ഹോസ്റ്റലും കാന്റീനും അടച്ചതോടെ പെട്ടുപോയെന്നു കരുതി: നാട്ടിലെത്തിയ നടി ക്വാറന്റീനില്‍

Anumol-mizoram
SHARE

യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്നയളാണ് അഭിനേത്രിയും നർത്തകിയുമായ അനുമോൾ. യാത്രയോടുള്ള ഇഷ്ടം കൊണ്ട് താൻ നടത്തുന്ന യാത്രകളും വിശേഷങ്ങളുമെക്കെ താരം ആരാധകർക്കായി അനുയാത്ര എന്ന യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കാറുണ്ട്.  കൊറോണ രാജ്യത്ത് ഭീതിയോടെ പടർന്നുപിടിക്കുന്ന ഇൗ സാഹചര്യത്തിൽ യാത്രകളൊക്കെയും മാറ്റിവച്ച് എല്ലാവരും വീടുകളിൽ സുരക്ഷിതായിരിക്കുകയാണ്. മറ്റു സ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്ത് മടങ്ങിയെത്തിവർ സുരക്ഷയ്ക്കായി ഹോം ക്വാറന്റീനിലും കഴിയുന്നുണ്ട്. അക്കൂട്ടത്തിൽ സിനിമാ താരം അനുമോളും ഉണ്ട്.

ഫിലിം മെയ്ക്കിങ് വർക്ക്ഷോപ്പിന്റെ ഭാഗമായി മിസോറാമിലേക്ക് യാത്ര പോയിരുന്നു അനുമോൾ. സുരക്ഷിതയായി നാട്ടിലെത്തി 14 ദിവസത്തെ ഹോം ക്വാറന്റീനിലായിരുന്നു താരം. കൊൽക്കത്തയിലേക്ക് ട്രിപ്പ് പോയിരുന്നു, അവിടെ നിന്നുമാണ് മിസോറാമിലേക്ക് തിരിച്ചത്. അപ്പോഴാണ് കൊറോണ നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ആദ്യം ഭീതിയായി തോന്നിയില്ലെങ്കിലും ദിവസങ്ങൾ കഴിയുന്തോറും ഭയം ഇരട്ടിച്ചു. വാർത്തകള്‍ മുഴുവനും കൊറോണയെ ചുറ്റിപറ്റിയായിരുന്നു. മിസോറാമിലെ യൂണിവേഴ്സിറ്റിയിലായിരുന്നു ഞങ്ങൾ. അവിടെ കുന്നിനുമുകളിലായിരുന്നു ക്യാമ്പസ്. യൂണിവേഴ്സിറ്റിയും ഹോസ്റ്റലും കാന്റീനുമൊക്കെ അടച്ചതോടെ ഞങ്ങളാകെ പെട്ടുപോകുമോ എന്ന അവസ്ഥയിലായിരുന്നു. അങ്ങനെയാണ് നാട്ടിലേക്ക് തിരിച്ചത്. അതിനുശേഷമാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. അല്ലെങ്കിൽ നാട്ടിൽ വരാൻ പറ്റാതെ മിസ്സോറാമിൽ കുടുങ്ങിയെനേ, വീട്ടിലെത്തി 14 ദിവസം ക്വാറന്റീനിലായിരുന്നുവെന്നും അനുമോൾ പറയുന്നു.

മിസ്സോറാമിലെ യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റ് ഫിലിമിന്റെ ഷൂട്ടിങ്ങിലിരിക്കെ മിസ്സോറമിന്റെ ട്രെ‍ഡീഷണൽ വേഷമണിഞ്ഞ അനുമോളെ കാണാം. അവരുടെ പരമ്പരാഗത വേഷത്തെപ്പറ്റിയും വി‍ഡിയോയിൽ അനുമോൾ പറയുന്നുണ്ട്. മിസ്സോറാം യൂണിവേഴ്സിറ്റിയിലെ മാസ്കോം സെക്കന്റ‍്ഡ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് നന്ദിപറഞ്ഞു കൊണ്ടാണ് അനുമോൾ വി‍ഡിയോ അവസാനിപ്പിക്കുന്നത്.

മിസ്സോറാമിലെ വിശേഷങ്ങൾ

മിസോറാം എന്നു കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സിലെ ചിത്രം പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ഗോത്രവര്‍ഗക്കാരുടേതാണ്. മിസോറമിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ തന്നെയാണ്. ലോകവും കാലവും മാറിയാലും സ്വന്തം രീതികളും ശീലങ്ങളും ആചാരങ്ങളും ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കുന്നവരാണ്.എന്നുകരുതി, ഇവിടെ എത്തിയാല്‍ അവരോട് എങ്ങനെ സംസാരിക്കുമെന്നോര്‍ത്ത് ആശങ്ക വേണ്ട, വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മറ്റെല്ലാവരെയും പോലെ ഒരുപടി മുന്നില്‍ത്തന്നെയാണ് ഇവിടെയുള്ളവര്‍. ഇംഗ്ലിഷും മിസോ ഭാഷയുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകള്‍.

സുന്ദരമായ നദികളുടെയും തടാകങ്ങളുടെയും കൂടി നാടാണ് മിസോറം. ഇവിടുത്തെ ഏറ്റവും നീളമേറിയ നദികളിലൊന്നായ ത്‌‌ള്ലവാങ് നദി കാണേണ്ട കാഴ്ചയാണ്. 185 കിലോമീറ്ററോളം നീളമുള്ള ഇതിന്റെ കരയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രം മതി ആരെയും ഈ പ്രദേശത്തിന്റെ ആരാധകരാക്കുവാന്‍. ഏതുസമയവും പ്രസന്നമായ കാലാവസ്ഥയാണ് മിസോറാമിന്റെ ആകർഷണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA