ADVERTISEMENT

തീര്‍ത്ഥന്‍ നദിയുടെ കരയിലെ സുന്ദരമായ താഴ്‍വരയാണ് തീര്‍ത്ഥന്‍ . സമുദ്രനിരപ്പില്‍ നിന്നും 1600 മീറ്റര്‍ ഉയരത്തില്‍ വന്ന് അലഞ്ഞൊഴുകുന്ന പഞ്ഞി മേഘങ്ങള്‍ക്കൊപ്പം കുറച്ചു സമയം ചെലവഴിക്കണോ? നേരെ ഇങ്ങോട്ടു പോരൂ! ഹിമാലയത്തിന്‍റെ ശിഖരങ്ങളില്‍ നിന്നും ഒഴുകിവരുന്ന ജലം നിറഞ്ഞ പുഴയുടെ കരയില്‍ അല്‍പ്പനേരമിരുന്ന് നീലയും പച്ചപ്പും വെണ്മയും അതിരുകള്‍ രേഖപ്പെടുത്തുന്ന കണ്ണെത്താവുന്നിടത്തോളം ദൂരത്തിന്‍റെ ഭംഗി നുകര്‍ന്ന് അങ്ങനെയിരിക്കാം. 

പ്രകൃതി സ്നേഹികള്‍ക്കും റൊമാന്റിക്കുകള്‍ക്കും മാത്രമല്ല, സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും തീര്‍ത്ഥന്‍ താഴ്‍വരയിലൂടെയുള്ള യാത്ര മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കും. ട്രെക്കിംഗ്, ഫിഷിംഗ്, വന്യജീവി നിരീക്ഷണം എന്നിവ കൂടാതെ പരിസര പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളില്‍ സന്ദര്‍ശനവും നടത്താം. 

Tirthan-Valley1

മേഘങ്ങള്‍ ചുംബിക്കുന്ന പര്‍വ്വതത്തലപ്പുകള്‍ 

താഴ്വരയില്‍ നിന്ന് നോക്കിയാല്‍ പഞ്ഞിക്കെട്ടുകള്‍ പോലെ മേഘങ്ങള്‍ ആകാശത്തു കൂടി ഒഴുകി നീങ്ങുന്നത് സ്വപ്ന സമാനമായ കാഴ്ചയാണ്. ഇടതൂർന്ന കോണിഫറസ് വനങ്ങളും വിശാലമായ ആൽപൈൻ പുൽമേടുകളും ചേര്‍ന്ന് താഴ്‌വരയുടെ ഭംഗി പതിന്മടങ്ങാക്കുന്നു. കൂടാതെ, ഹിമാചൽ പ്രദേശിലെ തന്നെ ഏറ്റവും മികച്ച പക്ഷി നിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ഈ താഴ്‍വര.

സെരോല്‍സര്‍ തടാകം 

ജലോറി പാസില്‍ നിന്ന് ആറു കിലോമീറ്റര്‍ ദൂരമുണ്ട് ആരെയും മയക്കുന്ന സൗന്ദര്യമുള്ള ഈ തടാകത്തിലേക്ക്. നീല നിറത്തില്‍ തിളങ്ങുന്ന ആകാശവും പൈന്‍ മരങ്ങളുടെ ഇരുണ്ട പച്ചയും പ്രതിഫലിപ്പിക്കുന്ന ജലോപരിതലം സ്വപ്നസമാനമായ അനുഭൂതിയാണ് പകര്‍ന്നു തരിക. ഹിമാചലി നാടോടിക്കഥയിലെ 60 നാഗദേവതകളുടെ മാതാവായ ബുദ്ധ നാഗിനുവേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രവുമുണ്ട് ഇവിടെ.

നദിക്കരയിലെ വീടുകള്‍ 

തീർത്ഥൻ താഴ്‌വരയിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാൻ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. ഗുഷൈനിയിലെ മനോഹരമായ തടിക്കെട്ടിടം ആണ് ഇതില്‍ ഏറ്റവും പോപ്പുലര്‍. ഈ ഗസ്റ്റ് ഹൗസ് തന്നെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. പഴത്തോട്ടങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഈ നദീതീര ഗൃഹത്തിലെത്താന്‍ ഒരു ഇഞ്ച് കട്ടിയുള്ള വയർ പുള്ളിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ലോഹ കൊട്ടയിൽ തീർത്ഥൻ നദി മുറിച്ചു കടക്കണം. അല്‍പ്പം പേടിയൊക്കെ തോന്നാമെങ്കിലും മികച്ച ഒരു അനുഭവമായിരിക്കും ഇത് എന്നതില്‍ സംശയമില്ല. 

മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ 

റോള ഗ്രാമത്തിൽ നിന്നും കയറ്റം കയറിപ്പോയാല്‍ കാടിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഒരു വെള്ളച്ചാട്ടം കാണാം. ഇവിടെ നിന്നും വടക്കോട്ടേക്ക് വീണ്ടും നടന്നാല്‍ ചുറ്റുമുള്ള മനോഹര കാഴ്ചകള്‍ കാണാന്‍ കഴിയുന്ന ഒരു ഇടയക്കുടിലില്‍ എത്തും.  തെക്ക് വശത്തേക്ക് പോയാല്‍ മഴവില്‍നിറത്തിലുള്ള മോനാല്‍ പക്ഷികളുടെ പ്രജനന സ്ഥലമായ ഖൊർലി പോഹിയാണ്. ഇവിടേക്ക് പ്രവേശിക്കണം എങ്കില്‍ വനം വകുപ്പിന്‍റെ പ്രത്യേക പെര്‍മിഷന്‍ ആവശ്യമാണ്‌.

ഗ്രാമങ്ങളിലേക്ക് നടക്കാം 

കാട് തെളിച്ചു കൊണ്ടു പോകുന്ന പരുക്കന്‍ വഴികളിലൂടെ നടന്നാല്‍ നാഗിനി, ഗുശൈനി, ബഞ്ചാര്‍, ഷോജ മുതലായ ചെറു ഗ്രാമങ്ങളിലെത്താം. തട്ടുതട്ടായി ക്രമീകരിച്ച കൃഷിയിടങ്ങളും പച്ചയുടെ പലവിധ വകഭേദങ്ങളുമെല്ലാം കണ്ടങ്ങനെ ഗ്രാമങ്ങളിലൂടെ നടക്കാം. സ്വയം നവീകരിക്കപ്പെടുന്നതും പ്രകൃതിയിലേക്ക് അലിഞ്ഞില്ലാതെയായിപ്പോകുന്നതുമായ അനുഭവമാണ് ഇത്. കുളു താഴ്‌വരയിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലെയും തടി കൊത്തുപണികൾ ചെയ്യുന്നത് ഈ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്.

പരാശര്‍ തടാകം

പരാശരമുനി ധ്യാനിച്ചിരുന്ന ഇടമാണ് ഈ പരാശര്‍ തടാകക്കര എന്നാണ് വിശ്വാസം. തടാകത്തിന്‍റെ തീരത്ത് മൂന്ന് നിലകളുള്ള പഗോഡ ശൈലിയിലുള്ള ക്ഷേത്രം പതിനാലാം നൂറ്റാണ്ടിൽ ബാൻസൻ രാജാവാണ് പണികഴിപ്പിച്ചത്. 

ചെഹ്നി കോത്തി

1500 വർഷത്തോളം പഴക്കമുള്ള വലിയ കോട്ടയാണ് ചെഹ്‌നി കോത്തി. ഒരു കാലത്ത് കുളുവിലെ രാജാവായിരുന്ന റാണാ ധാഡിയയുടെ കോട്ടയായിരുന്ന ഇത് 'ധാഡിയ കോത്തി'എന്നും അറിയപ്പെടുന്നു. ഇത് 15 നിലകളായിരുന്നു ഇതിനുണ്ടായിരുന്നതെങ്കിലും 1905 ലെ ഭൂകമ്പത്തിനുശേഷം 10 നിലകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. പരമ്പരാഗത ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിർമ്മിച്ച ചെഹ്‌നി കോത്തി പടിഞ്ഞാറൻ ഹിമാലയ പ്രദേശത്തെ തന്നെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര കെട്ടിടമാണ്.

എങ്ങനെയാണ് തീര്‍ത്ഥനില്‍ എത്തുന്നത്?

ഡല്‍ഹിയില്‍ നിന്നും 550 കിലോമീറ്റർ ദൂരമാണ് ഇങ്ങോട്ടേക്ക് ഉള്ളത്. ചണ്ഡിഗഡില്‍ നിന്ന് മണാലി ഹൈവേ വഴി പോകുമ്പോള്‍ കുളുവില്‍ എത്തുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ്- അതായത് പാണ്ഡ തുരങ്കത്തിന് തൊട്ടുമുമ്പ്- ഓട്ടില്‍ നിന്നും യാത്ര തുടങ്ങാം. 

ഓട്ടിൽ നിന്ന് ഗുജൈനിയിലേക്ക് ലാർജി വഴി, ബഞ്ചറിനെ കടന്ന് നദിക്കരയിലൂടെ 26 കിലോമീറ്റർ ദൂരം വണ്ടിയോടിച്ചു പോകുന്നതാണ് ഏറ്റവും നല്ലത്. 

ഓട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ടാക്സികളും ലഭ്യമാണ്. ഡല്‍ഹിയില്‍ നിന്നും ഓട്ട് വരെ ബസ് സര്‍വീസുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com