ADVERTISEMENT

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സപ്തസഹോദരിമാർ എന്നാണ് അറിയപ്പെടുന്നത്. കാലാവസ്ഥയിലും സംസ്കാരത്തിലും രുചിയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്ത പുലർത്തുന്നവരാണ് സപ്തസഹോദരിമാർ.അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര എന്നിവയാണ് ഈ ഏഴ് സംസ്ഥാനങ്ങള്‍. മനോഹരമായ ഭൂപ്രകൃതിയും സാംസ്‌കാരിക പാരമ്പര്യവും ജനങ്ങളുടെ ഊഷ്മളമായ പെരുമാറ്റവുമൊക്കെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. രാജ്യത്തെ മറ്റു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ നിന്നു തീർത്തും വ്യത്യസ്തമായ അന്തരീക്ഷമാണ് ഇവിടെ. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നോര്‍ത്ത് ഈസ്റ്റ് സന്ദർശനം അനായാസമാക്കാം.

ആരെയും വിസ്മയപ്പെടുത്തുന്ന ഭൂപ്രകൃതിയും തരുലതാദികളും വന്യമൃഗങ്ങളും വ്യത്യസ്തമായ കാലാവസ്ഥയുമാണ് ഇവർ ഏഴുപേരുടെയും പ്രത്യേകത. 

അരുണാചൽ പ്രാദേശ് 

ബുദ്ധമത വിശ്വാസികൾ ഏറെയുള്ള ഒരു സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. ബുദ്ധസന്യാസികളിലെ തന്നെ റിബൽ എന്നറിയപ്പെടുന്ന ആറാമത്തെ ലാമയായിരുന്ന  സാങ്‌യാങ് ഗത്സ്യോയുടെ ജന്മദേശമായ തവാങ്, അരുണാചൽ പ്രാദേശിലാണ് സ്ഥിതിചെയ്യുന്നത്. തവാങിൽ നിന്നും അധികമൊന്നും ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന, ഏകദേശം 50 കിലോമീറ്റർ യാത്ര ചെയ്താൽ എത്തിച്ചേരാൻ കഴിയുന്ന, ഇന്ത്യ-ചൈന അതിർത്തി പ്രദേശമാണ് ബും ല പാസ്. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ ഓർമകളും അവശേഷിപ്പിച്ചു കൊണ്ട് നിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള പ്രദേശം എന്ന പേരുകൂടി ഈ സ്ഥലത്തിനുണ്ട്. 

അസം

അസമിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന, തിൻസൂകിയ ജില്ലയിലെ ഒരിടമാണ് ഡിഗ്‌ബോയി. ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത് അവിടെയാണ്. ബ്രിട്ടീഷുകാരാണ് ഇവിടെ എണ്ണയുണ്ടെന്നു മനസിലാക്കിയതും ഖനനത്തിനു നേതൃത്വം നൽകിയതും. ഈ സ്ഥലത്തിന് ഡിഗ്ബോയ് എന്ന പേര് ലഭിച്ചതു പോലും ഈ എണ്ണഖനനത്തിൽ നിന്നാണെന്നാണ് പറയപ്പെടുന്നത്.

മേഘാലയ

നിത്യഹരിത പീഠഭൂമിയാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർഥമുള്ള മേഘാലയ കാഴ്ചകള്‍ കൊണ്ട് സത്യത്തിൽ ആരെയും മോഹിപ്പിക്കും.സ്ഫടികം പോലെ തെളിഞ്ഞ ജലമുള്ള ഡൗകി നദിയും സമീപത്തു തന്നെയുള്ള പാറക്കെട്ടുകളും തൂക്കു പാലവും മരങ്ങളുടെ വേരുകൾ പിരിച്ചുണ്ടാക്കുന്ന പാലവുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

മണിപ്പൂർ

പച്ചപ്പും താഴ്‌വരകളും നീലത്തടാകങ്ങളുമെല്ലാം ചേര്‍ന്ന് ആരെയും മയക്കുന്ന സൗന്ദര്യമുള്ള ഈ ഭൂപ്രദേശത്തിന് ഒരു അപൂര്‍വ്വ രത്നത്തിന്‍റെ ചാരുതയുണ്ട്. കൂടാതെ മനോഹരമായ രാസലീലാനൃത്തവും ലോകത്തിലെ തന്നെ ഒഴുകിനടക്കുന്ന ഏക നാഷണല്‍ പാര്‍ക്കായ കീബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്കുമെല്ലാം ലോക സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

മിസോറം

സുന്ദരമായ നദികളുടെയും തടാകങ്ങളുടെയും കൂടി നാടാണ് മിസോറം. ഇവിടുത്തെ ഏറ്റവും നീളമേറിയ നദികളിലൊന്നായ ത്വ്‌ലാങ് നദി കാണേണ്ട കാഴ്ചയാണ്. 185 കിലോമീറ്ററോളം നീളമുള്ള ഇതിന്റെ കരയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രം മതി ആരെയും ഈ പ്രദേശത്തിന്റെ ആരാധകരാക്കുവാന്‍. പ്രകൃതി പരിശുദ്ധമായി കാത്തുസൂക്ഷിക്കുന്ന, അതിമനോഹരമായൊരു തടാകമാണ് താംഡില്‍. പ്രസന്നമായ കാലാവസ്ഥ കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടം. വിദേശസഞ്ചാരികള്‍ അടക്കം നിരവധിപേര്‍ കുടുംബവുമായി വന്ന് ഇവിടെ സമയം ചെലവഴിക്കാറുണ്ട്. വിനോദസഞ്ചാരികള്‍ക്കായി ബോട്ടിങ്ങിനും മീൻപിടിക്കാനുമൊക്കെ സൗകര്യമുണ്ട്.

ആരേയും മയക്കുന്ന കാഴ്ച്ചകള്‍ കൊണ്ട് സമ്പന്നമായ നാഗാലാന്‍ഡിലേക്ക് സ്വാഗതം. നാഗാലാന്‍ഡ് വിശേഷങ്ങളുടെ പട്ടിക ഒരിക്കലും അവസാനിക്കുന്നില്ല. നിങ്ങള്‍ സോളോ യാത്രികനോ സാഹസികനോ ആരുമാകട്ടെ ഏതുതരക്കാരേയും തൃപ്തിപ്പെടുത്താന്‍ ഈ നാടിന് സാധിക്കും. പ്രകൃതി സൗന്ദര്യവും സമ്പന്നമായ സംസ്‌കാരവും സമൃദ്ധമായ സസ്യജന്തുജാലങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത സാംസ്‌കാരിക പൈതൃകവും, ശാന്തമായ അന്തരീക്ഷവും നാഗാലാന്‍ഡിനെ ഇന്ത്യയിലെ ഏറ്റവും വര്‍ണ്ണാഭമായ സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുന്നു.

ത്രിപുര

ഇന്ത്യയുടെ വടക്കു കിഴക്കൻ അതിർത്തിയിൽ ബംഗ്ലാദേശിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന, ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനമാണ് ത്രിപുര. ചെറു താഴ്വരകൾ, വലിയ മലനിരകൾ, നിത്യഹരിത വനങ്ങൾ, ജൈവ വൈവിധ്യം നിറഞ്ഞ അതിസുന്ദരിയായ പ്രകൃതി എന്നിവയൊക്കെയാണ് ത്രിപുരയെ മനോഹാരിയാക്കുന്നത്. സെപഹിജാല  മൃഗശാലയും ജഗന്നാഥ ക്ഷേത്രവും പ്രശസ്തമായ ത്രിപുരസുന്ദരി ക്ഷേത്രവുമൊക്കെ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഈ കൊച്ചു സംസ്ഥാനത്തിലെ മനോഹരങ്ങളായ കാഴ്ചകളാണ്.

ഭാഷയും സാംസ്‌കാരിക വ്യത്യാസങ്ങളും

ഭാഷ തന്നെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ഇവിടുത്തെ ഭൂരിഭാഗം ആളുകളും ഹിന്ദി സംസാരിക്കുന്നില്ല. ടിബറ്റനോ ബര്‍മീസോ അറിയാമെങ്കില്‍ നിങ്ങൾക്കതു ഗുണം ചെയ്യും. ഗോത്രസമൂഹങ്ങളാണ് ഇവിടെ കൂടുതലും. ഓരോ ഗോത്രവും സ്വന്തം ഭാഷ കൈകാര്യം ചെയ്യുന്നു. കൊറിയന്‍ ഭാഷയും ഇവിടെ കേള്‍ക്കാം. അരുണാചലിന്റെ കേന്ദ്രബിന്ദുവായ തവാങ്, നൂറു ശതമാനം ടിബറ്റന്‍ സംസ്‌കാരം പിന്‍തുടരുന്നു. മറ്റു മോഖലകളില്‍ ഹിന്ദിയെ ആശ്രയിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com