sections
MORE

െട്രക്കിങ്, മാന്ത്രികഗ്രാമം, ഹണിമൂൺ... ഇത് ഓഫ്‌ബീറ്റ് യാത്രായിടങ്ങളുടെ പറുദീസ

himachal-pradesh
SHARE

മനോഹരമായ പ്രകൃതിദൃശ്യങ്ങളും മനം മയക്കുന്ന കാഴ്ചകളും കാരണം ഹിമാചൽ പ്രദേശ് യാത്രികർക്കും പ്രകൃതിസ്‌നേഹികൾക്കും വിനോദ സഞ്ചാരികൾക്കുമെല്ലാം ഏറ്റവും പ്രിയങ്കരമാണ്. നിരവധി തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹിമാചലിൽ അത്രതന്നെ ഓഫ്‌ബീറ്റ് സ്ഥലങ്ങളുമുണ്ട്. ബഹളങ്ങളിൽ നിന്നും വാണിജ്യകേന്ദ്രങ്ങളിൽ നിന്നും അകന്ന് ഏകാന്തതയും ശാന്തതയും തേടുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന മനോഹര ഇടങ്ങൾ. ഹിമാചലിലെ അത്തരം സ്ഥലങ്ങൾ വളരെ ശാന്തതയും സമാധാനവും നിറഞ്ഞവയാണ്. ട്രെക്കിങ്, സാഹസിക പ്രവർത്തനങ്ങൾ, സ്കീയിങ്, പാരാഗ്ലൈഡിങ് അടക്കമുള്ള വിനോദങ്ങൾ ആ സ്ഥലങ്ങൾ സഞ്ചാരികൾക്കായി കരുതിവച്ചിരിക്കുന്നു. 

himachal-pradesh-1

ജിബി,തീർഥൻ വാലി

പച്ചപ്പു നിറഞ്ഞ വനങ്ങൾക്കിടയിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട ‘കുഗ്രാമം’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ജിബി, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും വിശ്രമിക്കാനും അനുയോജ്യമാണ്. ഇടതൂർന്ന പൈൻ വനങ്ങൾ, ശാന്തമായ ശുദ്ധജല തടാകങ്ങൾ, മനോഹരമായ ക്ഷേത്രങ്ങൾ എന്നിവ ഇവിടെയുണ്ട്; താമസിക്കാൻ സുഖപ്രദമായ വിക്ടോറിയൻ ശൈലിയിലുള്ള കോട്ടേജുകളും. ശുദ്ധ വായു ശ്വസിച്ച് ഒരു കപ്പ് ചൂടുചായയുമായി ഇലകളുടെ മർമരവും കിളികളുടെ കളകളാരവവും കേട്ടിരിക്കാം.

റസോൾ 

ഹിമാലയത്തിലെ പാർവതി താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന റസോൾ ശരിക്കുമൊരു  മാന്ത്രിക ഗ്രാമമാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 10,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന, വളരെ ഒറ്റപ്പെട്ട് നിൽക്കുന്ന റാസോൾ, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ അതിശയകരമായ കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു മനോഹര സ്ഥലം കൂടിയാണ്.  

കൽപ

സത്‌ലജ് നദീതടത്തിലെ കിന്നൗറിലെ പ്രധാന ഗ്രാമമായ കൽപ, നിറയെ ഓർമകൾ സമ്മാനിക്കുന്ന ഒരു കുഞ്ഞു ഗ്രാമമാണ്. മനോഹരമായ നിരവധി ക്ഷേത്രങ്ങൾക്കും മൊണാസ്ട്രികൾക്കും പേരുകേട്ട ഈ പട്ടണം ആപ്പിൾ തോട്ടങ്ങൾക്കും പ്രസിദ്ധമാണ്. സത്‌ലജ് നദിക്കരയിൽ നിന്ന് നോക്കിയാൽ കാണുന്ന ഗംഭീരമായ കിന്നൗർ-കൈലാഷ് ശ്രേണി ആനന്ദദായകമാണ്.

627177280

ഈ പറുദീസയിലൂടെ അതിരാവിലെ നടക്കുന്നത് മനോഹരമായ സൂര്യോദയത്തിന്റെ മാന്ത്രികത അനുഭവിക്കാൻ നിങ്ങൾക്ക് അവസരം നൽകും. കൊടുമുടികളിലെ പിങ്ക് നിറം സാവധാനം സ്വർണ്ണ തിളക്കമാകുന്നതിന് നിങ്ങൾ സാക്ഷ്യം വഹിക്കും.

