ADVERTISEMENT

മധ്യപ്രദേശില്‍ നര്‍മ്മദ നദിക്കരയിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ നഗരമാണ് ഭേദഘട്ട്. സൂര്യന്‍റെയും ചന്ദ്രന്‍റെയും പ്രകാശങ്ങളില്‍ ഒരേപോലെ തിളങ്ങുന്ന മാര്‍ബിള്‍ ശിലകളുടെ കാഴ്ചയാണ് ഈ പ്രദേശത്തെ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാക്കിയത്. ഷാരൂഖ്ഖാനും കരീന കപൂറും അഭിനയിച്ച 'അശോക' സിനിമയിലടക്കം നിരവധി ചിത്രങ്ങളില്‍ ഈ പ്രദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാര്‍ബിള്‍ കല്ലുകള്‍ കൂടാതെ ഇവിടത്തെ വെള്ളച്ചാട്ടവും പുരാതന ക്ഷേത്രങ്ങളുമെല്ലാം സഞ്ചാരികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഒരേപോലെ പ്രിയപ്പെട്ടതാണ്.

മായികമായ വെണ്ണക്കല്ലുകള്‍ അടുത്തു കാണാം

Bhedaghat-Marble-Rocks1

മാന്ത്രികമായ ഒരു തരം സൗന്ദര്യമാണ് ഇവിടത്തെ മാര്‍ബിള്‍ പാറകള്‍ക്കുള്ളത്. നര്‍മ്മദാ നദിക്ക് സമാന്തരമായി നീണ്ടു കിടക്കുന്ന എട്ടു കിലോമീറ്റര്‍ ദൂരത്തില്‍ ഇവ കാണാം. പ്രദേശവാസികള്‍ ഈ കല്ലുകള്‍ കൊത്തി കയറ്റുമതിക്കനുയോജ്യമായ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നു. ഇവ രാജ്യത്തിനകത്തും പുറത്തും ഒരേപോലെ ഡിമാന്‍ഡ് ഉള്ളവയാണ്.

മാര്‍ബിള്‍ പാറകള്‍ അടുത്തു കാണാനായി ബോട്ട് സവാരിയും കേബിള്‍ കാര്‍ സവാരിയും ലഭ്യമാണ്. വെള്ള, കറുപ്പ്, തവിട്ട് നിറങ്ങളിലുള്ള മനോഹരമായ മാർബിൾ കല്ലുകള്‍ ഇവിടെ കാണാം

പുക പോലെ ധുവന്ദർ വെള്ളച്ചാട്ടം

ഭേദഗട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹോട്ട്‌സ്പോട്ടുകളിൽ ഒന്നാണിത്. വെള്ളച്ചാട്ടത്തിന്‍റെ ശക്തിയേറിയ ഒഴുക്കു കാണുമ്പോള്‍ പുകയാണോ എന്ന് തോന്നാം. അതിനാലാണ് ഇതിന് 'ധുവന്ദർ' എന്ന് പേര് വന്നത്. 'ധുവാൻ' എന്നാൽ പുക എന്നും 'ധാർ' എന്നാൽ ജലപ്രവാഹം എന്നുമാണ് അര്‍ത്ഥം. ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്ന് വീഴുന്ന ഈ വെള്ളച്ചാട്ടം നയനമനോഹരമായ കാഴ്ചയാണ്.

കുന്നിന്‍മുകളിലെ ചൗസാത്ത് യോഗിനി ക്ഷേത്രം

Bhedaghat-Marble-Rocks

പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചൗസാത്ത് യോഗിനി ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. കുന്നിൻ മുകളിയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെത്താൻ 150ലധികം പടികൾ കയറണം.കാലചുരി രാജവംശത്തിന്‍റെ കാലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.അറുപത്തിനാല് 'യോഗിനി' അഥവാ സ്ത്രീ യോഗ മിസ്റ്റിക്കുകളുടെ കൊത്തുപണികൾ ഉൾക്കൊള്ളുന്ന നിലവിലുള്ള നാല് പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്. യോഗിനികൾക്കൊപ്പം മാതൃദേവതയായ ദുർഗാദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. 

ഖജുരാഹോയിലെ ക്ഷേത്രങ്ങളുമായി സാമ്യമുള്ള രൂപകല്‍പ്പനയാണ് ഈ കെട്ടിടത്തിനുള്ളത്. ലളിതാസനത്തില്‍ ഇരിക്കുന്ന യോഗിനിപ്രതിമകളാണ് ഇവിടെ കാണാനാവുക. 

എങ്ങനെ എത്താം?

ഭേദഘട്ടിന് ഏറ്റവും അടുത്തുള്ള വിമാനത്താവളവും റെയിൽ‌വേ സ്റ്റേഷനും 33 കിലോമീറ്റർ അകലെയുള്ള ജബൽ‌പൂരിലാണ്. വിമാനത്താവളത്തിനും റെയിൽവേ സ്റ്റേഷനും പുറത്ത് നിന്ന് സർക്കാർ ബസ്സുകളും ക്യാബുകളും ഓട്ടോകളും ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com