരി 9 മുതൽ ഫെബ്രുവരി 27 വരെയായിരിക്കും ഈ സ്‌പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുക.

രാമേശ്വരവും കാഴ്ചകളും

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. ശ്രീരാമനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശം കൂടിയാണ് രാമേശ്വരം. മന്നാർ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം. 

രാമായണമനുസരിച്ച്, ലങ്കാപതിയായ രാവണനാൽ അപഹരിക്കപ്പെട്ട തന്റെ പത്നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിർമിച്ച സ്ഥലമാണിത്. ഇവിടുത്തെ പ്രധാന ആകർഷണം രാമനാഥസ്വാമി ക്ഷേത്രമാണ്. 17-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ മഹത്തരമായ നിര്‍മിതിയാണ് രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം. ശിവന് സമര്‍പ്പിച്ചിരിക്കുന്ന 12 ജ്യോതിര്‍ ലിംഗ സ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ് ഇവിടം. ഇവിടുത്തെ യഥാര്‍ഥ ക്ഷേത്രം രാമന്‍ നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു.

rameshwaram1

ധനുഷ് കോടി

ധനുഷ്കോടി കാണാതെ എന്ത് രാമേശ്വരം യാത്ര അല്ലേ. പാമ്പന്‍ ദ്വീപിനു സമീപം സ്ഥിതി ചെയ്യുന്ന ധനുഷ്‌കോടി ആരെയും ആകര്‍ഷിക്കുന്ന ഒരിടമാണ്. രാമായണത്തില്‍ പലയിടത്തും പരാമര്‍ശിച്ചിട്ടുള്ള ധനുഷ്‌കോടി ക്ഷേത്രത്തിന്റെ അവശിഷ്ടം മാത്രമാണ് ഇന്ന് കാണുന്ന ക്ഷേത്രം. നിരവധി സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് ഇവിടം. 

അരിയമന്‍ ബീച്ച്

രാമനാഥപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അരിയമന്‍ ബീച്ച്  സായാഹ്നങ്ങള്‍ ചിലവിടാന്‍ പറ്റിയ സ്ഥലമാണ്. രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന ഇവിടം ബോട്ടിങ്ങിനും വാട്ടര്‍ സ്‌കൂട്ടര്‍ റൈഡിനും നിരവധി 'സാധ്യതകൾ തുറന്നിടുന്നു. വൈകുന്നേരങ്ങൾ ചെലവിടാൻ രാമേശ്വരത്ത് ഇതിലും മികചൊരിടം ഉണ്ടാകില്ല.

ആഞ്ജനേയക്ഷേത്രം 

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദർശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രം ഇവിടുത്തെ മറ്റൊരു  ആകർഷണമാണ്. രാമസേതു നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളുടെ നാടെന്നും രാമേശ്വരത്തെ വിളിക്കാം. 

വില്ലുണ്ടി തീർത്ഥം

കടല്‍ക്കരയില്‍ വെച്ചു ദാഹിച്ച സീതയ്ക്ക് രാമന്‍ മധുരവെള്ളം എടുത്തുകൊടുത്ത സ്ഥലമാണ് വില്ലൂണ്ടി തീര്‍ഥം എന്നറിയപ്പെടുന്നത്. കടലിനോട് അടുത്തായിട്ടും ഇപ്പോഴും ഈ വെള്ളത്തിന് ഉപ്പല്ല, നേരിയ മധുരമാണ് ഉള്ളതത്രേ. ഇതിനടുത്തായി ഏകാന്ത രാമ എന്ന പേരില്‍ ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. 

എങ്ങനെയെത്തിച്ചേരാം 

വ്യാഴാഴ്ചകളിൽ എറണാകുളം സൗത്ത് ജംഗ്‌ഷനിൽ നിന്നും രാത്രി ഏഴു മണിക്ക് പുറപ്പെടുന്ന  ട്രെയിൻ പിറ്റേദിവസമായ വെള്ളി രാവിലെ ഏഴരയോടെ രാമേശ്വരത്ത് എത്തിച്ചേരും. മടക്ക ട്രെയിൻ വെളളിയാഴ്ച വൈകിട്ട് നാലു മണിയ്ക്ക് രാമേശ്വരത്തു നിന്നും പുറപ്പെട്ടു ശനിയാഴ്ച വെളുപ്പിന് നാലരയോടെ എറണാകുളത്ത് എത്തും.

പഴനി, മധുര, രാമേശ്വരം എന്നീ മൂന്നു തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കേരളത്തിൽ നിന്നുള്ള ഏക സർവീസാണിത്. ഏ.പി.ജെ അബ്ദുള്‍ കലാം സ്മാരകം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, പാമ്പന്‍ പാലം എന്നിവ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന രീതിയിലാണ് ഈ ട്രെയിന്‍ സര്‍വീസ്.

ടിക്കറ്റ് നിരക്കുകൾ : എറണാകുളം – രാമേശ്വരം ജനറൽ – 164 രൂപ, സ്ലീപ്പര്‍ 420 രൂപ, തേഡ് എസി – 1150 രൂപ, സെക്കന്‍ഡ് എസി -1625 രൂപ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com