ഹിമാചലിലേക്ക് കടക്കണമെങ്കില്‍ വാഹനങ്ങള്‍ക്ക് സാനിറ്റൈസേഷന്‍ നിര്‍ബന്ധം

himachal-pradesh
SHARE

ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കനത്ത മുന്‍കരുതല്‍ നടപടികളുമായി ഹിമാചല്‍‌പ്രദേശ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ സാനിറ്റൈസ് ചെയ്യാതെ സംസ്ഥാനത്തിനുള്ളിലേക്ക് കടക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രികര്‍ക്ക് പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

ഹിമാചലിലേക്ക് സഞ്ചാരികള്‍ കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇവിടേക്ക് വരുന്നവര്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്കു നൽകിയാലേ പ്രവേശനം സാധ്യമാകൂ. കണ്ടക്ടർമാരും ടാക്സി ഓപ്പറേറ്റർമാരും ഈ ഫോമുകൾ ബസ് സ്റ്റേഷൻ ഇൻചാർജിന് കൈമാറും. ഇൻചാർജ് ഇത് ചീഫ് മെഡിക്കൽ ഓഫിസർക്ക് നൽകും. യാത്രകള്‍ അത്യാവശ്യമല്ല എന്നുണ്ടെങ്കില്‍ ഒഴിവാക്കണം. 

വാഹനങ്ങളില്‍ കൊറോണ വൈറസ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പതിപ്പിക്കും. നിലവില്‍ ദിവസത്തില്‍ മൂന്നു തവണ ബസ് സ്റ്റാൻഡുകള്‍, പൊതുവാഹനങ്ങള്‍ എന്നിവ സാനിറ്റൈസ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തിലേക്കുള്ള പ്രവേശിക്കുന്ന ചെക്ക് പോയിന്‍റുകളില്‍ വാഹനങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഹിമാചലിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ബസുകളിലും ടാക്സികളിലും ഓരോ 12 മണിക്കൂറിലും സോഡിയം ഹൈപ്പോക്ലോറൈഡ് തളിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബാങ്കുകളിലും ഓഫിസുകളിലും കടകളിലും ദിവസം രണ്ടുതവണ ഇത് തളിക്കണം.  ഓരോ രണ്ട് മണിക്കൂറിലും എടിഎമ്മുകളിലും ഹോട്ടലുകളിലെ ലിഫ്റ്റുകളിലുമുള്ള ബട്ടണുകളിലും തളിക്കണം. ഓരോ 10 മിനിറ്റിനുശേഷവും ഓഫിസുകളുടെ വാതിൽ‌പിടികൾ വൃത്തിയാക്കാനും ബസ് ബേസുകളിൽ ദിവസത്തിൽ മൂന്നു പ്രാവശ്യം തളിക്കാനും നിര്‍ദേശമുണ്ട്

ഹിമാചലിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ സംസ്ഥാന സർക്കാർ ജാഗ്രത വർധിപ്പിച്ചു. തടസ്സങ്ങൾ ഉള്ളിടത്ത് അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യം പരിശോധിക്കാൻ ഡോക്ടർമാരുടെ ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA