ADVERTISEMENT

സർവജ്ഞപീഠം കയറിയ ശ്രീശങ്കരൻ സ്ഥാപിച്ച ആദ്യ മഠമായ ശൃംഗേരിയിലേക്കുള്ള യാത്രയിൽ താഴ്‌‌‌വാരത്തിൽ മറ്റൊരു സർജ്ഞനുണ്ട്- ഗോമഡേശ്വരൻ- അഥവാ ബാഹുബലി. തെക്കൻ കർണാടകയിൽ തുളുനാടിന്റെ ഭാഗമായ കർക്കളയിലാണ് ഈ ബാഹുബലിയുള്ളത്. ചരിത്രം കൊണ്ടും ഭൂമിശാസ്ത്രം കൊണ്ടും സൗന്ദര്യം കൊണ്ടും നമ്മെ അമ്പരപ്പിക്കുന്ന അപൂർവസ്ഥലമാണ് കർക്കള. കറുത്ത കല്ലു ധാരാളം കാണുന്ന ഇടമായതിനാലാണ് കർക്കള എന്ന പേരു വന്നത് എന്നു കഥയുണ്ട്. 

ശൃംഗേരിയിൽനിന്നുള്ള തിരികെ വരവിൽ രാത്രിയായി കർക്കളയിലെത്തുമ്പോൾ. അതുകൊണ്ടുതന്നെ കർക്കളയിലെ നല്ലൊരു ഹോട്ടലിൽ തങ്ങേണ്ടി വന്നു. രാത്രിയിൽ റൂംബോയ് പാതിമലയാളത്തിൽ പറയുമ്പോഴാണ് കർക്കളയുടെപ്രാധാന്യം മനസ്സിലാക്കുന്നത്. അല്ലെങ്കിൽ ഒരു ഇടത്താവളമായി കണ്ടുകൊണ്ട് കർക്കളയിലൂടെ വണ്ടിയോടിച്ചു പോരുമായിരുന്നു. കർക്കളയിലെ ബാഹുബലിയെ കാണാൻ തന്നെ രാവിലെ തീരുമാനിച്ചു. എല്ലാ ബാഹുബലികളെയും പോലെ ഏകശിലയിൽ പടുത്തുയർത്തിയ ശിൽപ്പമാണ് കർക്കളയിലേതും.

Gomateshwara-Statue3

ആരാണു ബാഹുബലി

ജൈനമതത്തിലെ ആദ്യ തീർഥങ്കരനായ ഋഷഭനാഥന്റെ ഇളയ മകനാണ് ബാഹുബലി.  ജൈനമതത്തിന്റെ ചിഹ്നങ്ങളിലൊന്നാണിപ്പോൾ ബാഹുബലി.  ലോകമൊട്ടുക്കും പ്രസിദ്ധമായ ബാഹുബലിയുടെ ശിൽപം കാണണമെങ്കിൽ കർണാടകയിലെത്തണം.  വലിയ പ്രതിമ ശ്രാവണബേൽഗോളയിലും അതിനു താഴെ ഉയരമുള്ളത് കർക്കളയിലുമാണുള്ളത്.  41.5  അടിയാണ് ഉയരം. ( ശ്രാവണബെൽഗോളയിലേത് 57 )  വാഹനം ക്ഷേത്രത്തിനു മുന്നിൽ വരെ ചെല്ലും. കരിങ്കല്ലുകെട്ടിയ വലിയ മതിൽ. അതിനുചുറ്റും പച്ചപ്പുല്ലണിഞ്ഞ ചെറു മൈതാനം. ആ മതിൽക്കെട്ടിലേക്കു കയറുന്നതിനു മുൻപ് ഒറ്റക്കല്ലിൽ തീർത്ത ഒരു സ്തൂപം കാണാം. സ്തൂപത്തിനു മുകളിൽ ചെറുശിൽപ്പവേലകൾ. 

ചതുരത്തിലാണ് മതിൽക്കെട്ട്. ഉള്ളിലേക്കു കടന്നാൽ കൽത്തൂണുകളുള്ള വരാന്തയുണ്ട്. നേരെ, കിഴക്കോട്ടു മുഖം തിരിച്ചുനിൽക്കുന്ന കൂറ്റൻപ്രതിമയിലേക്കല്ലാതെ മറ്റൊന്നിലേക്കും നമ്മുടെ കണ്ണു പോകുകയില്ല.ഒരാൾപ്പൊക്കത്തിലുള്ള അടിത്തറയിലാണ് ബാഹുബലി നിൽക്കുന്നത്. വലിയ പാദത്തിൽ വിരൽവിടവുകളിൽ ഭക്ത്യാദരത്തോടെ സമർപ്പിക്കപ്പെട്ട ചെമ്പരത്തിപ്പൂക്കളുണ്ട്. ഉത്തമ പുരുഷ ലക്ഷണങ്ങളാണത്രേ ബാഹുബലിയുടെരൂപത്തിൽ കാണുന്നത്. 

Gomateshwara-Statue2

ചുരുണ്ട മുടി. നീണ്ടു തൂങ്ങിയ ചെവികൾ, മുട്ടോളമെത്തുന്ന വലിയ കൈകൾ എന്നിയാണത്രേ ആ ലക്ഷണങ്ങൾ. എന്തായാലും വലിയ കൈകളുള്ളവൻ എന്ന അർഥമാണു ബാഹുബലിക്കുള്ളത്.ദിക്ക് അംബരമാക്കിയ,  അഥവാ നഗ്നനായ ബാഹുബലിക്കു മേൽ വള്ളിപ്പടർപ്പുകൾ പടർന്നതായി ശിൽപി സ്വരൂപിച്ചിട്ടുണ്ട്. സർവജ്ഞനാകാൻ വേണ്ടി നീണ്ട പന്ത്രണ്ടുവർഷം നിന്നനിൽപ്പിൽ തപസ്സുചെയ്തപ്പോൾ ചെടികൾ ദേഹത്തു പടർന്നു കയറി എന്നാണു മിത്ത്.  പന്ത്രണ്ടുവർഷത്തിലൊരിക്കൽ പാൽകൊണ്ടും ചന്ദനം കുങ്കുമം എന്നിവയുടെ മിശ്രിതം കൊണ്ടും ഗോമഡേശ്വരനെ അഭിഷേകം ചെയ്യുന്ന മഹാമസ്തകാഭിഷേകമാണ് ഇവിടത്തെ ഉൽസവം. ഒരു മേൽനോട്ടക്കാരൻ മാത്രമേ ഇവിടെയുള്ളൂ. വീഡിയോ എടുക്കരുത് എന്നൊരു നിർദേശം തന്ന് അദ്ദേഹം കൽവരാന്തയിൽതന്നെഇരുന്നു. 

ആ ഒറ്റക്കൽപ്രതിമയുടെ ഭംഗി കണ്ട് ഞങ്ങൾ ആ കൽക്കെട്ടിനുള്ളിൽ ചുറ്റിക്കറങ്ങി.  രാജാവായിരുന്ന  വീരപാണ്ഡ്യൻ 1432 ൽ ആണ് ബാഹുബലിയുടെ പ്രതിമ സ്ഥാപിക്കുന്നത്. നാലുവർഷത്തിനു ശേഷം അമ്പലത്തിനു മുന്നിലെ   ബ്രഹ്മദേവസ്തൂപവും പണിയാൻ നിർദേശം നൽകി.   തീർഥങ്കരൻമാരുടെ ചെറുശിൽപ്പങ്ങൾ പിന്നിൽ ഒരുക്കി വച്ചിട്ടുണ്ട്. ഒരു ചെറു മ്യൂസിയം എന്നു വേണമെങ്കിൽ പറയാം.  കർണാടകയുടെ രണ്ടാമത്തെ വലിയ ബാഹുബലിയെ കണ്ടിറങ്ങുമ്പോൾ കർക്കളയുടെ ചരിത്രമൊന്നു ചികഞ്ഞു. 

കർക്കളയുടെ ചരിത്രം 

മുൻപ് പാണ്ഡ്യനഗരി എന്നായിരുന്നുവത്രേ കർക്കള അറിയപ്പെട്ടിരുന്നത്.  പശ്ചിമഘട്ടത്തിന്റെ താഴെയുള്ള ഈ പ്രദേശം ഭരിച്ചിരുന്നത്   ആലുപാസ് ആയിരുന്നു. പിന്നീട് അവരുടെ പ്രഭുക്കളായിരുന്ന സന്താരാസ് രണ്ടാമതായി ഭരണത്തിലേറി. എന്നാൽ  കളസ-കർക്കള രാജവംശം സ്ഥാപിച്ചത് പതിമൂന്നാം നൂറ്റാണ്ടിൽ ഭൈരവ രാജാവാണെന്നു പറയപ്പെടുന്നു.  വീരഭൈരവനു രണ്ടു മക്കൾ. രാമനാഥനും വീരപാണ്ഡ്യനും. തന്റെ കാലത്തു തന്നെ മരണമടഞ്ഞ ആദ്യമകന്റെ പേരിലാണ് രാമസമുദ്ര എന്ന തടാകം നിർമിച്ചതെന്നും പറയപ്പെടുന്നു. 

Gomateshwara-Statue

ബാഹുബലിയെ ആരാധിക്കുന്ന ജൈനമതക്കാരുടെ പ്രധാന ഇടങ്ങളിലൊന്നാണു കർക്കള.  ബാഹുബലിയുടെ മുറ്റത്തുനിന്നു നോക്കിയാൽ കാണുന്ന ചതുർമുഖ ബസ്തി, ആനക്കേര തടാകത്തിലുള്ള മണ്ഡപം  എന്നിങ്ങനെ ആ സ്മാരകങ്ങൾ കർക്കള എന്ന ചെറുപട്ടണത്തിന്റെ ചുറ്റിനും പരന്നുകിടക്കുന്നു. മഴ പെയ്തുകഴിഞ്ഞുള്ള സമയങ്ങളിൽ ചെന്നാൽ ചെറുകുന്നുകളിലെ പച്ചപ്പും നിറതടാകങ്ങളുടെ സൗന്ദര്യവും ആസ്വദിക്കാം. 

കർക്കളയിൽ എങ്ങനെയെത്താം

മംഗലാപുരത്തുനിന്നു കർക്കളയിലേക്ക് ബസ് ഉണ്ട്.  ദൂരം അറുപതു കിലോമീറ്റർ മാത്രം. ഗൂഗിളിൽ കാണിക്കുന്ന വഴി പാടുബിദ്രിയിലൂടെയാണ്. എന്നാൽ മുഡബിദ്രിയി വഴിയാണു സഞ്ചാരികൾ തിരെഞ്ഞടുക്കേണ്ടത്. ജൈനമഠവും ആയിരം തൂണുകളുണ്ടെന്നു  പറയപ്പെടുന്ന ( യഥാർഥത്തിൽ ആയിരമില്ല. തൂണുകൾക്കു മേൽ കൊത്തിവച്ച ചെറുതൂണുകളെക്കൂടി കൂട്ടിയാണ് ഇത്രയും എണ്ണം) സാവിര കദംബ ബസ്തിയുമെല്ലാം കണ്ടു കണ്ടങ്ങു പോകാം. 

താമസം- മികച്ച ഹോട്ടലുകൾ കുറഞ്ഞ നിരക്കിൽ കർക്കളയിലുണ്ട്. 

യാത്രാപദ്ധതി- മംഗലാപുരം വരെ ട്രയിനിൽ പോകാം. സ്വന്തം കാറിന് ആണെങ്കിൽ, കാഴ്ചകൾ കൂടുതൽ കണ്ടു യാത്ര ചെയ്യണമെങ്കിൽ വയനാടിലൂടെ മാനന്തവാടി- വിരാജ്പേട്ട-മടിക്കേരി-സുള്ള്യ-പുത്തൂർ-മൂഡബിദ്രിവഴി തിരഞ്ഞെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com