sections
MORE

പുല്ലു പൂത്ത്... പിന്നെ പാറ പൂത്ത്.. താഴ്‌വാരങ്ങൾ മുഴുവൻ പൂത്തുലഞ്ഞ്....

Satara-valley1
SHARE

ഒന്നും ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല. പ്രകൃതിയുടെ കാര്യത്തിൽ അത് നൂറു ശതമാനവും ശരിയാവാറുണ്ട്. സത്യജിത് റേയ്ക്ക് സംഭവിച്ച ഒരു പൊല്ലാപ്പ് ഓർക്കുന്നു. കാട്ടുകരിമ്പ് പൂക്കുന്ന കാലമായിരുന്നു പഥേർ പാഞ്ജലി സിനിമയുടെ കുറേ സീനുകൾക്കായി അദ്ദേഹം കരുതി വച്ചിരുന്നത്. റേയുടെ ഭാഷയിൽ ‘Sea of fluffy whiteness’. മിനുത്ത തൂവെണ്മയുടെ പൂക്കടൽ. ഒന്നാം ദിവസം ഭംഗിയായി പോയി. പിറ്റേന്ന് റേയെ ബുദ്ധിമുട്ടിലാക്കി ആ പൂക്കടൽ പൂർണമായും തരിശായി മാറി. പല അനുമാനങ്ങളുണ്ട്. കാലികൾ മേഞ്ഞിട്ടുണ്ടാവാം എന്നത് അതിലൊന്ന്. എന്തായാലും സീനിന്റെ തുടർച്ച നഷ്ടപ്പെടുത്താതിരിക്കാൻ റേ കാത്തിരുന്നത് അടുത്ത പൂക്കാലം  വരെയാണ്.

Satara-valley3

ഇതിലെ ഗുണപാഠം വ്യക്തമായി മനസ്സിൽ ഉറച്ചുപോയതുകൊണ്ടാവാം സഹ്യാദ്രി മലനിരകളിലെ പൂത്താഴ്‌വര പൂവിട്ടെന്നു കേട്ടപ്പോൾ, പിന്നെയാവാം എന്ന പാഴ്ചിന്ത മനസ്സിനെ ജയിക്കാതിരുന്നത്.

‘കാസ് പത്തറി’ലേക്കുള്ള  വഴികൾ പോലും അത്ര സുന്ദരമായിരുന്നു. പുണെയിൽനിന്ന് സത്താറയിലേക്ക് എൻഎച്ച് 48 നാലുവരിയിൽ നിവർന്നു കിടക്കുമ്പോൾ ഗ്രാമാന്തരങ്ങളിലൂടെയുള്ള കുറുക്കുവഴികളിലൂടെ കാറോടിപ്പിച്ച ഗൂഗിളിനാണ് ക്രെഡിറ്റ്. നിലക്കടലയും ജോവറും വിളയുന്ന മറാത്താ ഗ്രാമങ്ങൾ. കാലിയായ പാടങ്ങളിലും പാതയിറമ്പുകളിലും നിറയെ പൂക്കളാണ്. കുഞ്ഞുസൂര്യകാന്തികളും കമ്മൽച്ചെടികളും തൊട്ട് പേരറിയാത്ത ഒരുപാടൊരുപാട് കുഞ്ഞുപൂക്കൾ ചേർന്ന്, മഴ നനഞ്ഞ പുൽമേടുകളെ അലങ്കരിച്ചൊരുക്കിയിരിക്കുന്നു. കാസ് പത്തർ അടുക്കുംതോറും പൂക്കളുടെ സാന്ദ്രത കൂടിക്കൂടി വരുന്നു.

Satara-valley4

‘സത്താറ’യിൽനിന്ന് ഇനി 30 കിലോമീറ്റർ മലകളിലൂടെയുള്ള യാത്രയാണ്.

‘കാസ് പത്തർ’-  യുണെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിന്റെ ഭാഗമാണ് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ ഉള്ള ഈ പൂക്കളുടെ താഴ്‌വാരം. പശ്ചിമഘട്ടത്തിന്റെ സഹ്യാദ്രി ഭാഗത്തുള്ള ഈ ലാവാശില മലഞ്ചെരിവുകൾ 850 ലധികം ഇനങ്ങളിലുള്ള പൂച്ചെടികളും പൂമ്പാറ്റകളും ജീവജാലങ്ങളുമൊക്കെയായി ജൈവ വൈവിധ്യത്തിന്റെ കലവറയാണ്. ഇവയിൽതന്നെ 624 ഇനം സസ്യങ്ങൾ വംശനാശ ഭീക്ഷണി നേരിടുന്ന ജീവജാലങ്ങളുടെ റെഡ് ഡേറ്റ ബുക്കിൽ ഉൾപ്പെടുന്നവയാണ്. ഇതിൽ 39 പൂച്ചെടികൾ ഭൂമിയിൽ വേറെയെവിടെയും കാണാത്തവയാണത്രേ.

