ADVERTISEMENT

മനുഷ്യര്‍ വീടിനുള്ളില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായത്തോടെ മറ്റു ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കുമെല്ലാം ഒരു ഇടക്കാല ആശ്വാസമാണ് ഈ  ലോക്ഡൗൺ. ഒട്ടനവധി അപൂര്‍വ്വ കാഴ്ചകള്‍ക്കാണ് ഈയിടെ നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ഓര്‍മയില്‍ മറഞ്ഞു കിടന്ന പല അദ്ഭുത ജീവജാലങ്ങളും വീണു കിട്ടിയ ഈ 'അവധിക്കാലം' പരമാവധി ആഘോഷിക്കുന്ന കാഴ്ചകള്‍ നിരവധി നാം കണ്ടു കഴിഞ്ഞു. ഈ കൂട്ടത്തിലേക്ക് പുതുതായി എത്തിയ അതിഥിയെ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും! കഥകളിലും മാര്‍വെല്‍ കോമിക്സിലും മാത്രമല്ല, മനുഷ്യര്‍ നടക്കുന്ന ഈ മണ്ണിലും സാന്നിദ്ധ്യമറിയിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട കരിമ്പുലിയാണ് ഈ പുതിയ താരം!

തെക്കന്‍ ഗോവയിലെ നേത്രാവലി വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെ നടക്കുന്ന കരിമ്പുലിയുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാവുകയാണ്. സംസ്ഥാനത്തെ പ്രധാന വന്യജീവി സങ്കേതങ്ങളിലൊന്നായ നേത്രാവലിയിലെ ക്യാമറയിൽ പതിഞ്ഞ കരിമ്പുലിയുടെ ചിത്രം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ആദ്യം ട്വിറ്ററിലൂടെ പങ്കു വച്ചത്.

കരിമ്പുലി എന്നത് മിത്ത് മാത്രമാണെന്ന് വിശ്വസിക്കുന്ന നിരവധി ആളുകളുണ്ട്. ലോകത്ത് വളരെ അപൂര്‍വമായി മാത്രം കാണുന്ന ജീവി വര്‍ഗ്ഗമാണ് ഇത്. റുഡ്യാർഡ് കിപ്ലിംഗിന്റെ 'ദി ജംഗിൾ ബുക്കി'ലെ ബഗീരയായിരിക്കും കൂടുതല്‍ പേര്‍ക്കും അറിയാവുന്ന ഒരേയൊരു കരിമ്പുലി!

തെക്ക്-കിഴക്കൻ ഗോവയിലെ സാങ്കും താലൂക്ക് മേഖലയിലെ വെർലെമിലാണ് നേത്രാവലി വന്യജീവി സങ്കേതം. ഏകദേശം 211 കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്ത് കൂടുതല്‍ കരിമ്പുലികള്‍ ഉണ്ടോ എന്നറിയാന്‍ പരിശോധിച്ച് വരികയാണെന്ന് വനംവകുപ്പ് വക്താവ് പറഞ്ഞു. ആദ്യമായാണ് ഇവിടുത്തെ ക്യാമറയില്‍ ഇത്തരമൊരു ദൃശ്യം പതിയുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാനും കരിമ്പുലി വീഡിയോ പങ്കുവച്ചിട്ടുണ്ട്. മരത്തിനു മുകളില്‍ ഇരിക്കുന്ന കരിമ്പുലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തയുടനെത്തന്നെ വൈറലായിരുന്നു. കരിമ്പുലികള്‍ കഥയില്‍ മാത്രമുള്ള മിത്തുകളാണോ അതോ ശരിക്കും ഈ ഭൂമിയിലുള്ള ഒരു ജീവി വര്‍ഗ്ഗമാണോ എന്ന സംശയം പലര്‍ക്കുമുണ്ട്. സാധാരണ പുലിയുടെ നിറം കറുപ്പാണെങ്കില്‍ അതിനെയാണ് കരിമ്പുലി എന്ന് വിളിക്കുന്നത്. ഇവയുടെ നിറം പൂർണ്ണമായും കറുപ്പല്ല എന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാം. ശരിക്കും ശ്രദ്ധിച്ചാല്‍ ഇടയ്ക്കിടെ പുള്ളികൾ കാണാവുന്നതാണ്.

ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ മൗണ്ട് കെനിയയുടെ അടിക്കാടുകളിലും കരിമ്പുലികളെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും കരിമ്പുലിയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

English Summary : Black Panther spotted in a Goa sanctuary supposedly for the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com