ADVERTISEMENT

മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശന്റെ ‘കാലാപാനി’യിലേക്കുള്ള ഗോവർധന്റെ യാത്ര കണ്ട അന്നു മുതൽ മനസ്സിലുണ്ടായിരുന്ന സ്വപ്നമാണ് ആ മണ്ണിലേക്കുള്ള യാത്ര. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ബ്രിട്ടിഷ് കൊളോണിയൽ വാഴ്ചയുടെയും ഓർമയുണർത്തുന്ന സ്ഥലമാണ് ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ. കൊച്ചിയിൽനിന്ന് അങ്ങോട്ടേക്ക് കപ്പലിൽ യാത്ര തിരിക്കണം എന്നായിരുന്നു ആഗ്രഹം  എങ്കിലും യാത്രാദൈർഘ്യം വിമാനയാത്ര തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് ആൻഡമാൻ ആൻഡ് നിക്കോബാറിന്റെ തലസ്ഥാനമായ പോർട്ട് ബ്ലയറിലെ വീർ സവർക്കർ ഇന്റർനാഷനൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്.

andaman-travel

 

andaman-travel3

ബംഗാൾ ഉൾക്കടലിലെ 572 ചെറു ദ്വീപുകളുടെ കൂട്ടമാണ് ആൻഡമാൻ ആൻഡ് നിക്കോബാർ. 1956 നവംബർ 1 ന് സ്ഥാപിതമായ, മൂന്നര ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഈ പ്രദേശത്തെ മൂന്നു ജില്ലകളായി തിരിച്ചിരിക്കുന്നു. ബ്രിട്ടിഷ് കൊളോണിയൽ വാഴ്ചയുടെ ചരിത്രമുറങ്ങുന്ന സ്ഥലം എന്നതു മാത്രമല്ല ജൈവ വൈവിധ്യത്തിന്റെയും പ്രകൃതി സമ്പന്നതയുടെയും മടിത്തട്ടുകൂടിയാണ് ആൻഡമാൻ ആൻഡ് നിക്കോബാർ. സൗത്ത് ആൻഡമാൻ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട മുണ്ടാപഹാർ ബീച്ചിലേക്കും അതോടനുബന്ധിച്ച ട്രക്കിങ് റൂട്ടിലേക്കുമായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. മനോഹരമായ വെള്ളമണൽ വിരിച്ച തീരം. കാലപ്പഴക്കം വന്ന് മറിഞ്ഞു വീണ വന്മരങ്ങളുടെ മുകളിൽ പ്രയാസപ്പെട്ട് കയറിനിന്ന് ടൂറിസ്റ്റുകൾ പലരും ഫോട്ടോകൾ എടുക്കാൻ ശ്രമിക്കുന്നു. വലിയ മരങ്ങളിൽ തീർത്ത ഇരിപ്പിടങ്ങളും വിശ്രമിക്കാനായി ചെറു കുടിലുകളും തീരത്തുണ്ട്. അവിടെനിന്ന് ആരംഭിക്കുന്ന ട്രക്കിങ് റൂട്ടിലൂടെ ഞങ്ങളും യാത്ര തുടർന്നു. കാട് പണ്ടേ ഭയം ഉള്ളതായിരുന്നെങ്കിലും ഓരോ വളവിനും അപ്പുറം കാത്തുവച്ചിരുന്ന ചില അവിചാരിത വിസ്മയങ്ങൾ ആ യാത്ര അവിസ്മരണീയമാക്കി. ദ്വീപിന്റെ മറുപുറത്താണ് ആ യാത്ര അവസാനിച്ചത്.  ഉച്ചയോടുകൂടി തിരിച്ചെത്തിയ ആ യാത്രയിൽ വിശപ്പു പിടിച്ചുനിർത്താൻ കയ്യിൽ കരുതിയിരുന്ന കുടിവെള്ളം  അല്പമെങ്കിലും സഹായിച്ചു.

andaman-travel1

 

andaman-islands5

സെല്ലുലാർ ജയിലിലേക്കായിരുന്നു തുടർന്നുള്ള യാത്ര. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരിടം. 1896 ൽ തുടങ്ങി 1906 ൽ ബ്രിട്ടിഷുകാർ നിർമാണം പൂർത്തിയാക്കിയ ഈ ജയിലിൽ 693 സെല്ലുകൾ ഉണ്ട്. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ എന്നും അറിയപ്പെട്ടിരുന്നു. ഒരു സെല്ലിൽ കഴിയുന്നവർക്ക് മറ്റൊരു സെല്ലിൽ ഉള്ളവരെ കാണാനാകില്ല എന്നതായിരുന്നു ഈ തടവറയുടെ പ്രത്യേകത. ഭാരതത്തിൽ നിന്നു നാടുകടത്തപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളെ തടവിലിട്ട ഈ ജയിൽ കാലാപാനി എന്നും അറിയപ്പെടുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം ആയിരുന്നതിനാൽ ആർക്കും അവിടെനിന്ന്‌ രക്ഷപ്പെടുക സാധ്യമായിരുന്നില്ല. ഭാരതീയ സ്വാതന്ത്ര്യസമര സേനാനികളെ തടവിലാക്കാൻ വേണ്ടി മാത്രം ബ്രിട്ടിഷ് സൈന്യം തീർത്ത ഈ ജയിലറകളിൽ 1942 -ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ സൈന്യം അതേ ബ്രിട്ടിഷ് സേനാനികളെത്തന്നെ തടവിലാക്കി എന്നതും ചരിത്രമാണ്‌. ഇരുട്ടിലടക്കപ്പെട്ട അനേകം രാജ്യസ്നേഹികളുടെ രക്തം വീണ ആ മണ്ണ് ഭാരത സ്വാതന്ത്ര്യ ചരിത്രത്തിലെ കറുത്ത ഓർമകളായി ഇന്നും അവശേഷിക്കുന്നു. 

andaman-travel2

 

andaman-nicobar-diglipur

ഇന്ന് ഈ ജയിൽ ഒരു ദേശീയ പൈതൃക സ്മാരകമാണ്. അതിനാൽതന്നെ സന്ദർശകർ ധാരാളമുണ്ട്. ജയിലിന്റെ ചരിത്ര പ്രാധാന്യം ഓർമപ്പെടുത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ആകർഷകമാണ്. മധ്യത്തിലുള്ള നിരീക്ഷണ ടവറിൽ നിന്നു തുടങ്ങി ഏഴ് ഭാഗത്തേക്കും ഒരേ വലിപ്പത്തിൽ നിവർന്നുനിന്ന ആ കൊളോണിയൽ ബിൽഡിങ്ങിന് മൂന്ന് നിലകളായിരുന്നു. നിരീക്ഷണ ടവറിന്റെ മുകളിൽനിന്ന് നോക്കിയാൽ 693 സെല്ലുകളും കൃത്യമായി കാണാമായിരുന്നു. അവിടെ നിന്നാണ് തടവുകാരെ അഭിസംബോധന ചെയ്തിരുന്നത്. ജയിലറകൾ മിക്കതും അങ്ങനെതന്നെ നിലനിർത്തിയതോടൊപ്പം സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളും ലൈബ്രറി സ്ഥാപിച്ച് ആ ജയിലിനെ മനോഹരമാക്കി സംരക്ഷിച്ചിരിക്കുന്നു. കാലാപാനിയുടെ പ്രവേശന കവാടത്തിന്റെ ഇടതുഭാഗത്ത് ഒരിക്കലും അണയാത്ത ഒരു ദീപമുണ്ട്. സ്വാതന്ത്ര്യത്തിനായി ജീവിച്ചുമരിച്ച ദേശസ്നേഹികളെ ഓർമിപ്പിക്കുന്ന ആ വിളക്കിന്റെ വെളിച്ചത്തിൽ വന്ന് കണ്ണൊന്നു നനയാതെ സന്ദർശകരിലാരും ആ ജയിലിന്റെ പടികളിറങ്ങിയിട്ടുണ്ടാവില്ല.

 

ഞങ്ങളുടെ അടുത്ത യാത്ര നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിലേക്കായിരുന്നു. റോസ് ഐലൻഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ദ്വീപിനെ 2018 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ഐലൻഡ് എന്ന് പുനർനാമകരണം ചെയ്തത്. കൊളോണിയൽ നിർമിത സുഖവാസ കേന്ദ്രവും ബ്രിട്ടിഷ് ഭരണസിരാ കേന്ദ്രവുമായിരുന്നു റോസ് ഐലൻഡ്. മനുഷ്യത്വരഹിതമായ പല കാഴ്ചകളും കണ്ട് മടുത്തിട്ടാവാം ഇപ്പോൾ അവിടെയുള്ള വന്മരങ്ങൾ തങ്ങളുടെ വേരുകൾ പടർത്തി കീഴ്പ്പെടുത്തിയ  നിലയിലാണ് അവിടെയുള്ള കെട്ടിടാവശിഷ്ടങ്ങൾ. കമ്മിഷണർ ബംഗ്ലാവിന്റെയും കത്തീഡ്രലിന്റെയും ബ്രിട്ടിഷ് ക്ലബ്ബിന്റെയും നാശത്തിന് രണ്ടാം ലോക മഹായുദ്ധത്തിലെ ജപ്പാന്റെ ബോംബിങ്ങും 1941  ലെ ഭൂമികുലുക്കവും 2004  ലെ സുനാമിയും കാരണമായിട്ടുണ്ട്. 1942 മുതൽ ജപ്പാൻ സൈന്യത്തിന്റെ കൈവശമായിരുന്ന ഈ പ്രദേശം 1945 ലാണ് തിരികെ ലഭിച്ചത്.

 

സ്ഫടികം പോലെ തെളിഞ്ഞ ശുദ്ധജലമുള്ള ജോളി ബുയോയി (Jolly Buoy Island) ഐലൻഡിലേക്ക് പരിമിതമായ ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ എന്നതിനാൽ, യാത്ര ഉറപ്പാക്കാൻ കർശനമായ ഉപാധികളോടെ മുൻകൂർ അനുവാദം വാങ്ങിയിരിക്കണം. സംരക്ഷിത മഹാത്മാഗാന്ധി മറൈൻ നാഷനൽ പാർക്കിന്റെ ഭാഗം കൂടിയാണ് ഈ കോറൽ ഐലൻഡ്. ഗ്ലാസ് ബോട്ടുകളിലുള്ള യാത്ര അപൂർവങ്ങളിൽ അപൂർവങ്ങളായ പവിഴപ്പുറ്റുകളുടെ മനോഹാരിത കണ്ടറിയാനും വർണ മൽസ്യങ്ങളെക്കുറിച്ചു പഠിക്കാനും സഹായിക്കും.  കൂടാതെ സ്കൂബാ ഡൈവിങ്ങിനും സ്നോർക്കലിങ്ങിനും ഇവിടെ സൗകര്യങ്ങളുണ്ട്. വിലയേറിയ ഈ പവിഴപ്പുറ്റുകൾ സ്വന്തമാക്കാൻ വിദേശ മാഫിയകൾ കടൽകടന്നു  വന്നിരുന്നതിന്റെ കഥകൾ കേട്ടാണ് അവിടെനിന്നു തിരികെ പോന്നത്. ആൻഡമാൻ ആൻഡ് നിക്കോബാർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ജോളി ബുയോയി ഐലൻഡ്.

 

അതിരാവിലെ ഉണർന്നാണ് ബറാതാങ് (Baratang) ഫോറസ്റ്റ് ഡിവിഷനിലെ ലൈം സ്റ്റോൺ കേവ്  കാണാൻ ഞങ്ങൾ പുറപ്പെട്ടത്. ജിർകാതാങ് (Jirkatang) റിസർവ്‌ ഫോറസ്റ്റിലൂടെ അതിദീർഘ യാത്ര ചെയ്ത് വേണം ബറാതാങ്ങിലെത്താൻ. നാഷനൽ ഹൈവേ - നാല് എന്നായിരുന്നു ആ റോഡിന് പേര് നൽകിയിരുന്നതെങ്കിലും നമ്മുടെ നാട്ടിലെ മൺറോഡിനേക്കാളും പരിതാപകരമായിരുന്നു റോഡിന്റെ അവസ്ഥ. ജറാവാ (Jarawa) ഗോത്ര വിഭാഗത്തിൽപ്പെടുന്ന 250 മുതൽ 400 വരെ ആളുകൾ ഉൾക്കാടുകളിൽ താമസിക്കുന്ന പ്രദേശം കൂടിയാണ് ജിർകാതാങ് റിസർവ് ഫോറസ്റ്റ്. വഴിയിൽ ചിലപ്പോൾ ഇവർ പ്രത്യക്ഷപ്പെടാമെങ്കിലും അവരോടുള്ള സമ്പർക്കം നിയമംമൂലം വിലക്കിയിരിക്കുകയാണ്. അതിനാൽതന്നെ കോൺവോയ് ആയാണ് യാത്ര. ഒരു ദിവസം നാലു പ്രാവശ്യം മാത്രമാണ് യാത്രാനുവാദം. യാത്രയിൽ വാഹനങ്ങൾ നിർത്തിയിടാണോ ഓവർ ടേക്കിങ്ങോ പാടില്ല. ഫൊട്ടോഗ്രഫിക്കും പ്ലാസ്റ്റിക്കിനും കർശന നിരോധനമാണ് ആ മഴക്കാടുകളിലുടനീളം. ദീർഘദൂര യാത്രയിൽ വിവിധ വാഹന പരിശോധനകൾ കഴിഞ്ഞു മാത്രമേ ബാറാതാങ്ങിലെത്താൻ സാധിക്കുകയുള്ളു. ഒരു ജറാവായെ എങ്കിലും കാണണം എന്നുള്ള പ്രാർഥനയും മഴക്കാടിന്റെ കുളിർമ ആസ്വദിച്ചുള്ള യാത്രയും നേരം പോയത് ഓർമപ്പെടുത്തിയില്ല. ബറാതാങ്ങിൽനിന്നും പടുകൂറ്റൻ ജങ്കാറിൽ യാത്രതിരിച്ച്  പിന്നീട് സ്‌പീഡ്‌ ബോട്ടിൽ കയറി മാൻഗ്രോവ്‌സ് മരങ്ങളുടെ ഇടയിലൂടെ പോയി ബോട്ടിറങ്ങി ഒന്നരകിലോമീറ്റർ നടന്നു വേണം ലൈം സ്റ്റോൺ കേവിലെത്താൻ. കണ്ടൽക്കാടുകൾക്കിടയിലെ നേർത്ത വഴിയിലൂടെയുള്ള ആ സ്പീഡ് ബോട്ട് യാത്ര ജീവിതത്തിലൊരിക്കലും മറക്കാനാവാത്തതാണ്. വളരെ വൈകിയാണ് തിരികെ പോർട്ട് ബ്ലയറിലെത്തിയത്.

 

1883 - ൽ സ്ഥാപിതമായ ചാത്തം സോമില്ലും അന്ത്രോപോളജിക്കൽ മ്യൂസിയവും ഫിഷറീസ് മ്യൂസിയവും ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപ് സമൂഹത്തിന്റെ സമ്പന്നതയെയും സാധ്യതകളെയും ഓർമപ്പെടുത്തും. ഫോറസ്ട്രി, മാരിടൈം, ട്രൈബൽ നിയമങ്ങൾ കർശനമായി പാലിക്കുന്നതിനാൽ യാത്രയിലുടനീളം നിയമ ലംഘനങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ഡിസംബർ മുതൽ മാർച്ച്  വരെയുള്ള മാസങ്ങളാണ് ഇവിടേക്കുള്ള യാത്രകൾക്ക് ആളുകൾ കൂടുതലും തിരഞ്ഞെടുക്കുന്നത്. ഔദ്യോഗിക സംസാര ഭാഷ ഇംഗ്ലിഷും ഹിന്ദിയും ആണെങ്കിലും ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, നിക്കോബാറീസ് എന്നീ ഭാഷകളും കുറുഖ് (Kurukh), മുണ്ട (Munda), ഘറിയ (Kharia) എന്നീ പ്രാദേശിക ഭാഷകളും പ്രചാരത്തിലുണ്ട്.

 

കണ്ണുകൾ ആത്മാവിലേക്കുള്ള ജനാലകൾ ആണെന്ന് ഖാലിദ് ഹുസ്സേനി ‘ദ് കൈറ്റ് റണ്ണർ’ എന്ന പുസ്തകത്തിൽ ഓർമപ്പെടുത്തുന്നുണ്ട്. അതിനാൽത്തന്നെ ആത്മാവിൽ വെളിച്ചം കയറുന്ന ആൻഡമാൻ ആൻഡ് നിക്കോബാർ യാത്രയുടെ കാഴ്ചകൾ ഒരു സന്ദർശകനും എളുപ്പം മറക്കാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com