Satara-valley2

അപൂർവങ്ങളായ ഓർക്കിഡുകളും ഡ്രോസറ ഇൻഡിക്ക പോലെയുള്ള മാംസഭോജി ചെടികളും ഇവിടെ ഉണ്ട്. 200 ലധികം പക്ഷികളും സ്വദേശികളായ ചിത്രശലഭങ്ങളും മറ്റ് അപൂർവ ജീവജാലങ്ങളുമൊക്കെയായി ജൈവ വൈവിധ്യം നിറഞ്ഞ ഈ ആവാസവ്യവസ്ഥ പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും ജീവശാസ്ത്രജ്ഞരുടെയുമൊക്കെ പാഠശാലയാണ്.

ഏകദേശം 10 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ലാവാബസാൾട്ട് പാറകൾക്കു മേലെയുള്ള ചെറിയ മണ്ണടരിലാണ് ഈ പൂപ്പാടമത്രയും. ‘കാസ്പത്തർ’ എന്ന വാക്കിന് മറാത്തിയിൽ അകിടു പോലെയുള്ള മലകൾ എന്നാണർഥം. ആദിമ ജൈവവ്യവസ്ഥയ്ക്ക് കരുണയോടെ പാൽ ചുരത്തുന്ന അമ്മ മലകൾ..

ശരിക്കും ഭ്രമിപ്പിക്കുന്ന കാഴ്ചയാണിത്.. പുല്ലു പൂത്ത്... പിന്നെ പാറ പൂത്ത് ..  താഴ്‌വാരങ്ങൾ മുഴുവൻ പൂത്തുലഞ്ഞുമറിഞ്ഞ് മുന്നിലങ്ങനെ കിടക്കുകയാണ്. കാട്ടുപൂക്കളുടെ മദിപ്പിക്കുന്ന തേൻമണമാണെവിടെയും. അരിനീലപ്പൂക്കളുടെ നീല മലഞ്ചെരിവുകൾ, മഞ്ഞക്കുഞ്ഞിപ്പൂക്കളുമായി മഞ്ഞ പൂഞ്ചെരിവുകൾ,  പിന്നെ ചെമ്മാനം മുഴുവനായി നിലത്തടർന്നു വീണതു പോലെ ചുവപ്പുപുൽമേടുകൾ..

കാറ്റുലയ്ക്കുമ്പോൾ പുല്ലിൻപൂവുകളിൽ തേനുണ്ടു മയങ്ങുന്ന ആയിരം പൂമ്പാറ്റകൾ പറന്നുയരുന്നു... പുല്ലിൻതുമ്പുകൾ പൂക്കളെപേറി, ഇത്തിരി കുനിഞ്ഞ് ഇളംകാറ്റിനൊപ്പം തിരമാലകൾ പോലെ അലകളായി ആടുന്നു. പൂക്കളുടെ കടൽ തന്നെ... മലമുകളിലെ ചെറു തണുപ്പിൽ ഉച്ചമയക്കത്തിലാണ്ട ചെറുകിളികൾ ഞെട്ടിയെഴുന്നേറ്റ് പൊങ്ങിയും താണും പറന്നുല്ലസിക്കുന്നു. ശരിക്കും പ്രകൃതിയുടെ ആനന്ദനടനം.

തോൾസഞ്ചി മാറ്റിവച്ച്, പുല്ലിൻ മീതെ, ഭൂമിയോടു നെഞ്ചും ചെവിയും ചേർത്ത് ഒന്നു കിടന്നു നോക്കൂ.. പുല്ലിൻതുമ്പുകളുടെയും പൂമ്പാറ്റച്ചിറകുകളുടെയും ഉരസലും കാറ്റിന്റെ മർമരവും പിന്നെയും ഒരുപാട് മൃദുല സ്വരങ്ങളും ചേർന്നൊരുക്കുന്ന അഭൗമ സംഗീതം.. കണ്ണു കൊണ്ടു മാത്രമല്ല മറ്റു പഞ്ചേന്ദ്രിയങ്ങൾ കൊണ്ടും ഈ ആദി ജീവസമൂഹത്തെ  അറിയുമ്പോൾ പുല്ലും പുഴുവും അനേക ലക്ഷം സൂക്ഷ്മജീവികളും ഒക്കെയൊക്കെ ചേർന്ന ഈ മഹാപ്രപഞ്ചത്തിന്റെ ഒരു കണിക മാത്രമാണ് മനുഷ്യനെന്നുള്ള  വെളിപാട് ഒരുപക്ഷേ കരുണയോടെ പകർന്നു കിട്ടിയേക്കാം.

