ADVERTISEMENT

മണിരത്നത്തിന്‍റെ 'ദില്‍ സേ' എന്ന ചിത്രത്തില്‍ ഷാരൂഖും മനീഷയും ചേര്‍ന്ന് ആടിപ്പാടുന്ന 'സത്രംഗി രേ എന്ന ഗാനരംഗം ഓര്‍മ്മയുണ്ടോ? പോട്ടെ, 'ത്രീ ഇഡിയറ്റ്സ്' എന്ന സിനിമയില്‍ കരീന കപൂര്‍ വിവാഹവേഷത്തില്‍ ഒരു സ്കൂട്ടര്‍ ഓടിച്ച് ആമിര്‍ഖാന് നേരെ വരുന്ന സീന്‍ ഓര്‍മ്മയുണ്ടോ? ആ സ്ഥലം കണ്ടാല്‍ ക്യാമറ ട്രിക്ക് ആണോ എന്ന് തോന്നിപ്പോകും. നിരവധി ചിത്രങ്ങളില്‍ കണ്ണിനു കുളിരായി നിറഞ്ഞ ആ അതിമനോഹരമായ തടാകത്തിന്‍റെ പേരാണ് പാൻഗോങ്. 

ഇന്ത്യയിലും ചൈനയിലുമായി കിടക്കുന്ന ഈ തടാകം ലഡാക്കിലേക്ക് പോകുന്ന മിക്ക സഞ്ചാരികളും സന്ദര്‍ശിക്കാറുണ്ട്. ഹിമാലയത്തിൽ 13,900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാൻഗോങ് തടാകം ഏറെ ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്നു.ആകാശം മുട്ടുന്ന ഹിമാലയത്തെ പ്രതിഫലിപ്പിക്കുന്ന ജലോപരിതലം. ആരെയും മോഹിപ്പിക്കുന്ന ആ സൗന്ദര്യം കാണുക മാത്രമല്ല, പാൻഗോങ് തടാകത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. 

ഇന്ത്യയും ചൈനയും പങ്കിടുന്ന തടാകം

തർക്ക പ്രദേശത്താണ് പാൻഗോങ് സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ ഏകദേശം 60 ശതമാനവും നീളത്തിൽ ചൈനയിലാണ്. പാൻഗോങ് തടാകത്തിന്റെ കിഴക്കേ അറ്റം ടിബറ്റിലാണ്.മൊത്തം 134 കിലോമീറ്റർ നീളമുള്ള പാൻഗോങ് തടാകം ലഡാക്കിൽനിന്നു ചൈന വരെ നീണ്ടു കിടക്കുന്നു. 

തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യയിലും 90 കിലോമീറ്റർ ചൈനയിലുമാണ് സ്ഥിതി ചെയ്യുന്നത്. 1962 ലെ ഇന്ത്യ - ചൈനീസ് യുദ്ധത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമി പിടിച്ചെടുത്ത പ്രദേശമായിരുന്നു ഇത്. തടാകത്തിലും റോഡിലുമുള്ള അതിർത്തി രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) കടക്കാൻ ബോട്ടുകളില്‍ എത്തിയ ചൈനീസ് പട്ടാളം 2014 ൽ നടത്തിയ ശ്രമം ഇന്ത്യൻ ടിബറ്റൻ ബോർഡർ പോലീസ് തടഞ്ഞിരുന്നു. 

ചൈന-ഇന്ത്യ അതിർത്തിയോട് അടുത്ത് കിടക്കുന്നതിനാൽ തടാകം സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് സ്പാങ്മിക് ഗ്രാമം വരെ മാത്രമേ അനുവാദമുള്ളൂ.

മാറുന്ന വര്‍ണ്ണങ്ങള്‍ 

പാൻഗോങ് തടാകത്തിലെ ജലത്തിന്‍റെ നിറം എപ്പോഴും ഒരേപോലെയല്ല! പച്ച, നീല മുതലായ നിറങ്ങള്‍ കൂടാതെ ഇടയ്ക്ക് ചുവന്നും കാണുന്ന ജലോപരിതലമാണ് ഇവിടത്തേത്.

ഉപ്പുവെള്ളം നിറഞ്ഞ തടാകം 

ഉപ്പുവെള്ളം നിറഞ്ഞ ലോകത്തിലെ ഏറ്റവും ഉയരമുള്ള തടാകങ്ങളിൽ ഒന്നാണ് പാൻഗോങ്. സമുദ്രനിരപ്പിൽ നിന്ന് 4350 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഉപ്പുവെള്ള തടാകമാണെങ്കിലും, ശൈത്യകാലത്ത് പാൻഗോങ് പൂര്‍ണ്ണമായും ഉറഞ്ഞു മഞ്ഞായിപ്പോകും.

മീനില്ലാ തടാകം

ഉപ്പും കടുത്ത തണുപ്പും കാരണം ഈ തടാകത്തില്‍ ജീവികള്‍ക്ക് വസിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മീനുകള്‍ അടക്കമുള്ള ജലജീവികളോ സസ്യങ്ങളോ ഈ തടാകത്തില്‍ കാണാന്‍ സാധിക്കില്ല.

ഒഴുകാത്ത ജലം

തടാകതിനുള്ളിലെ ജലം മറ്റെവിടേക്കും ഒഴുകിപ്പോവുന്നില്ല. കടലിലേക്കും നദികളിലേക്കും ചെന്ന് ചേരാത്ത ജലമുള്ള ഈ തടാകം നിറഞ്ഞു കവിഞ്ഞ് ഒഴുകാറുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com