ADVERTISEMENT

ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ അഭിനേതാവ്, ചലച്ചിത്ര പ്രവർത്തകൻ എന്നീ നിലകളിലൊക്കെ പ്രശസ്തനായ മുഹമ്മദ് മുസ്തഫയെ ഇനി പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് സംവിധായകന്റെ കുപ്പായത്തിലാവും. മുസ്തഫയുടെ സംവിധാനത്തില്‍ വന്‍താരനിരയുമായി കപ്പേള എന്ന ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും. യാത്രാ പ്രേമി കൂടിയായ മുസ്തഫയുടെ വിശേങ്ങള്‍:

അഭിനേതാവില്‍നിന്നു സംവിധായകനിലേക്കുള്ള മാറ്റം എങ്ങനെയുണ്ട് ?

സത്യം പറയാമല്ലോ. ശരിക്കും ടെന്‍ഷനടിച്ച നാളുകളായിരുന്നു. എങ്കിലും എല്ലാവരും നല്ലതുപോലെ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ചതിനാല്‍ സിനിമയുടെ ചിത്രീകരണം ഭംഗിയായി പൂര്‍ത്തീകരിക്കാനായി. 

musthafa-travel

ആദ്യം ചിത്രം എന്ന നിലയില്‍, ലൊക്കേഷനൊക്കെ താങ്കള്‍ തന്നെയാണോ തിരഞ്ഞെടുത്തത്?

ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ കോഴിക്കോടും പരിസരവുമാണ്. വയനാട് പശ്ചാത്തലമാക്കിയുള്ള കഥയാണ്. പക്ഷേ എല്ലാ സൗകര്യങ്ങളും സാഹചര്യവുമൊക്കെ നോക്കി കോഴിക്കോടിനടുത്ത് പൂവാറുംതോട് എന്ന സ്ഥലത്താണ് കൂടുതല്‍ ചിത്രീകരണവും നടത്തിയിരിക്കുന്നത്. ഭയങ്കര രസമുള്ളൊരു സ്ഥലമാണത്. സിനിമയുടെ ഹൈലൈറ്റ് ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ല. എന്റെ ഒരു സുഹൃത്താണ് ആ സ്ഥലത്തെക്കുറിച്ച് ആദ്യം പറയുന്നത്. അവിടെ ചെന്ന ഞങ്ങള്‍ ശരിക്കും അമ്പരന്നു. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് ആ സ്ഥലത്തിന്റെ യഥാർഥ സൗന്ദര്യം മനസ്സിലാകും. 

musthafa-travel1

യാത്രകളോട് ഏറെയിഷ്ടമുള്ളയാളാണോ?

ഞാന്‍ വലിയ യാത്രാപ്രേമിയാണ്. എന്നാല്‍ സമയക്കുറവുകൊണ്ടൊക്കെ വലിയ യാത്രകളൊന്നും പറ്റിയിട്ടില്ല. ഇനിവേണം ശരിക്കും ആസ്വദിച്ച് യാത്ര പോകാന്‍. ചില പദ്ധതികളൊക്കെ എന്റെ മനസ്സിലുണ്ട്. വളരെ കുറച്ചു സ്ഥലങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു, അതില്‍ ഭൂരിഭാഗവും ചിത്രീകരണത്തിനും പരിപാടികള്‍ക്കുമൊക്കെ പോയിട്ടുള്ളവയാണ്. 

ചിത്രീകരണത്തിന് പോയിട്ടുള്ളതില്‍ ഇഷ്ടപ്പെട്ട ഒരു സ്ഥലം 

അങ്ങനെ ചോദിച്ചാല്‍ കവരത്തിയാണ് കണ്ടതില്‍ ഏറ്റവും നല്ലതെന്ന് പറയാം. 2017 ലെ  മികച്ച നവാഗത സംവിധായകന്‍, മികച്ച ജസരി ചിത്രം എന്നീ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് സിന്‍ജാര്‍. ലക്ഷദ്വീപിലെ ലിപിയില്ലാത്ത ‘ജസരി’ ഭാഷയില്‍ നിര്‍മിച്ച ആദ്യ ചലച്ചിത്രം എന്ന ഖ്യാതി നേടിയ സിന്‍ജാറിന്റെ ചിത്രീകരണത്തിനാണ് ഞങ്ങള്‍ കവരത്തിയില്‍ പോയത്. 20 ദിവസത്തോളം അവിടെ തങ്ങി. മറക്കാനാവാത്ത കുറേ ഓര്‍മകളും എന്നും ഒപ്പം നില്‍ക്കുന്ന കുറച്ച് സുഹൃത്തുക്കളേയും ആ നാട് എനിക്ക് സമ്മാനിച്ചു. രസകരമായിരുന്നു അവിടുത്തെ ജീവിതം. ചുറ്റും കടല്‍, മനോഹരമായ ഭൂപ്രകൃതി. മൊത്തത്തില്‍ നമ്മുടെ നാടിന്റെയൊക്കെ ഒരു രൂപസാദൃശ്യം കവരത്തിക്ക് ഉണ്ടെന്ന് തോന്നും. എന്നാല്‍ അവിടെ ചെന്നിട്ട് എനിക്ക് മിസായൊരു കാര്യമുണ്ട്. അത് സ്‌കൂബാ ഡൈവിങ് ആണ്. കാലിന് പരിക്കേറ്റതിനാല്‍ ഡൈവിങ്ങിന് പോകാനായില്ല. അതിന്നുമൊരു നിരാശയായി എന്റെ മനസ്സിലുണ്ട്.

musthafa-travel5

അപ്പോള്‍ ലക്ഷദ്വീപിലേയ്ക്ക് ഒരു യാത്ര താമസിയാതെ ഉണ്ടാകും?

തീര്‍ച്ചയായും. അന്ന് സാധിക്കാതെ പോയ ആ ഡൈവിങ് ഇനിയുള്ള യാത്രയില്‍ ഞാന്‍ സാധ്യമാക്കും. ഇനി ലക്ഷദ്വീപിലേക്ക് ഞാന്‍ ഒറ്റയ്ക്കായിരിക്കില്ല പോകുന്നത് എന്നുമാത്രം. എന്റെ ഉമ്മയ്ക്ക് അവിടം കാണണമെന്ന് വല്ലാത്തൊരു ആഗ്രഹമുണ്ട്. ഞാനും ഉമ്മയും കൂടിയായിരിക്കും ഇനി ആ ദ്വീപിലേക്കു പോവുക. കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ മറ്റൊരു അനുഭവമാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള യാത്രകളില്‍ അവരെയും കൂട്ടാനാണ് തീരുമാനം. എനിക്ക് കൂട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യാനാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം. എന്നുകരുതി നാളുകള്‍ക്ക് മുമ്പ് പ്ലാനിട്ട് ഡേറ്റ് ഫിക്‌സ് ചെയ്‌തൊന്നും ട്രിപ്പ് പോകാന്‍ സാധിക്കാറില്ല. മിക്കവാറും പോക്കൊക്കെ എടിപിടി സഞ്ചാരമാണ്. ഇന്ന് തീരുമാനിച്ച് നാളെ പോകുന്ന പരിപാടി.

musthafa-travel3

അങ്ങനെയൊരു ട്രിപ്പായിരുന്നു വാല്‍പ്പാറയ്ക്ക് പോയത്. വാല്‍പ്പാറ വഴി തമിഴ്‌നാട്ടിലേക്കു പോകാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. യാത്ര പുറപ്പെട്ട് പലയിടത്തും നിര്‍ത്തിയും ഇറങ്ങിയും കാഴ്ചകള്‍ കണ്ടും ഞങ്ങള്‍ രാത്രിയോടെ വാല്‍പ്പാറയെത്തി. അതുവരെ ഫോണിനൊന്നും റേയ്ഞ്ച് ഇല്ലായിരുന്നു. വാല്‍പ്പാറയെത്തിയതും റേയ്ഞ്ച് വന്നു.

അപ്പോള്‍ വന്ന കോള്‍ പിറ്റേന്നുതന്നെ നാട്ടിലെത്തണമെന്ന് പറഞ്ഞായിരുന്നു. ആ രാത്രിയില്‍തന്നെ ട്രിപ്പൊക്കെ മതിയാക്കി ഞങ്ങള്‍ തിരികെ പോന്നു. ശരിക്കും പറഞ്ഞാല്‍ പൂര്‍ത്തികരിക്കാത്തൊരു യാത്രയാണത്. ഇത്തരം ഹൈറേഞ്ച് യാത്രകളോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. കാടും കുന്നുമൊക്കെ കയറിയുള്ള പോക്ക് ഞാന്‍ ശരിക്കും എൻജോയ് ചെയ്യും. മൂന്നാറിന്റെ തണുപ്പത്ത് പോയിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നൊരാളാണ് ഞാന്‍. സമയം കിട്ടിയാല്‍ പെട്ടെന്ന് പോയി വരാന്‍ താല്‍പര്യവും മൂന്നാര്‍ തന്നെ. 

musthafa-travel4

ഒരു ഡ്രീം ഡെസ്റ്റിനേഷന്‍ ഉണ്ടോ? സംവിധാനത്തിനുള്ള മുന്നൊരുക്കം എന്ന നിലയില്‍ യാത്രകൾ?

ഒരു ട്രാവല്‍ മൂവി എന്റെ മനസ്സിലുണ്ട്. അതുകൊണ്ടുതന്നെ കുറച്ച് സ്ഥലങ്ങള്‍ ഒക്കെ കാണണമെന്നും കൂടുതല്‍ അറിയണമെന്നും ആഗ്രഹവുമുണ്ട്. രാജസ്ഥാനാണ് കുറേക്കാലമായി മനസ്സില്‍ കിടക്കുന്ന മറ്റൊരു ആഗ്രഹം. ഇനി സമയം കണ്ടെത്തി അവിടെയൊക്കെ പോകണം. ട്രാവല്‍ മൂവിയുടെ കാര്യം പറഞ്ഞല്ലോ. അതിനായി ഒരു ഉത്തരേന്ത്യന്‍ സന്ദര്‍ശനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

കശ്മീര്‍ വരെയൊക്കെ പോകണമെന്നുണ്ട്. വിവിധ സംസ്‌കാരങ്ങളിലൂടെ, വിവിധ നാടുകളിലൂടെ പലതരത്തിലെ ആളുകളെ അറിഞ്ഞ് പലതരം ഭക്ഷണങ്ങള്‍ പരീക്ഷിച്ചൊരു യാത്രയാണ് പ്ലാന്‍ ഇടുന്നതും, എന്റെ സിനിമയും ഇത്തരത്തിലുള്ള ഒന്നായിരിക്കും. പക്കാ റോഡ് മൂവി. യാത്രകള്‍ പുതുചിന്തകളും വിചാരങ്ങളും നമുക്ക് നല്‍കും. പലതും പഠിക്കാനും അറിയാനും അനുഭവിക്കാനുമെല്ലാം ഒരു ചെറുയാത്രയില്‍ നിന്നുപോലും സാധിക്കും.  കവരത്തി യാത്രയ്ക്കിടെ എനിക്കൊരു ദ്വീപ് മൂവിയുടെ ഐഡിയകള്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. അത് ചെറിയൊരു സീക്രട്ടാണ്. ഇപ്പോഴല്ല, വഴിയേ പറയാം. 

മലപ്പുറം ചേളാരി സ്വദേശിയായ മുസ്തഫയ്ക്ക് എവിടെപോയാലും തിരികെ നാട്ടിലേക്ക് എത്താനാണ് ഇഷ്ടം. കൂട്ടുകാര്‍ക്കൊപ്പം കിട്ടുന്ന സമയമത്രയും നാട്ടില്‍ കഴിച്ചുകൂട്ടാനാണ് തനിക്കു താല്‍പര്യമെന്നും മുസ്തഫ. സംവിധായകന്‍ എന്ന നിലയില്‍ ഇറങ്ങുന്ന ആദ്യ ചിത്രം കപ്പേള വിജയമാകട്ടെ എന്ന് ആശംസിക്കുന്നതിനൊപ്പം കൂടുതല്‍ യാത്രകളും ചെയ്യാനാകട്ടെ എന്ന് പറഞ്ഞ് ഞങ്ങള്‍ ഈ സംഭാഷണം അവസാനിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com