Satara-valley

ഈ മായാവിസ്മയലോകത്ത് നിങ്ങൾ ശരിക്കും സ്വർഗത്തിൽ വിശ്വസിച്ചു പോകും.. വയൽപ്പുല്ലിനെയും സോളമനെക്കാൾ  അലങ്കരിച്ചൊരുക്കുന്ന,  പൂക്കളുടെയും പൂമ്പാറ്റകളുടെയും തമ്പുരാന്, ശിശിരാരംഭത്തിൽ പറന്നെത്തിയ ചെറുകിളികളോടൊപ്പം സ്തുതി പാടാൻ തോന്നിപ്പോവും... പൂവയലുകളിൽ നഗ്നപാദരായി ഓടിക്കളിക്കുന്ന മാലാഖക്കുഞ്ഞുങ്ങളെപ്പോലും നിങ്ങൾ പ്രതീക്ഷിച്ചേക്കാം. അത്ര മായികമാണിവിടം; മനോഹരം.

ആംസ്റ്റർഡാമിലെ  ട്യുലിപ് പൂന്തോട്ടം കാണാൻ അവസരം കിട്ടിയിട്ടുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വലുതാണത്. ഇവിടെയാണ് വ്യത്യാസം. മനുഷ്യനും യന്ത്രങ്ങളും കൂടി എത്ര പരിശ്രമിച്ചാലും കാറ്റും മഴയും കാലാവസ്ഥയും പൂമ്പാറ്റകളും തേനീച്ചകളും തേൻകുടിയൻമാരായ കുഞ്ഞിക്കിളികളും കൂടി നട്ടൊരുക്കി പരിപാലിച്ച ഈ പറുദീസയുടെ അടുത്തു പോലുമെത്തില്ല..

തിരിച്ചു പോവുമ്പോൾ, കക്കിരിക്കയിൽ ഉപ്പു പുരട്ടിത്തരുന്നതിനിടെ മസാലക്കടലവിൽപനക്കാരി രഹസ്യം പറഞ്ഞു തന്നു.. അടുത്ത വർഷം ഗണേശ ചതുർഥി ദിവസങ്ങളിൽത്തന്നെ വരണമെന്ന്.. അപ്പോഴാണ് ഇവിടെ ഏറ്റവും ചെഞ്ചുവപ്പു പൂക്കൾ വിരിയുകയത്രേ..

കാസ്പത്തറിലേക്ക് എത്തിച്ചേരാൻ..

പുണെയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. അവിടെനിന്ന് സത്താറ വരെ എൻഎച്ച് 48 നാലുവരിപ്പാത. റോഡ് മാർഗം സഞ്ചരിക്കാനാണ് ഇഷ്ടമെങ്കിൽ 136 കിലോമീറ്റർ. ടാക്സികൾ ലഭിക്കും. നിരക്കുകൾ ചോദിച്ചു മനസ്സിലാക്കിയാവണം ഇൗ യാത്ര. അതല്ല, ട്രെയിൻ മാർഗമാണെങ്കിൽ സത്താറ വരെ ട്രെയിൻ ലഭിക്കും. പുണെയിൽനിന്ന് ഒാരോ മൂന്നു മണിക്കൂറിലും സത്താറ വരെ ട്രെയിൻ ഉണ്ട്. ഇഷ്ടംപോലെ ബസുകളും ഉണ്ട്.  സത്താറയിൽനിന്ന് കാസ്പത്തർ വരെ 30 കിലോമീറ്റർ സുന്ദരമായ ഹിൽ ഡ്രൈവ് ആണ്. 

ഇവിടെ ഒരു ദിവസം താമസിച്ച് അതിസുന്ദരമായ പുലരികളും സന്ധ്യകളും കണ്ടാസ്വദിച്ച് മടങ്ങാനാണ് തീരുമാനമെങ്കിൽ റിസോർട്ടുകളും ഉണ്ട്. മഹാരാഷ്ട്ര ടൂറിസം വകുപ്പിന്റെ താമസ സൗകര്യം ഇവിടെനിന്ന് 25 കിലോമീറ്റർ ദൂരെ മഹാബലേശ്വറിലാണുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA