ADVERTISEMENT

ചെന്നൈ മറീനയിലെ കടൽ കാറ്റിൽ, സെമ്മൊഴി പൂങ്കാവിലെ ഹരിത ഭംഗിയിൽ, ഈസ്റ്റ് കോസ്റ്റ് റോഡരികിലെ നീണ്ട നടപ്പാതകളിൽ.. നിർത്താതെ വീശുന്ന കാറ്റിനൊപ്പം പ്രണയം തഴുകിപ്പോകുന്ന എത്ര ഇടങ്ങളാണ് ഈ നഗരത്തിൽ. ഇന്ത്യയിലെ ഏറ്റവും പ്രണയാതുരമായ നഗരങ്ങളുടെ പട്ടികയെടുത്താൽ മുൻ നിരയിൽ തന്നെയുണ്ടാകും നമ്മ ചെന്നൈ. ഇഷ്ടപ്പെടുന്നയാളുടെ കൈപിടിച്ച് നടക്കാൻ, കൊതിതീരുവോളം വർത്തമാനം പറയാൻ, പരസ്പരം കണ്ണിൽ നോക്കിയിരുന്നു വാചാലമായ മൗനത്തിലൂടെ ഇഷ്ടം കൈമാറാൻ.... പ്രണയത്തിന്റെ ഏതു ഭാഷയും മനോഹരമായി കൈമാറാവുന്ന റൊമാന്റിക് സ്പോട്ടുകൾ ചെന്നൈയിലുണ്ട്. പ്രണയിനികളുടെ ദിനത്തിൽ ചെന്നൈയിലെ ‘ലവ് കോർണറുകൾ’ പരിചയപ്പെടാം.

 

തിര പോലെ പ്രണയം -

മറീന ബീച്ച്

cni-theosophikal-park

തിരയും തീരവുമായി മാറാൻ ആഗ്രഹിക്കാത്ത പ്രണയിനികളില്ലല്ലോ?. അതിനാൽ, ലോകത്തെല്ലായിടത്തും പ്രണയിനികളുടെ ഇഷ്ട കേന്ദ്രം കടൽ തീരങ്ങളാണ്.ചെന്നൈയിലെ ഏറ്റവും പ്രശസ്തമായ റൊമാന്റിക് സ്പോട് മറീന ബീച്ച് തന്നെ. ഉദയാസ്തമയങ്ങൾ കണ്ട്, കാലിൽ തിരകളുടെ  ചുംബനമേറ്റ് തീരത്തിലൂടെ നടക്കാൻ എത്ര ആയിരങ്ങളാണു മറീനയിൽ ദിനംപ്രതിയെത്തുന്നത്. പഞ്ചാര മണലിന്റെ തിളക്കം - 

 

ബെസന്റ് നഗർ  ബീച്ച്

 

മറീന ബീച്ച് സി ക്ലാസ് തിയറ്ററാണെങ്കിൽ മാളുകളിലെ മൾട്ടിപ്ലെക്സാണു ബെസന്റ് നഗർ ബീച്ച്. വലിയ തിരക്കില്ലാതെ, തീരത്തോടു ചേർന്നു ആഡംബര ഷോപ്പിങ് കേന്ദ്രങ്ങളുള്ള കടൽ തീരം. ചായ മൊത്തിക്കുടിച്ച്, പഞ്ചാര മണലിലൂടെയുള്ള നടത്തം തന്നെയാണു ബെസന്റ് നഗറിലെ പ്രധാന ആകർഷണം.

cni-semmozhi-poonga

 

ആൽമരത്തണലിൽ-

 

തിയോസഫിക്കൽ സൊസൈറ്റി

marina

∙ നഗര മധ്യത്തിൽ, അതിന്റെ തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത ആശ്രമ തുല്യമായ ഒരിടം. 

പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ ആൽമരവും ചുറ്റും നിറഞ്ഞു നിൽക്കുന്ന മരങ്ങളും ചെറു കാടുകളുമായി അഡയാറിലെ തിയോസഫിക്കൽ സൊസൈറ്റി സമ്മാനിക്കുന്നതു വേറിട്ടൊരു അനുഭവം. ശാന്തവും സുന്ദരവുമായ, ധ്യാന സമാനമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവരാണെങ്കിൽ തിയോസഫിക്കൽ സൊസൈറ്റിയേക്കാൾ നല്ലൊരിടം നഗരത്തിലില്ല. 

പ്രണയം വിരിയും ഉദ്യാനം–   

cni-pulikat-lake

സെമ്മൊഴി പൂങ്കാ

∙ നഗര മധ്യത്തിൽ പ്രണയം പൂത്തു നിൽക്കുന്നൊരു ഉദ്യാനം- ആർകെ ശാലയിലെ സെമ്മൊഴി പൂങ്കായെ ഇങ്ങനെ വിശേഷിപ്പിക്കാം. അണിഞ്ഞൊരുങ്ങിയ വധുവിനെപ്പോലെ സുന്ദരിയാണു സെമ്മൊഴി പൂങ്കാ. വെട്ടിയൊതുക്കി മനോഹരമായി സംവിധാനിച്ചിരിക്കുന്ന എൺപതോളം മരങ്ങൾ, ചിരിച്ചു നിൽക്കുന്ന പൂക്കൾ, കൃത്രിമ തടാകം, കൈകോർത്തു പിടിച്ചു നടക്കാൻ ചെടികൾ അതിരിടുന്ന നടപ്പാത, കണ്ണിൽ നോക്കിയിരിക്കാൻ പുൽത്തകിടി... പ്രണയിനികളെ ഇതിലെ ഇതിലെ എന്നു മാടിവിളിക്കുകയാണു സെമ്മൊഴി പൂങ്കാ.

cni-metro-station

കാഴ്ചകളുടെ ചിറകടി-

പുലിക്കാട്ട് തടാകം

∙ ഈസ്റ്റ് കോസ്റ്റ് റോഡിലെ പുലിക്കാട്ട് തടാകം മനോഹരമായ വൈകുന്നേരങ്ങൾ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ്. തടാകത്തിൽ ബോട്ട് സഫാരിയാണു പ്രധാനആകർഷണം. മനോഹരമായ ഭൂപ്രകൃതിയ്ക്കൊപ്പം പക്ഷിക്കൂട്ടങ്ങളെ ഇവിടെ കാണാം. ശൈത്യകാലത്ത് വൈവിധ്യമാർന്ന ദേശാടനപ്പക്ഷികളുടെ സങ്കേതം കൂടിയാണു തടാകം.

ടിക്കറ്റെടുക്കാത്ത    പ്രണയങ്ങൾ - മെട്രോ

∙ ലോകത്ത് എല്ലായിടത്തും മെട്രോ സ്റ്റേഷനുകൾ കമിതാക്കളുടെ ഇഷ്ട ലൊക്കേഷനാണ്. ചെന്നൈയിലും അതിനു മാറ്റമില്ല. മെട്രോ സ്റ്റേഷനിലേക്കുള്ള വഴിയിലെ പടവുകളിൽ കൈകൾ കോർത്തുപിടിച്ചിരിക്കുന്ന പ്രണയിനികളെ എല്ലാ സ്റ്റേഷനുകളിലും കാണാം. മെട്രോയുടെ വരവ് നഗര യാത്രയെ കൂടുതൽ എളുപ്പമാക്കി. ഒപ്പം, നഗരത്തിനൊരു ന്യൂജെൻ പ്രണയ സ്പോട്ട് കൂടി ചെന്നൈ മെട്രോ സമ്മാനിച്ചു.  മെട്രോയിൽ ചിത്രീകരിച്ച ഒരു പാട്ടെങ്കിലുമില്ലാതെ പുതിയ തമിഴ് ചിത്രങ്ങൾ പുറത്തിറങ്ങുന്നില്ലെന്നതു തന്നെ ‘മെട്രോ പ്രണയം’ എത്ര മാത്രം ഹിറ്റാണെന്നതിനു തെളിവ്.

 

കലകൾ, കാഴ്ചകൾ –     ദക്ഷിണ ചിത്ര

∙ കാഴ്ചകളിൽ നിറഞ്ഞ്, പൈതൃകങ്ങൾ അനുഭവിച്ചു പ്രണയ ദിനം ആഘോഷിക്കാൻ തയ്യാറാണോ?. ഈസ്റ്റ് കോസ്റ്റ് റോഡിലെ ദക്ഷിണ ചിത്രയോളം നല്ല സ്ഥലം ചെന്നൈയിലില്ല. ദക്ഷിണേന്ത്യൻ ജീവിത ശൈലിയെ അതേപടി പകർത്തിവച്ച മ്യൂസിയവും കലകളുമായി കാത്തിരിക്കുന്നതു മനസ്സിൽ കൊത്തിവയ്ക്കുന്ന കാഴ്ചകൾ. തിരുനൽവേലിയിലെ അഗ്രഹാരരവും വള്ളുവനാട്ടിലെ നാലുകെട്ടുമെല്ലാം ഒറ്റ കുടക്കീഴിൽ ഇവിടെ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ചെന്നൈയും പ്രണയവും തമ്മിലുള്ള ഇഷ്ടം ഇവിടെയൊന്നും തീരുന്നില്ല. നഗരത്തിന്റെ ഏതെല്ലാമോ കോണുകളിൽ പ്രണയം അതിന്റെ വൈവിധ്യമാർന്ന ഭാവങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പറഞ്ഞതു മധുരം, പറയാനുള്ളതാകട്ടെ അതിമധുരം. പ്രണയം പോലെ, ചെന്നൈ നഗരത്തെയും വാക്കുകളിൽ പൂർണമായി ഒതുക്കാനാവില്ല. അതു അനുഭവിച്ചറിയാനുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com