ADVERTISEMENT

'ഇത്രയൊക്കെ ചെയ്ത് തന്ന സര്‍ക്കാരിനോടും ഉദ്യോഗസ്ഥരോടും പറയാനുള്ളത്

ഒരുപാട് നന്ദി… ഇത്രക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

ഇനിയും ഉറക്കെ പറയാതെ വയ്യ കേരളം അടിപൊളിയാണ്'

പറയുന്നത് മലയാളി മാധ്യമപ്രവര്‍ത്തകനായ വിവേക് രാജഗോപാല്‍. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന വിവേകും സുഹൃത്തുക്കളും സര്‍ക്കാരിന്‍റെ കൊറോണക്കാല പ്രത്യേക ട്രെയിനില്‍ കഴിഞ്ഞ മാസം 21നാണ് നാട്ടിലെത്തിയത്. പൂജപ്പുരയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റില്‍ ക്വാറന്‍റെെനിലാണ് വിവേക് ഇപ്പോള്‍.

നോയ്ഡയില്‍ താമസിക്കുന്ന വിവേകും സുഹൃത്തുക്കളും നാട്ടിലേക്ക് തിരിച്ചു പോരാന്‍ വഴിയില്ലാതെ ബുദ്ധിമുട്ടിയിരിക്കുന്ന അവസ്ഥയിലായിരുന്നു ഇന്ത്യന്‍ റെയില്‍വേ സ്പെഷല്‍ ട്രെയിനുകള്‍ ആരംഭിച്ചത്. താമസ സ്ഥലത്തെ സ്ഥിതിഗതികള്‍ അനുദിനം മോശമായിക്കൊണ്ടിരിക്കുകയും കൊറോണ ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിലേക്ക് എങ്ങനെ തിരിച്ചു പോരുമെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കായുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങിയപ്പോള്‍ തന്നെ ന്യൂഡല്‍ഹിയില്‍ നിന്നുള്ള സ്പെഷ്യല്‍ രാജധാനി എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.

corona-travel2

ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമ്പോള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചല്ല ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് എന്ന് വിവേക് കുറിപ്പില്‍ പറയുന്നു. സാമൂഹിക അകലം ഉണ്ടെന്ന് അത്ര ഉറപ്പിക്കാന്‍ പറ്റാത്ത ഒരു ക്യൂവിലാണ് പൊലീസുകാര്‍ യാത്രക്കാരുടെ ശരീര താപനിലയും ബാഗുകളും പരിശോധിക്കുന്നത്. സ്റ്റേഷനുള്ളില്‍ ആളുകള്‍ തമ്മിലുള്ള അകലം കൃത്യമാക്കാന്‍ പ്ലാറ്റ്ഫോമുകളില്‍ വൃത്തങ്ങല്‍ വരച്ചിട്ടുണ്ടെങ്കിലും ട്രെയിനിനുള്ളില്‍ കയറിയാല്‍ അകലം പാലിക്കേണ്ടതിനെക്കുറിച്ച് ആരും ബോധവാന്മാരല്ല.

ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലൂടെയായിരുന്നു ട്രെയിനിന്‍റെ യാത്ര. കോട്ട, വഡോധര, പനവേല്‍, ഗോവ,മംഗലാപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ കടന്നുവന്ന ഏഴ് സംസ്ഥാനങ്ങളിലെ അഞ്ച് സ്റ്റോപ്പുകളിലും യാത്രക്കാരെ നിയന്ത്രിക്കാനായി മാസ്കുകള്‍ മാത്രം ധരിച്ച് ലാത്തിയുമായി കാത്ത് നില്‍ക്കുന്ന പൊലീസുകാരെയാണ് കണ്ടത്. എന്നാല്‍ കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും ട്രെയിന്‍ എത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അഭിമാനമാണ് തോന്നിയത്.

corona-travel

'യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ എല്ലാവരും P.P.E കിറ്റുകള്‍ ധരിച്ചിട്ടുണ്ട്. ട്രെയിനില്‍ നിന്നും ഇറങ്ങുന്നവരുടെ താപനിലയും, പാസ്സ് ചെക്ക് ചെയ്യുന്നതും പോകേണ്ട സ്ഥലം മനസ്സിലാക്കി കൃത്യമായ ഗേറ്റുകളിലൂടെ കടത്തിവിടുന്നതുമെല്ലാം പ്ലാറ്റ്ഫോമില്‍ വെച്ച് തന്നെ അവര്‍ പൂര്‍ത്തിയാക്കുന്നു. യാതൊരു സാമൂഹിക അകലവും പാലിക്കാന്‍ സാധിക്കാതെ ട്രെയിനില്‍ എത്തിയ യാത്രക്കാരെ പ്ലാറ്റ്ഫോമിലെ ക്യൂവില്‍ കൃത്യമായ അകലം പാലിക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. കോവിഡ് -19 എന്ന രോഗത്തിനെ ശരിയായ രീതിയില്‍ നേരിടുന്നത് കേരളമാണെന്ന് വാര്‍ത്തകളില്‍ നിന്നും ഇതുപോലുള്ള ചില ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നുമെല്ലാം നേരത്തെ മനസ്സിലാക്കിയെങ്കിലും അത് നേരിട്ട് കാണുമ്പോഴുള്ള ഒരു അനുഭവം വേറെ തന്നെയാണ്.' സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴുള്ള അനുഭവം കുറിപ്പില്‍ പറയുന്നത് ഇങ്ങനെ.

പൂജപ്പുരയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റിലെ സര്‍ക്കാര്‍ വക ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റെെന്‍ അനുഭവത്തെപ്പറ്റിയും വിവേക് എഴുതുന്നുണ്ട്. തോര്‍ത്ത്,സോപ്പ്,ചീപ്പ് തുടങ്ങി 14 ദിവസം വിശാലമായി താമസിക്കാനുള്ള എല്ലാ സാധനങ്ങളും മുറിയില്‍ വച്ചിട്ടുണ്ട്. വച്ചിരിക്കുന്നു. ഭക്ഷണം ഉള്‍പ്പടെ എല്ലാ കാര്യത്തിലും ഇവിടുത്തെ ജീവനക്കാര്‍ വളരെയധികം ശ്രദ്ധ പാലിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com