ADVERTISEMENT

കുമയോണിന്‍റെ പരിസരത്തായി സമുദ്രനിരപ്പിൽ നിന്ന് 1704 മീറ്റർ ഉയരത്തിൽ ഗാംഭീര്യത്തോടെ നിൽക്കുന്ന നഗരമാണ് ഭവാലി. നൈനിറ്റാളിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം മികച്ച ഗുണനിലവാരമുള്ള ആപ്പിൾ, പീച്ച്, സ്ട്രോബെറി, പ്ലംസ്, ആപ്രിക്കോട്ട് എന്നിവയ്ക്ക് കേളികേട്ടതാണ്. 

1912- ല്‍ സ്ഥാപിക്കപ്പെട്ട ടി ബി സാനട്ടോറിയം ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കമല നെഹ്‌റു ഇവിടെ താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ഇവിടം ഏറ്റവും വലിയ പഴ മാര്‍ക്കറ്റ് ആണ്.മാത്രമല്ല, തൊട്ടടുത്ത നൈനിറ്റാൾ, ഭീംതാൽ, മുക്തേശ്വർ, റാണിഖേത്, അൽമോറ എന്നീ ഹില്‍സ്റ്റേഷനുകളിലേക്കുള്ള കവാടമാണ് ഇത്. ഗോലു ദേവത ക്ഷേത്രത്തിനും സൈനികവിദ്യാലയത്തിനും പേരുകേട്ട ഗോർഖലും ഇതിനടുത്താണ്.

ഭവാലിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് പ്രശസ്തമായ കൈഞ്ചി ധാം ക്ഷേത്രം ഉള്ളത്. ഈ പ്രദേശത്തെ ഏറ്റവും ആദരണീയമായ ക്ഷേത്രങ്ങളിലൊന്നാണ് ഹിന്ദു ഗുരുവായ നീം കരോരി ബാബയുടെ ഈ ക്ഷേത്രം. ഇവിടെ സ്ഥിതി ചെയ്യുന്ന ഭോവാലിയിലെ ഏറ്റവും പഴക്കം ചെന്ന വീടുകളിലൊന്ന് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി ഭക്ഷണവും താമസവും നല്‍കുന്നുണ്ട്. വെർഷ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് എന്നാണു ഇതിനു പേര്.

സാനിറ്റോറിയത്തിന്റെ താഴ്‌വരയിലാണ് പ്രാച്ചിൻ ജബാർ മഹാദേവ് ശിവക്ഷേത്രം. പുരാതന കാലം മുതൽക്കുള്ള മരം കൊണ്ട് നിര്‍മിച്ച ശിവലിംഗമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 18 അടി നീളമുള്ള ത്രിശൂലം സ്ഥാപിച്ചിരിക്കുന്ന ഒരേയൊരു ശിവക്ഷേത്രം കൂടിയാണ് ഇത്.

ഹിമാലയത്തിന്‍റെ വിസ്മയകരമായ അനുഭവം പകര്‍ന്നു തരുന്ന ഭവാലിയില്‍ ഒരു ദിനം ചെലവഴിക്കുന്നത് അവിസ്മരണീയമായ ഓര്‍മ്മകള്‍ നല്‍കും. ഇവിടുത്തെ ജൈവവൈവിധ്യം നിറഞ്ഞ മനോഹരമായ പ്രകൃതി, നഗരത്തിരക്കുകളില്‍ നിന്നെത്തുന്നവര്‍ക്ക് അങ്ങേയറ്റം സമാധാനം പകര്‍ന്നു തരുന്ന ഒന്നു കൂടിയാണ്. 29 കിലോമീറ്റര്‍ അകലെയുള്ള കത്ഗോഡം ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. വിമാന മാര്‍ഗം വരുന്നവര്‍ക്ക് 63 കിലോമീറ്റര്‍ ദൂരെയുള്ള പറ്റ്നനഗര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാം.

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com