ADVERTISEMENT

കേരളം പോലെത്തന്നെ അതിമനോഹരമായ ഒട്ടനവധി മലനിരകളും വനങ്ങളും നിറഞ്ഞ ബാംഗ്ലൂര്‍ എല്ലാ സീസണിലും സഞ്ചാരികളുടെ പ്രിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ട്രെക്കിംഗാവട്ടെ, റോഡ്‌ ട്രിപ്പാവട്ടെ, ഭക്ഷണ വൈവിധ്യങ്ങളാവട്ടെ... യാത്രികരുടെ ലിസ്റ്റില്‍ എന്നും മുന്‍നിരയില്‍ത്തന്നെയാണ് ബാംഗ്ലൂരിന്‍റെ സ്ഥാനം. അതുകൊണ്ടുതന്നെ വീക്കെന്‍ഡില്‍ അടിച്ചു പൊളിക്കാന്‍ ബെംഗളൂരുവിലെത്തുന്ന ചെറുപ്പക്കാരുടെ എണ്ണത്തിന് ഒരിക്കലും ഒരു കുറവും ഇല്ല. തിരക്കേറിയ ജീവിതത്തില്‍ നിന്ന് അല്‍പ്പം ഇടവേളയെടുത്ത് ബാംഗ്ലൂരിലേക്ക് ഒരു റോഡ്‌ ട്രിപ്പായാലോ? ഇതാ  ബെംഗളൂരുവിലെ ചില കിടുക്കന്‍ സ്ഥലങ്ങള്‍!

 കബനി നദി

Nandi-Hills-trip

സിനിമയിലൊക്കെ കാണുന്നത് പോലെയുള്ള സുന്ദരമായ പ്രദേശമാണ് കബനിനദിയുടെ പരിസര പ്രദേശങ്ങള്‍. ബെംഗളൂരു നഗരത്തില്‍ നിന്ന് 209 കിലോമീറ്റര്‍ ദൂരം ആണ് ഇവിടേക്കുള്ളത്. പച്ചപ്പാര്‍ന്ന പുല്‍ത്തകിടികളും ജൈവവൈവിധ്യവും നിറഞ്ഞ ശാന്തമായ ഈ പ്രദേശം സമാധാനപരമായി ഒരു ദിനം ചെലവഴിക്കാന്‍ ഏറെ അനുയോജ്യമാണ്. മണ്‍സൂണ്‍ സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നത് മനോഹരമായ അനുഭവമായിരിക്കും.

മഞ്ചിൻ‌ബെല്ലെ 

മനോഹരമായ സാവന്ദുർഗ കുന്നുകള്‍ അതിരിടുന്ന മഞ്ചിൻ‌ബെല്ലെ ജലാശയം കാലങ്ങളായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ബെംഗളൂരുവില്‍ നിന്ന് ഏകദേശം 2 മണിക്കൂർ യാത്ര ചെയ്താൽ 36 കിലോമീറ്റര്‍ അകലെയുള്ള ഈ മനോഹരമായ സ്ഥലത്തെത്താം.

ആദ്യകാഴ്ചയില്‍ത്തന്നെ ആരുടേയും മനംമയക്കുന്ന മഞ്ചിൻ‌ബെല്ലെയിലേക്കുള്ള റോഡ്‌ യാത്രയില്‍ അതിശയകരമായ ഒട്ടേറെ കാഴ്ചകള്‍ കാണാം. മഴക്കാലത്തുള്ള യാത്രയാണ് കൂടുതല്‍ മികച്ചത്. സാഹസികര്‍ക്ക് റാഫ്റ്റ് ബിൽഡിംഗിലും കയാക്കിംഗിലും കൂടി ഒരു കൈ നോക്കാം!

യേലഗിരി മലനിരകള്‍ 

വീക്കെന്‍ഡ് യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമാണ് യേലഗിരി. ബാംഗ്ലൂരില്‍ നിന്ന് ഏകദേശം നാലു മണിക്കൂര്‍ വേണം ഇവിടെയെത്താന്‍. ഇടുങ്ങിയ റോഡുകളും രസകരമായ കാഴ്ചകളും ഉള്ള എൻ‌എച്ച് 6 റൂട്ടിലൂടെയാണ് ഇവിടേക്കുള്ള യാത്ര.  റോപ്സ് & നോട്ട്സ് അഡ്വഞ്ചർ വാലി, അമീർത്തി സുവോളജിക്കൽ പാർക്ക്, യേലഗിരി ഫോറസ്റ്റ് ഹിൽ എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഈ യാത്രയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. സാഹസികര്‍ക്കായി പാരാസെയിലിംഗ് നടത്താന്‍ ഉള്ള സൗകര്യവുമുണ്ട്. 

ഭീമേശ്വരി

skanadagiri

ബെംഗളൂരുവിൽ നിന്ന് മൂന്നു മണിക്കൂര്‍ ദൂരമുള്ള ഭീമേശ്വരിയിലേക്ക് മഞ്ഞുകാലത്താണ് പോകാന്‍ ഏറ്റവും അനുയോജ്യം . നദികളും വനക്കാഴ്ചകളുമായി അതിസുന്ദരമായ വഴിയിലൂടെയാണ് ഈ യാത്ര. കാവേരി നദീതീരത്ത് പിക്നിക് നടത്തിയും സഞ്ചാരികള്‍ക്കായുള്ള ജംഗിള്‍ ലോഡ്ജില്‍ താമസിച്ചുമെല്ലാം ഈ യാത്ര അവിസ്മരണീയമാക്കി മാറ്റാം.

അവലബെട്ട 

ബാംഗ്ലൂരിലെ ഓഫ്ബീറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മുന്‍നിരയിലാണ് അവലബെട്ടയുടെ സ്ഥാനം. കിഴുക്കാംതൂക്കായ മലഞ്ചെരിവും ഒരു തടാകവുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ബാംഗ്ലൂരില്‍ നിന്നും ഇവിടേക്കുള്ള 

92 കിലോമീറ്റർ യാത്രയില്‍ എല്ലായിടത്തും സമൃദ്ധമായ പച്ചപ്പ് കാണാം. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. സൂര്യോദയവും അസ്തമയവും കാണാന്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറവല്ല. 

മല കയറാന്‍ ടൂറിസം ബോര്‍ഡിന്‍റെ ഇക്കോട്രയല്‍സ്

വർദ്ധിച്ചുവരുന്ന സഞ്ചാരികള്‍ക്ക് വേണ്ടിയും അനധികൃത ട്രെക്കിംഗ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനുമായി അടുത്തിടെ കർണാടക ഇക്കോ ടൂറിസം വികസന ബോർഡ് 'ഇക്കോ ട്രയൽസ്' എന്ന പേരിൽ ട്രെക്കിംഗും പർവതയാത്രകളുമെല്ലാം സംഘടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. യോഗ്യതയുള്ള ഗൈഡുകളുടെ മേൽനോട്ടത്തിലാണ് ഈ യാത്രകൾ നടത്തുന്നത്. ഈ വിഭാഗത്തില്‍പ്പെട്ടതാണ് സ്കന്ദഗിരി മലനിരകള്‍. 

ചിക്കബല്ലാപൂർ ജില്ലയിലെ സ്കന്ദഗിരി മലനിരകളാണ്‌ ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27,017 സഞ്ചാരികളാണ് ഇത് സന്ദർശിച്ചതെന്ന് കണക്കുകൾ പറയുന്നു. ഡോഡ്ബല്ലാപൂർ താലൂക്കിലെ മകലിദുർഗ നടപ്പാതയാണ് ഇക്കൂട്ടത്തിലെ മറ്റൊരു പ്രധാന സ്ഥലം. 

രാംനഗര ജില്ലയിലെ സവന്ദുർഗ, തുംകൂരിലെ ബിദരകട്ടയും ദേവരായണദുർഗയും ചിക്മഗളൂരിലെ അവലബെട്ട, റാണി ജാരി, എറ്റിന ഭുജ, ബല്ലല്ലാരായനദുർഗ, ഹസ്സൻ ജില്ലയിലെ സിദ്ധരബെട്ട തുടങ്ങിയവ ഇക്കോ ട്രയലിന്‍റെ മറ്റ് ജനപ്രിയ ട്രെക്കിംഗ് കേന്ദ്രങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com