ഫാഗു

2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫാഗു ശാന്തമായ മഞ്ഞുമൂടിയ ഗ്രാമമാണ്. ഗംഭീരമായ ഹിമാലയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഫാഗു, ഹിമാചൽ പ്രദേശിലെ നഗരത്തിന്റെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയ സ്ഥലമാണ്. മഞ്ഞുവീഴ്ചയിലും മൂടൽമഞ്ഞിലും എല്ലായ്പ്പോഴും പൊതിഞ്ഞിരിക്കുന്നതിനാൽ ഈ സ്ഥലം മാന്ത്രികമായി അനുഭവപ്പെടും. മേഘങ്ങൾ ഉപരിതലത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ ചിലപ്പോൾ നിങ്ങൾ മേഘങ്ങളിൽ നടക്കുന്നുവെന്ന് തോന്നാം.

himachal-pradesh-fagu

ശാന്തവും സുന്ദരവുമായ ഈ സ്ഥലം പ്രകൃതിഭംഗിയാൽ സമൃദ്ധമാണ്, മാത്രമല്ല പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ഭാഗ്യവാനാണെങ്കിൽ, ഫാഗുവിലെ ആകാശത്തു നിന്ന് മഞ്ഞ് വീഴുന്ന മാന്ത്രിക പ്രതിഭാസത്തിന് നിങ്ങൾ സാക്ഷ്യം വഹിച്ചേക്കാം. വിശാലമായ മരങ്ങളും മഞ്ഞുമൂടിയ പർവതങ്ങളും പച്ചപ്പാടങ്ങളും ഫാഗുവിനെ വേറിട്ടു നിർത്തുന്നു. 

കാൻഗ്ര -ദേവന്മാരുടെ നാട്

Kangra

ആന്തരിക സമാധാനം ഉണർത്തുന്ന ഒരു ആത്മീയ പിൻവാങ്ങലിനായി, പച്ചവിരിച്ച താഴ്‌വരയിൽ ഒരൽപ നേരം ഇരിക്കണം എന്ന് തോന്നുന്നുണ്ടോ. എങ്കിൽ ഹിമാചൽ പ്രദേശിലെ ഏറ്റവും മികച്ച ഓഫ്‌ബീറ്റ് സ്ഥലങ്ങളിൽ ഒന്നായ കാൻഗ്ര അതിന് പറ്റിയ ഇടമാണ്. കാൻഗ്രയിലൂടെ ഒഴുകുന്ന ബിയാസ് നദിയും വിശുദ്ധ ഹിന്ദു ഗ്രന്ഥങ്ങളിൽ താഴ്‌വരയെക്കുറിച്ച് ആവർത്തിച്ച് പരാമർശിക്കുന്നതും കാൻഗ്രയെ 'ദേവഭൂമി' അല്ലെങ്കിൽ ദൈവങ്ങളുടെ നാട് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. കാൻഗ്രയുടെ ഗംഭീര്യ സൗന്ദര്യവും താഴ്‌വരയിലെ വിവിധ പനോരമിക് ആനന്ദങ്ങളും എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും സ്വപ്നതുല്യമായ അനുഭവമാണ് പ്രദാനം ചെയ്യുക.

സോളൻ- ഇന്ത്യയുടെ മഷ്റൂം തലസ്ഥാനം

പഞ്ചാബ്-ഹിമാചൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സോളൻ ഹിമാലയത്തിന്റെ താഴത്തെ നിരകളിലാണ് നിലകൊള്ളുന്നത്. വിവിധ വ്യവസായങ്ങളുള്ള ഒരു വ്യവസായ നഗരമാണ് സോളൻ. നഗരത്തിരക്കുകളിൽ നിന്ന് കുറച്ച് ദൂരം സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക്  സോളൻ മികച്ചൊരു ഹിൽ സ്റ്റേഷനാണ്. ഹിമാചൽ പ്രദേശിലെ മനോഹരമായ ഒരു സ്ഥലമായ സോളനിൽ പുരാതന ക്ഷേത്രങ്ങളും മൊണാസ്ട്രികളും ഉണ്ട്, അത് പ്രതിവർഷം നൂറുകണക്കിന് സഞ്ചാരികളെയും ഭക്തരെയും ആകർഷിക്കുന്നു. ഗംഭീരമായ കുന്നുകളുടെ പശ്ചാത്തലത്തിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്നതിനാൽ ക്ഷേത്രങ്ങൾക്കും മറ്റുമൊക്കെ വിശേഷമായ സൗന്ദര്യമാണ്. 

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മദ്യനിർമാണശാലകളിലൊന്നായ സോളൻ എല്ലാ വർഷവും ഉൽ‌പാദിപ്പിക്കുന്ന കൂൺ കാരണം രാജ്യത്തിന്റെ മഷ്‌റൂം തലസ്ഥാനമായി അറിയപ്പെടുന്നു. വലിയ അളവിൽ തക്കാളി ഉത്പാദിപ്പിക്കുന്നതിനാൽ സോളനെ ചുവന്ന സ്വർണ നഗരം എന്നും വിളിക്കുന്നു. 300 വർഷത്തോളം പഴക്കമുള്ള ഒരു കോട്ടയും ഈ നഗരത്തിലുണ്ട്.  ഭക്തരും വിനോദസഞ്ചാരികളും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഷൂലിനി മാതാ ക്ഷേത്രവും ജതോലി ശിവക്ഷേത്രവും. ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ മൊണാസ്ട്രികളിൽ ഒന്നാണ് യൂണ്ടുങ് മൊണാസ്ട്രി, ഇത് സോളാനിലേക്ക് പോകുന്ന എല്ലാവരും സന്ദർശിക്കേണ്ടതാണ്.

നാർകണ്ട

Narkanda

വനങ്ങളും വനപ്രദേശങ്ങളും കൊണ്ട് ചുറ്റപ്പെട്ട നർക്കണ്ട, ഷിംല ജില്ലയിലെ മനോഹരമായ ഒരു കൊച്ചു പട്ടണമാണ്. ശൈത്യകാലത്ത് സ്കീയിങ്ങിന് ഇത് പ്രശസ്തമാണ്. 9000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം പ്രകൃതി സൗന്ദര്യത്താലും മനോഹരമായ ആപ്പിൾ തോട്ടങ്ങളാലും സഞ്ചാരികളെ ആകർഷിക്കുന്നു. ഉഷ്ണമേഖലാ വനങ്ങളും ഗാംഭീര്യമുള്ള കുന്നുകളും കൊണ്ട് ചുറ്റപ്പെട്ട ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാരികൾ അധികംകണ്ടിട്ടില്ലാത്ത  ഒരു സ്ഥലമാണിത്. 

മലാന

നൂറ്റാണ്ടുകളായി ഹിമാലയത്തിന്റെ മഞ്ഞുപുകയിൽ ലഹരി കലര്‍ത്തുന്ന ഒരു ഗ്രാമം. 2700 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ കുളു താഴ് വരയിലെ ഒരു പുരാതന ഏകാന്ത ഗ്രാമമാണ് മലാന. ഈ ഗ്രാമത്തിനടുത്തുള്ള ഒരു റോഡില്‍ എത്തിപ്പെടണമെങ്കില്‍ നാലു ദിവസത്തെ മലകയറ്റമുണ്ട്. കഞ്ചാവും മരിജുവാനയുമില്ലാതെ ഈ ഗ്രാമത്തിന് നിലനില്‍പില്ല. കാരണം ഈ ഗ്രാമത്തിലെ ദൈവം ജമലൂ വാണ്. പരമ്പരാഗത സംസ്‌കാരം പകര്‍ന്നു നല്‍കിയ കഞ്ചാവുവലി അവര്‍ക്ക് ഒരു അനുഷ്ഠാനമാണ്.

ഗ്രാമവാസികള്‍ സ്വയം തിരഞ്ഞെടുത്ത ഭരണസമിതിയും അവര്‍ നടപ്പാക്കുന്ന നിയമങ്ങളുമേ ഈ ഗ്രാമവാസികള്‍ അനുസരിക്കുകയുള്ളൂ. പുറമെ നിന്നുള്ളവരെ കണ്ടാല്‍ അവര്‍ ഭയന്ന് ഓടിയൊളിക്കും. നൂറ്റാണ്ടുകളായി ഗ്രാമവാസികള്‍ യതൊരു മറയുമില്ലാതെ കഞ്ചാവ് വളര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നു.

മലാനാ ഗ്രാമത്തില്‍ എത്തിപ്പെടമെങ്കില്‍ കിലോമീറ്ററുകളോളം വനത്തിലൂടെ സഞ്ചരിക്കണം. പുറമെ നിന്ന് വലിയ തോതില്‍ ചരക്കുകള്‍ എത്തിക്കണമെങ്കില്‍ റോപ്പ് വേ സംവിധാനമാണ് ഉപയോഗിക്കുന്നത്. മലാന നള എന്നറിയപ്പെടുന്ന ഇത് പാർവതി താഴ്‌വരയിലാണ് സ്ഥിതിചെയ്യുന്നത്.  ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് അകലെയാണെന്ന് തോന്നും ഇവിടെയെത്തിയാൽ. 

ഇനി മഞ്ഞു നിറഞ്ഞ മലനിരകൾ കാണണമെന്നു തോന്നിയാൽ ഈ സുന്ദര സുരഭില മനോഹര സ്ഥലങ്ങൾ തേടി ഇറങ്ങാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA