ADVERTISEMENT

പ്രകൃതിസൗന്ദര്യത്തിന്‍റെ ധാരാളിത്തം കൊണ്ട് അനുഗൃഹീതമായ സിക്കിം, വിനോദ സഞ്ചാരികളുടെ പറുദീസയാണ്. സഞ്ചാരികൾ  സാധാരണ പോകുന്ന പ്രദേശങ്ങള്‍ക്ക് പുറമേ ഈ കന്യാഭൂമിയില്‍ പ്രകൃതി ഒളിപ്പിച്ചു വച്ച അനവധി ഇടങ്ങള്‍ വേറെയുമുണ്ട്; അത്ര പെട്ടെന്നൊന്നും ചെന്നെത്താന്‍ പറ്റാത്ത ഇടങ്ങള്‍. മറ്റാരും സഞ്ചരിച്ചിട്ടില്ലാത്ത വഴികള്‍ തിരഞ്ഞാണോ നിങ്ങളുടെ യാത്ര? എങ്കില്‍ സിക്കിമിലെ ഈ അഞ്ചു സ്ഥലങ്ങള്‍ ഓര്‍ത്തു വച്ചോളൂ.

ഗ്യാല്‍ഷിങ് (Gyalshing)

പടിഞ്ഞാറന്‍ സിക്കിമിന്‍റെ തലസ്ഥാനമായ ഈ പ്രദേശം ‘ഗെയ്സിങ്’ എന്നും അറിയപ്പെടുന്നു. മഞ്ഞു പുതച്ച മലനിരകളും നിഗൂഢതകളുറങ്ങുന്ന കരിംപച്ചക്കാടുകളുമടക്കം ഇവിടത്തെ പ്രകൃതിയുടെ മാറ്റു കൂട്ടുന്ന അനവധി കാര്യങ്ങളുണ്ട്. ബോളിവുഡ് നടൻ ഡാനി ഡെന്‍സോങ്ങ്പയുടെ ഉടമസ്ഥതയിലുള്ള ഒരു മനോഹരമായ ഹോട്ടല്‍ ഇവിടെയുണ്ട്. പെമായങ്ങ്റ്റ്സെ, സംഗ ഷോലിങ് തുടങ്ങിയ മൊണാസ്ട്രികളും സാഹസികര്‍ക്കായി അനവധി ട്രെക്കിങ് സ്പോട്ടുകളും ഈ പ്രദേശത്തുണ്ട്.

sikkim2

സുംബുക്ക് (Sumbuk)

തെക്കന്‍ സിക്കിമില്‍ അധികമാരും കടന്നു ചെന്നിട്ടില്ലാത്ത സുന്ദര ഭൂമിയാണിത്. പക്ഷികളുടെ സ്വര്‍ഗ്ഗമാണ് ഇവിടം. പച്ച പിടിച്ച താഴ്‌വരകളും അരുവികളും മലനിരകളും പുല്‍മൈതാനങ്ങളുമെല്ലാം ചേര്‍ന്ന് അനിര്‍വചനീയമായ അനുഭൂതി പകരുന്ന സുംബുക്ക്, യാത്രികര്‍ക്ക് സന്ദര്‍ശിക്കാവുന്ന ഇടമാണ്.

കാലൂക്ക് (Kaluk)

സിലിഗുരിയില്‍നിന്ന് ഏകദേശം 110 കിലോമീറ്റര്‍ ദൂരം കാണും ഹിമാലയത്തിന്‍റെ ചുവട്ടില്‍ കിടക്കുന്ന ഈ മനോഹര ഭൂമിയിലേക്ക്. യാത്രികര്‍ അധികം വന്നു ചേര്‍ന്നിട്ടില്ലാത്ത ഇവിടം കാലാവസ്ഥ കൊണ്ടും ശുദ്ധമായ പ്രകൃതി കൊണ്ടും വളരെയധികം ആകര്‍ഷണീയമാണ്. 

സുലൂക്ക് (Dzuluk)

സ്വപ്നസമാനമായ മനോഹാരിത ഓളം വെട്ടുന്ന ഈ ഗ്രാമത്തിലേക്കുള്ള യാത്ര, നഗരത്തിലെ തിരക്കുകളില്‍നിന്നും മാലിന്യങ്ങളില്‍നിന്നും മനം മടുപ്പിക്കുന്ന മറ്റു കാര്യങ്ങളില്‍ നിന്നുമുള്ള ഒരു പെര്‍ഫെക്ട് ബ്രേക്ക് ആയിരിക്കും. ജൂലൂക്ക്, ജാലൂക് എന്നൊക്കെ പേരുള്ള ഈ പ്രദേശം സമുദ്ര നിരപ്പില്‍നിന്ന് 3048 മീറ്റര്‍ ഉയരത്തിലാണ്! പോകും വഴിക്ക് കാണുന്ന, ചിത്രം വരച്ച പോലെയുള്ള റോഡുകളും കുടിലുകളുമെല്ലാം കൂടിയാകുമ്പോള്‍ ഏതോ സ്വപ്നത്തിലാണോ ഈ യാത്ര എന്ന് ആലോചിച്ചു പോകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com