കിനൗര്‍- സ്പിറ്റി വാലി റൂട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ടോ? റോഡ്‌ ട്രിപ്പ് എന്നു പറഞ്ഞാല്‍ ഇതാണ്!

kinnaur-spiti-valley
SHARE

ആകാശം മുട്ടുന്ന ഹിമാലയത്തിന്‍റെ ഉയരത്തോളം തന്നെ സഞ്ചാരികളെ മോഹിപ്പിക്കുന്നതാണ് ഹിമാലയന്‍ യാത്രയെക്കുറിച്ചുള്ള സ്വപ്നങ്ങളും. മഞ്ഞു മൂടിക്കിടക്കുന്ന ഹിമവാനെ കാണാന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോവണമെന്ന് ആഗ്രഹിക്കാത്ത ഒരു സഞ്ചാരി പോലും ഉണ്ടാവില്ല. യാത്രാപ്രേമികളായ യുവാക്കളുടെ ലിസ്റ്റില്‍ എല്ലാ കാലത്തും കാണും, എന്നെങ്കിലുമൊരിക്കല്‍ ഒരു ബൈക്കുമെടുത്ത് നടത്താന്‍ പോകുന്ന ആ യാത്ര. അങ്ങനെ പരന്നുകിടക്കുന്ന ഹിമാലയ ഭൂമിയുടെ സ്വത്വമറിഞ്ഞ് യാത്ര ചെയ്യാന്‍ സഞ്ചാരികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മനോഹരമായ പാതയാണ് കിനൗര്‍- സ്പിറ്റി വാലി റൂട്ട്.

ലഡാക്കില്‍നിന്നു വ്യത്യസ്തമായി അധികം ആളും ബഹളവും ഒന്നും കാണില്ല എന്നതാണ് ഈ റൂട്ടിന്‍റെ ഏറ്റവും വലിയ മേന്മ. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ തനതായ ബഹളങ്ങളും മായം ചേര്‍ക്കലുകളും കാട്ടിക്കൂട്ടലുകളും ഒന്നുമില്ലാത്ത, ശാന്തമായ ഒരു പാതയിലൂടെ സമാധാനമായി ഒരു മൂളിപ്പാട്ടൊക്കെ പാടി അങ്ങനെ ബൈക്കില്‍ യാത്ര ചെയ്യുന്നത് ഓര്‍ത്തു നോക്കൂ! ആലോചിക്കുമ്പോഴേ രോമാഞ്ചം വരുന്നു, അല്ലേ?

പുരാതനമായ വിഹാരങ്ങള്‍

പുരാതനമായ നിരവധി ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും നിറഞ്ഞ വഴിയാണിത്. ടാബോ, ധന്‍കര്‍ ബുദ്ധ വിഹാരങ്ങളിലൂടെയും സരഹനിലെ ഭീമകാളി ക്ഷേത്രത്തിലൂടെയും മറ്റും സഞ്ചരിക്കുമ്പോള്‍ പുരാതന കാലത്ത് എത്തിച്ചേര്‍ന്ന പോലെയുള്ള പ്രതീതിയായിരിക്കും.

kinnaur-spiti-valley1

ഹിന്ദുസ്ഥാന്‍- ടിബറ്റ്‌ റോഡ്

ലോകത്തിലെ ഏറ്റവും കഠിനമായ പാതകളില്‍ ഒന്നായാണ് ഹിന്ദുസ്ഥാന്‍- ടിബറ്റ്‌ റോഡിനെ കണക്കാക്കുന്നത്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഈ റോഡിലൂടെയുള്ള യാത്രയില്‍ ഹിമാലയന്‍ വനങ്ങളുടെ കാഴ്ചയും യാത്രക്കാര്‍ക്ക് അങ്ങേയറ്റം ആനന്ദം പകരും.

നാവിനുല്‍സവം പകരുന്ന രുചികള്‍

ലോകത്ത് മറ്റെവിടെയും കിട്ടാത്ത രുചികള്‍ ഇവിടെ അനുഭവിച്ചറിയാം. ബ്ലാക്ക് പീ ഹുമ്മുസ്, സ്പിറ്റി സ്പെഷല്‍ ഫലാഫെല്‍, ക്യു എന്ന് പേരുള്ള സ്പെഷല്‍ പാസ്ത, തുപ്ക, മോമോസ്, പാന്‍കേക്ക്, സ്പെഷല്‍ പയര്‍ കറി തുടങ്ങി നിരവധി രുചികരമായ വിഭവങ്ങള്‍ ഇവിടെ കിട്ടും. സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവിടത്തുകാര്‍ കൂടുതലും ആഹാരം പാകം ചെയ്യുന്നത്. ലഡാക്കിലെ പ്രത്യേകതയായ ബട്ടര്‍ ടീയും ഇവിടെ കിട്ടും.

സ്പിറ്റിയുടെ ഫോസില്‍ ഗ്രാമം

കാസയ്ക്ക് സമീപം ചെല്ലുകയാണെങ്കില്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലമാണ്‌ ലാംഗ്സ. അതിമനോഹരമായ ഈ ഗ്രാമം, മികച്ച ഒരു ക്യാംപിങ് കേന്ദ്രം കൂടിയാണ്. എന്നാല്‍ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇവിടെ സമൃദ്ധമായി കാണുന്ന അവശിഷ്ട ശിലകളില്‍ സമുദ്ര ഫോസിലുകള്‍ കാണാന്‍ പറ്റും എന്നതാണ്. 

‘സ്പിറ്റിയുടെ ഫോസിൽ വില്ലേജ്’ എന്നാണു ലാംഗ്സയെ വിളിക്കുന്നത്‌. വെറും ഇരുനൂറോളം ആളുകള്‍ മാത്രം താമസിക്കുന്ന ഇവിടെ സഞ്ചാരികള്‍ക്കായി ഹോം സ്റ്റേ സൗകര്യവും ലഭ്യമാണ്. 

ജീവനുള്ള മമ്മി

അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള മമ്മിയെ സൂക്ഷിച്ചിരിക്കുന്ന ഗിയു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലാമ എന്നാണ് പ്രദേശവാസികള്‍ ഈ മമ്മിയെ വിളിക്കുന്നത്. കയ്യില്‍ ഒരു ജപമാലയുമായി ഇരിക്കുന്ന ഒരു ബുദ്ധ സന്യാസിയാണ് ഇത്. പുതുതായി വന്ന മുടിയും വളരുന്ന കൈ നഖങ്ങളും ഉള്ള ഈ മമ്മിക്ക് ജീവനുണ്ടെന്നും അഗാധമായ ധ്യാനത്തില്‍ ആണെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. 

ഹിമവാന്‍റെ ഉയരത്തില്‍ ഒരു പോസ്റ്റ് ഓഫിസ്

സമുദ്രനിരപ്പില്‍ നിന്ന് 4400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിക്കിമിലാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫിസുകളില്‍ ഒന്ന് ഉള്ളത്. വര്‍ഷം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കുന്നു എന്നതാണ് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റു പോസ്റ്റോഫിസുകളെ അപേക്ഷിച്ച് ഇവിടത്തെ പ്രധാന പ്രത്യേകത. കാസയില്‍ നിന്നും വരുമ്പോള്‍ പോസ്റ്റ് കാര്‍ഡ് വാങ്ങിച്ച് ലോകത്തിന്‍റെ മറ്റിടങ്ങളിലുള്ള പ്രിയപ്പെട്ടവര്‍ക്ക് അയയ്ക്കുന്നത് ഇവിടെയെത്തുന്നവരുടെ പതിവാണ്!

ചാന്ദ്രതടാകം

സ്പിറ്റിയുടെ ഉയരങ്ങളില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ്‌ ചന്ദ്രതാല്‍. ‘ചന്ദ്രന്‍റെ തടാകം’ എന്നാണ് ഈ പേരിനർഥം. ഈ തടാകത്തിന്‍റെ രൂപം മൂലമാണ് ഇങ്ങനെയൊരു പേര് വന്നത്. മഹാഭാരത കഥയില്‍ യുധിഷ്ഠിരൻ ഇന്ദ്രരഥത്തിലേറി സ്വർഗാരോഹണം നടത്തിയത് ഇവിടെ നിന്നാണെന്ന് ചിലർ വിശ്വസിക്കുന്നു, നീലയും പച്ചയും കലര്‍ന്ന നിറത്തിലുള്ള മനോഹരമായ ജലമാണ് ഈ തടാകത്തിലുള്ളത്. ഇവിടെ എത്തുന്നതിന് അഞ്ചു കിലോമീറ്റര്‍ മുന്‍പേ വരെ വാഹനങ്ങള്‍ക്ക് സഞ്ചാര യോഗ്യമായ റോഡ്‌ ഉണ്ട്. അതിനു ശേഷം നടക്കണം. സാഹസപ്രിയര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന യാത്രയാണ് ഇത്.

English Summary:road trip through kinnaur and spiti

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA