ADVERTISEMENT

എവിടെയെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കുടുംബത്തോടൊപ്പവും കൂട്ടുകാര്‍ക്കൊപ്പവുമൊക്കെ മാത്രം പെണ്‍കുട്ടികള്‍ പോയിരുന്ന കാലമല്ല ഇന്ന്. കാടും കടലും രാജ്യങ്ങളും കടന്നു യാത്ര ചെയ്യുക മാത്രമല്ല, അങ്ങ് ശൂന്യാകാശത്തു വരെ പെണ്‍കുട്ടികള്‍ കടന്നെത്തിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒറ്റക്ക് യാത്ര ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുന്നു. 

പേടിയല്ല ധൈര്യമാണ് ഒാരോ യാത്രയ്ക്കും വേണ്ടത്. ഒറ്റയ്ക്കു യാത്ര ചെയ്താൽ ആരെങ്കിലും ആക്രമിക്കുമെന്നാണ് പലരും ഭയപ്പെടുന്നത്. ഒരുപക്ഷേ അതിൽ കുറെ ശരിയുണ്ടെങ്കിലും അതുമാത്രമല്ല ശരി. ഒറ്റയ്ക്കുള്ള യാത്രകളിൽ സഹായിക്കുന്നാളുകളുമുണ്ട്.

വിദേശ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ ഇപ്പോഴും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും സാംസ്കാരിക മാനദണ്ഡങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്യേണ്ടതുണ്ട്. സോളോ യാത്രാനുഭവം സുരക്ഷിതവും സംതൃപ്‌തികരവുമാക്കുന്നതിനുള്ള ചില ടിപ്പുകളാണ് ഇനി പറയാന്‍ പോകുന്നത്. 

യാത്ര തുടങ്ങും മുന്‍പേ

ഏറ്റവും ആദ്യം ചെയ്യേണ്ടത് പോകുന്ന സ്ഥലത്തിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ മനസ്സിലാക്കി വയ്ക്കുക എന്നതാണ്. രാജ്യത്തെ കലാപരവും സാംസ്കാരികവുമായ പരിപാടികളെക്കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. ബാഗുകൾ പായ്ക്ക് ചെയ്യുമ്പോൾ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കുക.  അത്യാവശ്യമല്ലെങ്കില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൂടെ കൊണ്ടുപോകാതിരിക്കുക.  കള്ളന്മാരും പോക്കറ്റടിക്കാരും ഒക്കെ വഴിയില്‍ കണ്ടേക്കാം എന്ന കാര്യം മറക്കാതിരിക്കുക.

solo-women-trip

പോകുന്ന സ്ഥലത്തെക്കുറിച്ച് മറ്റു യാത്രക്കാര്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിനായി പേഴ്സണല്‍ ട്രാവല്‍ വെബ്സൈറ്റുകളുടെയും വ്ലോഗുകളുടെയും സഹായം തേടാം.

ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം 

പോകുന്ന സ്ഥലത്തെ ഒരു ലോക്കല്‍ പ്രീപെയ്ഡ് സിം ആദ്യം തന്നെ സംഘടിപ്പിച്ചു വയ്ക്കുന്നത് വളരെ നന്നായിരിക്കും. ഇതിനായി അണ്‍ലോക്ക് ചെയ്ത ഒരു ജി എസ് എം സെല്‍ഫോണും കയ്യില്‍ കരുതുക. 

മണിബെല്‍റ്റ്‌ ആണ് വേണ്ട മറ്റൊരു സാധനം. കള്ളന്മാര്‍ക്ക് അത്ര എളുപ്പത്തില്‍ ഇവയില്‍ നിന്നും പണം മോഷ്ടിക്കാനാവില്ല. ഒരു പട്ടണത്തിലൂടെ യാത്ര ചെയ്യാന്‍ പോകുന്നതിനു മുന്‍പ് നിങ്ങളുടെ ഹോട്ടലിന്റെ പേര് എഴുതി കയ്യില്‍ വയ്ക്കുകയും ലാൻഡ്‌മാർക്കുകൾ ശ്രദ്ധിക്കുകയും ചെയ്യുക. വാഹനങ്ങളില്‍ കയറും മുന്‍പേ തന്നെ കാശ് പറഞ്ഞു ഉറപ്പിച്ചില്ലെങ്കില്‍ അമിത ചാര്‍ജ് നല്‍കേണ്ടി വരും. രാത്രി സമയങ്ങളില്‍ ഉള്ള യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കുക.

സുരക്ഷിതമായിരിക്കാന്‍ 

ഒറ്റക്കാണ് യാത്രയെങ്കില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള താമസസൗകര്യങ്ങള്‍ തെരഞ്ഞെടുക്കരുത്. നഗരമധ്യത്തിലുള്ള ഹോട്ടലുകളിലും മറ്റും താമസിക്കാന്‍ ശ്രദ്ധിക്കുക. 

അറിയാത്ത സ്ഥലമാണെങ്കില്‍ പകല്‍ സമയത്ത് അവിടെ എത്തിച്ചേരുന്ന വിധം വേണം യാത്ര ക്രമീകരിക്കാന്‍. അറിയാത്ത ഇടത്ത് രാത്രി എത്തിച്ചേര്‍ന്നാല്‍ ഉള്ള പ്രശ്നങ്ങള്‍ ഇതുവഴി ഒഴിവാക്കാം.മുഖത്ത് പേടിയോ ടെന്‍ഷനോ ഒന്നും കാണിക്കാതെ മുഴുവന്‍ ആത്മവിശ്വാസത്തോടെയും നടക്കുക എന്നതാണ് മറ്റൊരു കാര്യം. അത് സ്വയം സമാധാനം നല്‍കുക മാത്രമല്ല, അപരിചിതര്‍ക്ക് കടന്നു ഇങ്ങോട്ടേക്ക് കയറി സംസാരിക്കാനും ഇടപെടാനുമുള്ള അവസരങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതും നല്ലതാണ്. എത്ര മുന്‍കരുതല്‍ എടുത്താലും നിനച്ചിരിക്കാത്ത ഏതെങ്കിലും സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ ഇത് ഉപകാരപ്പെടും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com