ADVERTISEMENT

ആനന്ദം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്നുവന്ന താരസുന്ദരിയാണ് അനാർക്കലി മരിക്കാർ. ചുരുങ്ങിയ നാളുകൊണ്ടാണ് അനാർക്കലി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഒരു എന്‍ജിനീയറിങ് കോളജിൽനിന്നുള്ള വിദ്യാർഥികൾ ടൂർ പോകുന്നത് ആനന്ദത്തിലുണ്ട്.

anarkali-travel2

ആ സിനിമയിലെപ്പോലെ തന്നെ യാത്രകളെ പ്രണയിക്കുന്നയാളാണ് അനാർക്കലിയും. കുട്ടിക്കാലം മുതൽ യാത്രകൾ പോകുവാനും കാഴ്ചകൾ ആസ്വദിക്കുവാനും താരത്തിന് ഇഷ്ടമാണ്. ഹംപിയിലും ഗോവയിലുമൊക്കെയായിരുന്നു ആനന്ദത്തിന്റെ ഷൂട്ടിങ്. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് അനാർക്കലി മനോരമ ഒാൺലൈനിൽ മനസ്സുതുറക്കുന്നു.

എന്റെ ഇഷ്ടയിടങ്ങൾ

anarkali-marikartrip

കുടുംബത്തോടൊപ്പം അടിച്ചുപൊളിച്ച് യാത്ര ചെയ്യുമ്പോഴാണ് യാത്രകളോടുള്ള പ്രണയം നൂറിരട്ടിയാകുന്നത്. ഇന്ത്യയിൽ കേരളത്തിനകത്തും പുറത്തുമായി ഒരുപാട് ഇടത്തൊന്നും പോയിട്ടില്ലെങ്കിലും അത്യവശ്യം സ്ഥലങ്ങളൊക്കെ ചുറ്റിയടിച്ചിട്ടുണ്ടെന്ന് അനാർക്കലി പറയുന്നു.

anarkali-travel3

‘അതിൽ എനിക്കേറെ ഇഷ്ടപ്പെട്ടത് ആനന്ദം ഷൂട്ടിങ്ങിനായി പോയ ഹംപി തന്നെയാണ്. അവിടുത്തെ സൗന്ദര്യത്തെ വാക്കുകളിൽ ഒതുക്കുവാനാവില്ല. വല്ലാത്തൊരു ഭംഗിയാണ്. കല്ലിലെ കലയാണു ഹംപി. അനവധി അമ്പലങ്ങൾ, ശിൽപ്പങ്ങൾ, പാലങ്ങൾ, രാജകീയ പ്രൗഢിയുള്ള കെട്ടിടങ്ങൾ തുടങ്ങി കാഴ്ചകൾ കല്ലുകളിൽ പതിഞ്ഞു കിടക്കുന്നു. ഹംപി മൊത്തം നടന്നു കാണണമെങ്കിൽ മാസങ്ങളെടുക്കും. ഷൂട്ടിന്റെ ഭാഗമായുള്ള യാത്രയായതിനാൽ ശരിക്കും ആസ്വദിക്കുവാനായില്ല. ഇനിയും അവിടേക്ക് യാത്ര പോകണമെന്നാണ് എന്റെ ആഗ്രഹം.

പിങ്ക്സിറ്റി

anarkali-travel

അടുത്ത പ്രിയ ഡെസ്റ്റിനേഷൻ ജയ്പുരാണ്. സദാ തിളങ്ങുന്ന മരുഭൂമികളും ചരിത്രമുറങ്ങുന്ന കോട്ടകളുമുള്ള രാജസ്ഥാന് ഏഴു വര്‍ണത്തിലുമുള്ള വസ്ത്രമണിഞ്ഞ ആഭരണവിഭൂഷിതയായൊരു പെണ്ണിന്റെ ചിരിയോളം ഭംഗിയുണ്ട്. അതുകൊണ്ടു കൂടിയാകാം ജയ്പുരും അതിനടുത്തുള്ള പുഷ്‌കറും ഉദയ്പുരും ജെയ്‌സാല്‍മറുമൊക്കെ ഇഷ്ടപ്പെടാൻ കാരണം. ഇന്ത്യയുടെ പിങ്ക്സിറ്റി ആണ് ജയ്‌പുർ. കാഴ്ചകൾക്ക് ഇവിടെ ഒരു പഞ്ഞവുമില്ലെന്നതാണ് സത്യം. ഷോപ്പിങ്ങിനു പേരുകേട്ട ഇന്ത്യൻ നഗരങ്ങളിൽ ജയ്‌പുരിനും വലിയ സ്ഥാനമുണ്ട്.

മിടുമിടുക്കിയാണ് ഇടുക്കി

കേരളത്തില്‍ എനിക്കിഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്ന് തിരുവനന്തപുരം ആണ്. ഞാൻ പഠിച്ചത് തിരുവനന്തപുരത്താണ്. അതുകൊണ്ട് വല്ലാത്തൊരിഷ്ടം തലസ്ഥാനനഗരിയോടുണ്ട്. ബീച്ചും കാഴ്ചകളും സുഹൃത്തുക്കളുമൊക്കെ അവിടെയുണ്ട്. ഞാനൊരു ഇടുക്കിക്കാരിയായതുകൊണ്ട് എനിക്കേറ്റവും ഇഷ്ടം എന്റെ നാട് തന്നെയാണ്. മുണ്ടക്കയം. അവിടുന്ന് കുറച്ചു ദൂരമേ ഉള്ളൂ വാഗമൺ. മലകളും പച്ചപ്പും മഞ്ഞും നിറഞ്ഞയിടം ഒരുപാട് ഇഷ്ടമാണ്. പിന്നെ ഇടുക്കി മിടുമിടുക്കിയാണ്.

anarkali

ചെറുയാത്രകളൊക്കെ പ്ലാൻ ചെയ്യുമ്പോൾ ആദ്യം ഇടുക്കിയിലേക്കാണ് തീരുമാനിക്കുന്നത്. തിരക്കൊക്കെ മാറി ഒഴിവ് കിട്ടിയാൽ ആദ്യം പ്ലാൻ ചെയ്യുന്നത് എങ്ങോട്ടേക്ക് യാത്ര പോകാം എന്നാണ്. പക്ഷേ കൈയിലെ പണത്തിനനുസരിച്ചാണ് യാത്രകൾ പ്ലാൻ ചെയ്യുന്നത്. ആഗ്രഹം മാത്രം പോരാല്ലോ യാത്രയ്ക്കായുള്ള സാമ്പത്തികവും വേണ്ടേ? ഞാൻ ഒറ്റയ്ക്ക് യാത്രകൾ പ്ലാൻ ചെയ്യാറില്ല. ഒപ്പം സുഹൃത്തുക്കളോ ഫാമിലിയോ ഉണ്ടാകും. സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയെങ്കിൽ അവരുടെ ഒഴിവുസമയവുമൊക്കെ തിരക്കണം. എനിക്ക് വീട്ടിൽ കിട്ടുന്ന ഫ്രീഡം അവർക്ക് കിട്ടണമെന്നില്ലല്ലോ. അവരുടെ സൗകര്യവും നോക്കിയാണ് ഞാൻ ട്രിപ് പ്ലാൻ ചെയ്യുന്നത്.

ദുബായ് മാത്രമേ പോയുള്ളൂ

വിദേശത്ത് ദുബായിൽ മാത്രമേ പോകാൻ സാധിച്ചുള്ളൂ. ആനന്ദം സിനിമയുടെ പ്രോമോഷന്റെ ഭാഗമായുള്ള യാത്രയായിരുന്നു. അത്യാവശ്യം സ്ഥലങ്ങളൊക്കെ ചുറ്റിയടിക്കാൻ സാധിച്ചു. റാസൽഖൈമ, ദയറ അങ്ങനെ കുറച്ചിടങ്ങൾ സന്ദർശിച്ചു. അന്ന് കൈയിൽ കാശൊന്നും ഇല്ല, അപ്പോൾ എങ്ങനെ ചെലവാക്കണം, ചെലവാക്കിയാൽ കൂടിപ്പോകുമോ എന്നൊക്കെയുള്ള ചിന്തകളായിരുന്നു.

ഞാനൊരു അഡ്വഞ്ചർ പ്രേമി

എനിക്ക് സാഹസികയാത്രകളും വിനോദങ്ങളും ഒരുപാട് ഇഷ്ടമാണ്. ഇപ്പോൾ ഭയങ്കര ധൈര്യമാണ്. പക്ഷേ ആ സമയത്ത് മനസ്സിൽ ഭയമുണ്ടാകുമോ എന്നെനിക്കറിയില്ല. ഇതുവരെ ഒരു സാഹസികയാത്രയും ചെയ്യാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.

കൊറോണ മുടക്കിയ യാത്ര

anarkali-marikartrip4

നോര്‍ത്ത് ഇൗസ്റ്റ് ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. എന്റെ സ്വപ്നം എന്നു തന്നെ പറയാം. എന്റെ ഏറ്റവുമടുത്ത സുഹൃത്തുണ്ട്. അവനോടൊപ്പമാണ് ഞാൻ മിക്ക യാത്രകളും നടത്തുന്നത്. അവന്റെ കോഴ്സൊക്കെ കഴിഞ്ഞ് ഫ്രീയായിട്ടായിരുന്നു നോർത്ത് ഇൗസ്റ്റ് ട്രിപ് പ്ലാൻ ചെയ്തത്. അപ്രതീക്ഷിതമായി എത്തിയ കൊറോണ എല്ലാം തകര്‍ത്തു. കൊറോണയുടെ ഭീതിയെല്ലാം മാറി എല്ലാം ശാന്തമായിട്ടുവേണം ഇനി യാത്ര പോകാന്‍.

സ്വപ്ന യാത്ര

എന്റെ ഇപ്പോഴത്തെ സ്വപ്നയാത്ര നോർത്ത് ഇൗസ്റ്റ് ട്രിപ് തന്നെയാണ്. പിന്നെ ഇന്ത്യ ചുറ്റിക്കാണണമെന്നുണ്ട്.അതുകഴിഞ്ഞിട്ടേ വിദേശയാത്രാ പ്ലാനുകൾ ഉള്ളൂ. ഇന്ത്യയിൽത്തന്നെ കാഴ്ചകൾ കൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. ഒാരോ സ്ഥലത്തിന്റെ സംസ്കാരവും കാഴ്ചയും അറിഞ്ഞ് യാത്ര ചെയ്യണമെന്നുണ്ട്.  കൊറോണ ഭീതിയൊക്കെ മാറി എല്ലാം പഴയ നിലയിലാകുമെന്നു പ്രതീക്ഷയുണ്ടെന്നും അനാർക്കലി മരിക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com