sections
MORE

ഓറഞ്ച് ബര്‍ഫിയും സ്വര്‍ണമാമ്പഴങ്ങളും : പോകാം മഞ്ഞിന്റെ നാട്ടിലേക്ക്

nagpur-orange-city3
SHARE

സ്വർണനിറത്തില്‍ വിളഞ്ഞു കിടക്കുന്ന പലയിനത്തില്‍പ്പെടുന്ന ഓറഞ്ചുകള്‍ ആണ് നാഗ്പുര്‍ എന്ന പേര് കേള്‍ക്കുമ്പോഴേ മനസ്സിലേക്ക് ഓടിയെത്തുക. മഹാരാഷ്ട്രയുടെ വിന്‍റര്‍ ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന നാഗ്പുരില്‍ കാണാനും അറിയാനുമെല്ലാം അനവധി കാര്യങ്ങള്‍ വേറെയുമുണ്ട്. ഭൂമിശാസ്ത്രപരമായി  ഇന്ത്യയുടെ ഏറ്റവും മധ്യഭാഗത്താണ് നാഗ്പുര്‍ സ്ഥിതി ചെയ്യുന്നത്. കടുവകളുടെ തലസ്ഥാനം എന്നും നാഗ്പുരിനെ വിളിക്കുന്നു. പച്ചപ്പും പ്രകൃതിസൗന്ദര്യവും മനോഹരമായ തടാകങ്ങളും ഒത്തു ചേരുന്ന ഈ നഗരം സഞ്ചാരികളുടെ എക്കാലത്തെയും പ്രിയഭൂമിയാണ്‌.

nagpur-orange-city

ലോകത്തിലെ ഏറ്റവും വലിയ, പൊള്ളയായ ബുദ്ധ സ്തൂപം ദീക്ഷഭൂമി, അംബസാരി തടാകം, ഫുത്താല തടാകം, രാംടെക് കോട്ട ക്ഷേത്രം, ബോഹ്റ മസ്ജിദ് എന്നിങ്ങനെ നിരവധി സ്ഥലങ്ങളുണ്ട് ഇവിടെ സന്ദര്‍ശിക്കാന്‍. ട്രെക്കിങ് പ്രേമികള്‍ക്കും ഇവിടം അനുയോജ്യമാണ്. 

അല്‍പം ചരിത്രം

മഹാരാഷ്ട്രയുടെ രണ്ടാമത്തെ തലസ്ഥാനമാണ് നാഗ്പുർ. തുടക്കത്തിൽ ഗോണ്ടുകള്‍ ആണ് ഇവിടം ഭരിച്ചിരുന്നത്. എന്നാൽ 1739 ൽ ഈ പ്രവിശ്യ മറാഠികളുടെ കൈകളിലെത്തി. തുടര്‍ന്ന് ഇവിടം ഭോന്‍സ്ലെകള്‍ തലസ്ഥാനമായി പ്രഖ്യാപിച്ചു. ക്രമേണ ബ്രിട്ടിഷുകാരുടെ സ്വാധീനത്തിലായി. സ്വാതന്ത്ര്യാനന്തരം, നാഗ്പുർ സ്ഥിതി ചെയ്യുന്ന വിദർഭ ജില്ല മധ്യപ്രദേശിന്‍റെ ഭാഗമാകാനായിരുന്നു കൂടുതല്‍ സാധ്യത. എന്നാല്‍ മറാഠി ജനസംഖ്യ കൂടുതലായതു കാരണം വിദർഭ മഹാരാഷ്ട്രയുമായി ലയിച്ചു.

നാഗ്പുരില്‍ മൂന്നു ദിവസം എങ്ങനെ ചെലവഴിക്കാം?

എവിടെനിന്നു തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്നറിയാതെ ബുദ്ധിമുട്ടേണ്ട! നാഗ്പുര്‍ യാത്രികർക്കു മൂന്നു ദിവസത്തെ യാത്രാപ്ലാന്‍ ഇതാ.

ദിവസം 1: രാവിലെ നാഗ്പുരിലെത്തി ഉച്ച വരെ വിശ്രമിക്കാം. വൈകുന്നേരം നഗരഭാഗത്ത് ചുറ്റിക്കറങ്ങാം. സീതാബുൾഡി റോഡ്, ധരംപേത്ത് ഷോപ്പിങ് സ്ട്രീറ്റ്, സർദാർ ബസാർ എന്നിവിടങ്ങളിലെ പ്രശസ്തമായ മാർക്കറ്റുകളിലൂടെ നടക്കാം. കരകൗശല വസ്തുക്കളും പ്രസിദ്ധമായ നാഗ്പുർ ഓറഞ്ചുമെല്ലാം ഇവിടെനിന്ന് വാങ്ങാം. 

nagpur-orange-city1

ദിവസം 2: മതപരവും വിനോദസഞ്ചാരപരവുമായ പ്രാധാന്യമുള്ള ദീക്ഷഭൂമി സന്ദർശിക്കാം. ഇവിടെനിന്ന് ഏകദേശം 3.9 കിലോമീറ്റർ അകലെയാണ് മനോഹരമായ അംബസാരി തടാകം. നാഗ്പുരിലെ പ്രശസ്തമായ പിക്നിക് ഹോട്ട്‌സ്പോട്ടാണ് ഇവിടം. മനോഹരമായ ഖിന്ദ്‌സി തടാകത്തോട് ചേർന്നുള്ള രാംടെക് കോട്ടയും കാണാം. 

ദിവസം 3: മൂന്നാം ദിവസത്തെ യാത്ര ഭുരെ ഭുര ഗണേഷ് മന്ദിറിൽ നിന്നോ നാഗ്പുരിലെ ശിവക്ഷേത്രത്തിൽ നിന്നോ ആരംഭിക്കാം. തുടർന്ന് ടൂറിസ്റ്റ് ഹോട്ട്‌സ്പോട്ടായ രാമൻ സയൻസ് സെന്ററിലേക്കു പോകാം. ഭോൻസാലെ രാജവംശം നിർമിച്ച പ്രശസ്തമായ മഹാരാജ് ബാഗും മൃഗശാലയും സന്ദർശിക്കാം. അല്ലെങ്കിൽ മനോഹരമായ ഏതെങ്കിലും തടാകങ്ങള്‍ക്കരികില്‍ സമയം ചെലവഴിക്കുന്നതും നവോന്മേഷം നല്‍കും. 

നാഗ്പുരിലെത്തിയാല്‍ ഇവ കഴിക്കാന്‍ മറക്കല്ലേ!

ഓറഞ്ച് മാത്രമല്ല, വിവിധ തരം മാമ്പഴങ്ങള്‍ക്കും പ്രസിദ്ധമാണ് നാഗ്പുര്‍. ഇവ രുചിക്കാന്‍ മറന്നാല്‍ അതൊരു തീരാനഷ്ടമായിരിക്കും! ആധികാരിക രുചി അവകാശപ്പെടാനാവുന്ന മഹാരാഷ്ട്രിയന്‍ താലിയാണ് മറ്റൊരു വിശിഷ്ട വിഭവം. റസ്റ്ററന്റുകളില്‍ മാത്രമല്ല, തെരുവോരങ്ങളില്‍ കിട്ടുന്ന വിവിധ തരം സ്ട്രീറ്റ് ഫുഡും കഴിക്കണം. 

സ്പൈസി വിഭവമായ സവോജി മട്ടന്‍ ആണ് ഒഴിവാക്കാന്‍ പാടില്ലാത്ത മറ്റൊരു രുചി. ലാംബ് പോളി എന്ന ബ്രെഡിനൊപ്പം ആണ് ഇത് കഴിക്കുന്നത്. 

ധരംപേത്തിലെയും ബജാജ് നഗറിലെയും തെരുവുകളിൽ രുചികരമായ പാവ് ഭാജി, ഇന്തോ-ചൈനീസ് വിഭവങ്ങൾ, പാനി പൂരി, ചാട്ട് ഇനങ്ങൾ എന്നിവ ആസ്വദിക്കാം. മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക് രുചികരമായ ഓറഞ്ച് ബർഫി വാങ്ങിക്കഴിക്കാം.

യാത്രയ്ക്ക് ഏറ്റവും പറ്റിയ സമയം 

ശൈത്യകാലമാണ് നാഗ്പുര്‍ യാത്രക്ക് ഏറ്റവും മികച്ച സമയം. ഒക്ടോബർ മുതല്‍ മാർച്ച് വരെ ഇവിടെ നല്ല കാലാവസ്ഥയാണ്. ഏപ്രില്‍-ജൂണ്‍ കാലത്ത് 49 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന വേനൽക്കാലവും ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലവും ഒഴിവാക്കുന്നതാണ് നല്ലത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA