sections
MORE

കീഴടക്കിയത് ഹിമാലയത്തിലെ 18380 അടി ഉയരമുള്ള കർദുങ് ലാ പാസ്; സൗമ്യയുടെ ബുള്ളറ്റ് യാത്ര

soumya-bullet-ride
SHARE

കാസർകോട് ഇരയണ്ണി സ്വദേശി സൗമ്യയ്ക്കു മുപ്പതു പിന്നിട്ടപ്പോൾ ഒരു മോഹം. 187 കിലോയിലധികം വെയ്റ്റുള്ള ബുള്ളറ്റുമായി ഹിമാലയത്തിലേക്കൊരു റൈഡ് പോകണം. എന്താ, സൗമ്യയെ പോലൊരു മലയാളി പെൺകുട്ടിക്ക് അങ്ങനെ ആഗ്രഹിച്ചു കൂടെന്നുണ്ടോ! റോയൽ എൻഫീൽഡ് കമ്പനി ആദ്യമായി വനിതകൾക്കു വേണ്ടി സംഘടിപ്പിച്ച ഹിമാലയൻ ബുള്ളറ്റ് യാത്രയിൽ പങ്കെടുത്ത ഏക മലയാളിയാണ് സൗമ്യ. ബെംഗളൂരുവിലെ കോട്ട്ബുക്സ് കമ്പനിയിൽ ഇൻസ്ട്രക്‌ഷണൽ ഡിസൈനർ. ഈ യാത്രയിലൂടെ സൗമ്യ കീഴടക്കിയത് ഹിമാലയത്തിലെ 18380 അടി ഉയരമുള്ള കർദുങ് ലാ പാസ്. പുരുഷൻമാരുടെ മസിൽ പവറിനെ തോൽപ്പിച്ച ഒരു സ്ത്രീയുടെ മനോധൈര്യത്തിന്റെ അനുഭവങ്ങൾ മനോരമ ട്രാവലറിനോടു പങ്കുവയ്ക്കുകയാണ് സൗമ്യ.

വാഹനങ്ങളെ പ്രണയിച്ച പെൺകുട്ടി

ഇരയണ്ണി ഗ്രാമത്തിലേക്ക് ആദ്യമായി സൈക്കിൾ ചവിട്ടി കടന്നുവന്ന ഏഴാം ക്ലാസുകാരി പെൺകുട്ടിയെ കൗതുകം നിറഞ്ഞ കണ്ണുകളോടെയായിരുന്നു നാട്ടുകാർ സ്വീകരിച്ചത്. ഈ കുട്ടി ഇതെന്ത് ഭാവിച്ചാ? പലയിടങ്ങളിൽ നിന്നായി ഉയർന്നു വന്ന കുറ്റപ്പെടുത്തലുകൾക്കും ചോദ്യങ്ങൾക്കും അന്ന് ഞാൻ നിഷ്കളങ്കമായൊരു മറുപടി നൽകി. ‘എന്താ പെൺകുട്ടികൾക്കു സൈക്കിൾ ഓടിക്കാൻ പാടില്ലേ? ഞാൻ ഓടിക്കും, സൈക്കിൾ മാത്രമല്ല ബൈക്കും ഓടിക്കും.’ ഒരു ആവേശത്തിനു പുറത്ത് ഉയർന്ന ശബ്ദം ചെറിയൊരു വിപ്ലവത്തിന്റെ സാധ്യത തെളിയിച്ചു. പക്ഷേ ആരും അതത്ര കാര്യമാക്കിയില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ സൈക്കിളിനോടു ബൈ പറ‍ഞ്ഞ് ഞാനെന്റെ യാത്ര സ്കൂട്ടി പെപ്പിലേക്ക് മാറ്റി.

soumya-bullet-ride1

കല്യാണാലോചന വന്നുതുടങ്ങിയപ്പോഴാകട്ടെ വീട്ടുകാർക്കു മുന്നിൽ വയ്ക്കാൻ ഒറ്റ ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ! കെട്ടാൻ പോകുന്ന ആൾക്ക് നന്നായി ബുള്ളറ്റ് ഓടിക്കാൻ അറിഞ്ഞിരിക്കണം. അങ്ങനെ എന്റെ ജീവിതയാത്രയ്ക്ക് പുതിയൊരു കൂട്ടുകാരനെ കിട്ടി, വിപിൻ ഗോപൻ. ബുള്ളറ്റ് റൈഡ് ഒരുപാടിഷ്ടമുള്ള വിപിനാണ് എന്നെ ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിച്ചത്. അതിന്റെ ഗുരുദക്ഷിണയായി ഞാനൊരു പിറന്നാൾ സമ്മാനം കൊടുത്തു, റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ ഡെസേർട്ട് സ്റ്റോം എന്ന ബൈക്ക്. ആ ബുള്ളറ്റിന് ഞങ്ങളൊരു പേരിട്ടു, ‘നിർവാണ’.

ബുള്ളറ്റ് ഓടിക്കാൻ പഠിച്ചതു മുതൽ എന്റെ മുന്നിലുള്ള സ്വപ്നയാത്രയായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിൾ റോഡായ ഖർദുങ് ലാ പാസിലേക്കൊരു റൈഡ്. ആ സ്വപ്നം എത്തിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ വുമൻസ് ബൈക്കേഴ്സ് ക്ലബ് ‘ബൈക്കേർണി’യിൽ. 2016 മാർച്ചിലാണ് ഞാന്‍ ബൈക്കേർണിയിൽ അംഗമാകുന്നത്. എല്ലാ വർഷവും റോയൽ എൻഫീൽ‍ഡ് കമ്പനി ഹിമാലയത്തിലേക്ക് റൈഡ് സംഘടിപ്പിക്കാറുണ്ട്. പക്ഷേ പുരുഷന്മാർക്കേ പങ്കെടുക്കാൻ അവസരമുള്ളൂ. അത്രയും വിദഗ്ധരായ പെൺറൈഡേഴ്സിനെ മാത്രം ചിലപ്പോൾ ആ ടീമിന്റെ കൂടെ പോകാൻ അനുവദിക്കാറുണ്ട്. ഈ വർഷം ആദ്യമായാണ് റോയൽ എൻഫീൽഡ് വനിതകൾക്കു വേണ്ടി മാത്രം ‘ഹിമാലയൻ ഒഡീസി’ എന്ന പേരിൽ ബുള്ളറ്റ് റൈഡ് നടത്താൻ തീരുമാനിച്ചത്. അതറിഞ്ഞതു മുതൽ എങ്ങനെയെങ്കിലും ആ ടീമിൽ ഒരാളാവണം എന്ന വാശിയിലായിരുന്നു ഞാൻ. അങ്ങനെ 45000 രൂപ കൊടുത്ത് രജിസ്റ്റർ ചെയ്തു.

soumya-bullet-ride2


വീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തിരിപ്പൻ ന്യായീകരണങ്ങളെ നേരിടുക എന്നതായിരുന്നു വലിയ വെല്ലുവിളി. അച്ഛൻ നാരായണനും അമ്മ പങ്കജവും ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് സമ്മതം മൂളി. എല്ലാറ്റിനും കൂടെ നിന്നു പ്രോത്സാഹനം തന്നത് വിപിനായിരുന്നു.

പെൺപട, റെഡി ടു റൈഡ്

ടെൻഷന്റെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ബെംഗളൂരുവിലെ ഒരു െഎ ടി കമ്പനിയിലായിരുന്നു ജോലി. റൈഡിനു പോകാനായുള്ള അവധി കമ്പനി നിഷേധിച്ചപ്പോൾ ജോലി ഞാൻ രാജി വച്ചു. വലിയൊരു ഉദ്യമത്തിലേക്കാണ് കാലെടുത്ത് വയ്ക്കാൻ പോകുന്നത്. സിറ്റിയിൽ കൂടി ബൈക്ക് ഓടിച്ചുള്ള പരിചയമേയുള്ളൂ. ഇതുവരെ ഒരു ഓഫ് റോഡ് യാത്ര നടത്തിയിട്ടില്ല. പൂണെയിൽ ജോലി ചെയ്തിരുന്നപ്പോഴാണ് ബുള്ളറ്റു പോലെയുള്ള ഹെവി വെയ്റ്റ് ബൈക്കുകൾ ഓടിക്കാൻ തുടങ്ങുന്നത്. മൂന്നു വർഷം മുമ്പ് വിപിനൊപ്പം ബെംഗളൂരു മുതൽ വയനാടു വരെ ബുള്ളറ്റിൽ യാത്ര നടത്തി. അതാണെന്റെ ആദ്യത്തെ ബുള്ളറ്റ് യാത്ര.  അതിനു ശേഷം നാട്ടിലേക്കുള്ള വരവ് ബുള്ളറ്റിലായിരുന്നു. ഈ പരിചയത്തിനപ്പുറം ഹിമാലയം റൈഡിനു റെഡിയാവാൻ മാത്രം യാതൊരു യോഗ്യതയും എനിക്കില്ല. ഹിമാലയൻ ഒഡീസിയുടെ ഭാഗമാവുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്ന കഠിനമായ പരിശീലന പരിപാടികൾ മറികടക്കുന്നവർക്കു മാത്രമേ റൈഡിനുള്ള അനുമതി ലഭിക്കൂ. മുപ്പതു മിനിറ്റുകൊണ്ട് അഞ്ച് കിലോമീറ്റർ ഓടിച്ചാണ് പരിശീലനം തുടങ്ങുന്നത്. ഓരോ ഘട്ടത്തിലും ഫിറ്റ്നെസ് ഉറപ്പുവരുത്തുന്ന മെഡിക്കൽ പരിശോധനയുണ്ട്. എല്ലാം പൂർത്തീകരിച്ച് അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഞാനുൾപ്പെടെ പതിനാലു പേർ. ആ കൂട്ടത്തിലെ ഏക മലയാളിയാണ് ഞാൻ. കൂടെയുള്ളവരെല്ലാം ഓഫ് റോഡ് റൈഡ് ചെയ്ത് ശീലമുള്ളവരാണ്.

വിപിന്റെ റോയൽ എൻഫീൽഡ് ഡെസേർട്ട് സ്റ്റോമിലാണ് എന്റെ യാത്ര. ഹിമാലയം ഓഫ് റോഡ് ബൈക്ക് റൈഡിനു പോകുമ്പോൾ വേണ്ട സജ്ജീകരണത്തിന്റെ ദിനങ്ങളായിരുന്നു പിന്നീട്. അതിൽ ഏറ്റവും സങ്കടം തോന്നിയൊരു കാര്യം സ്ത്രീകൾക്കു റൈഡിനുപയോഗിക്കാൻ പറ്റുന്ന ഉപകരണങ്ങളും സാധനങ്ങളും മാർക്കറ്റിൽ നിന്നു കിട്ടാൻ നന്നേ പ്രയാസമായിരുന്നുവെന്നതാണ്. ഡൽഹി, മനാലി, ലേ, ഖർദുങ് ലാ, ചണ്ഡീഗഢ് തുടങ്ങി പതിനെട്ടു ദിവസം കൊണ്ട് 2300 കിലോമീറ്റർ പിന്നിടുക എന്നതായിരുന്നു ഹിമാലയൻ ഒഡീസിയുടെ ലക്ഷ്യം. ബൈക്കേർണി ക്ലബ് സ്ഥാപകയും പ്രശസ്ത റൈഡറുമായ ഉർവശി പാട്ടോളായിരുന്നു ഞങ്ങളുടെ പതിനാലംഗ ടീം ലീഡർ. കൂടാതെ അഞ്ച് മെക്കാനിക്ക്സ്, ഒരു ഡോക്ടർ, രണ്ട് വാൻ ഡ്രൈവർമാർ, ഒരു ഫൊട്ടോഗ്രഫർ തുടങ്ങിയവരും യാത്രയിൽ കൂടെയുണ്ട്. എല്ലാവരും സ്ത്രീകൾ. ജൂലൈ ഏഴിന് ഡൽഹിയിലെത്തി. രണ്ടു ദിവസത്തെ പരിശീലന യാത്രകൾക്കു ശേഷം ഒമ്പതാം തീയതി രാവിലെ ഇന്ത്യാ ഗേറ്റിനു മുമ്പിൽ വച്ച് യാത്രയ്ക്ക് ഫ്ലാഗ് ഓഫ്. അതെ, ഞാനെന്റെ സ്വപ്നത്തിലേക്കു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.


മരണം മുന്നിൽ...

ഡൽഹിയിൽ നിന്ന് പർവാനു വരെയാണ് ആദ്യ ദിവസം പ്ലാനിലുള്ള സ്ഥലം. പിന്നിടേണ്ട ദൂരം 276 കിലോമീറ്റർ. യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അടിയേറ്റു. കൂട്ടത്തിലുള്ള പൂണെ സ്വദേശി മേഘ്നയുടെ വണ്ടി അപകടത്തിൽപ്പെട്ടു. ആ കാഴ്ച കണ്ടതും അതുവരെയുണ്ടായിരുന്ന മനോധൈര്യം ചോർന്നു. എങ്കിലും കൃത്യമായി ലക്ഷ്യസ്ഥാനത്തെത്താൻ ഞങ്ങൾക്കായി.

രണ്ടാമത്തെ ദിവസം പർവാനുവിൽ നിന്നും നാർക്കൊണ്ട വരെ. ഓഫ് റോഡെങ്കിലും മനോഹരമായ ഗ്രാമത്തിലൂടെയാണ് സ‍‍ഞ്ചാരം. പൈൻമരങ്ങളുടെ നിഴൽ വിരിച്ച വഴികളും ചുറ്റും തലയുയർത്തി അഭിവാദ്യം ചെയ്യുന്ന മലനിരകളും പിന്നിട്ട് അന്ന് യാത്ര ചെയ്തത് 140 കിലോമീറ്റർ. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും കയ്യും കാലും നീരുവച്ച് അനക്കാൻ പറ്റാത്തത്ര വേദന തുടങ്ങി. വേദനസംഹാരികള്‍ പുരട്ടിയും ബാൻഡ് എയ്ഡ് ചുറ്റിക്കെട്ടിയും ആശ്വാസം കണ്ടെത്തി. യാത്ര പൂർത്തീകരിക്കാൻ കഴിയില്ലേ എന്ന ഭയം എപ്പോഴും മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അടുത്ത ദിവസം, നർക്കൊണ്ടയിൽ നിന്ന് മനാലി വരെ 209 കിലോമീറ്ററാണ്.

പൂർണരൂപം വായിക്കാം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA